01 October Sunday

താങ്ങുവിലയിലും മോദിയുടെ വഞ്ചന

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022


ചില വിളകൾക്ക്‌ മോദി സർക്കാർ പ്രഖ്യാപിച്ച താങ്ങുവില  കൃഷിക്കാർക്ക്‌ ഒട്ടും സഹായകമല്ല. കർഷകവിരുദ്ധ നയങ്ങൾക്കെതിരായ  പ്രതിഷേധങ്ങളുടെ ഗതിമാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് താങ്ങുവില കണ്ണിൽപ്പൊടിയിടുംവിധം കൂട്ടിയത്‌. കെണി  മനസ്സിലാക്കിയ പല സംസ്ഥാനവും അത്‌ നടപ്പാക്കാൻ തയ്യാറായിട്ടില്ല. തുക അപര്യാപ്തമാണെന്നു വ്യക്തമാക്കിയ കർഷക സംഘടനകൾ പലയിത്തും പ്രതിഷേധങ്ങളും തുടങ്ങി. ഗോതമ്പ് ഉൽപ്പാദനത്തിൽ ഒന്നാമതുള്ള  ഉത്തർപ്രദേശിലും സമരമുഖം തുറന്നു. വർധന കോടിക്കണക്കിന് കൃഷിക്കാർക്ക് താങ്ങാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. ഉൽപ്പാദനച്ചെലവ് ഏറിയതിനു തത്തുല്യമായി താങ്ങുവില നിർണയിക്കാൻ ഉത്തർപ്രദേശിലെ ബിജെപി ഭരണം ആവശ്യപ്പെട്ടിരിക്കയാണ്‌. ജാർഖണ്ഡ്, ബിഹാർ, ഛത്തീസ്ഗഢ് സർക്കാരുകൾ കേന്ദ്ര കൃഷി മന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്. നേരിയ വർധന കർഷകർക്ക് ഗുണമാകില്ലെന്നും ദുരിതത്തിൽനിന്നു കരകയറ്റില്ലെന്നും അവ വ്യക്തമാക്കി.

രൂക്ഷമായ ഇന്ധന, രാസവള വിലവർധന കനത്ത ആഘാതമാണ്‌. തുടർന്ന്‌ താങ്ങാനാകാത്ത കടക്കെണിയാണ്‌ രൂപപ്പെട്ടതും. അത്‌ ഭക്ഷ്യസുരക്ഷയ്‌ക്കും ഭീഷണിയാണ്‌.  കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ്‌ വരുമാനം ഉറപ്പാക്കണമെന്ന ഡോ. എം എസ് സ്വാമിനാഥൻ കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാകണം താങ്ങുവിലയെന്നും സംഘടനകൾ  ആവശ്യപ്പെട്ടു. ചെലവ് 100 രൂപയാണെങ്കിൽ 150 രൂപയുടെ വരുമാനം ഉണ്ടാകണമെന്നതായിരുന്നു കമീഷൻ 2006ൽ കേന്ദ്രത്തിനു സമർപ്പിച്ച ശുപാർശ. ഈ പശ്ചാത്തലത്തിലാണ്‌ താങ്ങുവിലയിൽ കുറച്ചുള്ള സംഭരണം  നിയമത്തിലൂടെ കുറ്റകരമാക്കണമെന്ന്‌  കർഷകർ ആവശ്യപ്പെട്ടത്‌. ‘‘ഓരോ സംസ്ഥാനത്തും  സംഭരണത്തിന് വ്യത്യസ്‌ത  രീതിയാണ്‌. ചെലവും കൃഷിയുടെ ഘടനയും ഒരുപോലെയല്ല. അവ എകീകരിക്കാൻ സംവിധാനമുണ്ടാക്കാം എന്നതിനപ്പുറം  ഉൽപ്പന്നങ്ങളുടെ വില നിശ്ചയിച്ചുള്ള നിയമം പ്രായോഗികമല്ല. മാത്രമല്ല, നിശ്ചിതവിലയിൽ കുറഞ്ഞ് ഉൽപ്പന്നങ്ങൾ വാങ്ങാനാകില്ലെന്നത് നിയമമായാൽ അത് കാർഷിക വ്യാപാര‐മേഖലയെ ബാധിക്കും’’എന്നാണ് മോദിയുടെയും മറ്റും വാദം. നിലവിലെ  താങ്ങുവില വളരെ അധികമാണെന്നാണ്‌ വിശദീകരണം.1966-ലാണ് കുറഞ്ഞ താങ്ങുവിലയെന്ന ആശയം പ്രാബല്യത്തിലായത്‌. അക്കാലത്ത്‌ ഗോതമ്പിന്റെ താങ്ങുവില 54 രൂപയായിരുന്നു. ഇപ്പോൾ 1975 രൂപ. അഞ്ചരപ്പതിറ്റാണ്ടിന്റെ വിലക്കയറ്റം നോക്കിയാൽ ഈ വർധന തീർത്തും അപര്യാപ്തമാണ്‌.

ചൂഷണം മുഖമുദ്രയാക്കി, ലാഭംമാത്രം ലക്ഷ്യമാക്കി കാർഷികമേഖലയിലേക്ക്‌ കടന്നുകയറാൻ ശ്രമിക്കുന്ന കോർപറേറ്റുകളെ കൈയയച്ച്‌ സഹായിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന്‌ വിശദീകരിച്ച അഖിലേന്ത്യാ കിസാൻസഭ, നെല്ലടക്കം ഖാരിഫ്‌ വിളകൾക്ക്‌ താങ്ങുവില നാമമാത്രമായി വർധിപ്പിച്ച നടപടിയിലൂടെ കർഷകരെ വീണ്ടും വഞ്ചിച്ചിരിക്കയാണെന്ന്‌ വ്യക്തമാക്കി. അരി, ചോളം, നിലക്കടല തുടങ്ങിയവയ്‌ക്ക്‌ 2022–-23ൽ ഏഴു ശതമാനവും ബജ്‌റയ്‌ക്ക്‌ എട്ടുശതമാനവും മാത്രമാണ്‌ വർധന. ഉൽപ്പാദനച്ചെലവും രാസവളവിലയും വൻതോതിൽ കൂടുമ്പോഴാണിത്‌. കഴിഞ്ഞതവണ  വളംലഭ്യത കുറഞ്ഞതിനാൽ കരിഞ്ചന്ത കൂടി. ഭക്‌ഷ്യഎണ്ണ, പയറുവർഗങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരാൻ രാജ്യത്ത് കൃഷിചെയ്യാൻ പ്രോത്സാഹന ഫണ്ട്‌  അനുവദിക്കണം. കേന്ദ്രത്തിന്റെ കർഷക വഞ്ചനയ്‌ക്കെതിരെ ദേശവ്യാപക പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുമെന്ന്‌ മുന്നറിയിപ്പുനൽകിയ കിസാൻസഭ,  ഉദാരവൽക്കരണ നയങ്ങൾ 1991 മുതൽ തീർക്കുന്ന കെടുതികൾ ചൂണ്ടിക്കാട്ടി. ഭക്ഷ്യ സബ്‌സിഡി എടുത്തുകളയൽ,  ഇറക്കുമതി നികുതി ഒഴിവാക്കൽ തുടങ്ങിയ കെടുതികൾ വികസിത രാജ്യങ്ങളിലെ മുതലാളിമാരായ  കർഷകരുമായി ദരിദ്രരെ മത്സരത്തിന്‌ എറിഞ്ഞുകൊടുക്കുന്നു. ജൂൺ 12 മുതൽ ജനീവയിൽ ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ മന്ത്രിതല സമ്മേളനം ചേരാനിരിക്കെ കിസാൻസഭ  പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരിക്കയാണ്‌.  കർഷകർ അഗാധ പ്രതിസന്ധിയിലൂടെ വലിച്ചിഴയ്‌ക്കപ്പെടുന്നതിനിടെയായിരുന്നു കോവിഡിന്റെ മാരക പ്രഹരങ്ങളും. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിൽ അധാർമികവും അസമത്വം നിറഞ്ഞതും വളഞ്ഞ വഴിയിലുള്ളതുമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന ഡബ്ല്യുടിഒയിൽനിന്ന്‌ കൃഷിയെ വിടുവിപ്പിക്കണമെന്നതാണ്‌ കത്തിന്റെ പ്രധാന ഉള്ളടക്കം. താങ്ങുവിലയിലെ കബളിപ്പിക്കൽപോലും സാമ്രാജ്യത്വ ഏജൻസികളുടെ തീട്ടൂരത്തിന്റെ ഭാഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top