23 January Wednesday

ജീവിതം തിരിച്ചുപിടിക്കാൻ ഈ പണിമുടക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 8, 2019


തൊഴിലെടുത്തുജീവിക്കുന്നവരുടെ സമരൈക്യം ലോകത്തെമ്പാടും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ‌് ഇന്ത്യയിലെ തൊഴിലാളികൾ ഐതിഹാസികമായ ദ്വിദിന പണിമുടക്കിന‌് തുടക്കംകുറിച്ചിരിക്കുന്നത‌്. ജീവിതം പ്രതിസന്ധിയിലായ തൊഴിൽ, സർവീസ‌്, കാർഷിക മേഖലകളിലെ കോടിക്കണക്കിന‌് ജനങ്ങൾ അടിസ്ഥാനപരമായ 12 ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ‌് 48 മണിക്കൂർ പണിമുടക്കുന്നത‌്.

മിനിമം വേതനം 18,000 രൂപയാക്കുക, സാർവത്രിക - സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, സ്‌കീം തൊഴിലാളികളുടെ വേതനവും സൗകര്യങ്ങളും ഉറപ്പുവരുത്തുക, ധനമേഖലയെ സംരക്ഷിക്കുക, പൊതുമേഖല വിറ്റ് തുലയ‌്ക്കുന്നത് നിർത്തലാക്കുക,  കരാർവൽക്കരണം അവസാനിപ്പിക്കുക, ഐഎൽഒയുടെ 87, 98 കൺവൻഷൻ തീരുമാനം അംഗീകരിക്കുക, മിനിമം പെൻഷൻ പ്രതിമാസം 3000 രൂപ ഉറപ്പുവരുത്തുക, തൊഴിൽനിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയവയാണ‌് പ്രധാന ആവശ്യങ്ങൾ .

വേതനം കുറയുകയും തൊഴിൽ നഷ്ടപ്പെടുകയും തൊഴിൽസാഹചര്യങ്ങൾ ദുരിതപൂർണമാകുകയും ചെയ്യുമ്പോൾ സംഘടിച്ച‌് പണിമുടക്കി സമരം ചെയ്യുകയെന്നത‌് പുതിയ കാര്യമല്ല. എന്നാൽ, സർവമേഖലയിലും വ്യാപിക്കുന്ന തൊഴിലാളിവിരുദ്ധതയ‌്ക്കെതിരെ കൂട്ടായ പോരാട്ടം സംഘടിപ്പിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യം  ആഗോളവൽക്കൃത ഉദാരവൽക്കരണത്തിന്റെ സൃഷ്ടിയാണ്‌. തൊഴിലിനും ജീവിതത്തിനുംനേരെ മൂലധനശക്തികൾ നടത്തുന്ന കടന്നാക്രമണത്തിനെതിരെ വികസിതരാജ്യങ്ങളിൽത്തന്നെ ശക്തമായ പ്രക്ഷോഭങ്ങളാണ‌് നടന്നുവരുന്നത‌്. ഗ്രീസിനും ഫ്രാൻസിനും പിന്നാലെ അമേരിക്കയിലും ഇംഗ്ലണ്ടിലും തൊഴിലാളികളും മാസശമ്പളക്കാരും പണിമുടക്കി തെരുവിലിറങ്ങുകയാണ‌്. സാമ്പത്തികവളർച്ചയുടെ മറുപുറം കുന്നുകൂടുന്ന കോർപറേറ്റ‌് ലാഭവും ജീവിതം വഴിമുട്ടുന്ന സാമാന്യജനങ്ങളുമാണെന്നതാണ‌് ലോകമാകെയുള്ള പൊതുചിത്രം. ഇതിനെതിരായ സമരമുന്നണികളിൽ അണിനിരക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതോടെ സർക്കാരുകളും തൊഴിലുടമകളും തിരുത്തൽനടപടികൾക്ക‌് വഴങ്ങുന്നത‌് ആശാവഹമായ മാറ്റമാണ‌്.

ഇന്ത്യയിലാകട്ടെ കുറച്ചുകൂടി ഗൗരവതരമാണ‌് സ്ഥിതിഗതികൾ. 136 കോടി ജനങ്ങളിൽ 99 ശതമാനത്തിനും ലഭിക്കുന്നത‌്  സമ്പത്തിന്റെ വളരെ ചെറിയൊരു അംശം മാത്രം. കാർഷികരാജ്യമായ ഇന്ത്യയിൽ മഹാഭൂരിപക്ഷംവരുന്ന സാധാരണ കർഷകർ അനുദിനം ദാരിദ്ര്യത്തിലേക്ക‌് എടുത്തെറിയപ്പെടുന്നു. അവർ ജീവന്മരണ പോരാട്ടത്തിലാണ‌്. ജനാധിപത്യഭരണം എഴുപതാണ്ട‌് പിന്നിടുമ്പോൾ വരുമാനത്തിലെ അസമത്വം പതിന്മടങ്ങ‌് വർധിച്ചു. ജനജീവിതത്തിന‌് ആശ്വാസം പകരാനുള്ള നയസമീപനങ്ങൾ രാജ്യംഭരിച്ച കോൺഗ്രസ‌്, ബിജെപി സർക്കാരുകൾക്ക‌് ഉണ്ടായില്ലെന്നുമാത്രമല്ല, സമ്പന്നരുടെ താൽപ്പര്യങ്ങളാണ‌് അവർക്ക‌് മുഖ്യം.

തൊണ്ണൂറുകളിൽ തുടക്കംകുറിച്ച നവഉദാരവൽക്കരണം സമ്പദ‌്ഘടനയുടെ സന്തുലിതാവസ്ഥ അട്ടിമറിച്ചു.  കോൺഗ്രസ‌്, യുപിഎ സർക്കാരുകളുടെ കോർപറേറ്റ‌് സേവയും  അഴിമതിയും വളർത്തിയ ജനരോഷം മുതലെടുത്ത‌് അധികാരത്തിലെത്തിയ ബിജെപി എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നു

തൊണ്ണൂറുകളിൽ തുടക്കംകുറിച്ച നവഉദാരവൽക്കരണം സമ്പദ‌്ഘടനയുടെ സന്തുലിതാവസ്ഥ അട്ടിമറിച്ചു.  കോൺഗ്രസ‌്, യുപിഎ സർക്കാരുകളുടെ കോർപറേറ്റ‌് സേവയും  അഴിമതിയും വളർത്തിയ ജനരോഷം മുതലെടുത്ത‌് അധികാരത്തിലെത്തിയ ബിജെപി എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നു. കുത്തകകളുടെ ബാങ്ക‌് വെട്ടിപ്പുകൾക്ക‌്  അരുനിന്ന മോഡി സർക്കാർ തൊഴിൽമേഖല ഏകപക്ഷീയമായ നടപടികൾക്ക‌് തുറന്നിട്ടുകൊടുത്തു. തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനുള്ള മാതൃകാനിയമങ്ങൾ മാറ്റിയെഴുതി. കടുത്ത തൊഴിലാളിവിരുദ്ധതയാണ‌് ഈ സർക്കാരിന്റെ മുഖമുദ്ര.

അത്യന്തം അപകടകരമായ ഈ പോക്കിനെ പ്രതിരോധിക്കാനുള്ള ചരിത്രപരമായ കടമയാണ‌് ഇന്ത്യൻ തൊഴിലാളിവർഗം ഏറ്റെടുക്കുന്നത‌്. നവ ഉദാരവൽക്കരണം ശക്തിപ്പെട്ട തെണ്ണുറുകളിൽത്തന്നെ അതിനെതിരായ ചെറുത്തുനിൽപ്പും ശക്തിപ്പെട്ടിട്ടുണ്ട‌്. രാഷ്ട്രീയാഭിപ്രായങ്ങൾ മാറ്റിവച്ച‌് തൊഴിലാളിവിഷയങ്ങളിൽ ഒന്നിച്ചുനിൽക്കുകയെന്ന നിലപാടിലാണ‌് കേന്ദ്ര ട്രേഡ‌് യൂണിയനുകൾ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി നടക്കുന്ന ദേശീയ പണിമുടക്കുകളുടെ വൻ വിജയം നൽകുന്ന സന്ദേശം ഇതാണ‌്.  അടിസ്ഥാന ജനവിഭാഗങ്ങളെ ബാധിക്കുന്ന പ്രശ‌്നങ്ങൾ മുദ്രാവാക്യമാക്കി നടത്തുന്ന പണിമുടക്കിൽ അണിനിരക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാനുഗതമായ വർധന പ്രക്ഷോഭത്തിന്റെ ശരിയായ ഗതിയെ സൂചിപ്പിക്കുന്നു.

യുപിഎ ഭരണകാലത്ത‌് ദേശീയ പണിമുടക്കുകളിൽ ഐഎൻടിയുസി പങ്കെടുക്കാൻ തയ്യാറായത‌് നല്ലൊരു തുടക്കമായിരുന്നു. എന്നാൽ, ബിഎംഎസ‌് ദേശീയ പണിമുടക്കിൽനിന്ന‌് മാറിനിന്ന‌് ബിജെപിയോടുള്ള രാഷ്ട്രീയവിധേയത്വം പ്രകടിപ്പിക്കുകയാണ‌്. മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രചാരണപ്രവർത്തനങ്ങ‌ളുടെ പരിസമാപ‌്തിയാണ‌് പണിമുടക്ക‌്.  വളരെ നേരത്തെ  പ്രഖ്യാപിച്ച‌്,  സംഘടിത –-അസംഘടിത മേഖലകളിൽ  നിയമാനുസൃതമായ നോട്ടീസ‌് നൽകിയാണ‌് തൊഴിലാളികൾ പണിമുടക്കുന്നത‌്. ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ സ്വന്തം തൊഴിലിൽനിന്ന‌് വിട്ടുനിന്ന‌് വിലപേശാനുള്ള തൊഴിലാളിയുടെ മൗലികാവകാശമാണിത‌്. എല്ലാ മേഖലയിലുമുള്ളവർ ഒന്നിച്ച‌് അണിചേരുന്നതിനാൽ തൊഴിൽമേഖലയാകെ സ‌്തംഭിക്കുമെന്ന കാര്യത്തിൽ സംശയം  ഇല്ല.   ഈ കൂട്ടായ പോരാട്ടത്തെ കേരളത്തിൽ അടുത്തിടെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന അനാവശ്യ ഹർത്താലുമായി ചേർത്തുവയ‌്ക്കാൻ ചിലർ നടത്തുന്ന ശ്രമം ബോധപൂർവമാണ‌്. ദേശീയ പണിമുടക്കുമായി സഹകരിച്ച‌് പരിപാടികളും  യാത്രകളും മാറ്റിവയ‌്ക്കാനുള്ള സംയുക്തസമരസമിതിയുടെ  അഭ്യർഥന എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചതാണ‌്.

അവശ്യസർവീസുകളെ  പണിമുടക്കിൽനിന്ന‌് ഒഴിവാക്കിയിട്ടുണ്ട‌്. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായിവരുന്ന യാത്രകൾക്ക‌് ഒരു തടസ്സവും ഉണ്ടാകില്ലെന്ന‌് സമരസമിതി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട‌്. നിർബന്ധപൂർവം കടയടപ്പിക്കുകയോ ഗതാഗത തടസ്സം സൃഷ്ടിക്കുകയോ ചെയ്യില്ലെന്ന‌് ബോധ്യമായിട്ടും ബിജെപി  ഹർത്താലിലെന്നപോലെ പണിമുടക്കിൽ അക്രമം ഉണ്ടാകുമെന്ന‌് പ്രചരിപ്പിക്കുന്നവർ തൊഴിലാളിവിരുദ്ധരാണ‌്. തൊഴിലും വരുമാനവും സംക്ഷിക്കാനുള്ള ഈ ധർമസമരത്തിൽ അണിനിരക്കുന്ന ജനകോടികൾ  പുതിയൊരു ചരിത്രനിർമിതിക്കാണ‌് കൊടിക്കൂറ ഉയർത്തിയത‌്. അഭിവാദ്യങ്ങൾ.


പ്രധാന വാർത്തകൾ
 Top