04 February Saturday

മോഡി പാളംതെറ്റിക്കുന്ന ഇന്ത്യൻ റെയിൽവേ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

ബഹുരാഷ്ട്രഭീമന്മാർക്കും കുത്തക മൂലധനതാൽപ്പര്യങ്ങൾക്കും വിശ്വസ്തതയോടെ കാവലിരിക്കുന്ന  നരേന്ദ്ര മോഡിയും പരിവാരങ്ങളും   രാജ്യത്തെ പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾക്കെല്ലാം  താഴിടുകയാണ്. ബിഎസ്എൻഎല്ലിന്റെ കഥകഴിച്ച് സ്വകാര്യ കമ്പനികൾക്ക് കൊയ്ത്തുത്സവം സാധ്യമാക്കിയിരിക്കുന്നു. ആ സൗകര്യത്തിനിടയിൽ സ്വകാര്യ കമ്പനികൾ അമിതമായി നിരക്കുയർത്തി. കോളിനും ഡാറ്റയ്ക്കും ഒറ്റയടിക്ക് ഇരട്ടിയാണ് കൂട്ടിയത്.  എയർ ഇന്ത്യയും ഭാരത് പെട്രോളിയവും   മാർച്ച് മാസത്തോടെ വിൽക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ, അതിന്റെ വിശദാംശങ്ങൾ   ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത് അപകടത്തിന്റെ ആഴം തുറന്നുകാട്ടുന്നതായി.

രാജ്യത്തെ  പേരുകേട്ട 150 ട്രെയിനും  പ്രധാനപ്പെട്ട   50 സ്റ്റേഷനും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ തീരുമാനമായത് നിർമലയുടെ തിടുക്കത്തിലുള്ള പ്രഖ്യാപനത്തേക്കാൾ അമ്പരപ്പിക്കുന്നതാണ്.  ഇന്ത്യയുടെ അഭിമാനചിഹ്നമായ മഹത്തായ ആ സ്ഥാപനത്തെ  കുത്തകകൾക്ക് പൂർണമായും അടിയറവയ്ക്കുന്നതിന്റെ   മുന്നൊരുക്കമാണിത്. ലോകത്തിന് വിസ്മയമായ  ഏറ്റവും തിരക്കേറിയതും സാന്ദ്രത കൂടിയതുമായ യാത്രാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. കോടിക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽപ്പാതയിലൂടെ ഒരു വർഷം 65 കോടി  ടൺ ചരക്കും നീങ്ങുന്നു.  17 ലക്ഷത്തിനടുത്ത് പേർക്ക് തൊഴിൽ നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്.   രാജ്യത്തെ  റെയിൽ ഗതാഗതം പൂർണമായും പൊതുമേഖലയിലായിരുന്നു.  സ്വകാര്യ സർവീസുകളോ പാതകളോ  അനുവദിക്കപ്പെട്ടിരുന്നില്ല.  ഇപ്പോഴത്തെ  സ്വകാര്യവൽക്കരണനീക്കം സമയബന്ധിതമായിട്ടാണ്   നടപ്പാക്കുക.  അതിനായി കേന്ദ്രം പ്രത്യേക സമിതിയെയും  നിയമിച്ചു.   നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് അമിതാഭ് കാന്തും  വി കെ യാദവും  സാമ്പത്തിക‐ ഹൗസിങ്‐ നഗരകാര്യ സെക്രട്ടറിമാരും അടങ്ങുന്നതാണത്. തുടർനടപടികൾ വേഗത്തിലാക്കാൻ  പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കാൻ അമിതാഭ് കാന്ത് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.  


 

400 റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താനാണ്  സ്വകാര്യവൽക്കരണമെന്നാണ് അമിതാഭ് കാന്തിന്റെ വിചിത്രവാദം. അതിന് പശ്ചാത്തലമൊരുക്കാനാണ്  50 സ്റ്റേഷനുകൾ വേഗം  സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ തീരുമാനിച്ചതും.  അടുത്തിടെ  ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുകയുണ്ടായി.  അതേ രീതിയിൽ   റെയിൽവേയുടെ വിൽപ്പനയും  നടപ്പാക്കാനാണ് ധൃതിപിടിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് ആദ്യം നൽകിയ  "തേജസ് എക്സ്പ്രസ്’ ലഖ്നൗ‐ ഡൽഹി  പാതയിൽ 2019 ഒക്ടോബർ നാലുമുതൽ സർവീസ് തുടങ്ങിയിരുന്നു. സ്വകാര്യവൽക്കരിച്ചും കടക്കെണിയിലേക്ക് തള്ളിയിട്ടും സർവീസുകൾ അനാകർഷകമാക്കിയും  ശവക്കുഴി തോണ്ടിപ്പിക്കുന്ന   ഇന്ത്യൻ റെയിൽവേക്ക് മറ്റൊരു ക്ഷതമാണ് നിരക്ക് വർധന.  2020 ഫെബ്രുവരിമുതൽ യാത്രാനിരക്ക്  പത്ത് ശതമാനംവരെ കൂട്ടാൻ പ്രധാനമന്ത്രികാര്യാലയം അനുമതി നൽകിയത് സാധാരണക്കാരെ പോക്കറ്റടിക്കുന്നതിന് സമാനമാണ്.  

2014ൽ ഒന്നാം മോഡി സർക്കാർ  ടിക്കറ്റ് ചാർജ് 14.2 ശതമാനവും ചരക്കുനിരക്ക് 6.5 ശതമാനവും വർധിപ്പിക്കുകയുണ്ടായി.  ചില പ്രധാന ട്രെയിനുകളുടെ  നിരക്ക് തിരക്കുസമയങ്ങളിൽ അമിതമായി കൂട്ടുന്ന  ഫ്ളെക്സി സംവിധാനം നടപ്പാക്കിയിട്ടും   2015‐16 സാമ്പത്തികവർഷംമുതൽ റെയിൽവേ കരകയറാനാകാത്ത   പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. അപ്പോഴും   കേന്ദ്രവിഹിതം അമിതമായി  വെട്ടിക്കുറച്ചു. പുതിയ പദ്ധതികൾക്ക് ആവശ്യമായ തുകയിൽ പകുതി സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചത് മറ്റൊരു ഗൂഢനീക്കം.   ആസ്തിവിൽപ്പനയും സ്വകാര്യവൽക്കരണവും  വ്യാപകമാക്കിയിട്ടും പ്രതിസന്ധി  മുറിച്ചുകടക്കാനാകുന്നില്ല. റെയിൽവേയുടെ സാമ്പത്തിക കെട്ടുറപ്പ്   അപകടകരമാണെന്ന  സിഎജി റിപ്പോർട്ട് യഥാർഥ സ്ഥിതി വ്യക്തമാക്കുന്ന ആധികാരികരേഖയാണ്. 

ട്രെയിനുകളിലെ  ഭക്ഷണനിരക്ക് കഴിഞ്ഞദിവസം അമിതമായി  വർധിപ്പിച്ചതും ദരിദ്രയാത്രക്കാർക്ക് ഇരുട്ടടിയായി.  ഐആർസിടിസിയുടെ അപേക്ഷയിൽ  റെയിൽവേ ബോർഡിന്റെ മെനു ആൻഡ് താരിഫ് കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ് അതെന്നാണ് ന്യായീകരണം. ഇത്തരത്തിൽ പല വഴികളിലൂടെ റെയിൽവേയെ പാളംതെറ്റിക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെ രാജ്യമാകെ ഉണർന്നെണീക്കേണ്ടതുണ്ട്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top