06 June Tuesday

രൂപ തകർന്നടിയുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


ഇന്ധനവില കുതിച്ചുയരുന്നു. രൂപയുടെ മൂല്യമാകട്ടെ തകരുകയുമാണ‌്. എന്ത് ചെയ്യണമെന്നറിയാതെ മോഡി സർക്കാർ ഇരുട്ടിൽ തപ്പുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നൽകുന്ന ചിത്രം ഒട്ടും ശോഭനമല്ല. അതിവർഷവും വെള്ളപ്പൊക്കവും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സമ്പദ‌്മേഖലയെ ആകെ ഉലച്ച ഘട്ടത്തിലാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും അരക്ഷിതമായിരിക്കുന്നത്.

രൂപയുടെ മൂല്യത്തകർച്ച തുടർക്കഥയാവുകയാണ്. തിങ്കളാഴ്ച ഡോളറിന് 71.21 രൂപയായിരുന്നത് ചൊവ്വാഴ്ചയാകുമ്പോഴേക്കും 71.53 രൂപയായി വീണ്ടും ഇടിഞ്ഞു. ഒറ്റ ദിവസംകൊണ്ട് 32 പൈസയുടെ ഇടിവാണുണ്ടായത്. ഇതോടെ ഈ വർഷംമാത്രം രൂപയുടെ മൂല്യം 12 ശതമാനത്തോളം ഇടിഞ്ഞു. മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 22 ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായിട്ടുള്ളത്. മോഡി അധികാരമേറിയ 2014 മെയ് 23ന‌് ഡോളറൊന്നിന് രൂപയുടെ മൂല്യം 58.51 രൂപയായിരുന്നതാണ് ഇപ്പോൾ 71.53 രൂപയായി ഇടിഞ്ഞത്. 13.02 രൂപയുടെ തകർച്ച.

രൂപയുടെ മൂല്യത്തകർച്ച മോശംകാര്യമൊന്നുമല്ലെന്നാണ് മോഡി സർക്കാരിന്റെ വാദം. കയറ്റുമതി വർധിപ്പിക്കാൻ ഇത് സഹായിക്കുമത്രേ. ഇറക്കുമതി കുറയുന്നതും കയറ്റുമതി വർധിക്കുന്നതും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ‌്ക്ക് നല്ലതാണത്രേ. തീർത്തും പൊള്ളയായ അവകാശവാദങ്ങളാണിതൊക്കെ. ഡോളർ നിരക്കിൽ കയറ്റുമതി കുറവാണെന്നതാണ് കണക്കുകൾ വളിച്ചുപറയുന്നത്.  രൂപയുടെ നിരക്കിൽ പരിശോധിച്ചാൽ മോഡിയുടെ നാലുവർഷ ഭരണകാലത്ത് കയറ്റുമതി 2.7 ശതമാനം വർധിച്ചെങ്കിലും ഡോളർനിരക്കിൽ 3.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2014‐15ൽ 314.40 ബില്യൺ ഡോളറിന്റെ കയറ്റുമതി 303.52 ബില്യൺ ഡോളറായാണ് ഇടിഞ്ഞത്. അതായത്, യഥാർഥത്തിൽ കയറ്റുമതി കുറയുകയാണുണ്ടായതെന്നു സാരം. 

രൂപയുടെ മൂല്യത്തകർച്ചയ‌്ക്ക് പല കാരണമുണ്ട്. എണ്ണവിലയിലുണ്ടായ വർധനയാണ് പ്രധാന കാരണം.  ഇറാനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതാണ് എണ്ണവില  കുത്തനെ കൂടാൻ കാരണമായത്. ഏറ്റവും അധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന അഞ്ച് രാഷ്ട്രങ്ങളിലൊന്നായ ഇറാൻ കമ്പോളത്തിൽനിന്ന് അപ്രത്യക്ഷമായത് സ്വാഭാവികമായും എണ്ണവില വർധിപ്പിക്കും. ക്രൂഡ‌് ഓയിലിന് വീപ്പയ‌്ക്ക് 78 ഡോളറായാണ് ഉയർന്നിരിക്കുന്നത്. അതനുസരിച്ചാണ് രൂപയുടെ തകർച്ചയും. രൂപയാണോ എണ്ണയാണോ ആദ്യം സെഞ്ച്വറി അടിക്കുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധവും ലോക വ്യാപാര സംഘടനയ‌്ക്കെതിരായ നിലപാടുകളും ലോക സാമ്പത്തികമേഖലയിൽ കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. ചൈനയ‌്ക്കെതിരെ 200 ബില്യൺ ഡോളറിന്റെ ഇറക്കുമതിച്ചുങ്കമാണ് അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ളത്. തങ്ങൾക്ക് വഴങ്ങിനിൽക്കാത്തപക്ഷം ലോകവ്യാപര സംഘടനയിൽനിന്ന‌് ഇറങ്ങിപ്പോകുമെന്ന ഭീഷണിയും ട്രംപ് ഉയർത്തുകയുണ്ടായി.  ഇതിന്റെയൊക്കെ ഫലമായി ലോകത്തിലെ വളരുന്ന സമ്പദ്‌വ്യവസ്ഥകളുടെയെല്ലാം കറൻസികൾ തകരാൻ ആരംഭിച്ചു. അർജന്റീനയിലെ പെസോയും തുർക്കിയുടെ ലിറയും ബ്രസീലിന്റെ റിയലും ദക്ഷിണാഫ്രിക്കയുടെ റാൻഡും ഇടിഞ്ഞു.  20 വർഷംമുമ്പ് തായ്‌ലൻഡിലെ നാണയത്തകർച്ച ഏഷ്യൻ സാമ്പത്തികപ്രതിസന്ധിക്ക് വഴിവച്ചിരുന്നു. നിലവിലെ നാണയത്തകർച്ചയും സമാനമായ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്നാണ‌് പ്രസിദ്ധ സാമ്പത്തിക വിദഗ‌്ധനായ പോൾ ക്രഗ‌്മാൻ മുന്നറിയിപ്പ് നൽകുന്നത‌്.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തുള്ള ഒരു നടപടിക്കും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. രൂപയുടെ തകർച്ചയും എണ്ണവില വർധനയും സ്വാഭാവികമായും വിലക്കയറ്റം രൂക്ഷമാക്കും. അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങൾ കറൻസിത്തകർച്ച തടയാൻ പലിശനിരക്ക് വർധിപ്പിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വിദേശനിക്ഷേപം രാജ്യത്തുനിന്ന‌് ഒഴുകിപ്പോകുന്നത് തടയുകയാണ് ലക്ഷ്യം. എന്നാൽ, അതും ഗുണം ചെയ്തിട്ടില്ലെന്ന് അർജന്റീനിയൻ അനുഭവം തെളിയിക്കുന്നു. റിസർവ് ബാങ്കാകട്ടെ അടുത്തിടെ രണ്ടുതവണ നിരക്ക് വർധിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ രൂപ മൂക്കുകുത്തുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ മാറിനിൽക്കുകയാണ് ആർബിഐ. ഇന്ധനവില ഇനിയും കൂടുമെന്നിരിക്കെ രൂപ ഇനിയും തകരാനാണിട. അതുകൊണ്ടുതന്നെ ഇന്ധനവില കുറയ‌്ക്കാനുള്ള നടപടിയാണ‌് കേന്ദ്രം അടിയന്തരമായി സ്വീകരിക്കേണ്ടത്. എക്‌സൈസ് തീരുവ കുറയ‌്ക്കലാണ് അതിനുള്ള പ്രധാന പോംവഴി. എന്നാൽ, ലിറ്ററിന് ഒരു രൂപ കുറച്ചാൽപ്പോലും 8000 കോടി രൂപയുടെ നഷ്ടം വർഷത്തിൽ സർക്കാരിനുണ്ടാകും. അതുകൊണ്ടുതന്നെ ഒരു നടപടിയും സ്വീകരിക്കാതെ അമിതഭാരം ജനങ്ങളുടെ ചുമലിൽ കയറ്റിവയ‌്ക്കുകയാണ് മോഡി. ഈ നയം ചോദ്യംചെയ്യപ്പെടുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top