21 October Wednesday

റബര്‍: കേന്ദ്ര നിലപാട് താങ്ങാവുന്നതിലും അപ്പുറം

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2016


കൃഷിച്ചെലവുകള്‍ കൂടിയും വിലകുറഞ്ഞും ഗുരുതര  പ്രതിസന്ധിയിലായ റബറിനെ ആശ്രയിക്കുന്നവര്‍ക്ക് കനത്ത ആഘാതമായിരിക്കുകയാണ് താങ്ങുവിലയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിലസ്ഥിരതാ ഫണ്ടില്‍നിന്ന് 500 കോടി രൂപ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയത് റബര്‍കൃഷി മേഖലയില്‍ കടുത്ത നിരാശ പടര്‍ത്തി. കിലോയ്ക്ക് 50 രൂപ അധികവില നല്‍കാന്‍ ലക്ഷ്യമിട്ട പദ്ധതിക്കായാണ് കേരളം ഫണ്ട് ആവശ്യപ്പെട്ടത്. റബര്‍വില ഉയര്‍ത്താനായി സംസ്ഥാന ബജറ്റിലടക്കം കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളോട് കേന്ദ്രം മുഖംതിരിക്കുകയാണ്. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 98.04 ശതമാനവും നല്‍കുന്ന, രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള സാധാരണക്കാരായ 12 ലക്ഷത്തോളം കര്‍ഷകരുള്ള, കേരളത്തിന്റെ താല്‍പ്പര്യങ്ങളോട് കേന്ദ്രത്തിന്റെ ഈ അവഗണന ഭയാനകമാണ്. റബര്‍ വിലസ്ഥിരതാ ഫണ്ട് യാഥാര്‍ഥ്യമാക്കാന്‍ 500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം മാത്രമാണിന്ന് കര്‍ഷകരുടെ പ്രതീക്ഷ. മറ്റ് നവീന പദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലാണ്. പക്ഷേ, ഇവയെല്ലാം ഫലപ്രദമായി ഏറ്റെടുക്കാന്‍ കേന്ദ്രസഹായം കൂടിയേ തീരൂ. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയെ ആദ്യസന്ദര്‍ശനവേളയില്‍തന്നെ എല്ലാ ഗൌരവത്തോടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിപ്പിച്ചിരുന്നു.  

റബര്‍ വാണിജ്യവിളയായതിനാല്‍ താങ്ങുവില നടപ്പില്ലെന്ന കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലാ സീതരാമന്റെ പ്രസ്താവന ഇടിത്തീപോലെയാണ് കാര്‍ഷിക കേരളത്തിനുമേല്‍ പതിച്ചത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ റബര്‍കൃഷിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്വപ്നംകണ്ട കര്‍ഷകര്‍ക്ക് വല്ലാത്ത 'താങ്ങായി' മന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രസ്താവന നിഷേധാത്മകവും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമാണ്്. റബര്‍, കാപ്പി, തേയില എന്നിവയുടെ വിലത്തകര്‍ച്ച നേരിടാന്‍ 2003ല്‍ കേന്ദ്രം ആവിഷ്കരിച്ച വിലസ്ഥിരതാഫണ്ടിന്റെ കാലാവധി പത്തു വര്‍ഷമാണെങ്കിലും നീട്ടാന്‍ അനുവാദമുണ്ടായിരുന്നു. ഫണ്ടില്‍ 1000 കോടിയിലധികമുണ്ടെന്ന് ഇതേ മന്ത്രി തന്നെ 2015 മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യം ഓര്‍മിക്കുമ്പോഴാണ് താങ്ങുവില തള്ളിയ അനീതിയുടെ ആഴം വ്യക്തമാകുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ അടിസ്ഥാനവില നിശ്ചയിക്കാമെന്ന 2009ലെ റബര്‍ ആക്ട് ഭേദഗതിയും കേന്ദ്രം മുക്കി.

മോഡിസര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ റബര്‍ നയം രൂപീകരിക്കാന്‍ കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയില്‍ വിദഗ്ധ സമിതി രൂപീകരിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും നയപ്രഖ്യാപനം വന്നില്ല. വിലസ്ഥിരതാഫണ്ട് കൂടാതെ  ഇറക്കുമതി നിയന്ത്രണം, സബ്സിഡിയിലടക്കം കാലാനുസൃത വര്‍ധന, റബര്‍ മരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്, അന്താരാഷ്ട്ര കരാറുകളിലടക്കം കര്‍ഷക അനുകൂല മാറ്റംവരുത്തല്‍, ഇറക്കുമതിക്ക് ഗാട്ട് കരാറിലെ 19 വകുപ്പുപ്രകാരം കര്‍ഷകസുരക്ഷാ നികുതി ചുമത്തല്‍, റബര്‍ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതി തടയല്‍ തുടങ്ങിയ കര്‍ഷക ആവശ്യങ്ങളൊക്കെ കേന്ദ്രം അവഗണിച്ചു. പ്രതിസന്ധി പഠിക്കാന്‍ രുപീകരിച്ച കേന്ദ്ര സമിതി കാര്യക്ഷമമല്ല. ടയര്‍ കമ്പനികള്‍ വന്‍തോതില്‍ സംഭരിച്ചതിനുശേഷമാണ് ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിയത്. അതും ഫലം കണ്ടില്ല. റബര്‍ ഇറക്കുമതി നാമമാത്രമായ കൊല്‍ക്കത്ത, വിശാഖപട്ടണം തുറമുഖങ്ങളില്‍ മാത്രമാണ് നിയന്ത്രണം. ചെന്നൈ തുറമുഖം വഴി യഥേഷ്ടം ഇറക്കുമതി തുടരുന്നു.

മറ്റ് റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ 90 മുതല്‍ 100 ശതമാനം വരെയാണ് സബ്സിഡി. തായ്ലന്‍ഡില്‍ ഒരു കിലോ റബറിന് 60 മുതല്‍ 62 ബാത്ത് (തായ് ലന്‍ഡ് കറന്‍സി) ആണ് വിപണിവില. കര്‍ഷകരെ സഹായിക്കാന്‍ അവിടെ സര്‍ക്കാര്‍ ഇരട്ടിവിലയ്ക്ക് നേരിട്ട് സംഭരിക്കുകയാണ്. ഇന്ത്യയില്‍ പരമാവധി സബ്സിഡി 25 ശതമാനം മാത്രം. അതും കൃത്യമായി ലഭിക്കാറില്ല. കേരളത്തിലെ റബര്‍കര്‍ഷകര്‍ക്ക് ഹെക്ടറിന് പരമാവധി ഉല്‍പ്പാദനം 150 കിലോ എന്ന് നിജപ്പെടുത്തിയാണ് സബ്സിഡി നല്‍കുന്നതെങ്കില്‍ തായ്ലന്‍ഡിലും മലേഷ്യയിലുമെല്ലാം ഉല്‍പ്പാദനം എത്രയെന്ന് പരിഗണിക്കാതെ കൃഷിഭൂമിയുടെ വ്യാപ്തിക്ക് അനുസരിച്ച് നിശ്ചിതതുക സബ്സിഡി നല്‍കുകയാണ്. ഇത് കര്‍ഷകരെ ആവര്‍ത്തനകൃഷിക്കും പ്രേരിപ്പിക്കുന്നു.

അവധി വ്യാപാരത്തിലൂടെയും കര്‍ഷക താല്‍പ്പര്യം ഹനിച്ചു. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ആര്‍ക്കും ഈ രംഗത്തേക്ക് വരാം. അഡ്വാന്‍സ് ലൈസന്‍സിലൂടെ റബര്‍ ഉല്‍പ്പന്ന കയറ്റുമതിക്ക് ആനുപാതികമായി നികുതിരഹിത ഇറക്കുമതി നടത്തിയും വ്യവസായികള്‍ ലാഭമുണ്ടാക്കുന്നു.

2012 മുതലാണ് റബര്‍വില ക്രമാതീതമായി ഇടിയാന്‍ ആരംഭിച്ചത്. 2011ല്‍ കിലോയ്ക്ക് 226 രൂപ കിട്ടിയത് 2012ല്‍ 188ആയി. കഴിഞ്ഞ വര്‍ഷം അത് 100 രൂപയിലും താഴെയായി. ആര്‍എസ്എസ്–നാലിന് 144രൂപയും അഞ്ചിന് 136–141ഉം ആണ് കഴിഞ്ഞ ദിവസങ്ങളിലെ വില.  എംആര്‍എഫ്, സിയറ്റ്, അപ്പോളോ, ബ്രിക് സ്റ്റോണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് ചുളുവിലയ്ക്ക് റബര്‍കിട്ടാനാണ് കേന്ദ്ര സര്‍ക്കാരും റബര്‍ ബോര്‍ഡും ഇറക്കുമതിയെ തുണയ്ക്കുന്നത്. ഈ കമ്പനികളുടെ ലാഭം കുത്തനെ കൂടി. വ്യവസായികള്‍ക്ക് ലാഭംകൊയ്യാന്‍ മാത്രം ലക്ഷ്യമിടുന്നതായി ഇറക്കുമതി. 2009–10ല്‍ 1,77,000 ടണ്ണായിരുന്ന ഇറക്കുമതി 2015ല്‍ 4,16,000 ടണ്ണിലേക്ക് കുതിച്ചു. വിലത്തകര്‍ച്ചമൂലം സംസ്ഥാന സര്‍ക്കാരിനും കൃഷിക്കാര്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടിളുടെ നഷ്ടമാണ് ഉണ്ടായത്.

അന്താരാഷ്ട്ര കരാറുകള്‍ വഴി കര്‍ഷകന് ചരമക്കുറിപ്പെഴുതിയ കോണ്‍ഗ്രസ്–ബിജെപി സര്‍ക്കാരുകള്‍ വാഗ്ദാനലംഘനങ്ങളുടെയും വഞ്ചനയുടെയും കാര്യത്തില്‍ മത്സരിച്ചു.  ഇറക്കുമതിച്ചുങ്കം കുറച്ചും അവധിവ്യാപാരം പ്രോത്സാഹിപ്പിച്ചും വന്‍കിട ടയര്‍ കമ്പനികള്‍ക്കായി യുപിഎ സര്‍ക്കാര്‍ നെയ്ത നയങ്ങളാണ് റബര്‍കര്‍ഷകരുടെ ജീവിതം വഴിമുട്ടിച്ചത്. റബര്‍കര്‍ഷകരെ തറപറ്റിച്ച ആസിയാന്‍ കരാറിന് കൈയടിച്ച മാണിയുടെ പാര്‍ടികൂടി പങ്കാളിയായ മുന്‍ യുഡിഎഫ് സര്‍ക്കാരാകട്ടെ സംഭരണം നടത്തുമെന്നൊക്കെ പ്രഖ്യാപിച്ച് പറ്റിച്ചു. ഗതികെട്ട കര്‍ഷകര്‍ ആത്മഹത്യചെയ്തപ്പോഴും ഇറക്കുമതിയെ ന്യായീകരിക്കുകയായിരുന്നു അന്ന് റബര്‍ബോര്‍ഡ്. സമാനതകളില്ലാത്ത ചതിയുടെ ഭാരമാണ് റബര്‍കര്‍ഷകര്‍ ഇന്നും പേറുന്നത്. ഈ നവലിബറല്‍ നയവഞ്ചനയുടെ പല്‍ചക്രങ്ങളില്‍ ചതഞ്ഞരഞ്ഞ് ചരിത്രത്തിലേക്ക് നിഷ്ക്രമിച്ചവരില്‍ അവസാനത്തെ വിഭാഗമാകില്ല റബര്‍ കര്‍ഷകര്‍. അടുത്തത് ആരുമാകാം, അതാണ് അനുഭവപാഠം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top