29 May Monday

കരിദിനാചരണം താക്കീത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 3, 2020വെഞ്ഞാറമൂട്ടിൽ രണ്ട്‌ യുവാക്കൾ കോൺഗ്രസ് കൊലക്കത്തിക്ക്‌ ഇരയായിട്ട് രണ്ടുനാൾ പിന്നിടുന്നു. കൊലക്കത്തിയിലെ ചോരയും വേണ്ടപ്പെട്ടവരുടെയും സഖാക്കളുടെയും കണ്ണീരും ഉണങ്ങിയിട്ടില്ല. ഓണാഘോഷങ്ങളുടെ അലയൊടുങ്ങുന്നതിനുമുമ്പ് കോവിഡിന്റെ വിലക്കുകൾക്കിടയിലും കേരളം ബുധനാഴ്ച കൊലപാതകത്തിനെതിരെ കരിദിനം ആചരിച്ചു. സംസ്ഥാനത്താകെ  നടന്ന പ്രതിഷേധ ധർണയിൽ അണിചേർന്നവർ കൊലപാതക രാഷ്ട്രീയത്തിന് കനത്ത താക്കീതുനൽകി.

കൊലപാതകത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്കും അവരുൾപ്പെട്ട ആസൂത്രണവും വ്യക്തമാണ്. ഈ ഇരട്ടക്കൊലപാതകത്തിന്റെ റിഹേഴ്‌സൽ നേരത്തെ നടന്നിരുന്നുവെന്ന് ഇപ്പോൾ അറിവായിട്ടുണ്ട്. ജൂലൈയിൽ  ബക്രീദ്‌ ദിന  തലേന്ന് പന്ത്രണ്ടോളം  കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐ യൂണിറ്റ് ജോയിന്റ്‌ സെക്രട്ടറിയും സിപിഐ എം അംഗവുമായ ഫൈസലിനെ വകവരുത്താനാണ് ശ്രമിച്ചത്. അതിക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചെങ്കിലും ഫൈസൽ തലനാരിഴയ്ക്ക്  രക്ഷപ്പെട്ടു. ഇപ്പോൾ കൊലപ്പെടുത്തിയ ഹഖ്‌  മുഹമ്മദിനെയും അപായപ്പെടുത്താൻ അന്ന് ഉദ്ദേശിച്ചിരുന്നതായി ഫൈസൽ പറയുന്നുണ്ട്. ആ കേസിലെ പ്രതികൾ മിക്കവാറും ഇപ്പോഴത്തെ കൊലക്കേസിലും ഉൾപ്പെട്ടിരിക്കുന്നു. ഫൈസൽ വധശ്രമക്കേസിൽ പ്രതികളെ രക്ഷപ്പെടുത്താൻ അടൂർ പ്രകാശ് എംപി ഇടപെട്ടതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. എംപി അത് നിഷേധിക്കുന്നുമില്ല. കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് എംപി ഉറപ്പുനൽകിയതായി കേസിലെ പ്രതി ഷജിത് വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഇതേ ഷജിത്താണ് ഇപ്പോൾ ഇരട്ടക്കൊലക്കേസിലെയും മുഖ്യപ്രതി. ഈ കൊലയ്ക്കുശേഷവും പ്രതികൾ അടൂർ പ്രകാശിനെ ബന്ധപ്പെട്ടതിന്‌ തെളിവുകൾ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ആ വിളികൾ വെറുതെ  ആയിരുന്നില്ലെന്നാണ്‌ പ്രതികളെ സംരക്ഷിക്കാൻ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ പലരും ഇടപെട്ടതിൽനിന്ന് മനസ്സിലാകുന്നത്. ഒരു മഹിളാ കോൺഗ്രസ് പ്രവർത്തകയും പഞ്ചായത്തംഗവുംവരെ പ്രതികളെ രക്ഷിക്കാനിറങ്ങി. ഒരു ഇരട്ടക്കൊലക്കേസിലെ പ്രതികൾക്കായി അപകടകരമായ ഇടപെടലിനും അവരെ ഒളിവിൽ പാർപ്പിക്കാനും ഈ പ്രാദേശിക നേതാക്കൾ തയ്യാറായത് ഉന്നതനേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നു കരുതേണ്ടിവരും.

കൊല്ലപ്പെട്ടവർ സാമൂഹ്യപ്രവർത്തകരാണെന്ന് വി എം സുധീരൻ പറയുമ്പോൾ അവർ എസ്ഡിപിഐ ആണെന്ന് രമേശ്‌ ചെന്നിത്തലയും ഗുണ്ടകൾ ആണെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രനും ഉറപ്പിക്കുന്നു.

ചുരുക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക പ്രവർത്തകർ ഗുണ്ടാസംഘമായി മാറി നടത്തിയ അരുംകൊലകളാണ്  വെഞ്ഞാറമൂട്ടിൽ കണ്ടത്. ഇത് വ്യക്തമായതോടെ എന്തെങ്കിലും പുകമറ പരത്തി അതിൽ മുഖംമറയ്ക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുണ്ട്. അതിനു ചില മാധ്യമങ്ങളും കൂട്ടുണ്ട്. സത്യം പകൽപോലെ തെളിഞ്ഞു നിൽക്കുന്നതിനാൽ അവർക്ക് വിജയിക്കാനാകുന്നില്ല. പക്ഷേ, ചോരക്കറ എങ്ങനെ മറയ്ക്കണമെന്നതിൽ പോലും നേതാക്കൾ തമ്മിൽ യോജിപ്പില്ല. കൊല്ലപ്പെട്ടവർ സാമൂഹ്യപ്രവർത്തകരാണെന്ന് വി എം സുധീരൻ പറയുമ്പോൾ അവർ എസ്ഡിപിഐ ആണെന്ന് രമേശ്‌ ചെന്നിത്തലയും ഗുണ്ടകൾ ആണെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രനും ഉറപ്പിക്കുന്നു. ചാനൽ ചർച്ചയ്ക്ക് വരുന്ന ചില നേതാക്കൾ കൊല്ലപ്പെട്ടവരെ കഞ്ചാവ് കച്ചവടക്കാരായിവരെ ചിത്രീകരിക്കുന്നു. അതിനിടയിൽ പതിവുപോലെ കണ്ണൂരിലെ കോൺഗ്രസ് എംപി പരസ്യമായ കലാപാഹ്വാനത്തിനും മുതിരുന്നു.

സത്യസന്ധമായ നിലപാടെടുക്കാനോ കൊലപാതകികളായ സ്വന്തം പ്രവർത്തകരെ തള്ളിപ്പറയാനോ പോലും ഒരു കോൺഗ്രസ്‌ നേതാവും തയ്യാറാകുന്നില്ല. എന്നാൽ, അവർക്ക് തിരുത്തേണ്ടിവരും. ജനങ്ങൾ എല്ലാം കാണുന്നുണ്ട് . സിപിഐ എം ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ വിജയം വ്യക്തമാക്കുന്നത് അതാണ്‌. കോൺഗ്രസുകാർ നടത്തുന്ന കൊലപാതകങ്ങൾ സാധാരണ അച്ചടിക്കടലാസിലെയും ചാനൽ ചർച്ചയിലെയും തമസ്‌കരണത്തിലൂടെ മൂടിവയ്‌ക്കുന്നതിൽ മാധ്യമങ്ങൾ വിജയിക്കാറുണ്ട്‌. എന്നാൽ, ആ ശ്രമങ്ങളും വിജയിച്ചിട്ടില്ല. പത്രങ്ങൾക്കും ചാനലുകൾക്കും വിഷയം ചർച്ച ചെയ്യേണ്ടിവന്നു. ആ ചർച്ചയ്ക്കിടയിലും ഉള്ളിലെ രാഷ്ട്രീയാശ്ലീലം മുഴുവൻ തികട്ടിവന്ന പുച്ഛരസവുമായി ചർച്ച നയിക്കാൻ ചിലരുണ്ടായി എന്നതും പറയാതെ വയ്യാ. പക്ഷേ, ഒന്നും പഴയ പോലെയല്ലെന്ന് ചാനലുകൾ പോലും മനസ്സിലാക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇടതുപക്ഷ മാധ്യമങ്ങളിലൂടെയും ഉയരുന്ന വിമർശനങ്ങൾ ഒരുപരിധിവരെ ഈ മാധ്യമങ്ങളെപ്പോലും സ്വാധീനിക്കുന്നുണ്ട്.  പക്ഷേ, കോൺഗ്രസാണ്, കേരളത്തിലെ മാധ്യമങ്ങളുമാണ്. അവർ ഇനിയും വരും; കള്ളക്കഥകളും വഴിതിരിക്കലുമായി. ജനങ്ങളോട് നിരന്തരം സംവദിച്ചും അവരെ അണിനിരത്തിയും തന്നെ അതിനെയൊക്കെ അതിജീവിക്കേണ്ടിവരും. കേസിലെ പ്രതികൾ മുഴുവൻ പിടിയിലാകുന്നതുവരെയും  ഗൂഢാലോചന പുറത്തുവരുന്നതുവരെയും ജാഗ്രത വേണം. കരിദിനാചരണം ഈ ജനജാഗ്രത ഉണർത്താനുള്ള പോരാട്ടത്തിന്റെ തുടക്കമാകണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top