23 July Tuesday

വികസന വസന്തത്തിന്റെ അഞ്ച്‌ വർഷം

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 202115–-ാം നിയമസഭാ തെരഞ്ഞെടുപ്പിന്‌ രണ്ടുനാൾമാത്രം. അഞ്ചു വർഷം കഴിയുമ്പോൾ പറയാറുള്ള നിർണായകം എന്നവാക്ക്‌ നൂറു ശതമാനം ശരിയാണ്‌ ഇക്കുറി. മലയാളികളുടെ നിലനിൽപ്പും ഭാവിയും ഒട്ടേറെ ഭീഷണി നേരിടുന്നു. നവോത്ഥാന‐ ജനാധിപത്യ‐ മതനിരപേക്ഷ‐പുരോഗമന സമൂഹം എന്നനിലയിൽ കേരളം എത്രകാലം മുന്നോട്ടു പോകുമെന്ന ആശങ്കയുമുണ്ട്‌. ആ തിരിച്ചുപോക്കിലും യഥാർഥ പ്രശ്‌നങ്ങളിൽനിന്ന്‌ അകന്ന്‌ നിരുത്തരവാദപരമായി പെരുമാറുകയാണ്‌ യുഡിഎഫ്‌‐ ബിജെപി നേതൃത്വങ്ങൾ. ജാതിയും മതവും വിശ്വാസവും കോർത്തിണക്കിയ കൃത്രിമ അജൻഡയാണ്‌ മുന്നോട്ടുവയ്‌ക്കുന്നതും. അതിലൂടെ എൽഡിഎഫിന്റെ വികസന നേട്ടങ്ങൾ മറച്ചുവയ്‌ക്കാനാണ്‌ ശ്രമം. ഇവിടെയാണ്‌ സംസ്ഥാന വികസനം ചർച്ച ചെയ്യാൻ തയ്യാറുണ്ടോയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചതിന്റെ പ്രസക്തി. പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ വികസനവും തട്ടിക്കൂട്ടുന്ന വിവാദങ്ങളും തമ്മിലാണ്‌ മത്സരം. വികസനത്തെ തുണയ്‌ക്കുന്നതാകും ജനവിധി. അതിനെതിരെ നിലകൊള്ളുന്നവരെ മൂലയ്‌ക്കിരുത്താൻ‌ ജനങ്ങൾ നിശ്ചയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ്‌ സർക്കാരും തങ്ങളുടെ ഭരണവും തമ്മിലുള്ള താരതമ്യത്തിനുപോലും തയ്യാറാകാതെ ഒളിച്ചോടുന്ന യുഡിഎഫ്‌, കേരള പുരോഗതിയെക്കുറിച്ചുള്ള ചർച്ചയിൽ താൽപ്പര്യം കാണിക്കുന്നേയില്ല. പകരം ഓരോ നാഴികയിലും പുതിയ വിവാദങ്ങൾ പടച്ചുവിടുകയും അപവാദ വ്യവസായം കൊഴുപ്പിക്കുകയും കള്ളക്കഥകൾ ചുഴറ്റുകയുമാണ്‌. വികസനവിരുദ്ധരും വിപ്ലവ വായാടികളും മാധ്യമങ്ങളും ഒന്നിക്കുന്ന ‘മഹാസഖ്യം’ മുഖേനയാണത്‌. ജനാധിപത്യവാദികളെ സംബന്ധിച്ച്‌ ഓർമകളും സമരായുധമാണ്‌. 2011ൽ അധികാരമേറ്റ യുഡിഎഫും അവരുണ്ടാക്കിയ ഭയാശങ്കകളും മറക്കാനാകില്ല. സർവമേഖലയെയും തകർത്ത ആ കെടുകാര്യസ്ഥതയോടും അഴിമതിയോടും വികസന സ്‌തംഭനത്തോടും ജനങ്ങൾ കണക്കുതീർത്തു. അങ്ങനെ എൽഡിഎഫ്‌ വന്നു. അഞ്ചുവർഷത്തിന്റെ ഇടവേളകളിലെ ഭരണമാറ്റമെന്ന പതിവ്‌ ഇക്കുറി തിരുത്തിക്കുറിക്കുമെന്നുറപ്പ്‌. കേന്ദ്രത്തിലെ വർഗീയ ഫാസിസ്റ്റ്‌ –- കോർപറേറ്റ്‌ ‘പാവനസഖ്യ’ത്തിനെതിരെ ദേശീയതലത്തിൽ ഇടതു‌പക്ഷ ജനാധിപത്യ ബദൽ ശക്തമാകാൻ കേരളത്തിലെ എൽഡിഎഫ്‌ വിജയം അനിവാര്യമാണ്‌. ജനാധിപത്യ–-പൗരാവകാശങ്ങൾ സംരക്ഷിക്കുകയും മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതും ഇടതുപക്ഷം മാത്രമാണെന്നതും തെളിഞ്ഞതാണല്ലോ.

ഒന്നര വർഷത്തെ ക്ഷേമ പെൻഷനുകൾ കുടിശ്ശിക വരുത്തിയ യുഡിഎഫാണ്‌ വമ്പൻ വാഗ്‌ദാനങ്ങൾ നീട്ടുന്നത്‌. തെരഞ്ഞെടുപ്പിലെ ‘അതിഥി താര’മായ എ കെ ആന്റണിയെ ഇറക്കി ഇടതുപക്ഷത്തിനുമേൽ ആരോപിച്ച മറ്റൊന്ന്‌ അഴിമതിയാണ്‌. 2011‐ 16 കാലത്തെ യുഡിഎഫ്‌ മന്ത്രിസഭയിൽ അഴിമതിക്കറ പുരളാത്ത ഒരാളെങ്കിലും ഉണ്ടായോ? സോളാർ കുംഭകോണം കുപ്രസിദ്ധവുമായിരുന്നല്ലോ? ‘പഞ്ചവടിപ്പാലം’ സിനിമപോലെ പാലാരിവട്ടം അസ്ഥിക്കൂടമായി നിന്നതും മറന്നുപോകരുത്‌. രണ്ട്‌ എംഎൽഎമാർ അഴിക്കുള്ളിലായി. ചിലർ ജയിലിലേക്ക്‌ വരിനിൽക്കുകയുമാണ്‌. ‘നാടു നന്നാകാൻ യുഡിഎഫ്‌’ എന്ന പ്രചാരണ മുദ്രാവാക്യം തയ്യാറാക്കിയവരുടെ തൊലിക്കട്ടി അപാരംതന്നെ. ഈ പശ്‌ചാത്തലത്തിൽ എൽഡിഎഫ്‌ ഭരണം അഞ്ചു കൊല്ലം എന്തുചെയ്തില്ലെന്ന്‌ വസ്‌തുനിഷ്‌ഠമായി ചൂണ്ടിക്കാണിക്കാൻ ആന്റണിക്കാകുമോ? കോവിഡ്‌ രൂക്ഷമായ നാളുകളിൽ സർക്കാർ പ്രവാസികൾക്കും കൈത്താങ്ങായി. അവരുടെ വീട്ടുകാർക്ക് ഭക്ഷണം വാങ്ങാൻ പ്രയാസമുണ്ടാകും. പല കാരണങ്ങളാൽ നേരിട്ട് ചോദിക്കാൻ മടിയുണ്ട്. ഒരു ഫോൺ നമ്പർ തരുന്നു; അതിൽ വിളിക്കുക.

പ്രായമായവരുള്ള വീടുകളിൽ സാധനങ്ങൾ ഉണ്ടാകാം, എന്നാൽ അവർക്ക് പാചകംചെയ്യാൻ ബുദ്ധിമുട്ടാകും. അതിനാൽ അവരിലേക്കും ഭക്ഷണം എത്തണമെന്ന മുഖ്യമന്ത്രിയുടെ കരുതൽ ഏറെ സാന്ത്വനമായി. കോവിഡ്‌ പ്രതിരോധത്തിൽ ലോകം മാതൃകയാക്കേണ്ട പ്രദേശങ്ങളിൽ ഒന്നായി ബിബിസി കേരളത്തെ ഉൾപ്പെടുത്തിയത്‌ വലിയ അംഗീകാരമാണ്‌. സുരക്ഷ ഉറപ്പാക്കി മികച്ച രീതിയിൽ ക്വാറന്റൈൻ നടപ്പാക്കിയതിന്റെ ഉദാഹരണമായും എടുത്തുകാട്ടി. സാമൂഹ്യ അടുക്കളകൾ, ആരോഗ്യപ്രവർത്തകരും പൊലീസും സന്നദ്ധസേനയും മറ്റും ഏറ്റെടുത്ത സേവനങ്ങൾ, സാമ്പത്തിക ഇളവുകൾ എല്ലാം പ്രധാനമാണെന്നും പറഞ്ഞു. ബ്രിട്ടനെപ്പോലൊരു വികസിത രാജ്യത്തേക്കാൾ മികച്ച രീതിയിലാണ് കേരളം പ്രവർത്തിച്ചതെന്നും ബിബിസി പുതിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നുമുണ്ട്‌.

അപ്രതീക്ഷിത പ്രതിസന്ധികൾ അതിജീവിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ പ്രവർത്തിച്ചതെങ്കിലും കാർഷിക–-വ്യാവസായിക‐ആരോഗ്യ‐ വിദ്യാഭ്യാസ മേഖലകളിലെ മാറ്റങ്ങൾക്ക്‌ സമാനതകളില്ല. വിശപ്പുരഹിതമായ കേരളം വിഭാവനം ചെയ്യുകയും പട്ടിണി ഇല്ലാതാക്കുകയുമുണ്ടായി. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കാർഡുടമകൾക്കും സൗജന്യ ഭക്ഷണക്കിറ്റ്‌ നൽകി. 88 ലക്ഷം കുടുംബത്തിനാണ് ആ പ്രയോജനം ലഭിച്ചത്‌. യുഡിഎഫ്‌ കാലത്ത്‌ നാലര ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങൾ ഉപേക്ഷിച്ചു. അവരുൾപ്പെടെ ഏഴര ലക്ഷം വിദ്യാർഥികളെ ഹൈടെക്‌ സ്കൂളുകളിലേക്ക് മടക്കിക്കൊണ്ടുവന്നു. അത്‌ ഭാവിയിൽ മികച്ച ഫലമുണ്ടാക്കും. ലോഡ്‌ഷെഡ്ഡിങ്ങിനും പവർകട്ടിങ്ങിനും അറുതിവരുത്തി.

ക്ഷേമപെൻഷനുകൾ തുകകൂട്ടി കുടിശ്ശിക വരുത്താതെ എത്തിച്ചു. (യുഡിഎഫ്‌ കാലത്ത്‌ 36 ലക്ഷം ഗുണഭോക്താക്കൾ എന്നത്‌ എൽഡിഎഫ്‌ ഭരണത്തിൽ 61 ലക്ഷമായി) റേഷൻകടകളെ ആൾത്തിരക്കുള്ള ജനപ്രിയ സ്ഥാപനമാക്കി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി. തൊഴിൽരഹിതർക്ക്‌ ആശ്വാസം പകർന്ന്‌ അവസാന നാളുകളിലും തസ്തികകൾ സൃഷ്ടിച്ചു. ഏപ്രിൽ ആറിന്‌ പോളിങ്‌ ബൂത്തിലെത്തുമ്പോൾ, എല്ലാ അർഥത്തിലും വികസന വസന്തം വിരിയിച്ച ഈ അഞ്ചു വർഷം മറക്കാതിരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top