08 February Wednesday

കൈയിട്ടുവാരുന്നു വിയര്‍പ്പിന്റെ വിഹിതത്തിലും

വെബ് ഡെസ്‌ക്‌Updated: Thursday Mar 3, 2016

തൊഴിലാളിയുടെ വിയര്‍പ്പിന്റെ വിലയാണ് പ്രൊവിഡന്റ് ഫണ്ട്. വേതനത്തില്‍നിന്ന് പില്‍ക്കാലജീവിതത്തിനുള്ള ഈടായി നീക്കിവയ്ക്കുന്ന തുകയാണത്. ആയകാലം മുഴുവന്‍ അധ്വാനിച്ച്, ജോലിയില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് താങ്ങുംതണലുമാകേണ്ട സമ്പാദ്യം. ദൌര്‍ഭാഗ്യവശാല്‍, തൊഴിലാളിയുടെ ആ സമ്പാദ്യത്തില്‍ കൈവച്ചുള്ള കളിയാണ് കേന്ദ്ര സര്‍ക്കാരുകള്‍ കോണ്‍ഗ്രസ്–ബിജെപി ഭേദമില്ലാതെ നടത്തുന്നത്. പിഎഫ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ നികുതി ഈടാക്കാന്‍ നിര്‍ദേശിക്കുകയും തൊഴിലുടമകളുടെ വാര്‍ഷികവിഹിതത്തിന് 1.50 ലക്ഷം രൂപയെന്ന പരിധി വ്യവസ്ഥ വയ്ക്കുകയുംചെയ്യുന്ന മോഡി സര്‍ക്കാരിന്റെ ബജറ്റ് ഇപിഎഫ് പദ്ധതിക്കെതിരായ ആസൂത്രിതനീക്കത്തിന്റെ ഭാഗമാണെന്ന് കരുതണം. ജനകീയം എന്ന് വിശേഷിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് ജനവിരുദ്ധമായ നിര്‍ദേശങ്ങളുടെ സമാഹാരമാണ്. പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ തുകയുടെ 60 ശതമാനത്തിന് നികുതി നല്‍കേണ്ടിവരുമെന്നും അത് ഏപ്രില്‍ ഒന്നുമുതലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക്  ബാധകമാകും എന്നുമാണ് ബജറ്റില്‍ പറഞ്ഞത്. 

കോടിക്കണക്കിന് തൊഴിലാളികളാണ് പിഎഫില്‍ തങ്ങളുടെ വരുമാനത്തിന്റെ വിഹിതം നിക്ഷേപിക്കുന്നത്. ഗൃഹനിര്‍മാണം, മക്കളുടെ വിവാഹം, ചികിത്സ തുടങ്ങി പല ആവശ്യങ്ങള്‍ക്കും തൊഴിലാളികള്‍ക്ക് താങ്ങാവുന്നത് പിഎഫ് നിക്ഷേപമാണ്. ഈ നിക്ഷേപത്തില്‍ കൈയിട്ടുവാരുകയാണ് സര്‍ക്കാര്‍. ഇതിനെതിരെ തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തുകയാണ്. രോഷം തണുപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണങ്ങളാകട്ടെ, ധനമന്ത്രാലയത്തിന്റെയും റവന്യൂമന്ത്രാലയത്തിന്റെയും കള്ളക്കളി വ്യക്തമാക്കുന്നവയാണ്. ഏപ്രില്‍ ഒന്നുമുതല്‍ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്കാണ് നികുതി നല്‍കേണ്ടിവരികയെന്നും പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്കാണ് നികുതി ബാധകമാകുകയെന്നും പെന്‍ഷന്‍ പ്ളാനുകളില്‍ പുനര്‍നിക്ഷേപം നടത്തുന്നവര്‍ക്ക് പൂര്‍ണ നികുതിയിളവ് ലഭിക്കുമെന്നുമാണ് റവന്യൂ സെക്രട്ടറി ഹസ്മുഖ് അഡിയ പറയുന്നത്. 

ധനമന്ത്രാലയമാകട്ടെ, തൊഴിലുടമകളും തൊഴിലാളികളും തുക ഒറ്റയടിക്ക് പിന്‍വലിക്കാതെ പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് പോകാനാണ് ഈ തീരുമാനമെന്നും പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്ന തൊഴിലാളി മരിച്ചാല്‍ അനന്തരാവകാശിക്ക് ലഭിക്കുന്ന തുകയ്ക്ക് നികുതി ഈടാക്കില്ല എന്നുമാണ് പറയുന്നത്. 3.7 കോടി തൊഴിലാളികളാണ് ഇപ്പോള്‍ പിഎഫ് പദ്ധതിയില്‍ അംഗങ്ങളെന്നും ഇവരില്‍ മൂന്നുകോടി ആളുകളും 15,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവരാണെന്നും അതിനാല്‍ ഭൂരിഭാഗത്തെയും തീരുമാനം ബാധിക്കില്ല എന്നും വിശദീകരണമുണ്ട്. പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ അതിന്റെ 60 ശതമാനത്തിന് നികുതി നല്‍കണമെന്നും പുതിയ പെന്‍ഷന്‍ പദ്ധതി(എന്‍പിഎസ്)യും ഇപിഎഫും തമ്മില്‍ പൊരുത്തമുണ്ടാക്കുന്നതിനാണ് പരിഷ്കാരമെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ചുരുക്കത്തില്‍ ഒന്നിനും വ്യക്തതയില്ലാതായിരിക്കുന്നു.

ഒരു വിശദീകരണത്തിലും  60 ശതമാനത്തിന്റെ പലിശയ്ക്ക് മാത്രമാണ് നികുതി ചുമത്തുക എന്ന് വ്യക്തമാക്കുന്നില്ല. നവ ലിബറല്‍ സാമ്പത്തിക അജന്‍ഡ മോഡി സര്‍ക്കാര്‍ തീവ്രമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമാണ് ഇത്തരം തൊഴിലാളി വിരുദ്ധ നടപടികള്‍. പിഎഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് പ്രഖ്യാപനം പിന്‍വലിക്കണമെന്ന് എല്ലാ പ്രധാന ട്രേഡ് യൂണിയനുകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍പിഎസിനെയും പിഎഫ് പദ്ധതിയെയും താരതമ്യംചെയ്യാന്‍ കഴിയില്ല. എന്‍പിഎസ് ആര്‍ക്കും ചേരാന്‍ കഴിയുന്ന പദ്ധതിയാണ്. എന്‍പിഎസുമായി തുലനംചെയ്യാനാണ് പിഎഫ് നിക്ഷേപങ്ങള്‍ക്കും നികുതി ചുമത്തിയതെന്ന വാദം തൊഴിലാളിദ്രോഹമാണ്.  സര്‍വതലത്തിലും പ്രതിഷേധമുയര്‍ന്നിട്ടും പിഎഫ് നികുതിയെ ന്യായീകരിക്കാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തയ്യാറാകുന്നത്. വെല്ലുവിളിയുടെ ഈ സമീപനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top