25 September Friday

ഡല്‍ഹിയിലെ നീചമായ വധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2016


ഡല്‍ഹിയില്‍ 14 വയസ്സുമാത്രം പ്രായമുള്ള മലയാളിവിദ്യാര്‍ഥിയെ തെരുവില്‍ അടിച്ചുകൊന്ന സംഭവം നമ്മുടെ ദേശീയ തലസ്ഥാനനഗരിയുടെ അരക്ഷിതാവസ്ഥ ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുകൊണ്ടുവന്നു. പാന്‍മസാല കച്ചവടക്കാരനും കൂട്ടാളികളും ചേര്‍ന്നാണ് വിദ്യാര്‍ഥിയായ രജത് മേനോനെ മര്‍ദിച്ചുകൊന്നത്.  പാലക്കാട് കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകനാണ് രജത് മേനോന്‍. ഉണ്ണിക്കൃഷ്ണന്‍ ഡല്‍ഹിയിലാണ് താമസം. അച്ഛനമ്മമാര്‍ പാലക്കാട്ടും. രജത്മേനോനോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാര്‍ക്കും  അക്രമത്തില്‍ പരിക്കുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിക്കാനും ചികിത്സ ലഭ്യമാക്കാനും അമിതമായ കാലതാമസമുണ്ടായി. സമയത്ത് സംഭവ സ്ഥലത്തെത്തുന്നതിലും കുറ്റക്കാരെ കസ്റ്റഡിയിലെടുക്കുന്നതിലും പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. ഏറ്റവും ഒടുവില്‍ അറിയുന്നത് ഈ കേസ് തന്നെ അട്ടിമറിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തുന്നു എന്നാണ്. മയക്കുമരുന്നു വില്‍പ്പനസംഘം അത്രയേറെ സ്വാധീനമുള്ള ക്രിമിനലുകളാണത്രെ. വേലിതന്നെ വിളവുതിന്നുന്നു എന്ന അവസ്ഥയാണവിടെ. കുറ്റവാളികളെ പിടികൂടുന്നതിനോ അക്രമം തടയുന്നതിനോ പൊലീസിന് അശ്ശേഷം താല്‍പ്പര്യമില്ല. കേന്ദ്രഭരണാധികാരികളുടെ മൂക്കിനുതാഴെ ഇതാണ് നടക്കുന്നതെങ്കില്‍ നീതി ലഭിക്കാന്‍ ആരെയാണ് സമീപിക്കാന്‍ കഴിയുക? കുറ്റവാളികളാണ് പൊലീസിനെ ഭരിക്കുന്നതെങ്കില്‍ പൌരന്മാര്‍ക്ക്, ജീവനു രക്ഷനല്‍കാന്‍ ആരെയാണ് ആശ്രയിക്കാന്‍ കഴിയുക? ഏതാനും തുള്ളി കണ്ണീര്‍വീഴ്ത്തി ഈ ദാരുണസംഭവവും മറവിയുടെ ഗര്‍ത്തത്തില്‍ കുഴിച്ചുമൂടപ്പെടുമോ എന്ന ആശങ്കയാണ് അവശേഷിക്കുന്നത്.

ബസിനുള്ളില്‍ ബലാത്സംഗം നടത്തി യുവതിയെ കൊന്നത് ഇതേ ഡല്‍ഹിയിലാണല്ലോ. ബലാത്സംഗം ഒന്നല്ല, എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര സംഭവങ്ങള്‍. കുറ്റകൃത്യങ്ങള്‍ ഡല്‍ഹിയില്‍ നിത്യസംഭവമായി. കശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ എട്ട് ജവാന്മാരാണ് കൊല്ലപ്പെട്ടത്. നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാത്തുസൂക്ഷിക്കാന്‍ മഞ്ഞുമലയില്‍ കാവല്‍നിന്നവരാണവര്‍. ഭീകരവാദികളാണ് കുറ്റകൃത്യം ചെയ്തതെന്നതുകൊണ്ട് അത് മറ്റ് കൊലപാതകങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതായി തോന്നിയേക്കാം. കേരളത്തിലാണല്ലോ ഒരു ദളിത് സമുദായത്തില്‍പ്പെട്ട നിയമവിദ്യാര്‍ഥിനി സ്വന്തം വീട്ടില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം അസാധാരണരീതിയിലാണല്ലോ നടന്നത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയെ സ്വഭാവഹത്യ ചെയ്യാന്‍പോലും പൊലീസ് മുതിര്‍ന്നു. അവസാനം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് ആദ്യ ക്യാബിനറ്റ് യോഗം പുതിയ അന്വേഷണസംഘത്തെ നിയമിച്ചു. വിദഗ്ധര്‍ അടങ്ങിയ പുതിയ പൊലീസ് സംഘമാണ് ശാസ്ത്രീയവും കാര്യക്ഷമവും ആത്മാര്‍ഥവുമായ അന്വേഷണത്തിലൂടെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ പിടികൂടി ജയിലിലടച്ചത്. കുറ്റകൃത്യം തടയുന്നതില്‍ പൊലീസിന് പ്രധാന പങ്ക് നിര്‍വഹിക്കാനുണ്ടെന്ന വസ്തുത മറന്നുകൂടാ. ഡല്‍ഹിയിലെ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ അതീവജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top