04 February Saturday

ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Feb 2, 2018


അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ പൂർണ കേന്ദ്രബജറ്റാണ് ഇന്നലെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ 2018‐19ലെ ബജറ്റിന്റെ രൂപത്തിൽ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അതുസംബന്ധമായ ഏറെ ചർച്ച കഴിഞ്ഞ കുറെദിവസം മാധ്യമങ്ങളിലും മറ്റും നടന്നിരുന്നു. എങ്കിലും രാഷ്ട്രപതി പാർലമെന്റിനോട് ചെയ്ത നയപ്രഖ്യാപന പ്രസംഗത്തിന്റെ ചുവടുപിടിച്ചാണ് ജെയ്റ്റ്ലി ബജറ്റിലെ വിശദാംശങ്ങൾ തയ്യാറാക്കിയതെന്ന് തോന്നുന്നു. രാജ്യമെമ്പാടും കർഷകസമരങ്ങൾ ഏതാനും മാസംമുമ്പ് കൊടുമ്പിരിക്കൊണ്ടിരുന്നല്ലോ. നല്ല വിള ഉണ്ടാക്കിയിട്ടും കർഷകന് കുമ്പിളിൽ പോലും കഞ്ഞികുടിക്കാൻ വരുമാനമില്ലാത്ത സ്ഥിതി. അവർക്ക് ആശ്വാസം പകരുന്ന വാക്കുകൾ രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. രാജ്യത്ത് വീശിയടിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ ഇരകളാണ് സ്ത്രീകൾ, പിന്നോക്കവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ ദുർബല ജനവിഭാഗങ്ങൾ. അവർക്ക് മോഡിസർക്കാർ ഇതുവരെ നൽകിയ ആനകൂല്യങ്ങൾ ആ പ്രസംഗത്തിൽ പട്ടികയിൽപ്പെടുത്തി വിവരിച്ചിരുന്നു. ബജറ്റ് പ്രസംഗത്തിലെ താരങ്ങൾ അവരൊക്കെയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലായിരുന്നു നോട്ട് റദ്ദാക്കൽ പരിഷ്കാരം നടപ്പാക്കിയത്. ഈ സാമ്പത്തികവർഷം ജിഎസ്ടിയും. രണ്ടും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെയാകെ പിടിച്ചുകുലിക്കിയ പരിഷ്കാരങ്ങളാണ്. അവ നടപ്പാക്കിയതിന്റെ ഒരു അവലോകനം ബജറ്റിൽ ആരും പ്രതീക്ഷിക്കും. കണക്കുകൾ വച്ചുകൊണ്ട് മോഡിസർക്കാരിന്റെ അവകാശവാദത്തെ സമർഥിക്കാൻ കഴിയാത്തതുകൊണ്ടാകാം ജെയ്റ്റ്ലിയുടെ ബജറ്റ് പ്രസംഗത്തിൽ അതുണ്ടായില്ല.

ഇത്തവണത്തെ ബജറ്റിലെ പ്രധാന ഊന്നൽ കൃഷിയും ഗ്രാമീണ സമ്പദ്വ്യവസ്ഥയും ആരോഗ്യം‐വിദ്യാഭ്യാസം‐സാമൂഹ്യരക്ഷ, ഇടത്തരം‐ചെറുകിട‐സൂക്ഷ്മസ്ഥാപനങ്ങളും തൊഴിലും, പശ്ചാലത്തസൗകര്യവും ധനമേഖലാ വികസനവും സ്ഥാപനങ്ങൾ കെട്ടിപ്പടുക്കലും പൊതുസേവന നിർവഹണം മെച്ചപ്പെടുത്തലും എന്നിവയാണ്. ഈ രംഗങ്ങളിലാണ് ഇന്ത്യയിലെ 95‐98 ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തിൽ ഏർപ്പെട്ടിരിക്കുന്നത് അല്ലെങ്കൽ ആശ്രയിക്കുന്നത്. ഇവയ്ക്കായുള്ള വകയിരുത്തലുകൾ നോക്കുമ്പോഴാണ് ബജറ്റിൽ അവർക്കായി നല്ല വാക്കുകൾ മാത്രമേ വകയിരുത്തിയിട്ടുള്ളൂവെന്ന് മനസ്സിലാകുക. കാർഷിക‐ ഗ്രാമീണമേഖലയ്ക്ക് മൊത്തം ബജറ്റ് പിന്തുണ 2,36,127 കോടി രൂപയാണ്. ബജറ്റിന് പുറത്ത് വായ്പയായുള്ളത് 11,98,190 കോടിരൂപ. ആകെ 14,34,317 കോടി രൂപ. ആദ്യംപറഞ്ഞ രണ്ടുലക്ഷത്തിൽപ്പരം കോടിരൂപ മാത്രമാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. അതിൽ മുൻവർഷത്തെ അപേക്ഷിച്ച് കാര്യമായ വർധനയില്ല. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യരക്ഷ ഇവയ്ക്കായി ഈവർഷം വകയിരുത്തിയിരുന്നത് 1,64,020 കോടി രൂപ. 2018‐19ൽ 1,79,457 കോടി രൂപ. വർധന 15,437 കോടി രൂപ മാത്രം. അതും മൂന്ന് പ്രധാന വകുപ്പുകൾക്കുംകൂടി. പശ്ചാത്തല മേഖലയ്ക്കായി തന്നാണ്ടിൽ 4,94,317 കോടി രൂപ. അടുത്തവർഷത്തേക്ക് ബജറ്റിൽ വകയിരുത്തിയത് 5,97,143 കോടിയായി ഉയർത്തിയിരിക്കുന്നു. വർധന 1,02,830 കോടി രൂപ. ബജറ്റിൽ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ച അഞ്ചിനത്തിനായി യഥാർഥത്തിൽ അടുത്തവർഷത്തേക്ക് ഈ വർഷത്തേക്കാൾ കൂടുതലായി വകയിരുത്തിയത് രണ്ടുലക്ഷം കോടി രൂപമാത്രം. അതിൽ പകുതിയും കരാറുകാർക്കും മറ്റ് പ്രയോജനപ്പെടുന്ന പശ്ചാത്തലമേഖലയ്ക്കും. എല്ലാവർകും വീട്, ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയും വായ്ത്താരി മാത്രമാണ്. അതിനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. 

പിന്നെ ബജറ്റിൽ ചില പരാമർശവുണ്ട്. കാർഷികകോൽപ്പന്നങ്ങളുടെ വില ഒന്നര ഇരട്ടിയാക്കും. പക്ഷേ, അത് 2022 ആകുമ്പോഴേക്കാണ്. നാലുവർഷം കഴിയണം. മോഡിസർക്കാർ അതിനകം പോയിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ഒരുലക്ഷം കോടി രൂപ ചെലവഴിക്കുമെന്നു പറയുന്നതും അക്കാലയളവിൽതന്നെ. ഇതൊക്കെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള മോഹനസുന്ദര വാഗ്ദാനങ്ങൾ മാത്രമാണെന്ന് ചുരുക്കം.

പ്രായമായവർക്ക് വലിയ പരിഗണന ബജറ്റിലുണ്ട്. ദരിദ്ര ഇടത്തരം വൃദ്ധർക്കുള്ളതല്ല. 50,000 രൂപവരെയുള്ള ബാങ്ക് പലിശയ്ക്ക് നികുതിയില്ല. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ 50,000 രൂപ വരെ ഇളവ് ലഭിക്കും. അതിന്റെ ഗുണം എത്രപേർക്ക് ലഭിക്കും?

സ്വച്ഛ്ഭാരതിനെക്കുറിച്ചും നരേന്ദ്ര മോഡിയെക്കുറിച്ചും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വാചാലനായി. പക്ഷേ, ശുചിത്വ മിഷന് ഈവർഷം ബജറ്റിൽ വകയിരുത്തിയ 19,248 കോടി രൂപ അടുത്തവഷം 17,843 കോടി രൂപയായി കുറച്ചിരിക്കുകയാണ്. 1405 കോടി രൂപയുടെ കുറവ്. ദേശീയ ആരോഗ്യമിഷന്റെ വകയിരുത്തൽ ഈവർഷത്തെ 31,292 കോടി രൂപയിൽ 685 കോടിയുടെ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്.

വിലസുസ്ഥിരതാ ഫണ്ടിന്റെ അടങ്കൽ 3500 കോടി രൂപയിൽനിന്ന് 1500 കോടി രൂപയായി കുറച്ചിരിക്കുന്നു.  ഏതാണ്ട് 60 ശതമാനം കുറവ്. ഗ്രാമീണർക്കായുള്ള ദീൻദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജനയ്ക്കായുള്ള അടങ്കൽ 5400 കോടി രൂപയിൽനിന്ന് 3800 കോടി രൂപയായി കുറച്ചിരിക്കുന്നു. ജീവനക്കാരുടെ പെൻഷൻ സ്കീമിനുള്ള അടങ്കൽ 5100 കോടി രൂപയിൽനിന്ന് 4900 കോടി രൂപയായി കുറച്ചിരിക്കുന്നു. കൃഷിക്കും ഗ്രാമീണർക്കും മറ്റുമുള്ള മിക്ക രംഗത്തും ബജറ്റ് തുക കുറച്ചിരിക്കുകയാണ്. പ്രസംഗത്തിൽ ധനമന്ത്രി അവർക്ക് ഉദാരമായി നൽകിയ വാഗ്ദാനങ്ങൾ മാത്രം ബാക്കി.

ജിഎസ്ടി നടപ്പാക്കിയാൽ നികുതി വെട്ടിപ്പ് തടയും, സർക്കാരിന്റെ വരുമാനം വർധിക്കും എന്നൊക്കെ ആയിരുന്നല്ലോ മോഡി പ്രഭൃതികളുടെ വായ്ത്താരി. വരുംവർഷം കൂടുതൽ നികുതി പിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷ ധനമന്ത്രി പ്രകടിപ്പിക്കുന്നില്ല. അടുത്തവർഷം ധനക്കമ്മി കുറയ്ക്കും എങ്ങനെയെങ്കിലുമെന്നു മാത്രമാണ് അദ്ദേഹം പ്രകടിപ്പിക്കുന്ന പ്രതീക്ഷ. അത് ജിഎസ്ടിയെക്കുറിച്ച് സർക്കാരിന്റെ പരോക്ഷമായ വിലയിരുത്തലായി കണക്കാക്കാം.

ഒരു കാര്യത്തിൽ ധനമന്ത്രി അതീവ സന്തുഷ്ടനാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിൽ. 72,500 കോടി രൂപയായിരുന്നു ബജറ്റ് പ്രതീക്ഷ. അതിൽ കൂടുതൽ  ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്. മാർച്ച് 31 ആകുമ്പോഴേക്ക് ആ ഇനത്തിൽ ഒരുലക്ഷം കോടി രൂപയുടെ വരുമാനം സർക്കാരിനുണ്ടാകുമെന്നാണ് ധനമന്ത്രിയുടെ ശുഭപ്രതീക്ഷ. അടുത്ത ബജറ്റിൽ 80,000 കോടി രൂപയാണ് മതിപ്പ്.

നരേന്ദ്ര മോഡി സർക്കാർ വിജയിച്ചിരിക്കുന്നത് ഇക്കാര്യത്തിലാണ്. പൊതുമുതൽ വിറ്റുതുലയ്ക്കുന്നതിൽ. അതുവഴി പിന്നോക്കവിഭാഗങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ.

ചുരുക്കത്തിൽ, അരുൺ ജെയ്റ്റ്ലിയുടെ ഇത്തവണത്തെ ബജറ്റ് പ്രസംഗം സാധാരണക്കാരും അധഃസ്ഥിതരുമായ ജനങ്ങളെ കേന്ദ്രീകരിച്ചാണെങ്കിലും ബജറ്റിന്റെ ഊന്നൽ മൊത്തത്തിൽ മുൻവർഷങ്ങളിലെന്നപോലെ വൻ പണക്കാരെ കൂടുതൽ സമ്പന്നരാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ബജറ്റ് രേഖകൾ വിശദമായി പരിശോധിക്കുമ്പോൾ തെളിഞ്ഞുവരുന്ന ചിത്രം അതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top