09 August Tuesday

ആധാര്‍: സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 1, 2017


ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിടാനുള്ള സുപ്രീംകോടതിയുടെ തീരുമാനം സുപ്രധാനവും നിലനില്‍ക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള നീതിപീഠത്തിന്റെ യുക്തമായ ഇടപെടലുമാണ്. ആധാറിനെതിരെ 2014 മുതലുള്ള ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ജാര്‍ഖണ്ഡിലെ കരിമാട്ടി ഗ്രാമത്തില്‍ സന്തോഷികുമാരി എന്ന പതിനൊന്നുകാരി, അമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ട് വിശന്ന് വിശന്ന് മരിച്ച സംഭവം ആധാറിനോടുള്ള ജനകീയ പ്രതിഷേധത്തിന്റെ തീവ്രത വര്‍ധിപ്പിച്ച ഒന്നായിരുന്നു. ജാര്‍ഖണ്ഡ് സമ്പൂര്‍ണ ആധാര്‍ ബന്ധിത സംസ്ഥാനമായി പ്രഖ്യാപിച്ച വേളയില്‍തന്നെയാണ് സന്തോഷികുമാരിയുടെ ദാരുണമരണമുണ്ടായത്.  അവിടെ ആധാര്‍ കിട്ടാത്തവരെയും  കിട്ടിയവരില്‍ റേഷന്‍ കാര്‍ഡുമായും മറ്റ് സര്‍ക്കാര്‍ പദ്ധതികളുമായും ബന്ധപ്പെടുത്താന്‍ അറിയാത്തവരെയും റേഷന്‍ അര്‍ഹതപ്പട്ടികയില്‍നിന്ന് പുറന്തള്ളുകയായിരുന്നു. 

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആധാര്‍തന്നെ ഇല്ലാതാക്കുമെന്ന് 2014ലെ തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയവരാണ് മോഡിയും ബിജെപി നേതൃത്വവും. അവര്‍തന്നെയാണ് സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള  ഇടപെടലിനെപ്പോലും മറികടന്ന് റേഷന്‍ വിതരണത്തിനുപോലും ആധാര്‍ നിര്‍ബന്ധമാക്കിയത്. പൌരന്റെ സ്വകാര്യതയ്ക്ക് വെല്ലുവിളിയാണ് ആധാര്‍ എന്ന ഗൌരവമുള്ള ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. സ്വകാര്യത മൌലികാവകാശമാണോ എന്ന വിഷയം ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ചുതന്നെയാണ്. സ്വകാര്യത ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശംതന്നെയെന്ന് ഒമ്പതംഗ ഭരണഘടനാബെഞ്ച് ഐകകണ്ഠ്യേന വ്യക്തമാക്കിയിട്ടുമുണ്ട്. ബിജെപിയും മോഡിയും അധികാരത്തിലെത്തിയതോടെയാണ് ആധാര്‍ ബന്ധിത ജീവിതം പൌരന് വിധിച്ചത്. അതിലൂടെ ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ പരിധിയില്ലാതെ കൈമാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

നവലിബറല്‍ സാമ്പത്തികനയം 1991ല്‍ നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും കാര്‍മികത്വത്തില്‍ ഔദ്യോഗികമായി നടപ്പാക്കിത്തുടങ്ങിയപ്പോള്‍ ആരംഭിച്ചതാണ് പൊതുവിതരണത്തിലെ ടാര്‍ജറ്റിങ്. എ കെ ആന്റണി ഭക്ഷ്യ- സിവില്‍ സപ്ളൈസ് മന്ത്രിയായിരിക്കവെയാണ് 1990കളില്‍ ടാര്‍ജറ്റിങ് നടപ്പാക്കിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ആധാര്‍ ആദ്യമായി അവതരിപ്പിച്ചതും അതിനെ പൊതുവിതരണവും സബ്സിഡികളും ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ലിങ്ക് ചെയ്യാന്‍ ശ്രമിച്ചതും. പ്രതിപക്ഷ എതിര്‍പ്പും സുപ്രീംകോടതി ഇടപെടലുംമൂലം അന്ന് താല്‍ക്കാലികമായി പിന്‍വാങ്ങേണ്ടിവന്നു. അതാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ വാശിയോടെ നടപ്പാക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ജനദ്രോഹനയങ്ങള്‍ മുറുകെപ്പിടിക്കുന്നതില്‍ ഒരേദിശയിലാണ് സഞ്ചരിക്കുന്നത്.

നവലിബറല്‍ നയങ്ങളുടെ അഭേദ്യഭാഗമാണ് ജനങ്ങളെ കൊള്ളചെയ്യല്‍. ഏറ്റവും ദരിദ്രരാണ് ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. തൊഴിലുറപ്പുപദ്ധതിയില്‍ ആധാര്‍ നടപ്പാക്കിയത് അതിന്റെ ഭാഗമായാണ്. അതുമൂലം പതിനായിരക്കണക്കിന് തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പറ്റാത്ത അവസ്ഥയാണുണ്ടായത്. ആധാറിലെ വിരലടയാളവും ഇപ്പോഴത്തെ വിരലടയാളവും ചേരുന്നില്ലെന്ന പേരില്‍ പണി ചെയ്തവന് കൂലി നിഷേധിക്കുന്നത്, തെലങ്കാനയിലും ആന്ധ്രയിലും നടത്തിയ പഠനങ്ങളില്‍ വെളിപ്പെട്ടിരിക്കുന്നു. ആധാര്‍മൂലമുണ്ടാകുന്ന പ്രയാസങ്ങളുടെ ഒരുദാഹരണം മാത്രമാണിത്. അതൊന്നും കാണാതെ ജനനംമുതല്‍ മരണംവരെ ജീവിതത്തിലെ സര്‍വകാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിലേക്കാണ് മോഡിസര്‍ക്കാര്‍ നീങ്ങുന്നത്. ഇതില്‍ കോണ്‍ഗ്രസിന് പ്രതികരിക്കാനാകുന്നുമില്ല. 

രാജ്യത്ത് പട്ടിണികിടക്കുന്നവരുടെയും പട്ടിണിമരണങ്ങളുടെയും എണ്ണം പെരുകുകയാണ്. ഫുഡ് കോര്‍പറേഷന്‍ ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് ചീഞ്ഞുനശിക്കുന്ന ധാന്യശേഖരത്തില്‍നിന്ന് കുറച്ചെങ്കിലും ആ പാവങ്ങള്‍ക്ക് എത്തിക്കുന്നതിന് തടസ്സമായി ആധാര്‍ നില്‍ക്കുന്നു എന്ന് വരുമ്പോള്‍, ജനദ്രോഹനയങ്ങള്‍ക്കുള്ള ആയുധമായി അത് മാറുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സന്തോഷി കുമാരിമാത്രമല്ല, അങ്ങനെ അനേകരുടെ മരണത്തിനും പട്ടിണി ജീവിതത്തിനും കാരണമാകാന്‍ ഒരു ആധാറും ഉണ്ടാകുന്നു എന്ന് വരുന്നത് ഖേദകരമാണ്. ഒരാളുടെ വിവരങ്ങളാകെ രേഖപ്പെടുത്തിയ ആധാര്‍, വാണിജ്യസ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം കൈകാര്യം ചെയ്യാനാകുന്നു എന്നത് കൂടുതല്‍ ഉല്‍ക്കണ്ഠാജനകമാണ്. അത്തരമൊരു അവസ്ഥയിലാണ്, ആധാറിന്റെ ഭരണഘടനാസാധുതതന്നെ പരിശോധിക്കാന്‍ പരമോന്നത കോടതി തയ്യാറാകുന്നത്. എക്സിക്യൂട്ടീവ് തെറ്റായ തീരുമാനമെടുക്കുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന ശരിയായ വഴി ചൂണ്ടിക്കാണിക്കാനുള്ള ജുഡീഷ്യറിയുടെ ഈ നീക്കത്തെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top