15 September Sunday

യൂറോപ്യൻ സന്ദർശനം ഫലപ്രദം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019


അർഥപൂർണവും ഫലപ്രദവുമായിരുന്നു തന്റെ യൂറോപ്യൻ സന്ദർശനമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി  മാധ്യമങ്ങളോട് പറഞ്ഞത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത സവിശേഷതകൾ കേരളത്തിനുണ്ട്. അതുപോലെതന്നെ പരിമിതികളും പ്രയാസങ്ങളും ഉണ്ട്. വ്യത്യസ‌്ത മേഖലകളിൽ കേരളം ആർജിച്ച നേട്ടം നിലനിർത്തുകയും പുതിയ കാലത്തിലേക്ക് കുതിക്കുകയും ചെയ്യുക എന്ന ദൗത്യം വലിയ വെല്ലുവിളിയായി മാറിയ  ഒരുകാലത്തുനിന്നാണ്  കേരളത്തിന്റെ ഭാവിയെക്കുറിച്ച്  ചിന്തിക്കേണ്ടത്. അതുകൊണ്ടുതന്നെ  വിഭവസമൃദ്ധവും താരതമ്യേന സമ്പന്നവുമായ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ‌്തമായ ചിന്തയും പ്രവർത്തനരീതിയും കേരളത്തിന് അനിവാര്യമാണ്. നിസ്സംഗരായി കൈമലർത്തിയാൽ സംസ്ഥാനത്ത‌് മുരടിപ്പുമാത്രമേ ഉണ്ടാകൂ. ലോകത്തിന്റെ ചലനങ്ങൾ ശ്രദ്ധാപൂർവം വീക്ഷിച്ച‌് പകർത്താവുന്ന മാതൃകകൾ കണ്ടെത്തുക, വിഭവ സമാഹരണത്തിനു പുതുവഴി തേടുക, പ്രകൃതിദുരന്ത ലഘൂകരണവും  പുനർനിർമാണവും മാലിന്യ നിർമാർജനവും അടക്കമുള്ള  വിഷയങ്ങളിൽ പുത്തൻ സാങ്കേതികവിദ്യ സ്വാംശീകരിക്കുക  എന്നിവ ഇന്നത്തെ കേരളത്തിന്റെ അതിജീവനത്തിന‌് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ ഈ വിഷയങ്ങളാകെ പരിഗണിക്കപ്പെട്ടിട്ടുണ്ട്, പരിഹാരമാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്നതാണ‌് കേരളീയന് ആവേശവും ആശ്വാസവും പകരുന്ന  സംഗതി. അതിലുപരി, ഇന്നത്തെ ഇന്ത്യൻ പരിതഃസ്ഥിതിയിൽ കേരളം എങ്ങനെ മുന്നോട്ടുപോകും, നിലനിൽക്കുന്ന വ്യവസ്ഥയ‌്ക്കകത്ത‌് എങ്ങനെ അസമത്വത്തിന്റെ തോത് കുറയ‌്ക്കാൻ കഴിയും എന്ന ചിന്തയും ഉയർന്നിട്ടുണ്ട്. ലോകത്തെ അസമത്വത്തെക്കുറിച്ച‌് ആധികാരികമായി പഠിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ‌്ചയും കേരളത്തിലേക്ക് വരാനും സഹായം നൽകാനും പിക്കെറ്റി പ്രകടിപ്പിച്ച സന്നദ്ധതയും വളരെയേറെ മൂല്യമുള്ള നേട്ടമാണ്. 

കേരളം സമീപകാലത്ത‌് നേരിട്ട മഹാദുരന്തം പ്രളയമാണ്. പ്രളയഭീഷണി എക്കാലത്തും നിലനിൽക്കുന്ന സംസ്ഥാനത്തിന‌്  ഇനിയും അത്തരമൊന്നുണ്ടായാൽ അതിജീവനത്തിനുള്ള കരുതൽ കൂടിയേ തീരൂ. നെതർലൻഡ്സ് സന്ദർശനത്തിൽ മുഖ്യമന്ത്രി ഊന്നൽ നൽകിയത് പ്രളയത്തെ  അതിജീവിക്കാനുള്ള ഡച്ച് മാതൃക വിലയിരുത്താനും  തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി  വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതി  കുട്ടനാട് പോലുള്ള സവിശേഷ ഭൂപ്രദേശത്തിന‌് അനുയോജ്യമാകുംവിധം രൂപപ്പെടുത്താനുള്ള മാർഗങ്ങൾ ആരായാനുമാണ്.  അവിടെ ചെന്ന് എല്ലാം കണ്ടു തിരിച്ചുപോരുകയല്ല, ആ മാതൃക നമുക്ക് പ്രയോജനപ്പെടുംവിധം കേരളത്തിലേക്ക് പകർത്താനുള്ള കർമപദ്ധതിക്ക് തുടക്കമിടുകയും  ചെയ‌്തിരിക്കുന്നു.  കാർഷിക മേഖലയിലെ നെതർലൻഡ‌്സിന്റെ  ഗവേഷണ നേട്ടങ്ങളും അനുഭവവും കണ്ടു മനസ്സിലാക്കി തോട്ടവിള പരിപാലനമുൾപ്പെടെ കേരളത്തിന് ഉപയുക്തമായവ പകർത്താനുള്ളതായിരുന്നു മറ്റൊരു മുൻകൈ.  നെതർലൻഡ‌്സിന്റെ  സഹകരണത്തോടെ കേരളത്തിൽ പുഷ‌്പ, ഫല മേഖലയിൽ സെന്റർ ഓഫ് എക്‌സലൻസ് ആരംഭിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു കഴിഞ്ഞു. ഇതിന‌് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി എന്നാണ‌് മുഖ്യമന്ത്രി വ്യക്തമാക്കിയത്.  

നെതർലൻഡ‌്സിലെ വ്യവസായികളുടെയും തൊഴിൽദായകരുടെയും കോൺഫെഡറേഷനുമായി നടത്തിയ ചർച്ചയിൽ കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകും എന്ന അവരുടെ വാഗ്ദാനമാണ് മുഖ്യമന്ത്രിക്ക‌് ലഭിച്ചത്. ഡച്ച് കമ്പനികളുടെ പ്രതിനിധികളെ ഇന്ത്യയിലേക്കുള്ള ഡച്ച് അംബാസഡറുടെയും ബംഗളൂരുവിലുള്ള ഡച്ച് കോൺസുലേറ്റ‌് ജനറലിന്റെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ ഭാഗമായി കേരളത്തിലേക്ക് കൊണ്ടുവരാൻ നടപടി ആരംഭിച്ചു.   

ജനീവയിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽനടന്ന  ലോക പുനർനിർമാണ  കോൺഫറൻസിന്റെ ആരംഭ സെഷനിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന ഇടപെടലായാണ് അത് വിലയിരുത്തപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റുമായും കോ- ഓർഡിനേറ്ററുമായും നടത്തിയ കൂടിക്കാഴ‌്ചയിൽ, പകർച്ചവ്യാധികളും മറ്റു രോഗങ്ങളും നിയന്ത്രിക്കുന്നതിൽ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സഹായം ലഭ്യമാകുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ‌് ആരാഞ്ഞത്. ആയുർവേദം, ക്യാൻസർ പ്രതിരോധം, രോഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട്. 

കേരളത്തിനുമുന്നിൽ പുരോഗതിയുടെ പുതിയ വാതിലുകളാണ് മുഖ്യമന്ത്രിയുടെ യാത്രകൊണ്ട് തുറക്കപ്പെടുന്നത്.   ഭരണാധികാരികളുടെ ലോക സഞ്ചാരങ്ങളെക്കുറിച്ച‌് പരിഹാസവും വിമർശനങ്ങളും തുരുതുരെ ഉയരുന്ന കാലത്താണ് ഇങ്ങനെ ക്രിയാത്മകവും ഭാവനാ പൂർണവുമായ ഒരു യാത്ര നടത്താൻ നമ്മുടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞത് എന്നത് നിസ്സാരമല്ല.

ലഘുവായ തന്ത്രങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ജനീവയിലും ബേണിലും പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സാധ്യതകൾ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രയോജനപ്പെടുത്താൻ  സഹായകരമായ രീതിയിൽ സ്വിറ്റ്‌സർലൻഡിനെയും കേരളത്തെയും താരതമ്യം ചെയ‌്തുകൊണ്ടുള്ള ചർച്ചകൾ അവിടെവച്ച് നടന്നു. കേരളത്തിന‌് അനുയോജ്യമായ രീതിയിൽ നിയമങ്ങളും വിഭവസമാഹരണ മാതൃകകളും തന്ത്രങ്ങളും ബോധവൽക്കരണ ക്യാമ്പയിനുകളും എങ്ങനെ ആവിഷ്‌കരിക്കാം എന്നതിനെക്കുറിച്ചും ചർച്ച നടന്നു.  കേരളത്തിലേക്ക് സ്വിറ്റ്‌സർലൻഡിൽനിന്നുള്ള നിക്ഷേപം ആകർഷിക്കാനുതകുന്ന വിധത്തിൽ സാമ്പത്തിക കാര്യം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയുടെ സ്വിസ് ഫെഡറൽ കൗൺസിലറായ ഗൈ പാർമെലിനുമായി ചർച്ച നടത്തി. 

പ്രൊഫ. തോമസ് പിക്കെറ്റിയുമായി പാരീസിലെ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ  സംവദിച്ചു. ഭൂപരിഷ്‌കരണം ഉൾപ്പെടെയുള്ള നടപടികളിലൂടെ കേരളം കൈവരിച്ച ചരിത്രപരമായ മുന്നേറ്റങ്ങൾ വിവരിക്കാനും പുരോഗമനപരമായ സർക്കാർ ഇടപെടലുകളുടെ ഫലമായി ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേരളം ഇന്ത്യക്കാകെ മാതൃകയാകത്തക്ക വിധത്തിൽ ഉയർന്ന സൂചികകൾ കൈവരിച്ചിട്ടുണ്ട് എന്നത് ബോധ്യപ്പെടുത്താനും സാധിച്ചു. സാമൂഹ്യമേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ വിവരിക്കുമ്പോൾതന്നെ അസമത്വം കുറഞ്ഞ ഇടങ്ങളിലൊന്നാണ് കേരളം എന്നു വ്യക്തമാക്കാനും ഈ കൂടിക്കാഴ്‌ച ഉപകരിച്ചു എന്നാണ‌് മുഖ്യമന്ത്രി  ഇതേക്കുറിച്ചു വിശദീകരിച്ചത്.

കേരളത്തിനുമുന്നിൽ പുരോഗതിയുടെ പുതിയ വാതിലുകളാണ് മുഖ്യമന്ത്രിയുടെ യാത്രകൊണ്ട് തുറക്കപ്പെടുന്നത്.   ഭരണാധികാരികളുടെ ലോക സഞ്ചാരങ്ങളെക്കുറിച്ച‌് പരിഹാസവും വിമർശനങ്ങളും തുരുതുരെ ഉയരുന്ന കാലത്താണ് ഇങ്ങനെ ക്രിയാത്മകവും ഭാവനാ പൂർണവുമായ ഒരു യാത്ര നടത്താൻ നമ്മുടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞത് എന്നത് നിസ്സാരമല്ല.

പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, അസമത്വത്തെ നേരിടാനുള്ള പുതിയ നയങ്ങൾ, വികസനത്തിന് പണം കണ്ടെത്താനുള്ള പുതിയ രീതികൾ, ആഗോള മലയാളികളുടെ ശക്തി, ബന്ധങ്ങൾ തുടങ്ങി ധാരാളം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അറിവ് സമ്പാദിക്കാനും മുഖ്യമന്ത്രിക്ക് ഈ കഴിഞ്ഞ ദിവസങ്ങളിൽ സാധിച്ചു. ഇവ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന് അദ്ദേഹത്തിന് നല്ല ധാരണയുണ്ട‌് എന്നാണ‌് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി രേഖപ്പെടുത്തുന്നത്. കേരളത്തിന്റെ പ്രതീക്ഷയാണ് ആ വാക്കുകൾ.


പ്രധാന വാർത്തകൾ
 Top