30 May Tuesday

നിലച്ചത് ദ്രാവിഡരാഷ്ട്രീയത്തിന്റെ ശബ്ദം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018


കരുണാനിധിയുടെ വേർപാട് തമിഴകരാഷ്ട്രീയത്തിനുമാത്രമല്ല ദേശീയരാഷ്ട്രീയത്തിനുതന്നെ കനത്ത നഷ്ടമാണ്. തമിഴ്നാടിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽമാത്രമല്ല, തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും വളർച്ചയിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവുകൂടിയാണ് കരുണാനിധി. പ്രാസംഗികൻ, നോവലിസ്റ്റ്, നാടകകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകാരൻ, മാധ്യമപ്രവർത്തകൻ തുടങ്ങി കരുണാനിധി ഇടപെടാത്ത മേഖലകൾ വളരെ കുറവാണ്. 14‐ാംവയസ്സിൽ തുടങ്ങിയ ദ്രാവിഡരാഷ്ട്രീയവുമായുള്ള ബന്ധം അവസാനശ്വാസംവരെയും നിലനിർത്താൻ കഴിഞ്ഞുവെന്നതാണ് കരുണാനിധിയുടെ പ്രത്യേകത. ദ്രാവിഡരാഷ്ട്രീയത്തിന് അടിത്തറയിട്ട പെരിയാർ, ഡിഎംകെയുടെ സ്ഥാപകനേതാവ് അണ്ണാദുരൈ തുടങ്ങിയവരുമായി അടുത്തബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ കരുണാനിധി, സ്വാഭാവികമായും ഡിഎംകെയുടെ നേതൃത്വത്തിലേക്ക് ഉയർന്നുവന്നു. ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് 50 വർഷം പൂർത്തിയായ വേളയിലാണ് അദ്ദേഹത്തിന്റെ വേർപാട്.

താഴെത്തട്ടിൽനിന്ന‌് കഠിന പരിശ്രമത്തിലൂടെ ഉയർന്നുവന്ന രാഷ്ട്രീയനേതാവാണ് കരുണാനിധി. ചെറുപ്രായത്തിൽത്തന്നെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടിയ കരുണാനിധി, യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ് ഡിഎംകെയിലെത്തുന്നത്. പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയിരുന്ന അദ്ദേഹം, തമിഴ് ഭാഷയുടെ ആധികാരിക വക്താവായി മാറിയത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വ്യാകരണത്തിലും ഭാഷാശാസ്ത്രത്തിലും മറ്റും അഗാധമായ അറിവുതന്നെ അദ്ദേഹം നേടി. തമിഴ് ഭാഷയിലുള്ള ഈ പ്രാവീണ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെ ഏറെ സഹായിച്ചു. ജൂപിറ്റർ പിക്ചേഴ്സിന്റെ തിരക്കഥാകൃത്തായി ജീവിതം ആരംഭിച്ച കരുണാനിധി, പിന്നീട്് ഡസൻകണക്കിന് സിനിമകൾക്ക്് തിരക്കഥയെഴുതി. ദ്രാവിഡരാഷ്ട്രീയം നൽകിയ ആശയമണ്ഡലം ഈ തിരക്കഥകളെ ശക്തമായി സ്വാധീനിച്ചു. പല സിനിമകളും അതുകൊണ്ടുതന്നെ വിവാദങ്ങളാകുകയും ചെയ്തു. 

ഡിഎംകെ രൂപംകൊണ്ട് 20 വർഷം കഴിഞ്ഞപ്പോഴാണ് തമിഴ്നാടിന്റെ ഭരണസാരഥ്യം കരുണാനിധി ഏറ്റെടുക്കുന്നത്. അണ്ണാദുരൈയുടെ  മരണത്തെത്തുടർന്നായിരുന്നു 1969ൽ കരുണാനിധി മുഖ്യമന്ത്രിയാകുന്നത്. നേരത്തെ പ്രതിപക്ഷനേതാവായും പൊതുമരാമത്തുമന്ത്രിയായും കരുണാനിധി പ്രവർത്തിച്ചിരുന്നു. അണ്ണാദുരൈ മരിച്ചപ്പോൾ നെടുഞ്ചേഴിയൻ മുഖ്യമന്ത്രിയാകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും കരുണാനിധിയെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർടി ശുപാർശ ചെയ്തത്.

ജനങ്ങളുമായും പാർടി കേഡർമാരുമായും അടുത്തബന്ധം വച്ചുപുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനങ്ങളുടെ ചിന്താഗതി എന്തെന്നറിയാൻ കരുണാനിധിക്ക് എളുപ്പം കഴിഞ്ഞിരുന്നു. മറ്റു രാഷ്ട്രീയകക്ഷികളുമായും നേതാക്കളുമായും അടുത്തബന്ധം പുലർത്താനും കരുണാനിധി പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ, ഈ സൗഹൃദം കടുത്ത രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതിൽ ഒരിക്കലും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. കോൺഗ്രസുമായി സഖ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വേളയിൽത്തന്നെയാണ് അടിയന്തരാവസ്ഥയ‌്ക്കെതിരെ ശക്തമായി പ്രതികരിക്കാൻ കരുണാനിധി തയ്യാറായത്. അടിയന്തരാവസ്ഥയ‌്ക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയെന്നുമാത്രമല്ല, നിയമസഭയിൽ അടിയന്തരാവസ്ഥയ‌്ക്കെതിരെ സംസാരിക്കാനും അദ്ദേഹം തയ്യാറായി. 1999ൽ ബിജെപിയുമായി സഹകരിച്ചതുമാത്രമാണ് കരുണാനിധിയുടെ രാഷ്ട്രീയജീവിതത്തിലെ വ്യതിയാനം. 

മികച്ച ഭരണാധികാരിയെന്ന നിലയിലും കരുണാനിധി തിളങ്ങി. പിന്നോക്കജനതയുടെ ഉന്നമനം ലക്ഷ്യമാക്കി സാമൂഹ്യനീതി ഉറപ്പാക്കുന്ന പല നടപടികളും അദ്ദേഹം കൈക്കൊണ്ടു. ബസ് ട്രാൻസ്പോർട്ട‌് മേഖല പൂർണമായും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നതുൾപ്പെടെയുള്ള നിരവധി ഭരണനടപടികൾ അദ്ദേഹത്തിന്റെ ഭരണകാലത്താണ് കൊണ്ടുവന്നത്. ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും അദ്ദേഹം ജാഗ്രത പുലർത്തി. ഇക്കാര്യത്തിൽ കേന്ദ്രവുമായി അദ്ദേഹം പല ഘട്ടങ്ങളിലും കലഹിക്കുകയും സിപിഐ എം ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികളുമായി സഹകരിക്കുകയും ചെയ്തു. 

രാഷ്ട്രീയജീവിതത്തിനൊപ്പം ഒരു മാധ്യമപ്രവർത്തകന്റെ ജീവിതവും അദ്ദേഹത്തിനുണ്ടായിരുന്നു. പഠിക്കുന്ന കാലത്തെ കൈയെഴുത്തുമാസിക പ്രസിദ്ധീകരിച്ചിരുന്നതുമുതൽ മുരശൊലി എന്ന പാർടി മുഖപത്രത്തിന്റെ പ്രസിദ്ധീകരണംവരെ എത്തിനിൽക്കുന്നു അദ്ദേഹത്തിന്റെ പത്രപ്രവർത്തനം. ഈ പത്രത്തിലൂടെയാണ് കരുണാനിധി അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകൾ പലപ്പോഴും വ്യക്തമാക്കിയത്. സേതുസമുദ്രം പദ്ധതിക്കെതിരെ ഹിന്ദുത്വവാദികൾ വിമർശമുയർത്തിയപ്പോൾ, ആരാണ് രാമനെന്നും ഏത് എൻജിനിയറിങ‌് കോളേജിലാണ് ശ്രീരാമൻ പഠിച്ചതെന്നുമുള്ള കരുണാനിധിയുടെ ചോദ്യം വൻ വിവാദമാണ് ഉയർത്തിയത്.

ഏതു നിലയ‌്ക്കും ഉന്നതനായ ഒരു രാഷ്ട്രീയനേതാവിനെയാണ്് കരുണാനിധിയുടെ വേർപാടിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ഒപ്പം ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിനെയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും തമിഴ്മക്കളുടെയും ദുഃഖത്തിൽ ഞങ്ങളും പങ്കുകൊള്ളുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top