08 June Thursday

ചരിത്രത്തിലേക്ക് ഈ ലോങ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018


ഇന്ത്യൻ തൊഴിലാളിവർഗത്തിന് പ്രായപൂർത്തിയായിരിക്കുന്നു എന്ന് മഹാനായ ലെനിൻ പറഞ്ഞത് ബാലഗംഗാധര തിലകന്റെ അറസ്റ്റിനെ തുടർന്ന് നടന്ന തൊഴിലാളി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ്. തിലകനെ തുറുങ്കിലടച്ച വൈദേശികഭരണത്തിനെതിരെ ഏഴുനാൾ തുടർച്ചയായി പണിമുടക്കിയ മുംബൈയിലെ തൊഴിലാളികളെ അഭിവാദ്യംചെയ്തുകൊണ്ടാണ് റഷ്യൻവിപ്ലവത്തിന്റെ തീ പടരുന്ന നാളുകളിൽ സമരനായകൻ ഇങ്ങനെ പറഞ്ഞത്. ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനം ജനകീയസ്വഭാവം കൈവരിക്കുന്നതിന് മുമ്പുതന്നെ, രാഷ്ട്രീയമുദ്രാവാക്യമുയർത്തി പണിമുടക്കുസമരത്തിലേക്ക് നീങ്ങാൻമാത്രമുള്ള ആശയദൃഢതയും പക്വതയും ഇന്ത്യൻ തൊഴിലാളിവർഗം നേടിക്കഴിഞ്ഞു എന്നായിരുന്നു ലെനിന്റെ വിലയിരുത്തൽ. മഹാരാഷ്ട്രയും തലസ്ഥാനമായ മുംബൈയും ഏതാനും നാളുകളായി സാക്ഷ്യംവഹിക്കുന്ന ഐതിഹാസിക കർഷകമുന്നേറ്റവും അതിന്റെ ചരിത്രംകുറിച്ച വിജയവും രാജ്യത്തോടുപറയുന്നതും മറ്റൊന്നല്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി കിസാൻസഭ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പായി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം നിരവധി നേതാക്കൾ സഹനസമരം നടത്തിയ കർഷകരെ അഭിസംബോധനചെയ്തുകൊണ്ടാണ് ഏഴുനാളത്തെ പോരാട്ടം അവസാനിപ്പിച്ചത്.

അതിദയനീയമായ ഇന്നത്തെ ജീവിതം സഹിച്ച്  ഇനി മുന്നോട്ടുപോകാനാകില്ലെന്നായിരുന്നു കർഷകസമൂഹത്തിന്റെ പ്രഖ്യാപനം. ജീവിക്കാൻ പര്യാപ്തമായ സാഹചര്യമില്ലെങ്കിൽ മരണത്തെയും നേരിടാമെന്ന ചങ്കുറപ്പോടെയാണ് പതിനായിരക്കണക്കിന് മണ്ണിന്റെ മക്കൾ ഇറങ്ങിപ്പുറപ്പെട്ടത്. അർഹതപ്പെട്ടതെല്ലാം നിഷേധിക്കപ്പെട്ടിട്ടും അവർ വൈകാരികമായാണ് പ്രതികരിച്ചുപോന്നത്്. ജീവിതം വഴിമുട്ടുമ്പോൾ ഒരുതുണ്ട് കയറിലോ ചെറുകുപ്പി കീടനാശിനിയിലോ പ്രാണനൊടുക്കിയവരുടെ എണ്ണം ഇപ്പോൾ മുംബൈയിൽ ഒത്തുചേർന്നവരുടെ നാലിരട്ടിവരും. 1995നുശേഷം രാജ്യത്ത് നാലുലക്ഷത്തിലേറെ കർഷകർ ആത്മഹത്യചെയ്തു. ഇതിൽ 76000 പേർ മഹാരാഷ്ട്രക്കാർ. 2017 ജൂണിനുശേഷം  1700ലേറെ കർഷകരാണ് വിദർഭയിലും നാസിക്കിലും ആത്മഹത്യ ചെയ്തത്.  വിഷം കുടിക്കാനും കയറിൽ തൂങ്ങാനും ധൈര്യം കിട്ടാത്തവർ വിലകിട്ടാത്ത വിള റോഡിൽ വലിച്ചെറിഞ്ഞു; കൂട്ടംകൂടി വാഹനങ്ങൾ തടഞ്ഞു. ഇപ്പോൾ സമരം വൈകാരികപ്രകടനങ്ങൾക്കപ്പുറം വ്യക്തമായ ലക്ഷ്യബോധത്തിലേക്ക് വളർന്നിരിക്കുന്നു. കണ്ണുതുറക്കാത്ത മേലാളർ വാഴുന്ന ഭരണസിരാകേന്ദ്രംതേടി അവർ അണിയണിയായി എത്തി. അവരെ  മുന്നിൽനിന്ന് നയിച്ചത് അഖിലേന്ത്യാ കിസാൻസഭയെന്ന ഇന്ത്യൻ കർഷകമുന്നണിയുടെ സമരനേതൃത്വമാണ്.

നവ ഉദാരവൽക്കരണം ജനജീവിതം പ്രതിസന്ധിയിലാക്കിയ തെണ്ണൂറുകളിൽത്തന്നെ കർഷകപോരാട്ടങ്ങളുടെ വിവിധ രൂപങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതാണ്്. എല്ലാ സംസ്ഥാനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൈകോർത്തുനടത്തിയ ഒട്ടനവധി സമരങ്ങൾക്ക് സാക്ഷ്യംവഹിച്ചു. കഴിഞ്ഞ സെപ്തംബറിൽ രാജസ്ഥാനിൽ കിസാൻസഭ നേതൃത്വത്തിൽ നടന്ന 13 ദിവസത്തെ കർഷകപ്രക്ഷോഭമുൾപ്പെടെ ലക്ഷ്യംകണ്ട സമരങ്ങൾ വിരലിൽ എണ്ണാവുന്നതുമാത്രം. കലക്ടറേറ്റുകൾ ഉപരോധിച്ച് ആരംഭിച്ച സമരം ജനങ്ങൾ ഏറ്റെടുത്തതോടെ ഇരുപതോളം ജില്ലകൾ നിശ്ചലമായി. അടിച്ചമർത്തൽ അതിജീവിച്ച് മൂന്നുദിവസം കർഷകർ റോഡുപരോധം നടത്തിയതോടെ സർക്കാർ മുട്ടുമടക്കി. കടം എഴുതിത്തള്ളൽ ഉൾപ്പെടെ എല്ലാ ആവശ്യങ്ങളും വസുന്ധര രാജെ സിന്ധ്യയുടെ ബിജെപി സർക്കാർ അംഗീകരിച്ചു. കർഷക പോരാട്ടങ്ങളുടെ ചരിത്രത്തിലെ ആവേശകരമായ ഏടായി രാജസ്ഥാൻ സമരം മാറി.

കേന്ദ്ര‐ സംസ്ഥാന ബിജെപി സർക്കാരുകൾ  ബോധപൂർവം സൃഷ്ടിച്ചതും രൂക്ഷമാക്കിയതുമാണ് ഇന്നത്തെ കാർഷികവിലത്തകർച്ച. തമിഴ്നാട്ടിൽനിന്നും മറ്റുമുള്ള കർഷകർ പണിവേഷത്തിൽ ഡൽഹിയിൽ മാസങ്ങളോളം നടത്തിയ സമരം അധികാരികളുടെ കണ്ണുതുറപ്പിച്ചില്ല. കിസാൻസഭയുടെ നേതൃത്വത്തിൽ രാജ്യത്താകമാനം കർഷകസമരങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകളാണ് നടത്തിയത്. പ്രക്ഷോഭങ്ങൾക്ക് ഇതര വർഗബഹുജന വിഭാഗങ്ങളുടെ പിന്തുണ ലഭ്യമാക്കാനും അത്  ദേശീയതലത്തിലേക്ക് വളർത്തിയെടുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭൂമി അധികാർ ആന്ദോളൻ രൂപപ്പെട്ടത്. ഒട്ടേറെ സമരാനുഭവങ്ങളുടെ ഊർജം ഉൾക്കൊണ്ടാണ് വ്യക്തമായ ദിശാബോധത്തോടെ മാർച്ച് ആറിന് നാസിക്കിൽനിന്ന് കർഷകരുടെ ലോങ്മാർച്ച് ആരംഭിച്ചത്. കഴിഞ്ഞവർഷം വിവിധ സംഘടനകൾ നടത്തിയ സമരത്തിനൊടുവിൽ മുഖ്യമന്ത്രി ഫദ്നാവിസ് വിളിച്ചുചേർത്ത യോഗം അംഗീകരിച്ച ഒത്തുതീർപ്പുവ്യവസ്ഥകൾ ലംഘിച്ചതാണ് കിസാൻസഭയെ പ്രക്ഷോഭത്തിന് നിർബന്ധിതമാക്കിയത്.

മുപ്പതിനായിരംപേരുമായി ആരംഭിച്ച 180 കിലോമീറ്റർ മാർച്ച് ലോകസമരചരിത്രത്തിൽ രക്തംകൊണ്ട് എഴുതിയ അധ്യായമായിമാറി. മുംബൈയിലെത്തുമ്പോഴേക്ക് മാർച്ചിൽ അണിനിരന്നവരുടെ എണ്ണം ലക്ഷം കടന്നു. പിന്തുണയുമായി ശിവസേനയടക്കം എണ്ണമറ്റ സംഘടനകൾ. പൊള്ളുന്നചൂടിൽ കർഷകമക്കളുടെ കാലുകൾ പൊട്ടിയൊഴുകിയ ചോര മാറുന്ന ഇന്ത്യയുടെ ചക്രവാളങ്ങളിൽ ചുവപ്പുപടർത്തുകയാണ്. ഗ്രാമീണർ നഗരങ്ങളെ വളയുന്ന നാൾ വരുമെന്ന ചൈനീസ് വിപ്ലവനായകൻ മാവോ സേ ദൊങ്ങിന്റെ വചനങ്ങളെ അന്വർഥമാക്കുന്ന  മുന്നേറ്റത്തിലൂടെ ഇന്ത്യൻ സാമ്പത്തികതലസ്ഥാനത്തെ കർഷകർ വലയംചെയ്തു. ഈ നിശ്ചയദാർഢ്യത്തിനുമുന്നിൽ മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിന് വഴങ്ങേണ്ടിവന്നു. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ജീവിതവും സാമാന്യനീതിയും ഉറപ്പാക്കുന്ന നല്ലൊരു നാളേയ്ക്കായി  തൊഴിലാളി‐ കർഷക ഐക്യം ശക്തിപ്പെടുത്തി അടിത്തട്ടിലെ ജനങ്ങളെയാകെ പ്രക്ഷോഭരംഗത്ത് അണിനിരത്തുക എന്ന ചുമതലയാണ് ഇടതുപക്ഷ ജനാധിപത്യശക്തികൾക്ക് ഇനി ഏറ്റെടുക്കാനുള്ളത് 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top