23 March Thursday

മധ്യസ്ഥനോ കൂട്ടാളിയോ

വെബ് ഡെസ്‌ക്‌Updated: Thursday Sep 30, 2021തട്ടിപ്പു വാർത്തകൾക്ക് പുതുമയില്ല. എല്ലാവിധ തട്ടിപ്പുകാർക്കും ഇരകളെ കിട്ടുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുമുണ്ട്. പക്ഷേ, കോടികളുടെ തട്ടിപ്പ്‌ നടത്തിയ കൊച്ചിയിലെ മോൻസൺ മാവുങ്കലിന്റെ രീതി പുതുതാണ്. വ്യാജനും അല്ലാത്തതുമായ പുരാരേഖകളുടെയും പുരാവസ്തുക്കളുടെയും ശേഖരം ഒരുക്കി അതിന്റെ മറവിലാണ് വൻ തട്ടിപ്പ്. പ്രതി അറസ്റ്റിലായി. അന്വേഷണം നടക്കുന്നു.

ഏത് കേസിലെ പ്രതികൾ പിടിയിലായാലും അവരോടൊപ്പം രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും നടന്മാരും ഉദ്യോഗസ്ഥ പ്രമുഖരുമൊക്കെ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവരാറുണ്ട്. പലപ്പോഴും പടത്തിൽ ഉൾപ്പെട്ടവർ ശ്രദ്ധിച്ചിട്ടില്ലാത്ത സന്ദർഭങ്ങളിൽ എടുത്ത ചിത്രംപോലും ഇങ്ങനെ പ്രചരിക്കും. അതൊന്നും ആഘോഷമാക്കുന്നതിൽ അർഥമില്ല. ഇങ്ങനെ പടംമാത്രം കണ്ട്‌ വിധിയെഴുതാനും പറ്റില്ല.

പക്ഷേ, ഒരു രാഷ്ട്രീയ നേതാവ് ഇത്തരമൊരു തട്ടിപ്പുകാരന്റെ പണം ഇടപാടുകളിലെ മധ്യസ്ഥനും അയാളുടെ വീട്ടിൽ ദിവസങ്ങളോളം സുഖവാസം നടത്തുന്ന ആളും ആയാലോ? കേരളത്തിലെ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്‌ മോൻസൺ മാവുങ്കലുമായുള്ളത് അങ്ങനെ ഒരു ബന്ധമാണ്. അത് ഒരു ചിത്രത്തിൽ ഒതുങ്ങുന്നതല്ല. പല ചിത്രങ്ങളായും വീഡിയോ ആയും ശബ്ദസന്ദേശമായും പുറത്തെത്തിയ വിവരമാണ്. കൊച്ചി കലൂരിലെ മോൻസണിന്റെ വീട്ടിൽവച്ച്‌ സുധാകരന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെന്ന്‌ തട്ടിപ്പിന് ഇരയായവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ‘പണം കിട്ടും അതുകൊണ്ടാണ് സുധാകരൻ ഇതൊക്കെ ചെയ്യുന്നത്' എന്ന് വ്യക്തമാക്കുന്ന മാവുങ്കലിന്റെ ശബ്ദവും ഒടുവിലായി പുറത്തുവന്നിട്ടുണ്ട്. മോൻസൺ സുധാകരന്റെ വെറും സുഹൃത്തോ പരിചയക്കാരനോ അല്ല; കുറ്റകൃത്യങ്ങളിലെ കൂട്ടാളിയും സഹായിയുമാണെന്നാണ് തെളിഞ്ഞുവരുന്ന സൂചനകൾ. ന്യായീകരിക്കാൻ സുധാകരൻ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനം കൂടുതൽ സംശയങ്ങൾ ഉയർത്തുകയാണ് ചെയ്തത്.

കെ സുധാകരൻ കോൺഗ്രസ് പ്രസിഡന്റായപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും ഒരു വിഭാഗവും പൊതുസമൂഹവും ആശങ്കപ്പെട്ട ഒരു കാര്യമുണ്ട്. ഏത് വഴിക്കായിരിക്കും സുധാകരന്റെ യാത്ര എന്ന്. അത്രയേറെ അക്രമങ്ങളിലാണ് നേരിട്ടും പ്രേരകനായും ഈ നേതാവ് പ്രതിയായിട്ടുള്ളത്. എന്നും എന്തിനും പോന്ന ഒരു സംഘത്തെ ഒപ്പംനിർത്തിയാണ് സുധാകരൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് ആരോപണം ഉന്നയിച്ചിട്ടുള്ളത് കോൺഗ്രസ് നേതാക്കൾതന്നെയാണ്. ആ വഴിക്കുതന്നെയാണ് ഇപ്പോഴും ആ നേതാവിന്റെ സഞ്ചാരമെന്ന് പുതിയ വാർത്തകളും സൂചിപ്പിക്കുന്നു. അക്രമത്തിൽ മാത്രമല്ല, സാമ്പത്തികത്തട്ടിപ്പിലും പങ്കാളിയാകാനുള്ള ‘വൈഭവം' ഉണ്ടെന്ന്‌ സുധാകരൻ തെളിയിക്കുന്നു.

എന്നാൽ, കോൺഗ്രസിൽ സ്ഥാനമാനങ്ങൾക്കായി കടിപിടികൂടുന്ന നേതാക്കൾ ഗ്രൂപ്പ് വഴക്കിന്‌ വെടിമരുന്നായി അല്ലാതെ ഈ പ്രശ്നത്തെ സമീപിച്ചു കാണുന്നില്ല. ഇങ്ങനെ ഒരു പ്രസിഡന്റിനെ ചുമക്കുന്നതിൽ ധാർമിക പ്രശ്നമൊന്നും അവരെ അലട്ടുന്നില്ല. അത് കോൺഗ്രസ് എത്തിയ പതനത്തിന്റെ പുതിയ മുഖമായി കാണാം.
ഇപ്പോഴത്തെ സംഭവങ്ങളിലെ മാധ്യമവാർത്തകളെപ്പറ്റിയും രണ്ടുവാക്ക് പറയട്ടെ. ചില ഔദ്യോഗിക ചടങ്ങുകളിൽ യാദൃച്ഛികമായി മുഖ്യമന്ത്രിക്കൊപ്പം ഉൾപ്പെട്ട സ്വർണക്കേസ് പ്രതിയുടെ ചിത്രംവച്ച് മാസങ്ങളോളം സർക്കാരിനെതിരെ മാധ്യമങ്ങൾ നടത്തിയ അശ്ലീല പ്രചാരണം മറക്കാറായിട്ടില്ല. എന്നാൽ, ഇപ്പോൾ കെ സുധാകരന്റെ പങ്ക് കൃത്യമായ തെളിവുകളോടെ പുറത്തുവന്നപ്പോൾ മാവുങ്കലിന്റെ വീട്ടിൽ പോയ ‘പലരിൽ ഒരാളായി' സുധാകരനെ എങ്ങനെ ചിത്രീകരിക്കാം എന്ന പരീക്ഷണമാണ് മാധ്യമങ്ങൾ നടത്തുന്നത്. രണ്ട് നാടകവും നിങ്ങൾ കളിക്കുന്നത് ഒരേ കാഴ്ചക്കാർക്കു മുമ്പിലാണെന്ന് ഓർക്കുക. രണ്ടും തിരിച്ചറിയാനുള്ള വിവേകവും അവർ നിങ്ങളുടെ ഈ കപടമുഖം കണ്ടുകണ്ട് പഠിച്ചിട്ടുണ്ടെന്നും ഓർക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top