02 June Friday

കുറ്റവാളികൾ വാഴുന്ന സൈബറിടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


മുഖ്യധാരാമാധ്യമങ്ങളുടെ  നിക്ഷിപ‌്ത താൽപ്പര്യങ്ങൾക്ക‌് ഫലപ്രദ ജനകീയ ബദലെന്ന‌്  വാഴ‌്ത്തപ്പെടുന്ന സാമൂഹ്യമാധ്യമങ്ങൾ  ചിലപ്പോഴെങ്കിലും അത്യന്തം പ്രതിലോമകരമായി മാറുന്ന കാഴ‌്ചയാണ‌് സമീപകാലത്ത‌് ദൃശ്യമാകുന്നത‌്. അച്ചടിമഷി പുരണ്ടതെന്തും സത്യമെന്ന‌് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. പിന്നീട‌് ദൃശ്യങ്ങൾക്കായി വിശ്വാസ്യത. ഇതുരണ്ടിലും കലർപ്പുകൾ പതിവായതോടെ  മാധ്യമമേഖലയ‌്ക്കാകെയാണ‌് മൂല്യശോഷണം സംഭവിച്ചത‌്. ഇന്റർനെറ്റ‌് വ്യാപനത്തേടെ  വിവരവിനിമയ പ്രവർത്തനങ്ങളിൽ ജനങ്ങൾ നേരിട്ട്‌ ഇടപെടാൻ തുടങ്ങി. സ്വന്തമായി വിവരങ്ങൾ ശേഖരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പൊതുഇടങ്ങളിലേക്ക‌് അത‌് വിനിമയംചെയ്യാനും സാധ്യതകളേറി. ബ്ലോഗ‌് എഴുത്ത‌്, സിറ്റിസൺ ജേർണലിസം  തുടങ്ങിയ നിലകളിൽ ആരംഭംകുറിച്ച ഈ ജനകീയ വിവരവിനിമയം ഇന്ന‌്  തുറന്നുവയ്‌ക്കുന്നത‌് വിശാലമായ ചക്രവാളമാണ‌്.  പത്ര‐ ദൃശ്യ മാധ്യമങ്ങളുടെ കാര്യത്തിലെന്നപോലെ വ്യവസ്ഥാപിതമായ ഒരു നിയന്ത്രണസംവിധാനം സാമൂഹ്യമാധ്യമങ്ങൾക്ക‌് സാധ്യമാകില്ല. മുഖ്യധാരാമാധ്യമങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ സംബന്ധിച്ച‌  ഉത്തരവാദിത്തം  ചുമതലക്കാരിൽ നിയമം മൂലം നിക്ഷിപ‌്തമാണ‌്. സാമൂഹ്യമാധ്യമങ്ങളിലാകട്ടെ അനന്തമായ കൈമാറ്റ സാധ്യതകൾ  നിയമപരമായ നിയന്ത്രണങ്ങളെ പരിമിതപ്പെടുത്തുന്നു. സൈബർ ഇടങ്ങളിലെ നിയമവിരുദ്ധപ്രവർത്തനങ്ങൾ  തടയുന്നതിനുള്ള നിയമനടപടികൾ കർശനമാക്കുകയാണ‌്  പോംവഴി.

  ആരോഗ്യകരമായ  മാധ്യമസംസ‌്കാരം ഉറപ്പുവരുത്താനാകുന്നില്ലെങ്കിൽ ആധുനിക വിവരവിനിമയ സാങ്കേതികവിദ്യ വലിയതോതിൽ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണംമുതൽ ഭീകരപ്രവർത്തനത്തിനുള്ള ഉപാധിവരെയാണിന്ന്‌  ഓൺലൈൻ മാധ്യമങ്ങൾ. ഏറ്റവുമൊടുവിൽ ഹനാൻ എന്ന  ബിരുദ വിദ്യാർഥിനിയാണ‌് നിന്ദ്യമായ സൈബർ ആക്രമണത്തിന്റെ ഇര.  പഠനത്തിനും നിരാലംബമായ കുടുംബത്തിന്റെ ജീവിതത്തിനുംവേണ്ടിയാണ‌് ആ പെൺകുട്ടി മീൻവിൽപ്പന ഉൾപ്പെടെയുള്ള വരുമാനമാർഗങ്ങൾ തേടിയത‌്. ഗായിക, അവതാരക, ജൂനിയർ സിനിമാ ആർട്ടിസ്റ്റ‌്  തുടങ്ങിയ നിലയിലെല്ലാമുള്ള പ്രവർത്തനങ്ങൾ ഫെയ‌്സ‌്‌ബുക്ക‌് പേജിൽ ഹനാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. കോളേജ‌് യൂണിഫോമിൽ ഹനാൻ എറണാകുളത്തെ തമ്മനം തെരുവോരത്ത‌് മത്സ്യവിൽപ്പന നടത്തുന്ന ‘കൗതുകവാർത്ത ’ഒരു പത്രം പ്രസിദ്ധീകരിച്ചതാണ‌് സാമൂഹ്യമാധ്യമങ്ങളെ ഉണർത്തിയത‌്. ആദ്യം പിന്തുണക്കാരുടെ പ്രവാഹമായിരുന്നു. പിറ്റേന്ന‌് വൈകിട്ട‌് മത്സ്യവിൽപ്പനയ‌്ക്കെത്തിയപ്പോൾ ചാനൽ ക്യാമറകൾക്കൊപ്പം ഒരാൾ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ പിന്തുണയോടെയാണ‌് സൈബർ ആക്രമണം ആരംഭിച്ചത‌്. മീൻവിൽപ്പന ഒരു സിനിമയുടെ പ്രൊമോഷൻ  ഉദ്ദേശിച്ചുള്ള വ്യാജ സൃഷ്ടിയാണെന്നും ഈ കുട്ടി വലിയ വീട്ടിൽ പിറന്ന സിനിമാനടിയാണെന്നും  കഥ പരന്നു. തെളിവിനായി ഫെയ‌്സ‌്ബുക്ക‌് പേജിലെ ചിത്രങ്ങളും പെൺകുട്ടി വിരലിലണിഞ്ഞ മോതിരവുമൊക്കെ നിരത്തി. തലയിൽ തട്ടമിടാത്തതിലായിരുന്നു മറ്റൊരു വിഭാഗത്തിന്റെ രോഷം. ഏതായാലും മണിക്കൂറുകൾക്കുള്ളിൽ ‘ചിത്രവധം’ എല്ലാ അതിരുകളും ലംഘിച്ച‌് പറപറന്നു. ഒടുവിൽ നിസ്സഹായയായ ഹനാൻ ക്യാമറകൾക്കുമുന്നിൽ വാവിട്ടു നിലവിളിച്ചപ്പോഴാണ‌് ആക്രമണത്തിന്റെ രൂക്ഷമുഖം വ്യക്തമായത‌്.

പരിഷ‌്കൃതസമൂഹത്തിൽ ഒട്ടും ആശാസ്യമല്ലാത്ത ഇത്തരം സമൂഹ വിചാരണയ‌്ക്കെതിരെ യഥാസമയം കടുത്ത നടപടി സ്വീകരിക്കാൻ സംസ്ഥാന ഭരണനേതൃത്വത്തിൽനിന്ന്‌ ഇടപെടലുണ്ടായി. അതിക്രമത്തിനെതിരെ ശക്തമായി പ്രതികരിച്ച  സംസ്ഥാന വനിതാകമീഷൻ അധ്യക്ഷ എം സി ജോസഫൈനെ വ്യക്തിപരമായി ആക്ഷേപിക്കാനും ചില സൈബർ ക്രിമിനലുകൾ തയ്യാറായി. ഇതൊന്നും വകവയ്‌ക്കാതെ പെൺകുട്ടിയെ നേരിൽക്കണ്ട‌് ധൈര്യം പകരാനും നിയമനടപടികൾ തുടരാനും കമീഷൻ തയ്യാറായി. ഹനാന‌് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയത്‌ സൈബർ അക്രമികൾക്കുള്ള താക്കീതായി. പ്രാഥമിക അന്വേഷണത്തിൽ  പന്ത്രണ്ടു പ്രതികളെ കണ്ടെത്തിയ പൊലീസ്‌  മൂന്നുപേരെ അറസ്റ്റ‌്ചെയ‌്ത‌് ശരിയായ ദിശയിൽ മുന്നോട്ടുപോകുകയാണ‌്.

സാമൂഹ്യമാധ്യമങ്ങൾ ബോധപൂർവം ദുരുപയോഗംചെയ്യുന്നതിന്റെ തെളിവാണ‌് കുറച്ചുനാൾ മുമ്പേ സംഘടിപ്പിക്കപ്പെട്ട വാട‌്സാപ്‌ ഹർത്താൽ. ആർഎസ‌്എസ‌് പ്രവർത്തകരായ ചിലർ പടച്ചുവിട്ട ഹർത്താൽ ആഹ്വാനം ഒരു വിഭാഗം മുസ്ലിം തീവ്രവാദ സംഘടനകൾ ഏറ്റെടുത്ത‌് പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഫലപ്രദനടപടികളാണ‌് കേരള പൊലീസ‌്  സ്വീകരിച്ചത‌്. തെറ്റായ വിവരങ്ങൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതുംമാത്രമല്ല,  ലഭിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളും ആധികാരികത ഉറപ്പുവരുത്താതെ വിനിമയംചെയ്യുന്നതും ശിക്ഷാർഹമാണ‌്. നിയമം കൊണ്ടുമാത്രം ഇത്തരം ജനവിരുദ്ധപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചെന്നുവരില്ല. വിട്ടുവീഴ‌്ചയില്ലാത്ത നിയമനടപടികൾക്കൊപ്പം ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ശക്തമാക്കേണ്ടതുണ്ട‌്.  സമൂഹത്തിന്റെ പൊതുബോധത്തിന‌് കാവലാളാകേണ്ട മാധ്യമങ്ങൾക്ക‌് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top