28 May Sunday

ഇറാനിൽ റെയ്‌സി വരുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


ഇറാനിലെ പുതിയ പ്രസിഡന്റായി ചീഫ്‌ ജസ്റ്റിസും കടുത്ത യാഥാസ്ഥിതിക പക്ഷക്കാരനുമായ ഇബ്രാഹിം റെയ്‌സി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മിതവാദ പരിഷ്‌കരണവാദികൾക്ക്‌ കുറച്ചുകാലമായി ലഭിച്ചിരുന്ന മേൽക്കൈക്ക്‌ അന്ത്യം കുറിച്ചുകൊണ്ടാണ്‌ മതനേതാവ്‌ ആയത്തുല്ല അലി ഖമനേയിയുടെ വിശ്വസ്‌തൻ പ്രസിഡന്റ്‌ പദത്തിലേക്ക്‌ എത്തുന്നത്‌. എൺപത്തിരണ്ടുകാരനായ ഖമനേയിയുടെ പിൻഗാമിയായി റെയ്‌സി പരമോന്നത മതനേതാവാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂട. അതായത്‌ വരുംവർഷങ്ങളിൽ ഇറാൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ പോകുന്ന വ്യക്തിത്വമാണ്‌ റെയ്‌സി.

യാഥാസ്ഥിതിക വിഭാഗത്തിനെതിരെ ഇറാനിലെങ്ങും പ്രതിഷേധം പടരുമ്പോൾ തന്നെയാണ്‌ ആ വിഭാഗം വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്‌. 12 അംഗ ഗാർഡിയൻ കൗൺസിലിനെ ഉപയോഗിച്ച്‌ യാഥാസ്ഥിതിക വിഭാഗത്തെ എതിർക്കുന്ന സ്ഥാനാർഥികൾക്ക്‌ വിലക്കേർപ്പെടുത്തിയാണ്‌ റെയ്‌സിയുടെ വിജയം മതനേതൃത്വം ഉറപ്പിച്ചത്‌. മിതവാദികളെന്ന്‌ അറിയപ്പെടുന്ന മുൻ സ്‌പീക്കർ അലി ലാറിജാനി, അധികാരമൊഴിയുന്ന വൈസ്‌ പ്രസിഡന്റ്‌ ഇഷക്‌ ജഹാംഗീരി തുടങ്ങിയവർക്ക്‌ മൽസരിക്കാൻ ഗാർഡിയൻ കൗൺസിൽ അനുമതി നിഷേധിക്കുകയായിരുന്നു. റെയ്‌സിയുടെ വിജയം ഉറപ്പിക്കാനായിരുന്നു ഈ നടപടി. ഏഴ്‌ സ്ഥാനാർഥികൾക്കു മാത്രമാണ്‌ ഗാർഡിയൻ കൗൺസിലിന്റെ മത്സാരാനുമതി ലഭിച്ചത്‌. ഇതിൽ മൂന്നു പേർ പിന്നീട്‌ പിന്മാറി. നാലുപേർ മാത്രമാണ്‌ മത്സരരംഗത്ത്‌ അവശേഷിച്ചത്‌. ജനങ്ങൾ പ്രതീക്ഷിച്ച സ്ഥാനാർഥികൾക്ക്‌ മതനേതൃത്വം മത്സരിക്കാൻപോലും അനുവാദം നൽകാത്തതിലുള്ള പ്രതിഷേധം ജനങ്ങൾ പ്രകടിപ്പിച്ചത്‌ പോളിങ് ബൂത്തിൽ പോകാതെയായിരുന്നുവെന്ന്‌ അസോസിയേറ്റഡ്‌ പ്രസ്‌ പോലുള്ള വാർത്താ എജൻസികൾ റിപ്പോർട്ട്‌ ചെയ്‌തു. 2017ൽ ഹസൻ റൂഹാനി പ്രസിഡന്റായ തെരഞ്ഞെടുപ്പിൽ 73 ശതമാനമായിരുന്നു പോളിങ് എങ്കിൽ ഇക്കുറി അത്‌ 48.8 ശതമാനം മാത്രമാണ്‌. പോളിങ് സമയം രണ്ടു മണിക്കൂർ നീട്ടിയിട്ടും ഫലമുണ്ടായില്ല. പോൾ ചെയ്‌ത വോട്ടിന്റെ 62 ശതമാനവും നേടിക്കൊണ്ടാണ്‌ ഇബ്രാഹിം റെയ്‌സി വിജയിച്ചത്‌.
അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ വ്യക്തികൂടിയാണ്‌ റെയ്‌സി. 1988ൽ ഇറാൻ–-ഇറാഖ്‌ യുദ്ധത്തിനുശേഷം സർക്കാരിനെ വിമർശിച്ച രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ചും മുജാഹിദ്ദീൻ വിഭാഗത്തെയും തൂഡെ പാർടിക്കാരെയും തൂക്കാൻ വിധിച്ച ‘ഡെത്ത്‌ കമീഷനിലെ’ഒരംഗം കൂടിയായിരുന്നു റെയ്‌സി. അയ്യായിരത്തോളം പേരെയാണ്‌ അന്ന്‌ വധിച്ചത്‌. തുടർന്നാണ്‌ മതനേതൃത്വത്തിന്റെ പിന്തുണയോടെ റെയ്‌സി അധികാരത്തിന്റെ പടവുകൾ കയറിയത്‌. കരാജ്‌ നഗരത്തിലെ പ്രോസിക്യൂട്ടറായി ആരംഭിച്ച ഔദ്യോഗിക ജീവിതം ചീഫ്‌ ജസ്റ്റിസ്‌ വരെയെത്തി.

വലിയ പ്രതിസന്ധിക്ക്‌ നടുവിലാണ്‌ റെയ്‌സി ഇറാൻ പ്രസിഡന്റായി അധികാരമേൽക്കുന്നത്‌. കോവിഡ്‌ മഹാമാരി ഇറാനെയും പിടിച്ചുലയ്‌ക്കുകയാണ്‌. 82,000 പേർ ഇതിനകം മരിച്ചു. വിലക്കയറ്റം 39 ശതമാനമായി ഉയർന്നു. 11 ശതമാനമാണ്‌ തൊഴിലില്ലായ്‌മ. നാണയത്തകർച്ചയാണ്‌ മറ്റൊരു തലവേദന. ആണവക്കരാറിൽനിന്ന്‌ അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയശേഷം ഉപരോധം പുനഃസ്ഥാപിച്ചത്‌ എണ്ണവരുമാനത്തെ പ്രതികൂലമായി ബാധിച്ചു. കുറച്ചു വർഷമായി വൻ ജനകീയ പ്രതിഷേധങ്ങളാണ്‌ നടക്കുന്നത്‌. റെയ്‌സി തെരഞ്ഞെടുപ്പുകാലത്ത്‌ വാഗ്‌ദാനം ചെയ്‌തതുപോലെ ആണവക്കരാർ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്‌. ദാരിദ്ര്യത്തിന്‌ അറുതിവരുത്തുമെന്നും അഴിമതി അവസാനിപ്പിക്കുമെന്നും റെയ്‌സി ജനങ്ങൾക്ക്‌ വാഗ്‌ദാനം നൽകിയിട്ടുണ്ട്‌. ഇത്‌ നടപ്പാക്കാൻ റെയ്‌സിക്കു കഴിയുമോ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്‌.

മിൽഖയുടെ സ്വപ്‌നം
ഇന്ത്യ കണ്ട എല്ലാക്കാലത്തെയും മികച്ച പുരുഷ അത്‌ലറ്റ്‌ മിൽഖാ സിങ് വിടവാങ്ങി. ലോകമാകെ പടർന്നുപിടിച്ച മഹാമാരിയുടെ ഇരയായാണ്‌ 91–-ാം വയസ്സിൽ ‘പറക്കും സിക്ക്‌’ എന്ന വിശേഷണമുള്ള കായികതാരത്തിന്റെ വിയോഗം. കോവിഡ്‌ ബാധിച്ച്‌ ദിവസങ്ങൾക്കുമുമ്പ്‌ ഭാര്യയും ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റനുമായിരുന്ന നിർമൽ കൗർ അന്തരിച്ചു.
കായികതാരങ്ങളെ മാത്രമല്ല, മനുഷ്യരെയാകെ പ്രചോദിപ്പിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്‌ത ജീവിതമായിരുന്നു മിൽഖയുടേത്‌. ഒന്നുമില്ലായ്‌മയിൽനിന്ന്‌ കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും ജീവിതം കെട്ടിപ്പടുക്കാനാകുമെന്ന സന്ദേശമാണ്‌ ആ ജീവിതം പകർന്നുനൽകിയത്‌. ഒരു പ്രതിസന്ധിയിലും തളർന്നില്ല. ഒടുവിൽ ലോകമറിയുന്ന കായികതാരമായി, രാജ്യത്തിന്റെ അഭിമാനമായി. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത്‌ ഗെയിംസിലും സ്വർണപ്പതക്കമണിഞ്ഞു. പക്ഷേ, 1960ലെ റോം ഒളിമ്പിക്‌സിൽ 400 മീറ്റർ ഓട്ടത്തിൽ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായി. ആറു പതിറ്റാണ്ടിനിപ്പുറവും ആ നഷ്ടം ഒരു നൊമ്പരമായി അവശേഷിക്കുന്നു.
വലിയൊരു സ്വപ്‌നം അവശേഷിപ്പിച്ചാണ്‌ മിൽഖ മടങ്ങിയത്‌. ഒളിമ്പിക്‌സ്‌ അത്‌ലറ്റിക്‌സിൽ ഇന്ത്യക്കായൊരു മെഡൽ. ടോക്യോ ഒളിമ്പിക്‌സ്‌ അടുത്ത മാസം തുടങ്ങുകയാണ്‌. മിൽഖയുടെ സ്വപ്‌നം ആര്‌, എപ്പോൾ യാഥാർഥ്യമാക്കുമെന്ന്‌ ഇന്നത്തെ സാഹചര്യത്തിൽ പറയാനാകില്ല. പക്ഷേ, ആ മെഡലാണ്‌ അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും അർഥപൂർണമായ ആദരം. അപൂർവങ്ങളിൽ അപൂർവമായ കായികതാരത്തിന്‌ ദേശാഭിമാനിയുടെ സല്യൂട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top