05 March Friday

മരട്‌ നൽകുന്ന മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാല്‌ ഫ്ലാറ്റ്‌ സമുച്ചയം സ്‌ഫോടനത്തിലൂടെ തകർത്തിരിക്കുന്നു. കൊച്ചി മരട്‌ നഗരസഭയിലെ കുണ്ടന്നൂരിലുള്ള എച്ച്‌ 2ഒ ഹോളിഫെയ്‌ത്ത്‌, നെട്ടൂരിലെ ആൽഫ സെറീൻ, ജെയിൻ കോറൽ കോവ്‌, കണ്ണാടിക്കാട്ടുള്ള ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളാണ്‌ ശനിയും ഞായറുമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്‌. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തീരദേശ നിയന്ത്രണനിയമം ലംഘിച്ചാണ്‌ ഈ ഫ്ലാറ്റുകൾ നിർമിച്ചതെന്ന്‌ കണ്ടെത്തിയതിനാലാണ്‌ ഇവ പൊളിച്ചുനീക്കണമെന്ന്‌ പരമോന്നത കോടതി വിധിച്ചത്‌. സുപ്രീം കോടതി അനുവദിച്ച 90 ദിവസത്തിനുള്ളിൽ തന്നെ ഫ്ലാറ്റുകൾ പൊളിച്ചു നിയമവാഴ്‌ച നിലനിൽക്കുന്ന സംസ്ഥാനമാണ്‌ കേരളമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌. മഹാരാഷ്ട്രയിലെ ആദർശ്‌ ഫ്ലാറ്റും മറ്റും ഇപ്പോഴും നിലനിൽക്കുമ്പോഴാണ്‌ കേരളത്തിൽ കോടതി വിധി നടപ്പിലാക്കപ്പെട്ടത്‌.

മുൻ നിശ്‌ചയിച്ച പ്രകാരം കൃത്യതയോടെയാണ്‌ ഫ്ലാറ്റുകൾ തകർത്തത്‌. സാങ്കേതികവിദ്യയുടെ മികവാർന്ന ഉപയോഗമാണ്‌ മരടിൽ ദൃശ്യമായത്‌. ഇവ പൊളിക്കാൻ തീരുമാനിച്ചപ്പോൾ വലിയ ആശങ്കയിലായിരുന്നു ജനങ്ങളും അധികൃതരും. ആസൂത്രണത്തിൽ ചെറിയ പിഴവുപോലും ഉണ്ടായാൽ അതിന്റെ ആഘാതം വലുതാകുമായിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണാധികാരികളും ജില്ലാ ഭരണാധികാരികളും കരുതലോടെയാണ്‌ പ്രവർത്തിച്ചത്‌. നിതാന്ത ജാഗ്രത പുലർത്തിയതു കൊണ്ടുതന്നെ ചെറിയ പിഴവുപോലും ഇല്ലാതെയാണ്‌ ഓരോ ഫ്ലാറ്റും തകർത്തത്‌. സമീപത്തെ കെട്ടിടങ്ങൾക്കൊന്നും ഒരു പോറൽ പോലും ഏൽക്കാതെയാണ്‌ ഫ്ലാറ്റുകൾ തകർത്തിട്ടുള്ളത്‌. സമീപ കെട്ടിടങ്ങൾക്കും വീടുകൾക്കും ചെറിയ വിള്ളലും കേടുപാടുകളും മറ്റും ഉണ്ടാകുമെന്ന്‌ ഭയപ്പെട്ടിരുന്നു. പൊളിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്ന സമയത്തുതന്നെ ചില വീടിന്റെ ഭിത്തിയിൽ രൂപപ്പെട്ട വിള്ളലുകളായിരുന്നു ഇത്തരമൊരു ആശങ്ക പടർത്തിയത്‌. എന്നാൽ, സമീപവാസികളുടെ ആശങ്കയ്‌ക്ക്‌ അടിസ്ഥാനമില്ലെന്ന്‌ അനുഭവം അവരെ പഠിപ്പിച്ചു. അവശിഷ്ടം കായലുകളിൽ വീഴുമെന്ന സംശയവും ഉയർന്നിരുന്നെങ്കിലും അതും ഉണ്ടായില്ല. ആൽഫ സെറീന്റെ ഏതാനും അവശിഷ്ടം മാത്രമാണ്‌ കായലിൽ പതിച്ചത്‌. അതും പ്രതീക്ഷിച്ച അളവിൽ ഉണ്ടായില്ലെന്നാണ്‌ അധികൃതരുടെ വിലയിരുത്തൽ. അങ്ങനെ ഏതു കോണിലൂടെ നോക്കിയാലും എല്ലാ സുരക്ഷാ മാനദണ്ഡവും അക്ഷരംപ്രതി പാലിച്ചുകൊണ്ടാണ്‌ ഫ്ലാറ്റുകൾ തകർത്തിട്ടുള്ളത്‌. മികച്ച ആസൂത്രണത്തിനും കൃത്യതയ്‌ക്കും സംസ്ഥാന സർക്കാരും ജില്ലാ ഭരണാധികാരികളും അഭിനന്ദനം അർഹിക്കുന്നു.

ഇനി അടുത്ത കടമ്പ മാലിന്യങ്ങൾ നീക്കം ചെയ്യലാണ്‌. ടൺ കണക്കിന്‌ കോൺക്രീറ്റ്‌ കൂമ്പാരമാണ്‌ തകർത്ത ഓരോ ഫ്ലാറ്റ്‌ ഇരുന്നിടത്തും ഉള്ളത്‌. സമയബന്ധിതമായി തന്നെ ഇവ നീക്കം ചെയ്യുന്നതിനും നടപടിയുണ്ടാകണം. 70 ദിവസത്തിനകം ഇവ പൂർണമായും നീക്കം ചെയ്യണമെന്നാണ്‌ കരാർ. അവ പാലിക്കപ്പെടുമെന്ന്‌ ഉറപ്പാക്കണം. അല്ലാത്തപക്ഷം പൊടിപടലങ്ങൾ ഉയർന്ന്‌ ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾക്കും ചർമരോഗങ്ങൾക്കും കാരണമാകുമെന്നാണ്‌ മുന്നറിയിപ്പ്‌. അന്തരീക്ഷ മലിനീകരണവും പരിസ്ഥിതി സംരക്ഷണവുമാണ്‌ സുപ്രീംകോടതിവിധിയുടെ സത്തയെന്ന കാര്യം മറന്നുകൊണ്ടുള്ള ഒരു നടപടിയും അനുവദിക്കരുത്‌.

മരടിലെ അനധികൃത ഫ്ലാറ്റുകൾ ചരിത്രമാകുമ്പോൾ അതോടൊപ്പം ജീവിതം താറുമാറായ ഒട്ടേറെപ്പേരുണ്ട്‌ എന്നത്‌ ഈയവസരത്തിൽ ഓർക്കാതിരിക്കാനാകില്ല. ജീവിതസമ്പാദ്യം മുഴുവൻ ഉപയോഗിച്ച്‌ മരടിൽ ഫ്ലാറ്റ്‌ വാങ്ങിയ നിരവധിപേരെ സംബന്ധിച്ചിടത്തോളം നഷ്ടസ്വപ്നങ്ങളുടെ കോൺക്രീറ്റ്‌ കൂമ്പാരമാണ്‌ ഇപ്പോൾ ഉയർന്നിട്ടുള്ളത്‌. സർക്കാർ നൽകിയ നഷ്ടപരിഹാരവും മറ്റും ആശ്വാസമാണെങ്കിലും പുതിയൊരു പാർപ്പിടം പലരെയും സംബന്ധിച്ച്‌ എത്തിപ്പിടിക്കാനാകാത്ത ദൂരത്തിലാണുള്ളത്‌.

കാലാവസ്ഥാ മാറ്റത്തിന്റെ ഇക്കാലത്ത്‌ പ്രകൃതി–-പരിസ്ഥിതി സംരക്ഷണം ഏറെ പ്രധാനമാണ്‌. അതിന്റെ ഭാഗമായി തന്നെയാണ്‌ തീരദേശ നിയന്ത്രണനിയമവും. ഇത്തരം നിയമം ലംഘിച്ച്‌ കോൺക്രീറ്റ്‌ മന്ദിരങ്ങൾ നിർമിക്കുന്നവർക്കൊരു മുന്നറിയിപ്പാണ്‌ മരട്‌ നൽകുന്നത്‌. അതോടൊപ്പം വേണ്ടത്ര പരിശോധനയോ സൂക്ഷ്‌മതയോ ഇല്ലാതെ ഫ്ലാറ്റുകൾ വാങ്ങുന്നവർക്കും. ഇത്തരം നിർമിതികൾക്ക്‌ അനുമതി നൽകും മുമ്പ്‌ തദ്ദേശ സ്ഥാപനങ്ങളും ഇതര ഭരണസംവിധാനങ്ങളും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഓർമിപ്പിക്കുന്നതാണ്‌ മരടിൽ ഞായറാഴ്‌ച അവസാനിച്ച പൊളിച്ചുനീക്കൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top