മാവോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധമാണ്. മാര്‍ക്സിസത്തിന്റെ കാതല്‍ വര്‍ഗസമരമാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് തൊഴിലാളി വര്‍ഗ പാര്‍ടികള്‍, വര്‍ഗബഹുജന സംഘടനകളെ ശക്തപ്പെടുത്തി വിപ്ളവത്തിനുള്ള ഒരുക്കുകൂട്ടല്‍ നടത്തുന്നത്. എന്നാല്‍, ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗഘടന സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ടിക്കകത്തുതന്നെ അഭിപ്രായഭിന്നതകള്‍ രൂപംകൊണ്ടിട്ടുണ്ട്. ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തെക്കുറിച്ചും വിപ്ളവപാതയെക്കുറിച്ചും സിപിഐ എമ്മിന് കൃത്യമായ ധാരണയുണ്ട്. മുതലാളിത്ത വികസനപാത അംഗീകരിക്കുന്ന കുത്തകമുതലാളിത്തത്തിന്റെ നേതൃത്വത്തിലുള്ള, ധനമൂലധന ശക്തികളുമായി നിരന്തരം ബന്ധപ്പെടുന്ന, ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗത്തിന്റെ ഉപകരണമാണ് ഇന്ത്യന്‍ ഭരണകൂടം എന്നാണ് സിപിഐ എമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍, തിരുത്തല്‍വാദികളാകട്ടെ ദേശീയ ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ളതാണ് ഇന്ത്യന്‍ ഭരണകൂടം എന്നും അത് കുത്തകവിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമാണെന്നും വിലയിരുത്തി. നക്സലൈറ്റുകളാകട്ടെ കോമ്പ്രഡോര്‍(ദല്ലാള്‍) ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ളതാണ് ഇന്ത്യന്‍ ഭരണകൂടം എന്ന് പറയുന്നു.
നിലവിലുള്ള ഭരണകൂടത്തിന് എതിരായി, അവരുടെ വിവിധങ്ങളായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ജനങ്ങളെ അണിനിരത്തി പാര്‍ലമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റിതര പ്രവര്‍ത്തനവും സംയോജിപ്പിച്ച് ഒരു ജനകീയ ജനാധിപത്യവിപ്ളവമാണ് സിപിഐ എമ്മിന്റെ പരിപാടി. ബൂര്‍ഷ്വാ പാര്‍ലമെന്ററി പ്രവത്തനത്തിലൂടെ ദേശീയ ജനാധിപത്യഭരണം സ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു തിരുത്തല്‍വാദികളുടെ നിലപാട്. ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത ദല്ലാള്‍ ബൂര്‍ഷ്വാസി നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ സായുധവിപ്ളവം നടത്തി അധികാരക്കൈമാറ്റം സാധ്യമാകുമെന്നാണ് നക്സലൈറ്റുകളുടെ കാഴ്ചപ്പാട്. വിവിധ വിഭാഗം ജനങ്ങളെ അണിനിരത്തേണ്ടതില്ലെന്നും ഏതാനും ഉശിരന്മാരായ ചെറുപ്പക്കാരെ അണിനിരത്തിയാല്‍മതിയെന്നായിരുന്നു ഇവരുടെ വീക്ഷണം. ബഹുജനവിപ്ളവം അവരുടെ ലക്ഷ്യമായിരുന്നില്ല. അതിന്റെ വേറൊരു പതിപ്പാണ് മാവോയിസ്റ്റ് വിഭാഗം. ഇക്കൂട്ടര്‍ നക്സല്‍ കാഴ്ചപ്പാടിനെ ഒന്നുകൂടി വക്രീകരിച്ച്, വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറി ഒളിപ്പോരുകളിലൂടെ ഭരണകൂടത്തെ കീഴ്പ്പെടുത്താമെന്ന വ്യാമോഹമാണ് വച്ചുപുലര്‍ത്തുന്നത്. നക്സലൈറ്റുകള്‍ നാട്ടിന്‍പുറത്താണ് പ്രവര്‍ത്തനം നടത്തിയതെങ്കില്‍ മാവോയിസ്റ്റുകള്‍ കാടുകള്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കാടുകളില്‍ അഭയം ലഭിക്കുന്നതിനുള്ള ഉപകരണമായാണ് ആദിവാസികളെ അവര്‍ ഉപയോഗിക്കുന്നത്. ആദിവാസികളെ സംഘടിപ്പിക്കലും അവരുടെ ലക്ഷ്യമല്ല. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുക, കുഴിബോംബുവച്ച് പട്ടാളക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വധിക്കുക തുടങ്ങി വ്യക്തിപരമായ ഭീകരപ്രവര്‍ത്തനത്തിലാണ് അവര്‍ ഊന്നുന്നത്.
ഭരണവര്‍ഗം തീവ്രവാദ നിലപാടുകള്‍ക്കെതിരെയും ഭീകരവാദ നിലപാടുകള്‍ക്കെതിരെയും പൊരുതുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഈ തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നുവരാനിടയാകുന്ന ഭൌതികസാഹചര്യത്തെ ഇല്ലാതാക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ല. ഭൂമി, കിടപ്പാടം. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങളൊന്നും പാവപ്പെട്ടവര്‍ക്കും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കും നല്‍കുന്നില്ല. ഈ വളക്കൂറുള്ള മണ്ണിലാണ് മാവോയിസ്റ്റുകളും വളരുന്നത്. ഈ വിഭാഗക്കാരെ പല രീതിയിലാണ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നേരിടുന്നത്. ചില ഘട്ടങ്ങളില്‍ തടവില്‍ കഴിയുന്നവരെ പുറത്തിറക്കി വെടിവച്ചുകൊല്ലുന്നു. ചിലപ്പോള്‍ കീഴടങ്ങാന്‍ തയ്യാറാണെന്നറിയിച്ചതിനുശേഷവും വെടിവച്ചുകൊല്ലുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്ന ഇത്തരം നിലപാടുകളോട് സിപിഐ എമ്മിന് യോജിക്കാനാകില്ല.
നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോയിസ്റ്റ്് നേതാക്കള്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് സംസ്ഥാനത്ത് സജീവ ചര്‍ച്ച നടക്കുകയാണിപ്പോള്‍. വ്യാജ ഏറ്റുമുട്ടലിലാണ് നേതാക്കള്‍ കൊല്ലപ്പെട്ടതെന്നാണ് അവരുടെ ബന്ധുക്കളുടെയും മാവോയിസ്റ്റുകളുടെയും വാദം. എന്നാല്‍, പട്രോളിങ് സംഘത്തിനുനേരെ വെടിവയ്പുണ്ടായി എന്നും തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് തിരികെ വെടിവച്ചു എന്നുമാണ് പൊലീസ് പറയുന്നത്. അവിടെനിന്ന് രക്ഷപ്പെട്ടെന്ന് അവകാശപ്പെടുന്ന മാവോവാദികള്‍ പറയുന്നത് കൊല്ലപ്പെട്ട രണ്ടുപേരും കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നും എന്നിട്ടും പൊലീസ് വെടിവച്ച് കൊന്നെന്നുമാണ്.
ഉത്തരേന്ത്യയില്‍നിന്ന് വ്യത്യസ്തമായി മാവോയിസ്റ്റുകള്‍ക്ക് വന്‍കാടുകള്‍ക്കുപുറത്ത് ഒരിടവും കേരളത്തില്‍ താവളമായി ലഭിക്കുന്നില്ല. ആദിവാസികളും പാവപ്പെട്ട മനുഷ്യരും മാവോയിസ്റ്റുകളുടെ സാന്നിധ്യം അതതുഘട്ടങ്ങളില്‍ പുറംലോകത്തെ അറിയിക്കുന്നുവെന്നതും കേരളത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ കൊടുംവനങ്ങളില്‍ മാവായിസ്റ്റുകള്‍ക്ക് അഭയം തേടേണ്ടിവരുന്നു. ഇങ്ങനെ വിവരം നല്‍കുന്നവരെ ഒറ്റുകാര്‍ എന്നാക്ഷേപിച്ച് ആദിവാസിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിപിഐ എം കേഡര്‍മാര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തുന്ന സ്ഥിതിയും വയനാട്ടില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുണ്ട്. നിലമ്പൂര്‍ കരുളായിയില്‍ പൊലീസ് പറയുന്നതുപോലെയുള്ള ഏറ്റുമുട്ടലാണോ ഉണ്ടായത് അതല്ല ഏകപക്ഷീയമായ എറ്റുമുട്ടലാണോ നടന്നത് എന്ന് മനസ്സിലാക്കാന്‍ അന്വേഷണം ആവശ്യമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോള്‍ത്തന്നെ സംസ്ഥാന സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പൊലീസിന്റെ വീര്യം ചോര്‍ത്താനോ അവരുടെ തെറ്റായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനോ കഴിയില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..