18 February Monday

മന്ത്രി എം ജെ അക്ബർ രാജിവയ‌്ക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 13, 2018


ലൈംഗികപീഡനത്തിനെതിരെ, പ്രത്യേകിച്ചും തൊഴിലിടങ്ങളിലുള്ള ലൈംഗികപീഡനത്തിനെതിരെ ഒരുവർഷം മുമ്പ് അമേരിക്കയിൽ ആരംഭിച്ച മീ ടൂ ഇന്ത്യയിലും എത്തിയിരിക്കുന്നു. ഹോളിവുഡിലെ ഹാർവെ വീൻസ്റ്റൈൻ പോലുള്ളവരെ കടപുഴക്കിയെറിഞ്ഞ മീ ടൂ  കഴിഞ്ഞമാസത്തോടെയാണ് ഇന്ത്യയിലും രംഗപ്രവേശം ചെയ‌്തത‌്.  തൊഴിലിടങ്ങളിൽ ലൈംഗിക പീഡനത്തിനിരയായ സ‌്ത്രീകൾ അക്കാര്യം ട്വിറ്റർ, ഫെയ‌്സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറയാൻ തുടങ്ങിയതോടെയാണ് പല വമ്പന്മാരുടെയും പൂച്ച് പുറത്തായത്. 

ബോളിവുഡ‌്  താരം തനുശ്രീ ദത്തയാണ‌് നടൻ നാനാ പടേക്കർക്കെതിരെ ലെംഗികപീഡന ആരോപണമുന്നയിച്ചുകൊണ്ട് കഴിഞ്ഞമാസം രംഗത്തുവന്നത്. ഒരു ദശാബ്ദംമുമ്പ് ഒരു ഫിലിം സെറ്റിൽവച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് തനുശ്രീ  പറഞ്ഞത്. എന്നാൽ, അവരെ പിന്തുണയ‌്ക്കാൻ സഹ ബോളിവുഡ് താരങ്ങളോ മറ്റുള്ളവരോ അധികമൊന്നും മുന്നോട്ടുവന്നില്ല.  തുടർന്ന് കേന്ദ്ര വിദേശ സഹമന്ത്രിയും പ്രമുഖ മാധ്യമപ്രവർത്തകനുമായ എം ജെ അക്ബർക്കെതിരെ പത്തോളം വനിതാ മാധ്യമപ്രവർത്തകർ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതോടെയാണ‌് മീ ടൂ  ഇന്ത്യയിലും എത്തിയെന്ന് അംഗീകരിക്കപ്പെട്ടത്. ‘ഏഷ്യൻ ഏജ‌്’ പത്രത്തിന്റെ സ്ഥാപക എഡിറ്ററും ‘ടെലിഗ്രാഫ്', ‘സൺഡെ ഗാർഡിയൻ' എന്നീ പത്രങ്ങളുടെ എഡിറ്ററുമായിരുന്നു എം ജെ അക്ബർ. പത്തോളം വനിതാ മാധ്യമപ്രവർത്തകർ പരാതി ഉന്നയിച്ചിട്ടും അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ മോഡി സർക്കാർ തയ്യാറായിട്ടില്ല.

കോൺഗ്രസ് പാർടിയും സിപിഐ എമ്മും മറ്റും മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ മേനക ഗാന്ധിയും സ്മൃതി ഇറാനിയും സഹമന്ത്രിക്കെതിരെ രംഗത്ത് വന്നു. വിഷയം ഗൗരവമുള്ളതാണെന്നും അന്വേഷണം ആവശ്യമാണെന്നും മേനക ഗാന്ധി പറഞ്ഞപ്പോൾ, അക്ബറിനെതിരെ പരാതി ഉന്നയിച്ച വനിതാ മാധ്യമപ്രവർത്തകർക്ക് നീതി ലഭ്യമാക്കണമെന്ന് ടെക്സ്റ്റൈൽ മന്ത്രി സ‌്മൃതി ഇറാനി ആവശ്യപ്പെട്ടു. അക്ബറുടെ പെരുമാറ്റദൂഷ്യം അറിഞ്ഞുകൊണ്ടുതന്നെയാണ് ബിജെപി അദ്ദേഹത്തെ മന്ത്രിസഭയിലെടുത്തതെന്ന് ബവ്ദീപ് കാങ്ങിനെ പോലുള്ള മാധ്യമ പ്രവർത്തകർ കുറ്റപ്പെടുത്തി.

സദാചാരബോധത്തെക്കുറിച്ച് പൗരന്മാരെ പഠിപ്പിക്കുന്ന ആർഎസ്എസിനുപോലും ഇക്കാര്യം അറിയാമായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. അക്ബറുടെ രാജി ഇപ്പോൾ ആവശ്യപ്പെടുന്ന കോൺഗ്രസിന്റെ സമീപനത്തിലും വിരോധാഭാസമുണ്ടെന്നാണ് വനിതാ മാധ്യമപ്രവർത്തകരുടെ പക്ഷം. ബിഹാറിലെ കിഷൻ ഗഞ്ചിൽനിന്ന‌് 1989ലും 1991ലും ലോക‌്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അക്ബർ കോൺഗ്രസിന്റെ വക്താവുമായിരുന്നു. നിലവിൽ ബോളിവുഡിലും മാധ്യമലോകത്തുമാണ് മീ ടൂ പിടി ഉറപ്പിച്ചതെങ്കിൽ വരുംദിവസങ്ങളിൽ അത് അക്കാദമിക് സമൂഹത്തിലേക്കും ബ്യൂറോക്രസിയിലേക്കും കടക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. 

തൊഴിലിടങ്ങളിൽ സ്ത്രീകൾ ദിനമെന്നോണം അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങൾ ഏറെയാണ്. ഇതിൽ പരാതി ഉയർന്നിട്ടുപോലും കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഓരോ സ്ഥാപനത്തിലും ഇതുസംബന്ധിച്ച സമിതികൾ രൂപീകരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമല്ല. രാജ്യത്ത് നേരത്തെ രണ്ട് പ്രധാന കേസുകളാണ‌് ഉണ്ടായിട്ടുള്ളത്. അതിലൊന്ന‌് മാധ്യമപ്രവർത്തകനും തെഹൽകയുടെ എഡിറ്ററുമായ തരുൺ തേജ് പാലിനെതിരായിട്ടുള്ളതാണ്. ഫാസ്റ്റ് ട്രാക്ക് കേസായി പരിഗണിച്ചിട്ട‌് പോലും അഞ്ച് വർഷമായി ഈ കേസ് ഇഴഞ്ഞുനീങ്ങുകയാണ്.  പരാതി ഉന്നയിച്ച പെൺകുട്ടിക്ക് നീതി ലഭിച്ചുവെന്ന് ഇന്നും പറയാനാകില്ല. ദ എൻജിനിയറിങ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട‌്  ചെയർമാനായിരുന്ന പി കെ പച്ചൗരിക്കെതിരെ പീഡനത്തിനിരയായ വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ‌്തിട്ടുപോലും പച്ചൗരി ഒരുവർഷത്തോളം ഒൗദ്യോഗിക പദവിയിൽ തുടരുകയുണ്ടായി. 

മാത്രമല്ല, സ്ത്രീകൾക്കെതിരെ ദിനമെന്നോണം ബലാത്സംഗങ്ങളും പീഡനങ്ങളും തുടരുകയുംചെയ്യുന്നു.  ഈ സാഹചര്യത്തിലാണ് മീ ടൂ  പ്രസക്തമാകുന്നത്. തന്നെ പീഡിപ്പിച്ചത് ഇന്നയാളാണെന്ന് ഈ ലോകത്തോട് തുറന്നുപറയാനുള്ള അവസരമാണ് മീ ടൂ സ്ത്രീകൾക്ക് നൽകുന്നത്.  എല്ലാ മാർഗങ്ങളും കൊട്ടിയടയ‌്ക്കപ്പെടുമ്പോഴാണ് നീതിക്കുവേണ്ടിയുള്ള അവസാന ശ്രമമെന്ന നിലയ‌്ക്ക് സ്ത്രീകൾ ഈ വഴി തേടുന്നത്. അതിനവരെ കുറ്റപ്പെടുത്തുന്നത്  മൗഢ്യമാണ്. എന്നാൽ,  ഇത് ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതയും പൂർണമായും തള്ളിക്കളയാനാകില്ല. അത് തടയണമെങ്കിൽ തൊഴിലിടങ്ങളിൽ നീതി ലഭിക്കുന്നതിന‌് നിലവിലുള്ള സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കാൻ കൂട്ടായി ശ്രമിക്കുകയാണ് അഭികാമ്യമായ മാർഗം.  ലൈംഗികപീഡനം തടയുന്നതിന് കാര്യക്ഷമമായ ഒരു സംവിധാനം ഒാരോ സ്ഥാപനത്തിലും രാജ്യത്തും ഉണ്ടാകുന്നപക്ഷം സ്ത്രീകൾക്ക് നീതി  ലഭിക്കുന്നതോടൊപ്പം തെറ്റായ ആരോപണങ്ങൾ ഉയർന്നുവരുന്നത‌് തടയാനുമാകും. അതിനുവേണ്ടിയുള്ള കൂട്ടായ പരിശ്രമമാണ് വേണ്ടത്. അതിന‌്  കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കുമെന്ന‌് പ്രതീക്ഷിക്കാം.
 


പ്രധാന വാർത്തകൾ
 Top