29 February Saturday

പ്രതിപക്ഷത്തിന്റെ പൊയ്‌വെടികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2016


ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനോ പരിഹാരംകാണാനോ ഒട്ടും താല്‍പ്പര്യമില്ലാത്ത കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയനേതൃത്വം ദിവസംചെല്ലുന്തോറും കൂടുതല്‍ അപഹാസ്യരാകുകയാണ്. തിങ്കളാഴ്ച നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തരപ്രമേയവും ക്രമപ്രശ്നവും പ്രതിപക്ഷത്തിന്റെ പാപ്പരത്തം വെളിവാക്കുന്നതായി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ 'ഫോണ്‍ചോര്‍ച്ച'യും മന്ത്രി എ കെ ബാലനെതിരെ ആദിവാസിപ്രശ്നവും അവതരിപ്പിച്ച പ്രതിപക്ഷം വടികൊടുത്ത് അടിവാങ്ങി. മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും പ്രതിപക്ഷത്തിന്റെ ആശയദാരിദ്യ്രം തുറന്നുകാട്ടി.

ചുരുങ്ങിയ കാലംകൊണ്ട് ജനവിശ്വാസം ഊട്ടിയുറപ്പിച്ച എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ പൊയ്വെടി ഉതിര്‍ക്കാനും വെറും വാചകക്കസര്‍ത്തിനുള്ള വേദിയായി നിയമസഭയെ അധഃപതിപ്പിക്കാനുമാണ് യുഡിഎഫ് ശ്രമിക്കുന്നത്. സഭയിലും പുറത്തും യുഡിഎഫ് നടത്തുന്ന പൊറാട്ടുനാടകങ്ങള്‍ ജനങ്ങളില്‍ ചെടിപ്പുളവാക്കുന്നവയാണ്. ഈ സമ്മേളനത്തിന്റെ തുടക്കംമുതല്‍ സ്വാശ്രയപ്രശ്നം ഉയര്‍ത്തി സര്‍ക്കാരിനെ അവമതിക്കാനായിരുന്നു ശ്രമം. സ്വശ്രയക്കൊള്ളയ്ക്ക് ഇക്കാലമത്രയും കൂട്ടുനിന്നവരുടെ സമരാഭാസം ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നു. കുറഞ്ഞ ഫീസില്‍ പഠിക്കാവുന്ന സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ഒപ്പിട്ട കാരാര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആദ്യംമുതലേ സ്വീകാര്യമായി. സുപ്രീംകോടതിയില്‍നിന്ന് കരാറിന് അംഗീകാരം ലഭിച്ചതോടെ പ്രതിപക്ഷം തളര്‍ന്നു. സമരം ഒത്തുതീര്‍പ്പിലെത്തിച്ച് തങ്ങളുടെ മാനംകാക്കണമെന്നതായി പിന്നെ പ്രതിപക്ഷത്തിന്റെ നില. ഇതിനായി ചില സ്വാശ്രയമാനേജ്മെന്റുകള്‍ ഫീസ് കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന കള്ളം പ്രചരിപ്പിച്ചു. യുഡിഎഫും ചില മാനേജ്മെന്റുകളും ചേര്‍ന്ന് നടത്തിയ കള്ളക്കളി മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശരിയായ നിലപാടിനുമുന്നില്‍  പൊളിഞ്ഞു. ഒടുവില്‍ സമരം ശക്തമായി തുടരുമെന്ന പ്രഖ്യാപനത്തോടെ നിരാഹാരം നിര്‍ത്തി പോയവര്‍ പിന്നീട് സ്വാശ്രയം എന്ന വാക്കുപോലും ഉച്ചരിച്ചുകണ്ടില്ല.

വ്യവസായമന്ത്രിയായിരുന്ന ഇ പി ജയരാജനും മുഖ്യമന്ത്രിക്കും എതിരായ പടപ്പുറപ്പാടുമായാണ് നവരാത്രി അവധിക്കുശേഷം പ്രതിപക്ഷം സഭയിലെത്തിയത്. പൊതുമേഖലാനിയമനത്തില്‍ ബന്ധു ഉള്‍പ്പെട്ട വിഷയത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് ഇ പി ജയരാജന്‍ രാജിവച്ചതോടെ പ്രതിപക്ഷം പ്രതിരോധത്തിലായി. കഴിഞ്ഞ അഞ്ചുവര്‍ഷം അഴിമതികള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ തെളിവുചോദിച്ചും ഖജനാവിന് നഷ്ടമില്ലെന്ന് വാദിച്ചും മനഃസാക്ഷി പറഞ്ഞും അധികാരത്തില്‍ കടിച്ചുതൂങ്ങിയവരുടെ മുഖം മഞ്ഞളിച്ചു. യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. എന്നിട്ടും മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന വിതണ്ഡവാദവുമായി യുഡിഎഫ് സഭയില്‍ കോലംകെട്ടി. നിയമം നിയമത്തിന്റെവഴിക്ക് എന്നത് പഴയപോലെ ഇപ്പോള്‍ പാഴ്വാക്ക് അല്ല. അന്വേഷണം ശരിയായി നടക്കുമെന്ന വിശ്വാസം ഇന്ന് ജനങ്ങള്‍ക്കുണ്ട്.

യുഡിഎഫ് ഭരണത്തിലെ കടുംവെട്ടുകളില്‍ കെ ബാബു ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഇല്ലാത്ത നടപടി റിപ്പോര്‍ട്ടുമായി ചില മാധ്യമങ്ങള്‍ രംഗത്തുവന്നത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം രാഷ്ട്രീയമായ വേട്ടയാടലിന് ഇരയായപ്പോള്‍ അക്കാര്യം അദ്ദേഹം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നതും പ്രതിപക്ഷം ആയുധമാക്കി. സര്‍ക്കാരിന്റെ സമ്മര്‍ദം സഹിക്കാതെയാണ് ജേക്കബ് തോമസ് രാജിവയ്ക്കുന്നതെന്ന് ആദ്യം പറഞ്ഞ പ്രതിപക്ഷം, കാര്യങ്ങള്‍ വ്യക്തമായതോടെ മര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ആ ഉന്നത ഉദ്യോഗസ്ഥനെ ആക്ഷേപിച്ചു. പ്രതിപക്ഷനേതാവുതന്നെ നിന്ദ്യമായ വാക്കുകളില്‍ ജേക്കബ് തോമസിനെ ആക്രമിച്ചു. ഒരുവിഭാഗം മാധ്യമങ്ങളും ഇതിനെല്ലാം ചൂട്ടുപിടിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ നീതിപൂര്‍വമായ നിലപാടിനുമുന്നില്‍ ഇതും ചീറ്റിപ്പോയി. ഇതിനിടെ, ഇ പി ജയരാജന്‍ കുടുംബക്ഷേത്രത്തിന് സൌജന്യമായി 50കോടിയുടെ തടി നല്‍കാന്‍ വനംവകുപ്പിനെ നിര്‍ബന്ധിച്ചെന്ന കള്ളക്കഥ ഒരു മാധ്യമം പടച്ചുവിട്ടു. ഒരു ക്ഷേത്രകമ്മിറ്റി നല്‍കിയ നിവേദനം വനംമന്ത്രിക്ക് കൈമാറുകമാത്രമാണ് ചെയ്തതെന്ന് ഇ പി വിശദീകരിച്ചതോടെ കഥ പൊളിഞ്ഞു. കൊണ്ടുപിടിച്ച മാധ്യമങ്ങള്‍ക്കുതന്നെ തിരുത്തേണ്ടിവന്നു.

പട്ടികവിഭാഗക്ഷേമ മന്ത്രി എ കെ ബാലന്‍ ആദിവാസികളെ ആക്ഷേപിച്ചെന്ന് വരുത്താനായിരുന്നു അടുത്തശ്രമം. രാഷ്ട്രീയജീവിതത്തിന്റെ ആദ്യകാലംമുതല്‍ ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒന്നാമതായി കണ്ട പൊതുപ്രവര്‍ത്തകനാണ് എ കെ ബാലന്‍. തന്റെ പ്രസംഗത്തില്‍ അത്തരമൊരു ആക്ഷേപം ഉണ്ടെന്ന് തെളിയിക്കാമോ എന്ന ബാലന്റെ വെല്ലുവിളിക്കുമുന്നില്‍ പ്രതിപക്ഷത്തിന് ഉത്തരംമുട്ടി. മന്ത്രി പ്രംസംഗിച്ചപ്പോഴോ പിന്നീടോ ആര്‍ക്കുംതോന്നാത്ത ആക്ഷേപം ചിലര്‍ പൊക്കിക്കൊണ്ടുവന്നത് ഏറ്റുപിടിച്ച പ്രതിപക്ഷം ഒരിക്കല്‍ക്കൂടി സഭയില്‍ നാണംകെട്ടു.

ജേക്കബ് തോമസിന്റെ ഫോണ്‍ചോര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നുവരെ തട്ടിവിടാന്‍ ചെന്നിത്തലയ്ക്ക് മടിയുണ്ടായില്ല. ഫോണ്‍ചേര്‍ത്തുന്നുവെന്ന പത്രവാര്‍ത്തയാണ് വിജിലന്‍സ് ഡയറക്ടര്‍ ശ്രദ്ധയില്‍പെടുത്തിയതെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റൊരു നുണക്കോട്ടകൂടി തകര്‍ന്നു. ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുമെന്നും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, രാഷ്ട്രീയാന്ധത ബാധിച്ച പ്രതിപക്ഷം ആദിവാസി, ജേക്കബ് തോമസ് വിഷയങ്ങളുടെപേരില്‍ തിങ്കളാഴ്ച രണ്ടുതവണ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

അസത്യങ്ങളും അപവാദങ്ങളും ആയുധമാക്കി സര്‍ക്കാരിനെ താറടിക്കുകമാത്രമാണോ പ്രതിപക്ഷത്തിന്റെ കടമയെന്ന് അവര്‍  ആത്മവിമര്‍ശം നടത്തണം. ജനജീവിതത്തെ നേരിട്ടുബാധിക്കുന്ന അനേകം വിഷയങ്ങളില്‍ ആത്മാര്‍ഥമായ ഇടപെടലും പരിഹാരവുമാണ് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ മുന്‍ഗണന. രാഷ്ട്രീയപ്രതിസന്ധികളിലും അഴിമതികളിലും അടിമുടിമുങ്ങി ഭരണം ഇല്ലാതെപോയ അഞ്ചുവര്‍ഷത്തെ ദുരവസ്ഥയില്‍നിന്നുള്ള ആശ്വാസമാണ്  ഈ ഭരണത്തില്‍ജനങ്ങള്‍ക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസ്മുന്നണി കേന്ദ്രവും സംസ്ഥാനവും ഭരിക്കുമ്പോള്‍ ഉണ്ടായ അലംഭാവമാണ് ഇന്നത്തെ റേഷന്‍ പ്രതിസന്ധിക്ക് കാരണം. റേഷന്‍ ഉള്‍പ്പെടെ ജനങ്ങളെ ബാധിക്കുന്ന ഒട്ടനേകം വിഷയങ്ങളില്‍ സര്‍ക്കാരിന് ക്രിയാത്മകവും വിമര്‍ശനാത്മകവുമായ സഹകരണം പ്രതിപക്ഷത്തുനിന്ന്  ലഭിക്കേണ്ടതുണ്ട്. അതിനവര്‍ തയ്യാറാകുന്നില്ലെങ്കില്‍ കൂടുതല്‍ ആഴത്തിലേക്കുള്ള പതനമായിരിക്കും ഫലം

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top