25 May Monday

പ്രതിരോധത്തിന്റെ മനുഷ്യ മഹാമതില്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 30, 2016


ജനലക്ഷങ്ങളെ പ്രക്ഷോഭവേദിയില്‍ അണിനിരത്തുകയെന്നത് പുതുമയുള്ള കാര്യമല്ല. പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെയും സംഘടനാസംവിധാനം ഉപയോഗിച്ചും ദശലക്ഷക്കണക്കിന് ആളുകളെ ഒരേ മുദ്രാവാക്യത്തില്‍ ഏകോപിപ്പിച്ച സന്ദര്‍ഭങ്ങള്‍ കേരളത്തിലും ഇന്ത്യയിലും അനവധിയാണ്. എന്നാല്‍, വ്യാഴാഴ്ച മലയാളക്കര സാക്ഷ്യംവഹിച്ച സമരാനുഭവം സമാനതകളില്ലാത്തതാണ്. കേരളത്തിന്റെ മനഃസാക്ഷി തെക്കുവടക്ക് നെഞ്ചുവിരിച്ച്, കൈകള്‍ വിടര്‍ത്തിനിന്ന് ഉറക്കെ പ്രഖ്യാപിച്ചത് അന്യായത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നുതന്നെയാണ്്. ചിന്തയും വികാരവും ഒന്നായിമാറിയ അസംഖ്യം മനുഷ്യര്‍ തോളോടുതോള്‍ ചേര്‍ന്നുനിന്നത് അവരുടെ ജീവിതം തിരിച്ചുപിടിക്കാനായിരുന്നു. നോട്ട് അസാധുവാക്കി സമ്പദ്വ്യവസ്ഥയെ നിശ്ചലമാക്കുകയും കേരളത്തിന്റെ നാഡീവ്യൂഹമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനൊരുമ്പെടുകയുംചെയ്ത മോഡിഭരണം തെറ്റുകള്‍ പെട്ടെന്ന് തിരുത്തുമെന്ന് ഇതുവരെയുള്ള അനുഭവംവച്ച് പ്രതീക്ഷിക്കാനാകില്ല. പക്ഷേ, സമ്പന്നരുടെ പണപ്പെട്ടി നിറയ്ക്കാന്‍ സാധാരണക്കാരുടെ കൂലിക്കാശ് കൊള്ളയടിക്കുന്ന ഭരണവൈകൃതത്തെ ജനം തിരിച്ചറിഞ്ഞിരിക്കുന്നു. അതാണ് മനുഷ്യ മഹാമതില്‍ തീര്‍ത്തുകൊണ്ട് കേരളം ലോകത്തിനുമുന്നില്‍വച്ച പുതിയ സമരസന്ദേശത്തില്‍ തെളിയുന്നത്. ജനവികാരം മാനിക്കാത്ത ഭരണാധികാരികളുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന ചരിത്രസത്യത്തിന് അടിവരയിടുന്ന ജനമുന്നേറ്റമാണ് ഇവിടെ ദൃശ്യമായത്.

മനുഷ്യച്ചങ്ങല പ്രഖ്യാപിച്ച ഘട്ടങ്ങളിലൊക്കെ എങ്ങനെ കണ്ണിമുറിയാതെ 700 കിലോമീറ്ററില്‍ ജനങ്ങളെ അണിനിരത്തുമെന്ന് സമരസംഘാടകര്‍ ആകുലപ്പെടാറുണ്ട്. മാസങ്ങള്‍നീണ്ട പ്രചാരണവും ചിട്ടയായ ആസൂത്രണവുംവഴിയാണ് ഈ വെല്ലുവിളി അതിജീവിക്കാറുള്ളത്. എന്നാല്‍, കേവലം രണ്ടാഴ്ചകൊണ്ട് ഇത്രയും വലിയൊരു ജനസഞ്ചയത്തെ ദേശീയപാതയോരത്ത് എത്തിക്കാനായത് മുമ്പില്ലാത്ത അനുഭവമാണ്. ഇടതു ജനാധിപത്യമുന്നണിയാണ് സമരപ്രഖ്യാപനം നടത്തിയതെങ്കിലും ചങ്ങലക്കണ്ണികളെ ബലപ്പെടുത്തിയത് സകലമാന ജനങ്ങളും ചേര്‍ന്നാണ്. നോട്ട്നിരോധനത്തിന്റെയും സഹകരണഹത്യയുടെയും ദുരിതം പേറാത്ത ഒരു കുടുംബംപോലും കേരളത്തിലുണ്ടാകില്ല. അതുകൊണ്ടുതന്നെ ഉള്ളില്‍നിന്നുയര്‍ന്ന രോഷത്തിന്റെ കനലുമായാണ് ഒരോ  മനുഷ്യനും സമരത്തിനെത്തിയത്. കാഴ്ചയുടെ കൌതുകമായിരുന്നില്ല, പങ്കാളിത്തത്തിന്റെ, ഐക്യപ്പെടലിന്റെ അഭിമാനമായിരുന്നു  ഓരോ മുഖത്തും.

രാഷ്ട്രീയാന്ധത ബാധിച്ച മോഡിഭക്തര്‍ ഒഴികെ മുഴുവന്‍ ജനങ്ങളും എല്‍ഡിഎഫിന്റെ സമരത്തോടും സമരസപ്പെടുകയും മനസ്സുപങ്കുവയ്ക്കുകയുംചെയ്ത അനുഭവം ഹ്രസ്വമായ പ്രചാരണവേളയില്‍ ദൃശ്യമായിരുന്നു. കേന്ദ്രനടപടിക്കെതിരായ യോജിച്ച സമരത്തില്‍നിന്ന് പിന്‍വാങ്ങാന്‍ യുഡിഎഫ് നേതൃത്വം നിരത്തിയ ബാലിശവാദങ്ങള്‍ അവരുടെ അണികള്‍തന്നെ തള്ളിക്കളഞ്ഞു. എല്ലാപ്രദേശങ്ങളിലും യുഡിഎഫ് ഘടക കക്ഷികളിലെ നിരവധി പ്രവര്‍ത്തകര്‍ ചങ്ങലയില്‍ കണ്ണിചേര്‍ന്നു. ജനങ്ങള്‍ സ്നേഹാദരങ്ങള്‍ ചൊരിയുന്ന അനേകം വിശിഷ്ട വ്യക്തിത്വങ്ങളും  സമരത്തില്‍ പങ്കളികളായി.

ദീര്‍ഘവീക്ഷണത്തോടും ആവശ്യമായ തയ്യാറെടുപ്പുകളോടും കൂടി നടത്തേണ്ട സാമ്പത്തികപരിഷ്കരണമാണ് കറന്‍സി റദ്ദാക്കലും പുനര്‍വിന്യാസവും. നിയമത്തിന്റെ പിന്‍ബലത്തോടെയും പാര്‍ലമെന്റിന്റെ അംഗീകാരത്തോടെയുമാണ് അത് മുന്നോട്ടുപോകേണ്ടത്. കള്ളപ്പണത്തിന്റെ, ഭീകരവാദത്തിന്റെ മറ ചാരി പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും എക്സിക്യൂട്ടീവ് ഉത്തരവ് വഴി നടപ്പാക്കുകയുംചെയ്ത നോട്ട്നിരോധനം സാധാരണ ജനങ്ങളെ പാപ്പരാക്കിയിരിക്കുന്നു. സമ്പദ്വ്യവസ്ഥയെ പലകാതം പുറകോട്ടടിപ്പിച്ചിരിക്കുന്നു. വാക്കുകള്‍ പലകുറി മാറ്റിപ്പറഞ്ഞ പ്രധാനമന്ത്രി കൂടുതല്‍ കടുത്ത നടപടിയുണ്ടാകുമെന്ന ഭീഷണി മുഴക്കുന്നു. പ്രവൃത്തിയിലും വാക്കിലും കറകളഞ്ഞ ഏകാധിപതിയെയാണ് മോഡി ഓര്‍മിപ്പിക്കുന്നത്. വെനസ്വേലയില്‍ ജനകീയപ്രതിഷേധത്തെ തുടര്‍ന്ന് നോട്ടുപിന്‍വലിക്കല്‍ റദ്ദാക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, പാര്‍ലമെന്റില്‍ ഒരുവാക്ക് ഉരിയാടാനോ പുറത്തുള്ള പ്രതിഷേധത്തെ മാനിക്കാനോ തയ്യാറാകാതെ മോഡി ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുകയാണ്. പകരംപണം നല്‍കാതെ പ്രചാരത്തിലുള്ള 86 ശതമാനം നോട്ടും പിന്‍വലിച്ച ഭ്രാന്തന്‍നടപടിക്കെതിരെ രാജ്യത്താകമാനം കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യസ്നേഹത്തിന്റെ മാന്ത്രികവടി കാട്ടി പ്രക്ഷോഭകരെ അടക്കിയിരുത്താനാണ് മോഡിയും അനുകൂലികളും ശ്രമിക്കുന്നത്. എന്നാല്‍, അത്തരം ചെപ്പടിവിദ്യകള്‍ കൊണ്ട് ശമിപ്പിക്കാവുന്നതല്ല ജനവികാരമെന്ന് വ്യക്തമായിരിക്കുന്നു.

കേരളത്തിലാണെങ്കില്‍ കുറെക്കൂടി വ്യത്യസ്തമായ സാഹചര്യമാണ്. ഉപഭോക്തൃ സംസ്ഥാനമെന്നനിലയില്‍ നോട്ട്നിരോധനം ജനങ്ങളുടെ ദൈനംദിനജീവിതത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു. സഹകരണപ്രസ്ഥാനത്തോട് കാണിച്ച ശത്രുതാമനോഭാവത്തിന്റെ ഇരകള്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുമാണ്. ബഹുതലസ്പര്‍ശിയായ സഹകരണമേഖലയുടെ ഗുണഫലം അനുഭവിക്കാത്ത ഒരു പൌരന്‍പോലും കേരളത്തിലില്ല. പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്കുപോലും എല്ലാ സ്വാതന്ത്യ്രവും നല്‍കിയിട്ടും സഹകരണ ബാങ്കുകളെ ശ്വാസംമുട്ടിക്കുകയാണ്. ഇതിനെല്ലാമെതിരെ ശക്തമായ പ്രതിരോധമാണ് കേരളത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ സമരമിരുന്നു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളമൊമ്പാടും 1200 കേന്ദ്രങ്ങളില്‍ രാപ്പകല്‍സമരം. വിവിധ കക്ഷികളുടെയും യുവജന സംഘടനകളുടെയും  നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ വേറെയും. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന നിലപാടില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം അംഗീകരിച്ചു. സര്‍വകക്ഷി സംഘം ആവശ്യപ്പെട്ട കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചത്. നവംബര്‍ 28ന് ദേശീയപ്രതിഷേധത്തിന്റെ ഭാഗമായി കേരളം സമ്പൂര്‍ണ ഹര്‍ത്താലും ആചരിച്ചു.

സഹകരണപ്രസ്ഥാനത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി കൊച്ചിയില്‍ ചേര്‍ന്ന  സംസ്ഥാന കണ്‍വന്‍ഷനും തുടര്‍ന്ന് നടന്ന ഗൃഹസന്ദര്‍ശനവും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതായി. മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട് പ്രദേശികതലത്തില്‍ നടന്ന പ്രചാരണം നാടാകെ ഹൃദയത്തില്‍ ഏറ്റുവാങ്ങി. സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാമെന്ന സംഘപരിവാറിന്റെ വ്യാമോഹത്തിനേറ്റ ഒടുവിലത്തെ അടിയാണ് മനുഷ്യച്ചങ്ങലയുടെ അതിമഹത്തായ വിജയം. ജനങ്ങളാണ് ശക്തി. അവരുടെ ജീവിതം വഴിമുട്ടിച്ച തെറ്റായ നടപടികള്‍ തിരുത്തുകയാണ് കേന്ദ്രം ചെയ്യേണ്ടത്

പ്രധാന വാർത്തകൾ
 Top