14 August Friday

മികച്ച തുടക്കം സാക്ഷ്യപ്പെടുത്തിയ പ്രോഗ്രസ് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2017


ജനാധിപത്യഭരണ സംവിധാനത്തില്‍ അസാധാരണമായ ഒരു നടപടിയിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി വ്യത്യസ്തത തെളിയിച്ചിരിക്കുന്നു. ഭരണത്തിന്റെ അഞ്ചിലൊന്നു പിന്നിടുന്ന വേളയില്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും തമ്മിലുള്ള താരതമ്യത്തിന് സര്‍ക്കാര്‍തന്നെ ജനങ്ങള്‍ക്ക് അവസരം ഒരുക്കി. ഒരു വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അക്കമിട്ടുനിരത്തുകയല്ല സര്‍ക്കാര്‍. തെരഞ്ഞെടുപ്പുഘട്ടത്തില്‍ ജനങ്ങളുടെ മുന്നില്‍വച്ച പരിപാടികളില്‍ ഏറ്റവും പ്രധാനമായവയില്‍ എന്ത് പുരോഗതി നേടി, എവിടെയെല്ലാം തടസ്സങ്ങള്‍ നേരിട്ടു എന്നത് വസ്തുനിഷ്ഠമായി പരസ്യപ്പെടുത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ അവകാശവാദങ്ങളില്‍ കഴമ്പുണ്ടോ? മുന്നേറാന്‍ കഴിയാതെപോയ മേഖലകളില്‍ എന്തുമാറ്റമാണ് വരുത്തേണ്ടത്. ഇത് പരിശോധിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ജനങ്ങള്‍ക്ക് അവസരം കൈവന്നിരിക്കുന്നു. വോട്ടുചെയ്യാന്‍ മാത്രമല്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനപരമായും ക്രിയാത്മകമായും ഇടപെടാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന പുതിയ കാഴ്ചപ്പാടാണ് ഇതുവഴി മുന്നോട്ടുവയ്ക്കപ്പെടുന്നത്.

പന്ത്രണ്ട് ദിവസം നീണ്ട ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനവേദിയിലാണ് എല്‍ഡിഎഫ് സര്‍ക്കരിന്റെ ഒരു വര്‍ഷത്തെ 'പ്രോഗ്രസ് റിപ്പോര്‍ട്ട്' മലയാളത്തിന്റെ പ്രിയ സംവിധായകന്‍ രഞ്്ജിത്തിന് നല്‍കി മുഖ്യമന്ത്രി പ്രസിദ്ധപ്പെടുത്തിയത്. പ്രകടനപത്രിക തയ്യാറാക്കുന്ന ഘട്ടത്തില്‍ത്തന്നെ പല തലങ്ങളില്‍ ജനപങ്കാളിത്തം സ്വീകരിക്കാന്‍ എല്‍ഡിഎഫ് ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ഒരുവര്‍ഷത്തിനുശേഷം പ്രകടനപത്രികയെക്കുറിച്ച് സര്‍ക്കാര്‍തന്നെ രേഖയുണ്ടാക്കി  പൊതുജനസമക്ഷം പ്രസിദ്ധീകരിക്കുമ്പോള്‍, അതിന്റെ ഉള്ളടക്കം പൊള്ളയായിരിക്കില്ലെന്ന് ഉറപ്പിക്കാം. പൌരന്മാര്‍ക്ക് വ്യക്തിഗതമായി ലഭിക്കേണ്ട ഒട്ടേറെ  ആനുകൂല്യങ്ങളില്‍ ഒരുവര്‍ഷംകൊണ്ട് ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്. എല്‍ഡിഎഫ് ഭരണമേറ്റ ഉടന്‍ പ്രഖ്യാപിച്ച കടാശ്വാസംമുതല്‍ 900 കോടിയുടെ വിദ്യാഭ്യാസവായ്പാ തിരിച്ചടവ് സഹായംവരെ നിരവധി ആശ്വാസങ്ങള്‍. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ച് വീട്ടിലെത്തിക്കല്‍, സൌജന്യ പാഠപുസ്തകവും യൂണിഫോമും തുടങ്ങി നിരവധി പദ്ധതികള്‍. അടിസ്ഥാന പശ്ചാത്തലരംഗത്തെ കുരുക്കഴിക്കല്‍ പ്രത്യേകം പറയേണ്ടതുണ്ട്. ദേശീയപാത, ഗെയില്‍ വാതകപൈപ്പ്, ദേശീയജലപാത തുടങ്ങിയവ. ശബരിമല വിമാനത്താവളം, കൊച്ചി ജലമെട്രോ തുടങ്ങി പുതുതായി രൂപം നല്‍കിയ പദ്ധതികള്‍ ഇതെല്ലാം ജനകീയ ഓഡിറ്റിങ്ങിന് വിധേയമാവുകയാണ്.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പ്രത്യേകം എടുത്തുപറഞ്ഞ 35 ഇന പരിപാടിയുടെ 'പ്രോഗ്രസ് റിപ്പോര്‍ട്ട്' പരിശോധിക്കുമ്പോള്‍ കേവലമായ വാചകമടിയല്ല, കണക്കുകള്‍ നിരത്തിയുള്ള വസ്തുതാവലോകനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമാകും. പുതിയ തൊഴിലവസരത്തെക്കുറിച്ച് എല്ലാ പ്രകടനപത്രികകളും വാചാലമാകാറുണ്ടെങ്കിലും, ഒരു വര്‍ഷത്തിനുള്ളില്‍ ഇത്ര തൊഴില്‍ സൃഷ്ടിച്ചെന്ന പ്രഖ്യാപനത്തിന് ഇതുവരെ ആരും മുതിര്‍ന്നിട്ടില്ല. പുതിയ തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഏത് സര്‍ക്കാരിനും ആദ്യവര്‍ഷം എത്തിപ്പിടിക്കാവുന്നതിനപ്പുറമാണ് പിണറായി സര്‍ക്കാരിന്റെ നേട്ടം. 35 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഒരുവര്‍ഷത്തിനിടയില്‍ ടൂറിസം, ഐടി, ഇലക്ട്രോണിക്സ്, കൃഷി, കെട്ടിടനിര്‍മാണം, വാണിജ്യം, ചെറുകിടവ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ടില്‍ തരംതിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരോ പദ്ധതിയിലും വരുംവര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്ന മുന്നേറ്റവും സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളും പ്രത്യേകം വിവരിക്കുന്നു. യാഥാര്‍ഥ്യങ്ങളില്‍ ചുവടുറപ്പിച്ച് പ്രതീക്ഷയോടെ നാളെയെ ഉറ്റുനോക്കുന്ന സര്‍ക്കാരിനേ ഈ സുതാര്യത സാധ്യമാവുകയുള്ളൂ. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയല്ല നാടിന്റെ വികസനപ്രക്രിയയില്‍ അവരുടെ ക്രിയാത്മക പങ്കാളിത്തം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

നഷ്ടത്തിലായിരുന്ന പൊതുമേഖലാസ്ഥാപനങ്ങളില്‍ 13 എണ്ണം ഒരുവര്‍ഷംകൊണ്ട് ലാഭത്തിലായെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനാര്‍ഹമായ നേട്ടമാണ്. ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നു കരുതിയ പ്രകൃതി വാതകപൈപ്പ് ലൈന്‍ ഒരുവര്‍ഷംകൊണ്ട് നിര്‍ണായക ഘട്ടം പിന്നിട്ടു. ഇഴഞ്ഞുനീങ്ങുകയായിരുന്ന തുറമുഖപദ്ധതികള്‍ക്ക് ജീവന്‍വച്ചു. വിഴിഞ്ഞംപദ്ധതിയിലെ ക്രമക്കേടുകളില്‍ ജുഡീഷ്യല്‍ പരിശോധന നടത്തുമ്പോഴും പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. കൊച്ചി മെട്രോ ഇത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാകുന്നതിനു പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരന്തര ഇടപെടലാണെന്ന് കഴിഞ്ഞ ഒരുവര്‍ഷം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററായി പ്രഖ്യാപിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ റെക്കോഡ് വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോയി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍  ഉദ്ഘാടനപ്രഹസനങ്ങള്‍ നടത്തുമ്പോള്‍ രണ്ടിടത്തും പദ്ധതി പാതിവഴിയലായിരുന്നു. അസാധാരണ വേഗത്തിലാണ് ഒരുവര്‍ഷംകൊണ്ട് ഇരുപദ്ധതിയും പൂര്‍ത്തിയാകുന്നത്. മുന്‍ എല്‍ഡിഎഫ് ഭരണത്തില്‍ തുടക്കംകുറിച്ച വന്‍കിടപദ്ധതികള്‍ ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ത്തന്നെ യാഥാര്‍ഥ്യമാക്കാനാകുന്നതും ചാരിതാര്‍ഥ്യജനകമാണ്.

പരമ്പരാഗത തൊഴില്‍രംഗത്തെ ഉണര്‍വ്, സമ്പൂര്‍ണ വൈദ്യുതീകരണം, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, പരിസ്ഥിതി, മാലന്യസംസ്കരണം, വിഷരിഹത ഭക്ഷണം തുടങ്ങിയ ദൈനംദിന  ജീവിതപ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളും  പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പരിശോധിക്കുന്നുണ്ട്. കിഫ്ബി മൂലധന സമാഹരണ യജ്ഞം, കേരള ബാങ്ക് തുടങ്ങിയ നൂതന പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യത്യസ്ത വിളിച്ചോതുന്നു. ചുരുക്കത്തില്‍ ജനജീവിതത്തിന്റെ ഒരോ സ്പന്ദനവും വിടാതെ ഒപ്പിയെടുത്തിരിക്കുന്നു ഈ പ്രോഗ്രസ് റിപ്പോര്‍ട്ട്. കുതിച്ചുച്ചാട്ടത്തിനൊരുങ്ങുന്ന കേരളത്തിന് ഇത് മികച്ച തുടക്കംതന്നെ


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top