28 March Tuesday

കെഎസ്ആർടിസി പെൻഷൻകാരുടെ കണ്ണീരൊപ്പി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 21, 2018


കേരളം എങ്ങനെ ബദൽമാർഗങ്ങൾ തുറക്കുന്നു എന്നതിനുള്ള അനേകം ഉത്തരങ്ങളിൽ തിളങ്ങുന്ന ഒന്നാണ് ചൊവ്വാഴ്ച തലസ്ഥാന നഗരത്തിൽ ദൃശ്യമായത്. അസാധ്യമെന്നു പലരും വിധിയെഴുതിയ പെൻഷൻവിതരണം സാധ്യമാക്കി കെഎസ്ആർടിസി പെൻഷൻകാരുടെ ദുർദശ മാറ്റുക എന്ന ദൗത്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിറഞ്ഞ സദസ്സിനുമുമ്പാകെ തുടക്കമിട്ടത്. ഇച്ഛാശക്തിയോടെ ഇടപെട്ടാൽ ഏത് പ്രതിസന്ധിയും മുറിച്ചുകടക്കാം എന്നുകൂടിയാണ് ഇതിലൂടെ എൽഡിഎഫ് സർക്കാർ തെളിയിച്ചത്. കുടിശ്ശികയടക്കം പെൻഷൻ നൽകുമെന്ന വാഗ്ദാനം സഹകരണപ്രസ്ഥാനത്തിന്റെ പങ്കാളിത്തത്തോടെയാണ് പ്രാവർത്തികമാകുന്നത്്. 

എൽഡിഎഫ് സർക്കാർ അധികാരമേറ്റതുമുതൽ കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. അതിന്റെഭാഗമായി കൊൽക്കത്ത ഐഐഎം പ്രൊഫസർ സുശീൽ ഖന്നയെ പഠനത്തിന് നിയോഗിച്ചു. കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിൽ കെഎസ്ആർടിസിയെ മാതൃകാസ്ഥാപനമാക്കി മാറ്റിയെടുക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞത്. അത് മുൻനിർത്തി സ്ഥാപനം അകപ്പെട്ട ആഴത്തിലുള്ള പ്രതിസന്ധി മറികടക്കാൻ സർക്കാരും ജീവനക്കാരും ഒറ്റക്കെട്ടായി അണിചേരുകയാണ്. 'പൊതുമേഖല തകർന്നുപോകാൻ സർക്കാർ അനുവദിക്കില്ല. കെഎസ്ആർടിസിയും സഹകരണ ബാങ്കുകളും ഈ തീരുമാനത്തോടെ തകർന്നുകാണണമെന്ന് ചിലർ സ്വപ്നം കാണുകയാണ്. അത് മനഃപായസം മാത്രമായിരിക്കും. ജനകീയ അടിത്തറയോടെ ഇവ ഇനിയും വളരും'. പെൻഷൻവിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ചുവരെഴുത്താണ്്.

സംസ്ഥാനത്ത് 39045 കെഎസ്ആർടിസി പെൻഷൻകാരാണുളളത്. അവരുടെ കണ്ണീരൊപ്പുന്നതും കെഎസ്ആർടിസിക്ക് കൈത്താങ്ങ് നൽകി പ്രതിസന്ധിയിൽനിന്ന് രക്ഷിക്കുന്നതുമാണ് പെൻഷൻ വിഷയത്തിലുള്ള സഹകരണമേഖലയുടെ സാമൂഹികപ്രതിബദ്ധതയോടെയുള്ള ഇടപെടൽ. പെൻഷൻതുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെൻഷൻകാർ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ആ അക്കൗണ്ടിലേക്ക് കുടിശ്ശികയടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കൺസോർഷ്യം ലീഡർ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. കുടിശ്ശികയടക്കമുള്ള തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുകയാണിവിടെ. കെഎസ്ആർടിസി പെൻഷൻ നൽകുന്നതിനായി സഹകരണവകുപ്പ് സമാഹരിക്കാൻ ഉദ്ദേശിച്ചതിനേക്കാൾ ഇരട്ടിയോളം തുക നൽകാൻ സന്നദ്ധമായി പ്രാഥമികസംഘങ്ങൾ മുന്നോട്ടുവന്നത് വലിയ കാര്യമാണ്. ഇരുനൂറോളം സംഘങ്ങൾ പണംനൽകാൻ സ്വമേധയാ തയ്യാറായി.

കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളിൽനിന്നായി 140 കോടി രൂപയും എറണാകുളം ജില്ലയിലെ നാല് സംഘങ്ങളിൽനിന്ന് 50 കോടി രൂപയും പാലക്കാട് ജില്ലയിലെ മൂന്ന് സംഘങ്ങളിൽനിന്ന് 30 കോടി രൂപയും തിരുവനന്തപുരം ജില്ലയിലെ മൂന്ന് സംഘങ്ങളിൽനിന്ന് 30 കോടി രൂപയുമാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുക. ആകെ 250 കോടി രൂപയാണ് ഇപ്രകാരം കൺസോർഷ്യം ആദ്യം സമാഹരിക്കുന്നത്. സംസ്ഥാന സർക്കാർ ഗ്യാരന്റിയോടെയാണ് പെൻഷൻകാർക്ക് തുക നൽകുന്നത്.

എൽഡിഎഫ് സർക്കാർ സാമൂഹ്യസേവന മേഖലയിൽപ്പെടുന്ന കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷിക്കുന്നതിന് ക്രിയാത്മകവും ഫലപ്രദവുമായ നടപടികളാണ് എടുത്തുവരുന്നത്. സുശീൽ ഖന്നയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ   സ്വീകരിച്ചുവരുന്ന നടപടികൾ ഏറെ പ്രതീക്ഷ നൽകുകയാണ്. വരുമാനവർധനയ്ക്കും കാര്യക്ഷമമായ പ്രവർത്തനത്തിനും വേണ്ടി ഷെഡ്യൂളുകൾ പുനഃക്രമീകരിച്ച് ജോലിസമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്തിയിരുന്നു. വർക്ഷോപ്പുകളുടെ പ്രവർത്തനത്തിലും ഇതര സെക്ഷനുകളിലും മാറ്റങ്ങൾ വരുത്തി. തൊഴിലാളിസംഘടനകളുടെ കൂടി പിന്തുണയോടെ മുഴുവൻ ഷെഡ്യൂളുകളും ഡ്യൂട്ടിരീതിയും ഏകീകരിക്കുന്നതിനും നടപടിയായി. ദിവസവരുമാനം ആറുകോടി രൂപയിൽനിന്ന് ഏഴു കോടിയോളമായി വർധിപ്പിക്കാനും സാധിച്ചു. ഇതിനിടയിൽ വരുന്ന അനിയന്ത്രിതമായ ഡീസൽ വിലക്കയറ്റം സ്ഥാപനത്തെ കടുത്ത രീതിയിൽ വിഷമിപ്പിക്കുന്നു. പ്രതിമാസം പത്തുകോടി രൂപയുടെ അധികച്ചെലവാണ് ഇതിലൂടെ ഉണ്ടായത്.

മുഖ്യമന്ത്രി പറഞ്ഞതുപോലെ, സഹകരണ ബാങ്കുകൾ വഴി പെൻഷൻ കൊടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ദുഷ്ചിന്തകളുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഏത് നല്ല കാര്യം വന്നാലും തെറ്റായി കാണുന്ന ഇത്തരക്കാരാണ് നാടിന്റെ ശാപം. ലാഭം കണ്ടിട്ടാണ് സഹകരണ ബാങ്കുകൾ പെൻഷൻ കൊടുക്കുന്നത് എന്നാണിവർ പ്രചരിപ്പിക്കുന്നത്. ബാങ്കിങ് നിയമം അനുശാസിക്കുന്ന രീതിയിലുള്ള വായ്പ മാത്രമാണ് ഇക്കാര്യത്തിൽ നൽകുക എന്ന കാര്യം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നുനടിച്ച് ആരോപണം ഉന്നയിക്കുകയാണിവിടെ. പൊതുമേഖലാസ്ഥാപനങ്ങളെ ഒറ്റക്കെട്ടായി സംരക്ഷിക്കേണ്ട ഈ സമയത്ത് ഇത്തരം മനോഭാവവുമായി മുന്നോട്ടുപോകുന്നവരെ തിരിച്ചറിയാൻ കേരളജനതയ്ക്ക് സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top