01 June Thursday

കെ റെയിൽ വിരുദ്ധർ കണ്ണു തുറക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


കെ–-റെയിൽ പദ്ധതിക്ക്‌ ഭൂമി വിട്ടുനൽകുന്നതിൽ എതിർപ്പുള്ളവരെ തിരഞ്ഞുപിടിച്ച്‌ മാധ്യമ വിചാരണ കടുപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്‌ നടന്നുവരുന്നത്‌. ജനിച്ചുവളർന്ന കിടപ്പാടം കൈമാറുന്നവർക്കുള്ള പ്രയാസം ന്യായമാണ്‌. അതിന്‌ പരിഹാരം തേടുന്ന ഏത്‌ ഇടപെടലും സ്വാഗതാർഹമാണ്‌. പദ്ധതി തകർക്കാമെന്ന അതിമോഹവുമായി നീങ്ങുന്നവർക്ക്‌ കുഴലൂത്തു നടത്തുന്ന മാധ്യമരീതി, അതെത്ര ദുർബലമായാലും ആപൽക്കരവുമാണ്‌.

സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക്‌ ഭൂമി നൽകേണ്ടതിന്റെ അനിവാര്യത ബോധ്യമുള്ളവരാണ്‌ മഹാഭൂരിപക്ഷം ഭൂവുടമകളും. നഷ്ടപ്പെടുന്ന വീടിനും ഭൂമിക്കും പകരം തൃപ്‌തികരമായ പുനരധിവാസ പാക്കേജാണ്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്‌. ദേശീയപാത, ഗെയ്‌ൽ പദ്ധതികളുടെ അനുഭവത്തിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. സർക്കാരിന്‌ ഭൂമി വിട്ടുനൽകുന്നവർ കണ്ണീർ കുടിക്കേണ്ടി വരില്ല. ജനങ്ങളുടെ ഈ വിശ്വാസമാണ്‌ പ്രവൃത്തിപഥത്തിലേക്ക്‌ നീങ്ങുന്ന കെ–റെയിൽ പദ്ധതിക്ക്‌ ഏറ്റവും അനുകൂലഘടകം.

ചുരുക്കം ചിലർ വീടും സ്ഥലവും വിട്ടുപോകുന്നതിനോട്‌ ഇനിയും പൊരുത്തപ്പെട്ടിട്ടില്ല. അവരുടെ ആവലാതികൾക്ക്‌ ന്യായമായ പരിഹാരമുണ്ടാക്കുക സർക്കാരിന്റെ ചുമതലയാണ്‌. അത്‌ നിർവഹിക്കുമെന്ന ഉറപ്പാണ്‌ കേരളം നെഞ്ചേറ്റിയത്‌. ഒറ്റപ്പെട്ട പ്രതിഷേധം എടുത്തുകാട്ടി കെ–- റെയിൽ വിരുദ്ധർ പരത്തിവിടുന്ന നുണകൾ പൊളിക്കുന്നതിൽ ‘ജനസമക്ഷം കെ–- റെയിൽ’ പരിപാടി ശ്രദ്ധേയമായ പങ്കാണ്‌ വഹിച്ചത്‌. ഇതിലുള്ള അസഹിഷ്‌ണുതയാണ്‌ കണ്ണൂരിൽ വേദി കൈയേറിയുള്ള അതിക്രമത്തിന്‌ കോൺഗ്രസിനെ പ്രേരിപ്പിച്ചത്‌.

കെ–-റെയിൽ നടപ്പായാൽ രാഷ്ട്രീയമായി എൽഡിഎഫിന്‌ ഗുണം ചെയ്യുമെന്ന്‌ ചിന്തിക്കുന്നവരും പരിസ്ഥിതി മൗലികവാദികളും മതതീവ്രവാദത്തെ ഒളിച്ചുകടത്തുന്ന മൗദൂദികളും ഒരു കുടക്കീഴിൽ നിന്നാണ്‌ കെ–- റെയിലിനെ എതിർക്കുന്നത്‌. അവർ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജനസമക്ഷം വിശദീകരിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മാധ്യമങ്ങൾ ഗൂഢപ്രവൃത്തി തുടരുകയാണ്‌.

റെയിൽ പാളം നാടിനെ രണ്ടായി വിഭജിച്ച അനുഭവം ലോകത്തൊരിടത്തും ഇല്ല. വെള്ളത്തിന്റെ ഒഴുക്കിനും ജനങ്ങൾക്ക്‌ കടന്നുപോകുന്നതിനും ഇടയ്‌ക്കിടെ നിശ്‌ചിത ദൂരത്തിൽ സൗകര്യമൊരുക്കിയാണ്‌ പാളം നിർമിക്കുക. അപ്രതീക്ഷിത കടന്നുകയറ്റം ഒഴിവാക്കാൻ നിർമിക്കുന്ന വേലി, സുരക്ഷിതത്വമല്ലാതെ ഒരു പാരിസ്ഥിതികപ്രശ്‌നവും സൃഷ്ടിക്കില്ല. കേരളത്തിന്റെ ഭൂപ്രകൃതി. സമീപകാലത്തെ അതിതീവ്രമഴ, കാലാവസ്ഥ വ്യതിയാനം എന്നിവ പഠിച്ചാണ്‌ അന്തിമ ഡിസൈൻ രൂപപ്പെടുത്തുക. പ്രളയകാലത്ത്‌ കേരളത്തിലെ ബ്രോഡ്‌ഗേജ്‌ പാത നേരിട്ട ഭീഷണികൂടി മുന്നിൽക്കണ്ടാകും സിൽവർലൈനിന്റെ നിർമാണം.

പാത നിർമാണത്തിന്‌ ആവശ്യമായ കല്ലും മണ്ണും എവിടെനിന്നു ലഭിക്കുമെന്ന പരിസ്ഥിതി വാദികളുടെ ചോദ്യം ആത്മാർഥമാണെങ്കിൽ, നിയമവിധേയമായി സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ഖനനം ചെയ്‌ത്‌ എടുക്കാനാകുമെന്നാണ്‌ ഉത്തരം. ഇത്‌ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ നിർമാണ പ്രവൃത്തികൾക്കും ബാധകമായിരിക്കെ കെ–-റെയിലിന്റെ കാര്യത്തിൽ മാത്രം തടസ്സമായി ഉന്നയിക്കുന്നത്‌ ബാലിശമാണ്‌. കെ–-റെയിൽ ആദായകരമാകില്ലെന്നാണ്‌ മറ്റൊരു ആശങ്ക. കേരളത്തിൽ രാപ്പകൽ ഓടുന്ന ദീർഘ–- ഹൃസ്വദൂര ട്രെയിനുകളിലെ പൂരത്തിരക്ക്‌ യാത്ര ചെയ്യുന്നവർക്കെല്ലാം ബോധ്യമുള്ളതാണ്‌. റോഡിലാകട്ടെ, ദിനംപ്രതി 150 കിലോമീറ്ററിലധികം യാത്ര ചെയ്യുന്ന ഒന്നരലക്ഷത്തിലധികം പേരുണ്ട്‌. സമയവും ചെലവും മൂന്നിലൊന്നിൽ താഴെമാത്രം വരുന്ന സിൽവർലൈനിലേക്ക്‌ യാത്രക്കാർ വൻതോതിൽ മാറുമെന്ന കാര്യത്തിൽ സംശയംവേണ്ട. കെ–-റെയിലും നിലവിലുള്ള ഗതാഗത ശൃംഖലകളും അനുബന്ധമേഖലകളുമെല്ലാം പരസ്‌പരപൂരകമായി വികസിക്കുമെന്ന്‌ സാരം. ടൂറിസം, ചരക്കുനീക്കം, വാണിജ്യം തുടങ്ങി സർവതല സ്‌പർശിയായ വികസനത്തിന്റെ പാതയാണ്‌ കെ–-റെയിൽ. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള വേഗറെയിലിന്റെ സൗഭാഗ്യങ്ങൾ തുറന്നുപറയുന്ന മാധ്യമങ്ങൾ തന്നെ, കേരളത്തെ പിന്നോട്ടു വലിക്കുന്നതിലെ ഇരട്ടത്താപ്പ്‌ തിരിച്ചറിയണം. നാടിനെ മുന്നോട്ടു നയിക്കാൻ, ജനജീവിതം മെച്ചപ്പെടുത്താൻ ഒരുമിച്ചു നിൽക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top