മലയാളിക്കുമുന്നിൽ ജനകീയതയുടെയും സത്യസന്ധതയുടെയും ആർജവത്തിന്റെയും മാധ്യമ അനുഭവം തുറന്നിട്ട ദേശാഭിമാനിയുടെ പത്താമത് എഡിഷൻ ഇന്ന് കൊല്ലത്ത് യാഥാർഥ്യമാകുകയാണ്. എണ്ണമറ്റ അവകാശപ്രക്ഷോഭങ്ങളുടെ തീയിൽ ഉരുകിത്തെളിഞ്ഞ കൊല്ലത്തിന്റെ മണ്ണിൽ ദേശാഭിമാനി എഡിഷൻ ആരംഭിക്കുന്നുവെന്നത് അഭിമാനകരമാണ്. കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളുടെയും അടിച്ചമർത്തപ്പെട്ടവന്റെ അവകാശപ്പോരാട്ടങ്ങളുടെയും ദീപ്തമായ ചരിത്രം തുടിക്കുന്ന മണ്ണാണ് കൊല്ലത്തിന്റേത്. പട്ടികജാതി സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് സാമുദായിക അസമത്വത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്താണ്. മാന്യമായി വസ്ത്രം ധരിക്കാനും ആഭരണം അണിയാനുമുള്ള അവകാശത്തിനുവേണ്ടി ദളിതർ നടത്തിയ പ്രക്ഷോഭം മുതൽ ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ കമ്യൂണിസ്റ്റ‌് പ്രസ്ഥാനങ്ങളുടെ കൊടിക്കീഴിൽ കടയ്ക്കലും ശൂരനാട്ടും കർഷകർ നടത്തിയ ധീരോദാത്ത പോരാട്ടങ്ങൾക്കും, അർഹമായ ആനുകൂല്യങ്ങൾക്കും തൊഴിലിനുമായി കശുവണ്ടിത്തൊഴിലാളികളും സർക്കാർ ജീവനക്കാരും നടത്തിയ മാസങ്ങൾ നീണ്ട ശക്തമായ സമരങ്ങൾക്കും സാക്ഷ്യംവഹിച്ച നാടാണ് കൊല്ലം.
കേരളത്തിൽ ആദ്യമായി അച്ചടി നടന്നത് കൊല്ലത്താണെന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. കൊല്ലത്തിന്റെ പത്രപ്രവർത്തന പാരമ്പര്യത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനകേന്ദ്രംകൂടിയായ കൊല്ലം ജില്ലയിൽ പരവൂർ കായലിനോട് ചേർന്ന് ധവളക്കുഴിയിലാണ് ദേശാഭിമാനിയുടെ എഡിഷൻ ആരംഭിക്കുന്നത്. പ്രതികൂലസാഹചര്യങ്ങളെയും ഭരണകൂട അടിച്ചമർത്തലുകളെയും ധീരമായി അതിജീവിച്ച് മലയാളിയുടെ വിശ്വാസ്യത നേടിയ പത്രമാണ് ദേശാഭിമാനി. ഏറ്റവും പ്രചാരമുള്ള മൂന്ന‌് മലയാളപത്രങ്ങളിൽ ഒന്നായി ദേശാഭിമാനി വളർന്നത് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ്. ഇന്ന്, മറ്റേതു പത്രത്തേക്കാളും മലയാളിയുടെ സ്വീകാര്യത നേടാൻ ദേശാഭിമാനിക്ക് കഴിയുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും എതിർചേരിയിൽ നിൽക്കുമ്പോഴും തൊഴിലാളിവർഗ പ്രസ്ഥാനത്തിനെതിരെ പടയൊരുക്കം നടത്തുമ്പോഴും ശരിയായ രാഷ്ട്രീയവും വാർത്തകളിലെ സത്യസന്ധതയും ഉയർത്തിപ്പിടിക്കുന്ന ദേശാഭിമാനിയെ കേരളജനത വിശ്വാസത്തിലെടുക്കുന്നു.
"പ്രഭാത’ത്തിന്റെ പിൻഗാമിയായി 1942ൽ വാരികയായി കോഴിക്കോട്ടുനിന്ന‌് പ്രസിദ്ധീകരണം ആരംഭിച്ച ദേശാഭിമാനി തൊഴിലാളിവർഗരാഷ്ട്രീയം വെല്ലുവിളി നേരിട്ടപ്പോഴൊക്കെ രാഷ്ട്രീയപ്രബുദ്ധതയോടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും അക്ഷരങ്ങളും വിന്യാസങ്ങളുമായി നിലകൊണ്ടു. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതാണ് ഞങ്ങളുടെ മാധ്യമപ്രവർത്തനം. രാഷ്ട്രീയമായി ഭിന്നതയുണ്ടെങ്കിൽപോലും വാർത്തകളോടും സത്യത്തോടും ഞങ്ങൾ മുഖംതിരിഞ്ഞുനിൽക്കാറില്ല. തിരുനെല്ലിക്കാട്ടിൽ നക്സൽ വർഗീസിനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന‌് ആദ്യം പറഞ്ഞത് ദേശാഭിമാനിയാണ്. അടിയന്തരാവസ്ഥയിലെ ഭരണകൂടഭീകരത ലോകത്തിനുമുന്നിൽ കൊണ്ടുവന്നതും ദേശാഭിമാനിതന്നെ. വാർത്ത വസ്തുതയായിരിക്കണമെന്നും അഭിപ്രായപ്രകടനം സ്വതന്ത്രമാകണമെന്നുമുള്ള അടിസ്ഥാന നിലപാട് പിന്തുടരാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങൾക്ക് ഒരു പക്ഷമുണ്ട് എന്ന് തുറന്നു പറയുന്നു. ആ പക്ഷം ഈ നാടിന്റെ പക്ഷമാണ്; ജനങ്ങളുടെ പക്ഷമാണ്; ചൂഷണംചെയ്യപ്പെടുന്നവന്റെ പക്ഷമാണ്.
ആഗോളവൽക്കരണ നയങ്ങൾ ജീവിതം തകർത്തെറിഞ്ഞ കർഷകർക്കും തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കുമൊപ്പമാണ് പത്രം. മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുന്നിടത്തും മാനവികത ആക്രമിക്കപ്പെടുന്നിടത്തും വർഗീയത വിളയാടുന്നിടത്തും പ്രതിരോധം തീർക്കാൻ ഈ പത്രമുണ്ട്. ലോകത്തെമ്പാടും ശക്തിപ്പെടുന്ന സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങൾക്ക് ഈ പത്രത്തിൽ ഇടമുണ്ട്. മറ്റു പത്രങ്ങൾ തമസ്കരിക്കുന്ന കർഷകന്റെയും തൊഴിലാളിയുടെയും ദുരിതജീവിതവും അതിജീവന പോരാട്ടങ്ങളും ദേശാഭിമാനിയിൽ വാർത്തയാണ്. എല്ലാ വായനക്കാർക്കും സ്വീകാര്യമായ പൊതുപത്രമായി വികസിപ്പിക്കുന്നതിനുകൂടിയാണ് പിന്നിട്ട വർഷങ്ങളിൽ ശ്രമിച്ചത്. വ്യത്യസ്ത മേഖലകളിലെ വിവരങ്ങൾ ഉൾപ്പെടുത്തി മികച്ച സപ്ലിമെന്റുകളും പ്രസിദ്ധീകരിക്കുന്നു. ഏഷ്യാ ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ പ്രശ്നോത്തരിയായ "അക്ഷരമുറ്റം' പുതുതലമുറയ്ക്കുള്ള ദേശാഭിമാനിയുടെ സംഭാവനയാണ്. വിദ്യാഭ്യാസം, കല, കായികം, ശാസ്ത്രം എന്നിങ്ങനെ എല്ലാ മേഖലകളിലെ വാർത്തകളും വിശകലനങ്ങളും നൽകാൻ ശ്രമിക്കുന്നു. മാധ്യമരംഗത്തെ ആധുനിക സാങ്കേതികവൈദഗ‌്ധ്യം സ്വായത്തമാക്കുന്നതിനായി നടത്തിയ നീക്കങ്ങളും ചരിത്രത്തിന്റെ ഭാഗം. ആദ്യമായി റോട്ടറി പ്രസിൽ അച്ചടിച്ചതിലും ഡിടിപി സമ്പ്രദായം കൊണ്ടുവന്നതിലും ഇതര മാധ്യമങ്ങളുടെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട് ദേശാഭിമാനി. വായന ദൃശ്യാനുഭവംകൂടിയായി മാറുന്ന കാലത്ത് രൂപകൽപ്പനയിലും ആകർഷകമായ മാറ്റം വരുത്തി.
വർഗീയശക്തികൾ ഭരണകൂട ഉപകരണങ്ങളെയും ഭരണഘടനയെയുംവരെ തകർത്തെറിയാൻ ശ്രമിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഭരണകൂടത്തിന്റെ സമ്മതനിർമാണ പ്രക്രിയയുടെ ഉപകരണമായ മാധ്യമങ്ങളിൽ പലതും പണത്തിനായി എന്തും ചെയ്യുമെന്നതും ഇന്ത്യയുടെ സമീപകാല അനുഭവമാണ്. സ്വന്തം അഭിപ്രായം നിർഭയം പറയുന്നവരിൽ പലരും കൊല്ലപ്പെടുന്നു. ഈ സന്ദർഭത്തിൽ വർഗീയതയ‌്ക്ക് എതിരായ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം കോർപറേറ്റ് മൂലധനത്തിന്റെ കടന്നാക്രമണങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ട്. രാജ്യത്തെ വർഗീയതയുടെ പിടിയിൽനിന്ന് മോചിപ്പിച്ച‌് മത നിരപേക്ഷതയുടെ പതാക ഉയർത്തേണ്ടതുണ്ട്.
പരിമിതികളെയും ഇടങ്കോലിടലുകളെയും മറികടന്ന‌് ബദൽനയങ്ങൾ നടപ്പാക്കി, മഹാഭൂരിപക്ഷംവരുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ശ്രമിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യത്തിനാകെ മാതൃകയായി നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ പ്രതിലോമശക്തികൾ തീർക്കുന്ന പ്രചാരണങ്ങളിൽ മാധ്യമങ്ങളുടെ പങ്കാളിത്തം ചെറുതല്ല. കേരള മാതൃകയെ സംരക്ഷിക്കാനും പിന്തിരിപ്പൻ ശക്തികളുടെ അജൻഡ ജനങ്ങളോട് പറയാനും ദേശാഭിമാനിയുടെ പ്രചാരണം വർധിക്കേണ്ട കാലത്താണ് കൊല്ലം എഡിഷൻ ഉദ്ഘാടനംചെയ്യപ്പെടുന്നത്. ഇതിന്റെ സാക്ഷാൽക്കാരത്തിനായി വിശ്രമരഹിതമായി പ്രവർത്തിച്ച കൊല്ലം ജില്ലയിലെ പാർടിയെയും ബഹുജനങ്ങളെയും ഞങ്ങൾ നന്ദിപൂർവം സ്മരിക്കുന്നു. ഈ ജില്ലയിലെ ജനതയുടെ നാവായി ദേശാഭിമാനി ഉണ്ടാകും. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യർഥിക്കുന്നു. വായനയുടെ ജനപക്ഷമുഖം നിങ്ങൾക്കായി സമർപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..