01 October Sunday

കേരളപ്പിറവിയിലെ ഇരട്ടപ്പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Nov 1, 2018

പിറവിയുടെ അറുപത്തിരണ്ട്‌ വർഷം പിന്നിടുന്ന വേളയിൽ പുനർനിർമിതിയുടെ ഇരട്ടവെല്ലുവിളിയെയാണ്‌ കേരളം നേരിടുന്നത്‌. ഒരു വശത്ത്‌ പ്രളയം തകർത്തെറിഞ്ഞ കേരളത്തെ മാറ്റിപ്പണിയുക എന്ന വൻദൗത്യം. മറുവശത്ത്‌ നൂറ്റാണ്ട‌് പിന്നിലേക്ക്‌ കേരളത്തെ പിൻനയിക്കാൻ ഒരുമ്പെടുന്നവരെ പിടിച്ചുകെട്ടുക എന്ന നവോത്ഥാന കടമ.

സമാനതകളില്ലാത്തതായിരുന്നു പ്രളയക്കെടുതി. എല്ലാ മേഖലയും തകർന്നു. സാമ്പത്തിക നഷ്ടം ഇനിയും പൂർണമായി തിട്ടപ്പെടുത്താനായിട്ടില്ല. ജീവിതവും സ്വപ്‌നങ്ങളും തകർന്ന ഒരു ജനത എല്ലാം തിരികെപിടിക്കാനുള്ള ശ്രമത്തിലാണ്‌. മറ്റെല്ലാ പരിഗണനകളും മാറ്റിവച്ച്‌ സംസ്ഥാന സർക്കാർ  ഒപ്പമുണ്ട്‌. പുനർനിർമാണത്തിന്‌ ഈ പിന്തുണമാത്രം പോരാ. പണം കൂടിയേ തീരൂ. സർക്കാർ എല്ലാ വഴിയും തിരയുന്നു. സ്വാഭാവികമായും സഹായം പ്രതീക്ഷിക്കുക കേന്ദ്രസർക്കാരിൽനിന്നാണ്‌. ഇപ്പോഴും കാര്യമായ തുക കേന്ദ്രത്തിൽനിന്ന്‌ ലഭിച്ചിട്ടില്ല. സർക്കാർ സഹായങ്ങൾ കൊണ്ടുമാത്രം സാധിക്കുന്നതല്ല പുനർനിർമാണം. അതുകൊണ്ടുതന്നെ തുറക്കാനിടയുള്ള വാതിലുകളെല്ലാം മുട്ടുക എന്ന സമീപനം സർക്കാർ സ്വീകരിച്ചു. എന്നാൽ, ആ വഴിക്കുള്ള നീക്കങ്ങൾക്കും തടസ്സങ്ങൾ വലിച്ചിടുകയായിരുന്നു തുടക്കംമുതൽ കേന്ദ്രസർക്കാർ. യുഎഇ സർക്കാർ കേരളത്തോട്‌ പ്രത്യേക പരിഗണനയിൽ അനുവദിച്ച ധനസഹായം കൈപ്പറ്റുന്നതിൽനിന്ന്‌ സംസ്ഥാനത്തെ വിലക്കി.

അതുകൊണ്ടും അവസാനിച്ചിട്ടില്ല ചിറ്റമ്മനയം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തെ സന്ദർശിച്ച്‌ ധനസഹായം തേടാൻ സമഗ്രമായ പദ്ധതി തന്നെ തയ്യാറാക്കിയിരുന്നു. അതും തടസ്സപ്പെടുത്തി. മുഖ്യമന്ത്രി ഒഴികെയുള്ളവരുടെ യാത്ര തടഞ്ഞു. എന്നിട്ടും കേരളം പൊരുതിനിൽക്കുകയാണ്‌. നേരിട്ടു കാണാനാകാത്തവരെ വീഡിയോ കോൺഫറൻസ്‌ വഴികണ്ട്‌ മുഖ്യമന്ത്രിയും മന്ത്രിമാരും സഹായം തേടുന്നു. മറുനാടൻ മലയാളിസംഘടനകളുടെയും പിന്തുണ ലഭിക്കുന്നു. യുഎഇയിൽനിന്ന്‌ നേരത്തെ വാഗ്‌ദാനം ചെയ്യപ്പെട്ടതിലേറെ  തുക കിട്ടാനുള്ള സാധ്യതയും തെളിയുന്നു.

പുനർനിർമാണത്തിന്‌ വിദഗ്‌ധരുടെ ഉപദേശകസമിതി രൂപീകരിച്ച്‌ ആ ദിശയിലുള്ള പ്രവർത്തനവും മുന്നോട്ടുനീക്കുന്നു. മുഖ്യമന്ത്രി വ്യക്തമാക്കിയപോലെ പ്രളയത്തിൽ തകർന്നവരല്ല അതിജീവിച്ച്‌ കുതിക്കുന്നവരാണ്‌ കേരളം എന്ന്‌ നമ്മൾ തെളിയിക്കുകയാണ്‌.

പ്രളയത്തിന്റെ ഈ മഹാകെടുതിയിൽനിന്ന്‌ കരകയറുന്നതിനിടയിലാണ്‌ നൂറ്റാണ്ടു പിന്നിലേക്ക്‌ സംസ്ഥാനത്തെ കൊണ്ടുപോകാൻ സംഘപരിവാർ ശക്തികളും മറ്റ്‌ പ്രതിലോമ ശക്തികളും ശ്രമം തുടങ്ങിയിരിക്കുന്നത്‌. കോൺഗ്രസാകട്ടെ ഇവരുടെ പിൻപാട്ടുകാരായും നിൽക്കുന്നു. കേരളം നവോത്ഥാനത്തിന്റെ ചുവടുകൾ മുന്നോട്ടുവച്ചത്‌ ആരുടെയും ഔദാര്യത്തിലായിരുന്നില്ല; പോരാട്ടത്തിലൂടെയായിരുന്നു. എല്ലാ അനാചാരങ്ങൾക്കെതിരെയും ഇവിടെ സമരമുഖങ്ങൾ തുറന്നിരുന്നു. സാമൂഹ്യപരിഷ്‌കർത്താക്കൾ പലരും ഈ സമരങ്ങളിലൂടെ ജനനേതാക്കളായി വളർന്നു. അങ്ങനെയാണ്‌ ഒരിക്കൽ ഭ്രാന്താലയം എന്ന്‌ സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളം 1957ൽ ഒരു കമ്യൂണിസ്റ്റ‌് സർക്കാരിനെ അധികാരത്തിലേറ്റിയ പുരോഗമനകേരളമായി മാറിയത്‌.

ജനപക്ഷത്തെ പോരാട്ടത്തിൽ സാമൂഹ്യപരിഷ്‌കർത്താക്കൾക്കൊപ്പമാണ്‌ സംസ്ഥാന ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിന്റെയും ആദ്യപഥികർ  നിന്നത്‌. ജനഹൃദയങ്ങളിൽ അവർ മുന്നേറിയതും ഇത്തരം പോരാട്ടങ്ങളിലൂടെയാണ്‌. അങ്ങനെ ഉഴുതുമറിച്ച്‌ പാകപ്പെടുത്തിയ കേരളമണ്ണാണ്‌ പിന്നീട്‌ ഏറ്റവും പുരോഗമനാത്മകമായ ചിന്തകൾക്ക്‌ വിത്തിട്ടത്.

അവർണരുടെ ക്ഷേത്രപ്രവേശനമെന്ന ഒറ്റ പോരാട്ടചരിത്രം നോക്കിയൽ അന്നത്തെ സമരനിരയുടെ ഘടന വ്യക്തമാകും. വൈക്കം സത്യഗ്രഹത്തിനുശേഷം തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന പ്രക്ഷോഭം  ശക്തിപ്പെട്ടപ്പോൾ ഒരു ഭാഗത്ത്‌ അണിനിരന്നത്‌ ഇന്നത്തെ ബിജെപിയുടെ ആദിമുഖങ്ങളായ കടുത്ത യാഥാസ്ഥിതികരും പൗരോഹിത്യത്തിന്റെ പ്രതിനിധികളുമായിരുന്നു. ഇന്നത്തെ താഴമൺ തന്ത്രിക്കുപകരം അന്ന‌് പുന്നശേരി തന്ത്രിയെപ്പോലെയുള്ളവർ ക്ഷേത്രപ്രവേശനത്തിനെതിരെ നിന്നു. ബ്രാഹ്മണരിലെ തീവ്രവാദികളും അവർക്കൊപ്പം നിന്നു. എന്നാൽ, മറുഭാഗത്ത്‌ അണിനിരന്നവർ പിന്നീട്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെയും നേതാക്കളായി മാറിയവരായിരുന്നു. എൻഎസ്‌എസിന്റെയും എസ്‌എൻഡിപിയുടെയും നേതാക്കളും അവർക്കൊപ്പമായിരുന്നു. അവർണന്റെ ക്ഷേത്രപ്രവേശനം തടയാൻ  ക്ഷേത്രാചാരത്തിന്റെയും ആഗമശാസ്‌ത്രത്തിന്റെയും സ്‌മൃതികളുടെയും കൂട്ടുപിടിച്ച്‌ ഉയർത്തിയ വാദങ്ങളെ അരിഞ്ഞുതള്ളിയാണ്‌ അവർ നാടിന്റെ ജനാഭിപ്രായം രൂപപ്പെടുത്തിയത്‌.

ഇന്ന്‌ ശബരിമലയിലെ സ്‌ത്രീപ്രവേശനത്തിനെതിരെ ഉയരുന്ന  എല്ലാ എതിർപ്പുകളും അന്നും ഉയർന്നിരുന്നു. പക്ഷേ അന്നത്തെ ഉൽപതിഷ്‌ണുക്കൾക്ക്‌  സംശയമേ ഉണ്ടായിരുന്നില്ല. മനുഷ്യാവകാശങ്ങൾ ആചാരങ്ങൾക്ക്‌ മുകളിലാണ്‌ എന്നതിൽ അവർക്ക്‌ തർക്കമില്ലായിരുന്നു. അവർണർ കയറിയാൽ ചൈതന്യം കെട്ടുപോകുന്ന വിഗ്രഹങ്ങളെപ്പറ്റി ഒക്കെത്തന്നെയായിരുന്നു മറുവിഭാഗത്തിന്റെ  വാദങ്ങൾ. കാലപ്രയാണത്തിൽ ആചാരങ്ങൾ അപ്രസക്തമാകുന്ന സാമൂഹ്യശാസ്‌ത്രം പഠിപ്പിച്ച്‌ അന്നത്തെ പുരോഗമനവാദികൾ അവയെ നേരിട്ടു. എന്നാൽ, ഇന്ന്‌ ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിക്കുന്നതിന്‌ സുപ്രീംകോടതി തീരുമാനിച്ചപ്പോൾ അതിനെതിരെയുള്ള പടനിരയിൽ അണിനിരക്കാൻ കേരളത്തിലെ കോൺഗ്രസും മടിക്കുന്നില്ല.

ബിജെപിയുടെയും ആർഎസ്‌എസിന്റെയും നിലപാട്‌ മനസ്സിലാക്കാം. ഏതുകാലത്തും പൗരോഹിത്യത്തിന്റെയും രാജാധികാരത്തിന്റെയും ബ്രിട്ടീഷ്‌ ഭരണത്തിന്റെപോലും സ്‌തുതിപാഠകരായി നിന്നവരാണ്‌ അവരുടെ മുൻഗാമികൾ. കോൺഗ്രസിന്റെ പാരമ്പര്യം അതല്ലല്ലോ. പക്ഷേ  രമേശ്‌ ചെന്നിത്തലയെയും കെ സുധാകരനെയുംപോലുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രസ്ഥാനത്തെ പിന്നോട്ടുകൊണ്ടുപോയി പഴയ പൗരോഹിത്യ ‐ രാജാധികാരവാഴ്‌ചയുടെ വക്താക്കൾക്കൊപ്പം നിർത്തുകയാണ്‌.

കേരളം വല്ലാതെ  പൊരുതേണ്ട നാളുകളാണിത്‌. പ്രളയക്കെടുതിക്കെതിരെ എല്ലാ തടസ്സങ്ങളും തട്ടിത്തെറിപ്പിച്ച്‌ മുന്നേറുന്നതുപോലെ കോൺഗ്രസിന്റെ ഒത്താശയോടെ ആർഎസ്‌എസും ബിജെപിയും നാട്ടിലാകെ പാകിപ്പോകുന്ന വിഭാഗീയതയുടെ കുഴിബോംബുകളും നമുക്ക്‌ നീക്കണം. രണ്ടും ജാഗ്രതയോടെ ചെയ്യേണ്ട കടമകൾ. വിജയകരമായിത്തന്നെ രണ്ടും പൂർത്തീകരിക്കാം എന്ന്‌ ഈ കേരളപ്പിറവിയിൽ നമുക്ക്‌ ഉറപ്പിക്കണം.  പ്രളയം ഒന്നിച്ചുനിർത്തിയ ജനതയെ വർഗീയതയുടെ വിഷം വിതറി ഭിന്നിപ്പിക്കാനുള്ള നീക്കം ചെറുക്കുക എന്നതുകൂടി സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top