26 September Tuesday

കേരളത്തിനെതിരെ 
ഹീനയുദ്ധം

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2023


നുണകൾ പറഞ്ഞുപറഞ്ഞ് വിശ്വസിപ്പിച്ചാണ് ഫാസിസം എന്നും എവിടെയും ആധിപത്യം നേടിയിട്ടുള്ളത്. യൂറോപ്പിൽ രൂപപ്പെട്ട ക്ലാസിക്കൽ ഫാസിസത്തിന്റെ കാലംമുതൽ ഈ രീതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്നതാണ്. യൂറോപ്പിൽ ഒരുനൂറ്റാണ്ട് മുമ്പ് ഇറ്റലിയിലും പിന്നീട് ജർമനിയിലും മറ്റും പല ഭാവത്തിൽ ഫാസിസ്റ്റ് സ്വേച്ഛാധിപതികൾ രാഷ്‌ട്രീയാധികാരത്തിൽ എത്തിയിട്ടുണ്ട്‌. പക്ഷേ, അവരെ നയിച്ച ആശയങ്ങൾക്ക്‌ ആ രാജ്യങ്ങളിൽ സാംസ്‌കാരിക ആധിപത്യം സ്ഥാപിക്കാനായില്ല. എന്നാൽ, അതല്ല ഇന്ത്യയുടെ കഥ. ഇവിടെ വർഗീയ ഫാസിസ്റ്റുകൾ രാഷ്‌ട്രീയാധികാരത്തിൽ എത്താൻ വൈകിയെങ്കിലും ജാതിമേൽക്കോയ്‌മയിൽ അധിഷ്ഠിതമായ അവരുടെ മതരാഷ്‌ട്ര ആശയത്തിന്‌ സ്വാതന്ത്ര്യസമരത്തിന്റെ അവസാനകാലം മുതലെങ്കിലും സാംസ്‌കാരികമണ്ഡലത്തിൽ സ്വാധീനമുണ്ട്‌. രാജ്യത്തിന്റെ വിഭജനത്തിനുപോലും ഒരു കാരണമായ ആ ആശയത്തിന്‌ കാര്യമായ സ്വാധീനം ഇല്ലാതിരുന്നത്‌ തെക്കേ ഇന്ത്യയിൽ, വിശേഷിച്ച്‌ കേരളത്തിലാണ്‌. അതാണ്‌ കേരളത്തെ ശത്രുസ്ഥാനത്ത്‌ നിർത്തിയുള്ള സംഘപരിവാർ വിഷപ്രയോഗത്തിന്റെ പ്രധാന കാരണം.

ഈ ആക്രമണങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ്‌ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി സംവിധായകൻ സുദീപ്‌തോ സെൻ തയ്യാറാക്കിയിട്ടുള്ള സിനിമ ‘ദ കേരള സ്‌റ്റോറി’. കേൾക്കുമ്പോൾത്തന്നെ ആർക്കും അസംബന്ധമെന്ന്‌ ബോധ്യപ്പെടുന്ന ചില ‘വിവരങ്ങൾ’ ആണ്‌ സംവിധായകൻ ഈ ചിത്രത്തിലൂടെ പറയുന്നതെന്ന്‌ ഇതിനകം വ്യക്തമായിട്ടുണ്ട്‌. കേരളം ഇസ്ലാമിക തീവ്രവാദികളുടെ കേന്ദ്രമാണെന്നാണ്‌ സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌. ഇവിടെനിന്ന്‌ 32,000 യുവതികളെ ഇസ്ലാമിക തീവ്രവാദികൾ മതംമാറ്റി സിറിയ, യമൻ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കടത്തി എന്നായിരുന്നു മാസങ്ങളായി പ്രചരിക്കുന്ന ദൃശ്യഭാഗങ്ങളിലൊന്നിൽ പറഞ്ഞത്‌. പരാതികൾ ഉയരുകയും കേന്ദ്ര ഫിലിം സെൻസർ ബോർഡ്‌ ഇടപെടാൻ നിർബന്ധിതമാകുകയും ചെയ്‌തപ്പോൾ യുവതികളുടെ എണ്ണം വെറും മൂന്നാക്കി വെട്ടിക്കുറച്ചെങ്കിലും പച്ചക്കള്ളമടങ്ങുന്ന ട്രെയിലർ വീഡിയോ ഇപ്പോഴും പ്രചാരത്തിലുണ്ട്‌. നിർമാതാവ്‌ യുട്യൂബിലിട്ട ഔദ്യോഗിക ട്രെയിലർ ദിവസങ്ങൾക്കകം ഒന്നേമുക്കാൽ കോടിയാളുകളാണ്‌ കണ്ടത്‌. എന്നാൽ, മാസങ്ങളായി അനൗദ്യോഗികമായി സംഘപരിവാർ പ്രവർത്തകരും അണികളും വാട്‌സാപ്പിലൂടെ കുടുംബ, പ്രാദേശിക ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുന്ന വീഡിയോ എത്രയോ കോടിക്കണക്കിന്‌ ആളുകൾ കണ്ടിട്ടുണ്ടാകും.

വെള്ളിയാഴ്‌ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ സെൻസർ ബോർഡിന്റെ ആവശ്യമനുസരിച്ച്‌ പത്ത്‌ മാറ്റം വരുത്തിയിട്ടുണ്ട്‌. തീവ്രവാദികൾക്ക്‌ പാകിസ്ഥാൻവഴി അമേരിക്ക സാമ്പത്തിക സഹായം നൽകുന്നുവെന്ന സംഭാഷണമടക്കം ചിലത്‌ ഒഴിവാക്കിയിട്ടുണ്ട്‌. സിനിമയിലെ മലയാള ഗാനത്തിനടക്കം സബ്‌ടൈറ്റിലുകൾ ഉൾപ്പെടുത്തിയതാണ്‌ മറ്റൊരു പ്രധാന മാറ്റം. പ്രത്യക്ഷത്തിൽ മുസ്ലിംവിരുദ്ധ സിനിമയെന്ന്‌ തോന്നുമെങ്കിലും മലയാളികളോട്‌ പൊതുവിലും കമ്യൂണിസ്റ്റുകാരോട്‌ വിശേഷിച്ചും മറ്റുള്ളവരിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌ ചലച്ചിത്രകലയെന്ന ഭാവത്തിലുള്ള ഈ വികൃതസൃഷ്ടി. രാഷ്‌ട്രീയനേട്ടത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാറിന്റെ കള്ളക്കഥകൾ പ്രചരിപ്പിക്കാൻ കഴിഞ്ഞവർഷം മാർച്ചിൽ ഇറങ്ങിയ കശ്‌മീർ ഫയൽസിന്റെ ചുവടുപിടിച്ചുള്ളതാണ്‌ ഇത്‌. കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയും സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യുന്ന ‘നിഷ്‌പക്ഷ’ മാധ്യമങ്ങളുടെ സഹായത്തോടെയും ശതകോടിക്കണക്കിന്‌ രൂപയാണ്‌ കശ്‌മീർ ഫയൽസ്‌ വാരിക്കൂട്ടിയത്‌.

പൊതു തെരഞ്ഞെടുപ്പിന്‌ ഒരുവർഷംമാത്രം അവശേഷിക്കെ കൃത്യമായ രാഷ്‌ട്രീയ താൽപ്പര്യത്തോടെയാണ്‌ ഇപ്പോൾ കേരള സ്‌റ്റോറി ഇറക്കുന്നത്‌. മലയാളികൾക്കാകെ അനുഭവത്തിലൂടെ ബോധ്യപ്പെടുന്ന കേരളത്തിന്റെ മഹിമയെ ഇകഴ്ത്തുകയും കേരളത്തിനെതിരെ രാജ്യത്തിന്റെ മറ്റിടങ്ങളിൽ തെറ്റിദ്ധാരണയും വെറുപ്പും ഉണ്ടാക്കുകയുമാണ് ലക്ഷ്യം. ബിജെപിക്ക്‌ പാർലമെന്റിലേക്ക്‌ ഇതുവരെ ഒരാളെപ്പോലും നൽകിയിട്ടില്ലാത്ത സംസ്ഥാനമാണ്‌ കേരളം. ബിജെപിക്കെതിരെ ദേശീയതലത്തിൽ വളരുന്ന യോജിപ്പിന്റെ മുൻനിരയിൽ കേരളവും ഇടതുപക്ഷവും ഉണ്ടാകും. ഈ സാഹചര്യത്തിൽ കേരളത്തിനെതിരെ മറ്റിടങ്ങളിൽ വിരോധമുണ്ടാക്കുന്ന സംഘപരിവാറിന്റെ ദേശദ്രോഹ അജൻഡയുടെ ഭാഗമാണിത്‌. സിനിമയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ അടിയന്തരമായി കേരള ഹൈക്കോടതി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചിരിക്കുകയാണ്‌. കോടതി എന്ത്‌ തീരുമാനിച്ചാലും ഒരു കാര്യം വ്യക്തമാണ്‌. ഈ ചിത്രത്തിന്റേതടക്കം ഒരു ആശയത്തെയും കോടതികൾക്കോ സർക്കാരുകൾക്കോ തടയാനാകില്ല. വിഭജനങ്ങൾക്കെതിരെ ജനങ്ങളുടെ ജാഗ്രതയാണ്‌ ഇത്തരം സിനിമകൾ പ്രചരിപ്പിക്കുന്ന ആശയങ്ങളെ നേരിടാനുള്ള മാർഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top