01 October Sunday

നിയമനം: വീണ്ടും പൊളിയുന്ന നുണവ്യാപാരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021


തൊഴിലില്ലായ്മ ഇന്ത്യൻ യാഥാർഥ്യമാണ്. തൊഴിൽ ഇല്ലാതാക്കൽ നയമായി സ്വീകരിച്ച ഒരു കേന്ദ്ര സർക്കാർ ഭരണത്തിലുള്ളതിനാൽ പ്രശ്നം ദിനംപ്രതി രൂക്ഷമാകുന്നു. കേരളത്തിലാകട്ടെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും കൂടുതലായുണ്ട്. മുഖ്യ തൊഴിൽ ദാതാവ് എന്ന നിലയിൽ സർക്കാരിന് ഈ വിഷയത്തെ നേരിട്ടേ മതിയാകൂ. സർക്കാർ നിയമനങ്ങൾ ഭൂരിപക്ഷവും പബ്ലിക് സർവീസ് കമീഷൻ വഴിയാണ്. ഭരണഘടനപ്രകാരം നിലവിൽ വന്ന പിഎസ്‌സിക്ക് അതിന്‌ കൃത്യമായ നടപടിക്രമമുണ്ട്.

കേരളത്തിൽ മുൻകാലങ്ങളിൽ യുഡിഎഫ് ഭരണഘട്ടങ്ങളിൽ നിയമന നിരോധനം ഉണ്ടായിട്ടുണ്ട്. നിയമനങ്ങൾക്ക് വിലക്കിടുന്ന അത്തരമൊരു സമീപനം കഴിഞ്ഞ അഞ്ചുവർഷവും എൽഡിഎഫ് സർക്കാർ സ്വീകരിച്ചില്ല. വലിയതോതിൽ നിയമനം നടന്ന കാലമാണ് പിന്നിട്ടതെന്ന്‌ കണക്കും വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാരും പൊതുമേഖല, ഗ്രാന്റ് ഇൻ എയ്‌ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുമായി ആകെ 1.60 ലക്ഷം നിയമനം ആ കാലത്ത് നടന്നു. സർവകാല റെക്കോഡാണ് ഇത്.

എങ്കിലും പിഎസ്‌സി നിയമനങ്ങളെച്ചൊല്ലിയുള്ള കോലാഹലം കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിൽ ശക്തമായി. മുമ്പിലുള്ള എല്ലാ കണക്കുകൾക്കുനേരെയും കണ്ണടച്ച് പ്രതിപക്ഷം സമരം നടത്തി. റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടെങ്കിലും ജോലി കിട്ടാത്തവർ എക്കാലത്തും ഉണ്ടാകുമല്ലോ. അവരെയും തെറ്റിദ്ധരിപ്പിച്ച്‌ പ്രക്ഷോഭത്തിനിറക്കി. വലിയ മാധ്യമപിന്തുണ കിട്ടിയിട്ടും ജനങ്ങൾ ആ ബഹളം അവഗണിച്ചു. അത്രയേറെ തെളിമയോടെ യാഥാർഥ്യം അവരുടെ മുന്നിലുണ്ടായിരുന്നു.

കോവിഡ് പ്രതിസന്ധി സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ വരിഞ്ഞുമുറുക്കുകയാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അപകടകരമാകുന്നു. പക്ഷേ, ഈ കോവിഡ്കാലത്തുപോലും സർക്കാർ ഏറെ ശ്രദ്ധിച്ച കാര്യം തൊഴിലില്ലായ്മ പരിഹരിക്കലാണ്. പിഎസ്‌സി നിയമനങ്ങൾ തടസ്സമില്ലാതെ നടന്നു. എങ്കിലും കുറെപ്പേരെക്കൂടി നിയമിക്കാൻ അവസരമൊരുക്കാനായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. ആ നീട്ടിയ കാലാവധിയും ആഗസ്ത് നാലിന്‌ അവസാനിച്ചു.

ഒന്നാംഘട്ട കോവിഡ്‌ അടച്ചുപൂട്ടൽ സമയത്ത് എൽഡിസി (ലോവർ ഡിവിഷൻ ക്ലർക്ക്‌), എൽജിഎസ്‌ (ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റ്‌സ്‌) ഉദ്യോഗാർഥികൾക്ക്‌ പരമാവധി നിയമന ശുപാർശ നൽകി. 2020 മാർച്ചുമുതൽ ജൂലൈ 21 വരെ എൽഡിസി വിഭാഗത്തിൽ 4536ഉം എൽജിഎസിൽ 2672ഉം പേർക്ക്‌ നിയമന ശുപാർശ അയച്ചു. വിവിധ തസ്തികകളിലായി ആകെ മുപ്പതിനായിരത്തിലേറെ നിയമന ശുപാർശ നൽകിയതായി പിഎസ്‌സി ചെയർമാൻ ബുധനാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നീട്ടിയ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ആവുന്നത്ര നിയമന ശുപാർശകൾ നൽകി. ഇപ്പോൾ ആരോഗ്യമേഖലയിലടക്കം പുതിയ തസ്തികകളും സർക്കാർ പ്രഖ്യാപിച്ചു.

ശരിയാണ്, എല്ലാ ലിസ്റ്റിലും ജോലി കിട്ടാത്തവരുണ്ട്. അവർക്ക് നിരാശയുമുണ്ട്. പക്ഷേ, അതിന്റെ പതിന്മടങ്ങ്‌ യുവാക്കൾ ഈ പട്ടികകളുടെ കാലാവധി കഴിയുന്നത് കാത്തിരിക്കുന്നുണ്ട്. സാധാരണ ഒരു പിഎസ്‌സി റാങ്ക്‌ പട്ടികയുടെ കാലാവധി ഒരു വർഷമാണ്. മൂന്നുവർഷംവരെയോ പുതിയ പട്ടിക വരുംവരെയോ ഇത് നീട്ടാം. അതുംകഴിഞ്ഞ്‌ പിന്നെയും നീട്ടിയ പട്ടികകളാണ് ഇപ്പോൾ കാലാവധി പൂർത്തിയാക്കിയത്. അവ ഇനി നീട്ടാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നത് ഇനി തൊഴിൽ കാത്തുനിൽക്കുന്നവരോടുള്ള അനീതിയാണ്. ഇക്കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതൊന്നും അറിയാത്തവരല്ല പ്രതിപക്ഷം. തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കുശേഷം ഏതു വിഷയം എടുത്താലാകും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാൻ കഴിയുക എന്ന വേവലാതിയിലാണ്‌ അവർ. എന്തിലും ചാടിവീഴുന്നു. പിന്നാലെ ഓരോന്നിലും തെന്നിവീഴുന്നു. അതിനിയും ആവർത്തിക്കും. കാരണം, അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അന്നും ഇന്നും ഈ സമരത്തിന്റെ മറവിൽ പിഎസ്‌സിയെപ്പോലെ ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാൻ ഹീനമായ പ്രചാരണങ്ങളും പ്രതിപക്ഷം നടത്തി. നിയമസഭയ്ക്കുള്ളിൽപ്പോലും രാഷ്ട്രീയ എതിരാളികൾക്കെതിരെ പറയുന്ന മട്ടിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിഎസ്‌സിക്കെതിരെ ഉന്നയിച്ചു.

അതിനിടെ തീർത്തും യുക്തിരഹിതമായ ഒരു ഇടപെടൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന് ഉണ്ടായി. ഒരു റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ ട്രിബ്യൂണൽ ഉത്തരവിട്ടു. മൂന്നു ദിവസത്തിനുള്ളിൽത്തന്നെ ഹൈക്കോടതി അത് റദ്ദാക്കി. എത്രമാത്രം ഏകപക്ഷീയവും നിയമവിരുദ്ധവുമായിരുന്നു ട്രിബ്യൂണൽ നടപടി എന്ന് ഇതിൽനിന്ന് വ്യക്തമാണല്ലോ. സർക്കാർ പറഞ്ഞ കാര്യങ്ങൾതന്നെയാണ് ഹൈക്കോടതിയും വ്യക്തമാക്കിയത്. ‘തൊഴിലില്ലാതെ പട്ടികയ്ക്ക്‌ പുറത്തുനിൽക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പിഎസ്‌സിക്ക്‌ ഉത്തരവാദിത്തമുണ്ട്‌. അവർ അവരുടെ ഉത്തരവാദിത്തമാണ്‌ നിർവഹിക്കുന്നത്' എന്നാണ്‌ കോടതി പറഞ്ഞത്.

പിഎസ്‌സി റാങ്ക് പട്ടികകളിൽ ഒഴിവുകളുടെ മൂന്നുമടങ്ങുവരെ പേരുകൾ ഉൾപ്പെടുന്ന സ്ഥിതി ഇന്നുണ്ട്. സംവരണത്തിന്‌ അർഹരായവരെ ആവശ്യത്തിനു കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നിയോഗിച്ച കമീഷൻ നിർദേശമനുസരിച്ചാണ്‌ പട്ടികകൾ വലുതായത്‌. ഈ രീതിയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം സാധ്യമാണോ എന്ന് സർക്കാരും പിഎസ്‌സിയും പരിശോധിക്കുന്നത് നന്നാകും എന്നുകൂടി പറയട്ടെ. ഒട്ടേറെപ്പേർക്ക് വെറുതെ പ്രതീക്ഷ നൽകുന്ന അവസ്ഥ ഇല്ലാതിരിക്കാൻ അത് സഹായകമാകും. ഏതായാലും, നുണയുദ്ധവുമായി ഇറങ്ങിത്തിരിച്ച്‌ കഴിഞ്ഞ അഞ്ചുവർഷവും പൊരുതിത്തോറ്റ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ പുറപ്പാടും പാഴാകുകയേ ഉള്ളൂ. അത്ര വ്യക്തവും സുതാര്യവുമാണ് സത്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top