07 December Wednesday

കർണിസേനാ കലാപം ഉയർത്തുന്ന ഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 30, 2018


സഞ്ജയ്ലീല ബൻസാലി സംവിധാനം ചെയ്ത പത്മാവത് എന്ന സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനെതിരെ ശ്രീ രജ്പുത് കർണിസേനയുടെ നേതൃത്വത്തിൽ നടക്കുന്ന കലാപം ശമനമില്ലാതെ തുടരുകയാണ്. സെൻസർ ബോർഡും സുപ്രീംകോടതിയും സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടും ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത് പ്രദർശിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗോവ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സിനിമാപ്രദർശനത്തെ ആക്രമണത്തിലൂടെ കർണിസേന തടയുന്നത്. പ്രദർശനത്തിന് അനുകൂലമായ ജനുവരി പതിനെട്ടിന്റെ വിധിന്യായം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകളും കർണിസേനയും സമർപ്പിച്ച ഹർജിയും സുപ്രീംകോടതി തള്ളി. ക്രമസമാധാനം ചൂണ്ടിക്കാട്ടി ചിത്രം നിരോധിക്കണമെന്ന ബിജെപി സർക്കാരുകളുടെ ആവശ്യത്തെ സുപ്രീംകോടതി രൂക്ഷവിമർശത്തിന് വിധേയമാക്കുകയുണ്ടായി.  എന്നാൽ, നിയമവാഴ്ചയെയും ഭരണഘടനാ തത്വങ്ങളെയും കാറ്റിൽപറത്തി സിനിമാ പ്രദർശനത്തെ തടയുന്ന കാഴ്ചയാണ് ഗുജറാത്തിലും രാജസ്ഥാനിലും മറ്റും ദൃശ്യമാകുന്നത്.

രാജ്യത്തിലെ ജനാധിപത്യം അപകടത്തിലാണെന്ന സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരുടെ നിരീക്ഷണം അർഥവത്താക്കുന്നതാണ് കേന്ദ്ര‐സംസ്ഥാന സർക്കാരുകളുടെ മൗനസമ്മതത്തോടെ കർണിസേന നടത്തുന്ന കലാപം.  നിയമവാഴ്ച ഇല്ലാതാകുമ്പോൾ രാജ്യം അരക്ഷിതത്വത്തിലേക്കാണ് നയിക്കപ്പെടുകയെന്ന് ഈ സിനിമാവിരുദ്ധ കലാപം വ്യക്തമാക്കുന്നു. അഹമ്മദാബാദിൽ ഒരു മൾട്ടിപ്ലക്സ് തിയറ്ററിനുനേരെ നടന്ന ആക്രമണവും ഇരുന്നൂറോളം ബൈക്കുകൾ കത്തിച്ചതും ഹരിയാനയിലെ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസിനുനേരേ കർണിസേനക്കാർ നടത്തിയ ആക്രമണവും മറ്റും ഈ വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്. സുപ്രീംകോടതിയല്ല പരമോന്നത കോടതി, മറിച്ച് ജനങ്ങളുടെ കോടതിയാണെന്ന ന്യായീകരണത്തിന്റെ മറവിലാണ് കർണിസേനയുടെ ആക്രമണം. ഇതിനെതിരെ സംസ്ഥാന‐കേന്ദ്ര ഭരണാധികാരികൾ ആരുംതന്നെ രംഗത്തുവരുന്നില്ലെന്നത് ഇവരുടെ ആക്രമണത്തിനും കൊള്ളിവയ്പിനും ആക്കം കൂട്ടുകയും ചെയ്യുന്നു.

പ്രധാന പ്രതിപക്ഷമായ കോൺഗ്രസും മൗനം പാലിക്കുകയാണ്. സിനിമ നിരോധിക്കണമെന്ന കർണിസേനയുടെ ആവശ്യത്തെ രാജസ്ഥാനിലെ കോൺഗ്രസ് അംഗീകരിക്കുകയാണുണ്ടായത്. കോൺഗ്രസ് നേതാവായ ദിഗ്വിജയ് സിങ്ങാകട്ടെ രജപുത്രരുടെ വികാരം വ്രണപ്പെടുത്തുന്ന സിനിമയാണ് പത്മാവത് എന്ന കർണിസേനയുടെ വാദത്തെ അംഗീകരിക്കുകയും ചെയ്തു. മോഡിയെപ്പോലെ രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ മൗനം തുടരുകയാണ്. ഗുഡ്ഗാവിൽ കുട്ടികൾക്കു നേരെ ആക്രമണമുണ്ടായ വേളയിൽ മാത്രമാണ് ആക്രമണവും വിദ്വേഷവും ഭീരുക്കളുടെ ഉപകരണമാണെന്ന ഒഴുക്കൻ മട്ടിലുള്ള പ്രതികരണം രാഹുൽ ഗാന്ധിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.  രജപുത്ര വോട്ട് നഷ്ടപ്പെടാതിരിക്കാനാണ് കർണിസേനയെന്ന കലാപസേനയെ വിമർശിക്കാൻ കോൺഗ്രസ് മടിച്ചുനിൽക്കുന്നത്. രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയുമായി അകന്ന രജപുത്രർ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇവരുടെ വോട്ട്് വേണമെന്നതിനാലാണ് കോൺഗ്രസ് കർണിസേനയെ വിമർശിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത്.  കർണിസേനയുടെ ആവശ്യത്തെ ബിജെപി പരസ്യമായി പിന്തുണയ്ക്കുന്നതിന്റെ രാഷ്ട്രീയവും മറ്റൊന്നല്ല. ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലേക്ക് (രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്) ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കും. ഇതിൽ രാജസ്ഥാനിൽ രജപുത്ര ജനസംഖ്യ 12 ശതമാനമാണ്. രണ്ടു ഡസനോളം സീറ്റിലെ വിജയപരാജയങ്ങൾ നിർണയിക്കാൻ ഇവർക്കു കഴിയും. ജനസംഘ കാലം മുതൽ ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് രജപുത്രരെങ്കിലും മോഡി ഭരണം ആരംഭിച്ചതോടെ അവർ ബിജെപിയിൽനിന്ന് അകലാൻ തുടങ്ങി.  രാജവാഴ്ചയുടെ അന്ത്യത്തോടെ തന്നെ പ്രതാപം നഷ്ടപ്പെട്ട രജപുത്രർ പിടിച്ചുനിന്നത് കാർഷികവൃത്തിയിലൂടെയായിരുന്നു. എന്നാൽ, കടുത്ത പ്രതിസന്ധിയെയാണ് കാർഷിക മേഖല അഭിമുഖീകരിക്കുന്നത്്. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാൻപോലും കഴിയാത്ത അവസ്ഥ. വിദ്യാഭ്യാസം നൽകിയാൽ പോലും അവർക്ക് ജോലി ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജാട്ടുകളുടെയും പട്ടേലുകളുടെയും മറാത്തകളുടെയും പാത പിന്തുടർന്ന് രജപുത്ര ഐക്യം കെട്ടിപ്പടുക്കാൻ കർണിസേന മുന്നോട്ടുവന്നത്. അതിന് അവർക്കു കിട്ടിയ പിടിവള്ളിയാണ് പത്മാവത്. ശക്തമായ ഒരു വോട്ട്ബാങ്ക് ഉയർത്തിക്കാട്ടി വിലപേശുകയെന്ന തന്ത്രമാണ് കർണിസേനയും പയറ്റുന്നത്. ഇതിന് പിന്തുണ നൽകി നിയമസഭ‐ലോക്സഭാ തെരഞ്ഞെ ടുപ്പിൽ വിജയം ആവർത്തിക്കാനാണ് ബിജെപിയുടെ ശ്രമം. അതിന് അവർ രാജ്യത്തെ നിയമവാഴ്ചയെ ബലികൊടുക്കാൻപോലും തയ്യാറാണെന്ന് അർഥം.  ഇതിനെ എതിർക്കുന്നതിനു പകരം വോട്ടുപെട്ടിയിൽ കണ്ണുനട്ട് മൃദുഹിന്ദുത്വകാർഡ് ഉയർത്തി കോൺഗ്രസും പിന്നാലെ കൂടിയിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യമാണ് ഇവിടെ അപകടത്തിലാകുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top