26 July Friday

കർണാടക വിജയത്തെ കോൺഗ്രസ്‌ പക്വതയോടെ സമീപിക്കണം

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023


രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്ക്‌ ഏറെ പ്രതീക്ഷ നൽകുന്ന ഭരണമാറ്റമാണ്‌ കർണാടകത്തിലേത്‌. സംഘപരിവാറിന്റെ വിദ്വേഷ, വർഗീയ രാഷ്ട്രീയത്തിന്‌ ശക്തമായ തിരിച്ചടി നൽകി ദക്ഷിണേന്ത്യയെ ബിജെപി മുക്തമാക്കി കർണാടകത്തിൽ കോൺഗ്രസ്‌ അധികാരത്തിലെത്തി. ഉത്തരേന്ത്യയിലെപ്പോലെ ജനകീയ പ്രശ്‌നങ്ങളെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ നേരിടാമെന്ന ബിജെപിയുടെ  രാഷ്ട്രീയതന്ത്രത്തിനാണ്‌ തിരിച്ചടിയേറ്റത്‌. ആർഎസ്‌എസിനാൽ നിയന്ത്രിക്കുന്ന മോദി– -അമിത്‌ ഷാ സഖ്യത്തിന്റെ അവസാനത്തിന്റെ തുടക്കമായി ഈ തോൽവി മാറിയേക്കും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം ആദ്യമായി വലിയൊരു സംസ്ഥാനത്ത്‌ വിജയിച്ചുവെന്നത്‌ കോൺഗ്രസിനെ സംബന്ധിച്ച്‌ ആശ്വാസമാണ്‌. ദേശീയ നേതൃത്വത്തിന്റെ വിജയത്തേക്കാൾ സംസ്ഥാന നേതൃത്വത്തിന്റെ വിജയമാണിത്‌. ഒരു നേതാവിനെ കേന്ദ്രമാക്കിയല്ല കോൺഗ്രസ്‌ പ്രചാരണത്തിനിറങ്ങിയത്‌. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉടനീളം പ്രചാരണം നടത്തിയെങ്കിലും ആൾബലവും സംഘടനാശേഷിയും പണവും ഇറക്കി കരുക്കൾ നീക്കിയത്‌ പിസിസി അധ്യക്ഷനായ ഡി കെ ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ദരാമയ്യയുമായിരുന്നു. പ്രാദേശിക പ്രശ്‌നങ്ങളിലും ഭരണപരാജയത്തിലും ഊന്നിയ പ്രചാരണത്തിൽ രാഹുൽ–- മോദി ഏറ്റുമുട്ടലാണെന്ന്‌ ഒരു ഘട്ടത്തിലും കോൺഗ്രസ്‌ ഉയർത്തിക്കാണിച്ചില്ലെന്നത്‌ ശ്രദ്ധേയമായിരുന്നു. മുമ്പ്‌ അങ്ങനെ ഉയർത്തിക്കാട്ടിയ ഇടത്തെല്ലാം കോൺഗ്രസ്‌ പരാജയപ്പെട്ടു. വിജയത്തിനുശേഷം രാഹുൽ ഗാന്ധിയുടെ വിജയമാണെന്ന്‌ നേതൃത്വം അവകാശപ്പെടുന്നുണ്ട്‌.

2014 മുതൽ മോദി–- അമിത്‌ ഷാ സഖ്യം സൃഷ്ടിച്ചെടുത്ത ബിജെപിയുടെ അടിത്തറ വിപുലമാക്കലിന്‌ അന്ത്യംകുറിച്ചിരിക്കുകയാണ്‌ ഈ പരാജയം. കർണാടകത്തെ ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ പ്രവേശനകവാടം എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. ഈ തോൽവിയോടെ തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധ്ര സംസ്ഥാനങ്ങളിലേക്കുള്ള  പ്രവേശന വഴിയാണ്‌ അടഞ്ഞത്‌.  2019ൽ മോദി രണ്ടാംതവണ അധികാരത്തിലെത്തിയശേഷം ബിഹാർ, പഞ്ചാബ്‌, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, കേരളം, തമിഴ്‌നാട്‌, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച പല സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടു.  അധികാരം നിലനിർത്താൻ മോദിയും അമിത്‌ ഷായും ആക്രമണോത്സുകമായ രീതിയിൽ വിദ്വേഷപ്രചാരണം നടത്തിയിട്ടും കർണാടകത്തിലെ ദയനീയ തോൽവി മോദി–- അമിത്‌ സഖ്യത്തിന്റെ പരാജയമാണ്‌.   പാർടി അധ്യക്ഷൻ ജെ പി നദ്ദയുടെയും സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെയും പരാജയംകൂടിയാണ്‌. ഇത്‌ ബിജെപിക്കുള്ളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കും. തീവ്രവർഗീയതയുടെ പ്രതീകമായ യോഗി ആദിത്യനാഥിനെപ്പോലുള്ളവരെ മുന്നിൽനിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാധ്യതയും ഉയർന്നുവരും. പ്രാദേശിക കക്ഷികൾ മുൻകൈയെടുത്ത്‌ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കത്തെ ആശങ്കയോടെ കാണുന്ന ബിജെപി വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തി പിടിച്ചുനിൽക്കാൻ എന്തും ചെയ്യാൻ മടിക്കില്ല.

ഈ സാഹചര്യത്തിൽ കർണാടക തെരഞ്ഞെടുപ്പിലെ വിജയത്തിൽനിന്ന്‌ കോൺഗ്രസിന്‌ ഏറെ പഠിക്കാനുണ്ട്‌. രാജ്യമാകെ ശക്തിപ്പെട്ടുവെന്ന്‌ അഹങ്കരിക്കുന്നതിനുപകരം ബിജെപി ഉയർത്തുന്ന ഭീഷണി മനസ്സിലാക്കി ശരിയായ രാഷ്ട്രീയ നിലപാട്‌ സ്വീകരിക്കാനുള്ള പക്വത കാട്ടാനാകണം. ഓരോ സംസ്ഥാനത്തും ബിജെപിവിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുന്ന രീതിയിൽ അതത്‌ സംസ്ഥാനത്തെ പ്രധാനകക്ഷികളുടെ നേതൃത്വത്തിൽ കൂട്ടായ്‌മകൾ ഉണ്ടാക്കാൻ സഹകരിക്കുകയാണു വേണ്ടത്‌. അല്ലാതെ വല്യേട്ടൻ മനോഭാവത്തോടെ പോയാൽ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അനുഭവം കോൺഗ്രസ്‌ മറക്കരുത്‌. 2018 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ,  മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരിച്ചെത്തിയതിന്റെ അമിത ആത്മവിശ്വാസവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ്‌ നേരിട്ടപ്പോൾ ദയനീയ തോൽവിയായിരുന്നു ഫലം. 25 സീറ്റുള്ള രാജസ്ഥാനിൽ ഒറ്റസീറ്റും നേടാനായില്ല. മധ്യപ്രദേശ്‌ (29), ഛത്തീസ്‌ഗഢ്‌ (11) എന്നിവിടങ്ങളിൽ ഓരോ സീറ്റിലും ഒതുങ്ങി. സഖ്യകക്ഷി ഭരണമുണ്ടായിരുന്ന കർണാടകത്തിലും ഒരുസീറ്റ്‌ മാത്രം. കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ എല്ലായിടത്തും ബിജെപി തൂത്തുവാരി. മധ്യപ്രദേശിൽ രാഹുലിന്റെ വലംകൈയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്‌ പോയതോടെ അധികാരം നഷ്ടപ്പെടുകയും ചെയ്‌തു. കർണാടകം ഉൾപ്പെടെ നാല്‌ സംസ്ഥാനത്തു മാത്രമാണ്‌ കോൺഗ്രസ്‌ അധികാരത്തിലുള്ളത്‌. നേതാക്കൾ തമ്മിൽ പരസ്യമായ ഏറ്റമുട്ടൽ നടക്കുന്ന രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും രൂക്ഷമായ സംഘടനാ പ്രശ്‌നങ്ങളുണ്ട്‌. കർണാടകത്തിൽപ്പോലും നേതാക്കൾ തമ്മിൽ അധികാരത്തർക്കം നിലനിൽക്കുന്നുവെന്നതാണ്‌ യാഥാർഥ്യം. കർണാടകത്തിലെ വിജയത്തെ മുൻനിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ എളുപ്പത്തിൽ വിജയിക്കാമെന്ന്‌ കോൺഗ്രസ്‌ കരുതിയാൽ അത്‌ വെറും മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും. അനുഭവങ്ങളിൽനിന്ന്‌ പാഠം ഉൾക്കൊണ്ട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശരിയായ സമീപനമെടുക്കാൻ കോൺഗ്രസ്‌ തയ്യാറാകുമെന്നാണ്‌ ജനാധിപത്യ, മതനിരപേക്ഷ കക്ഷികൾ പ്രതീക്ഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top