26 September Tuesday

മുറിവേറ്റ ജനാധിപത്യം ചങ്ങലയ്‌ക്കിട്ട സ്വാതന്ത്ര്യം

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020ഇരുപത്തേഴു വർഷത്തെ കാരാഗൃഹവാസത്തിനുശേഷം (1990 ഫെബ്രുവരി 11ന്‌ ) വർണവെറിയൻ ഭരണകൂടം വിക്ടർ വേർസ്റ്റർ ജയിലിൽനിന്ന്‌ വിട്ടയച്ച ദക്ഷിണാഫ്രിക്കൻ പോരാളി നെൽസൺ മണ്ടേലയുടെ ആത്മകഥാ സ്‌പർശമുള്ള കൃതിയാണ്‌  ‘സ്വാതന്ത്ര്യത്തിലേക്ക്‌ എളുപ്പവഴികളില്ല’. ആ അർഥത്തിൽ എണ്ണിയാലൊടുങ്ങാത്ത മനുഷ്യരുടെ പതിറ്റാണ്ടുകൾ നീണ്ട ആഗ്രഹങ്ങളുടെയും സമാനതകളില്ലാത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും സാഫല്യമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യം.  എന്നാൽ, അതിന്റെ വിശാലമായ ഉള്ളടക്കത്തെയും വ്യാപ്‌തിയെയും ആന്തരികാർഥത്തെയും പലമട്ടിൽ ചോദ്യംചെയ്യുന്ന പേടിപ്പെടുത്തുന്ന അവസ്ഥയിലേക്ക്‌ സംഘപരിവാറും അതിന്റെ കുടക്കീഴിലുള്ള ഭരണവും രാജ്യത്തെ തരംതാഴ്‌ത്തിയിരിക്കുന്നു.

ജനാധിപത്യവും മതനിരപേക്ഷതയും സഹവർത്തിത്വവും നാനാത്വവും വൈവിധ്യവും ഉൾച്ചേരലുമെല്ലാം വലിയ ഭീഷണികൾ നേരിടുകയാണ്‌. ഹിറ്റ്‌ലറെയും മുസോളിനിയെയും ഓർമിപ്പിക്കുംവിധം വംശീയതയുടെ വിഷലാവകൾ ഒഴുക്കുന്നതും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. സവർണ‐ സമ്പന്ന വിഭാഗങ്ങളുടെ  മൂലധനതാൽപ്പര്യങ്ങൾമാത്രം സംരക്ഷിക്കപ്പെടുന്ന ‘ബനാന റിപ്പബ്ലിക്കു’കളിലൊന്നായി ഇന്ത്യയെ തകിടം മറിച്ചതും കാണാതിരിക്കാനാകില്ല. അംബാനി, അദാനിമാർ അതിവേഗം വളരുന്ന ശതകോടീശ്വരന്മാരുടെ ക്ലബ്ബിലേക്ക്‌ കുതിച്ചെത്തിയത്‌ നരേന്ദ്ര മോഡിയുടെ കൈപിടിച്ചായിരുന്നു. ലോകത്ത്‌ ഏറ്റവും കൂടിയ നിരക്കിൽ ഇന്ധന നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയത്‌ ആരെ സഹായിക്കാനായിരുന്നുവെന്ന്‌ വ്യക്തം. ന്യൂനപക്ഷ‐ ദളിത്‌‐ പിന്നോക്ക വിരുദ്ധത, കോടിക്കണക്കിന്‌ ഇന്ത്യൻ മക്കളുടെ പൗരത്വം സംശയാസ്‌പദമാക്കൽ, തൊഴിൽ‐ പരിസ്ഥിതി നിയമങ്ങളിലെ ഭയാനകമായ പൊളിച്ചെഴുത്ത്‌, ഭരണകൂട പിന്തുണയോടെയുള്ള ആൾക്കൂട്ടക്കൊലപാതകങ്ങൾ, ജമ്മു കശ്‌മീരിനെ ബന്ദിയാക്കൽ, മനുഷ്യനുമേലെ പശുക്കളെ പ്രതിഷ്‌ഠിക്കൽ, സിലബസ്‌‐ പാഠ്യപദ്ധതി വക്രീകരണം, മനുഷ്യാവകാശ‐ മാധ്യമ പ്രവർത്തകരെയും അക്കാദമീഷ്യന്മാരെയും ചലച്ചിത്ര പ്രതിഭകളെയും നിരന്തരം വേട്ടയാടൽ തുടങ്ങി അസഹിഷ്‌ണുതയുടെയും ഉന്മൂലന കാഴ്‌ചപ്പാടിന്റെയും രഥയോട്ടമാണ്‌ എങ്ങും. 

സ്വതന്ത്ര‐ ജനാധിപത്യ‐ മതനിരപേക്ഷ ഇന്ത്യയുടെ ആശയ‐ പ്രായോഗിക രൂപീകരണത്തിന്‌ നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയെയും ഡോ. ബി ആർ അംബേദ്‌കറെയും ജവാഹർലാൽ നെഹ്റു‌വിനെയും മറ്റും ആധുനിക രാഷ്ട്രീയചരിത്രത്തിൽ അപ്രസക്തമാക്കാനുള്ള ആശയപദ്ധതികളും കാവിപ്പട പരീക്ഷിച്ചുകഴിഞ്ഞു.

ജനഹിതം അട്ടിമറിക്കാൻ ഏറ്റവും ഹീനമായ നടപടികളാണ്‌ കേന്ദ്ര സർക്കാർ തുടർച്ചയായി കൈക്കൊള്ളുന്നത്‌. മോഡിയിൽനിന്ന്‌ ഏറെ ആനുകൂല്യങ്ങൾ അടിച്ചെടുത്ത കോർപറേറ്റുകൾ പണച്ചാക്കുകളുമായി ആ കള്ളക്കളികൾക്ക്‌ കാവൽനിൽക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട വിവിധ സംസ്ഥാന സർക്കാരുകളെ കോടിക്കണക്കിനു രൂപയും പേശീബലവും പദവിവാഗ്‌ദാനങ്ങളും കൈമുതലാക്കി പുറത്താക്കി സ്വന്തം കൈപ്പിടിയിലൊതുക്കിയത്‌ കർണാടകത്തിലും മധ്യപ്രദേശിലും മറ്റും കണ്ടു. ഗോവയിലും മണിപ്പുരിലും ഭൂരിപക്ഷമില്ലാഞ്ഞിട്ടും ഗവർണർമാരെ കരുക്കളാക്കി കസേര പിടിച്ചെടുത്തു. രാജസ്ഥാനിൽ കാലൊന്ന്‌ പിറകോട്ടുവച്ചെങ്കിലും അധികാരമോഹത്താൽ  അടങ്ങിയിരിക്കാൻ സാധ്യത കുറവാണ്‌. അവിടത്തെ കാവിപുരണ്ട കോൺഗ്രസ്‌ നേതൃത്വത്തിലൊരു വിഭാഗവും ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണെന്നതാണ്‌ വാസ്‌തവം. രാജസ്ഥാനിൽ അടുത്ത കളിക്കളം അവിശ്വാസപ്രമേയമാണ്‌.

സ്വതന്ത്ര‐ ജനാധിപത്യ‐ മതനിരപേക്ഷ ഇന്ത്യയുടെ ആശയ‐ പ്രായോഗിക രൂപീകരണത്തിന്‌ നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയെയും ഡോ. ബി ആർ അംബേദ്‌കറെയും ജവാഹർലാൽ നെഹ്റു‌വിനെയും മറ്റും ആധുനിക രാഷ്ട്രീയചരിത്രത്തിൽ അപ്രസക്തമാക്കാനുള്ള ആശയപദ്ധതികളും കാവിപ്പട പരീക്ഷിച്ചുകഴിഞ്ഞു. പകരം സവർക്കറും ഗോഡ്‌സെയും ഹെഡ്‌ഗെവാറും ഗോൾവാൾക്കറും അവരോധിക്കപ്പെട്ടിരിക്കുന്നു. ആർഎസ്‌എസ്‌ അജൻഡ പ്രകാരം രാമക്ഷേത്ര നിർമാണത്തിന്‌ പ്രധാനമന്ത്രിതന്നെ തറക്കല്ലിട്ടതും വിസ്‌മരിക്കാനാകില്ല. സാമ്രാജ്യത്വ വിരുദ്ധമായ വിദേശനയത്തിന്റെ അന്തഃസത്തയെ കശക്കിയെറിയുന്നു. അമേരിക്കൻ‐  ഇസ്രയേൽ അച്ചുതണ്ടിന്റെയും ആയുധ സഖ്യത്തിന്റെയും അഭേദ്യഭാഗമാകാനും വെമ്പുകയാണ്‌. കോവിഡ്‌ മഹാമാരി പടർന്നപ്പോൾ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ആതുരാലയങ്ങൾക്കും മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിനു പകരം അമേരിക്കയിൽനിന്ന്‌ കോടിക്കണക്കിനു രൂപയുടെ ആയുധങ്ങൾ ഇറക്കുമതി ചെയ്യാനുള്ള കരാർ ഒപ്പിട്ടത്‌ നിസ്സാരമായിരുന്നില്ല.

ചുരുക്കത്തിൽ ഇന്ത്യയെന്ന സങ്കൽപ്പംപോലും ചരിത്രത്തിലില്ലാത്തവിധം വെല്ലുവിളി നേരിടുമ്പോൾ മുറിവേറ്റ ജനാധിപത്യവും ചങ്ങലയ്‌ക്കിട്ട സ്വാതന്ത്ര്യവുമാണ്‌ ബാക്കിപത്രം. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ മുന്നോട്ടുവച്ച പുതിയ ആകാശവും ഭൂമിയും സ്വപ്‌നം കാണുകയെങ്കിലും നമ്മുടെ കടമയാണ്‌.

‘എവിടെ മനസ്സ്‌ നിർഭയമായിരിക്കുന്നുവോ
എവിടെ ശിരസ്സ്‌ ഉയർന്നുതന്നെ നിൽക്കുന്നുവോ
എവിടെ അറിവ്‌ സ്വതന്ത്രമായിരിക്കുന്നുവോ  
എവിടെ ഇടുങ്ങിയ ചുവരുകളാൽ ലോകം  
വിഭജിക്കപ്പെടാതിരിക്കുന്നുവോ
സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക്‌ പിതാവേ,
എന്റെ രാജ്യത്തെയും ഉണർത്തിയാലും’.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top