മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻഖാനെതിരെ കഴിഞ്ഞയാഴ്ചയുണ്ടായ വധശ്രമം പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ അടുത്ത പതനത്തിൽ എത്തിച്ചിരിക്കുകയാണ്. ഏഴു മാസംമുമ്പ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടശേഷം, പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി റാലികൾ നടത്തിവരികയായിരുന്നു ഇമ്രാൻ. നവംബർ നാലിന് തലസ്ഥാനമായ ഇസ്ലാമാബാദിൽ സമാപിക്കാൻ ലക്ഷ്യമിട്ട് ഒക്ടോബർ 28ന് ലാഹോറിൽ നിന്നാരംഭിച്ച റാലി മൂന്നിന് പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ എത്തിയപ്പോഴാണ് വധശ്രമമുണ്ടായത്. ഇമ്രാന്റെ വലതുകാലിന് വെടിയേറ്റു. ഒരാൾ കൊല്ലപ്പെട്ട ആക്രമണത്തിൽ മറ്റ് 12 പേർക്കുകൂടി പരിക്കേറ്റു. അക്രമിയെ അന്നുതന്നെ പിടിച്ചെങ്കിലും പൊലീസ് കേസെടുക്കുന്നതിന് തിങ്കളാഴ്ച സുപ്രീം കോടതി ഉത്തരവിടേണ്ടിവന്നു. നേതാവിന് എതിരെയുണ്ടായ ആക്രമണത്തിലും അന്വേഷണത്തിലെ അനാസ്ഥയിലും പിടിഐ പ്രതിഷേധം തുടരുകയാണ്. ചൊവ്വാഴ്ച ഇവർ വഴികൾ തടഞ്ഞതിനാൽ തലസ്ഥാനം സ്തംഭിച്ചു.
സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് നീതിയോടുള്ള അവഹേളനമാണെന്ന് ഇമ്രാന്റെ പാർടിയായ പിടിഐ കുറ്റപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഷഹബാസ് ഷെറീഫ്, ആഭ്യന്തര മന്ത്രി റാണ സനാവുള്ള, ഉന്നതസേനാ ഉദ്യോഗസ്ഥനായ മേജർ ജനറൽ ഫൈസൽ നസീർ എന്നിവർ തന്നെ വധിക്കാൻ നടന്ന ഗൂഢാലോചനയിൽ പങ്കാളികളാണ് എന്നാണ് ഇമ്രാൻഖാന്റെ ആരോപണം. എന്നാൽ, തെളിവില്ലാതെ ആരോപണമുന്നയിച്ച് സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി വേണമെന്നാണ് സേനാനേതൃത്വത്തിന്റെ നിലപാട്. എന്നും ഭരണം നിയന്ത്രിക്കുന്ന പട്ടാളത്തിന് അനഭിമതരാകുന്ന പ്രധാനമന്ത്രിമാരും മുൻ പ്രധാനമന്ത്രിമാരും വധിക്കപ്പെടുകയോ ജീവന് ഭീഷണി നേരിടുകയോ ചെയ്തിട്ടുള്ള രാജ്യത്ത് ഇതൊന്നും പുതുമയുള്ള കാര്യമല്ല.
പാകിസ്ഥാന്റെ 75 വർഷത്തെ ചരിത്രത്തിൽ ആ രാജ്യം ഒരിക്കൽപ്പോലും സമാധാനം അറിഞ്ഞിട്ടില്ല. ജനാധിപത്യ രാജ്യമായാണ് സ്ഥാപകനേതാക്കൾ വിഭാവന ചെയ്തതെങ്കിലും ജനാഭിലാഷത്തിന് ഭരണത്തിൽ കാര്യമായ പങ്കൊന്നും ഉണ്ടായിട്ടില്ല. മത യാഥാസ്ഥിതികരുടെയും പട്ടാളത്തിന്റെയും തീട്ടൂരങ്ങളാണ് പലപ്പോഴും നടപ്പായത്. മുക്കാൽ നൂറ്റാണ്ടിനിടയിൽ അധികകാലവും ഭരിച്ചത് പട്ടാളമാണ്. അല്ലാത്തപ്പോഴും സർക്കാരുകളെ പിന്നിൽനിന്ന് നിയന്ത്രിച്ചത് പട്ടാളമാണ്. പാക് സുപ്രീംകോടതിയും പലപ്പോഴും പട്ടാളത്തിന്റെ ഇംഗീതങ്ങളാണ് വിധികളായി പ്രസ്താവിച്ചത്.
അതിനു താൽക്കാലികമായെങ്കിലും മാറ്റമുണ്ടായത് 15 വർഷംമുമ്പ് ജനറൽ പർവേസ് മുഷറഫിന്റെ പട്ടാളസർക്കാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നീക്കാൻ ശ്രമിച്ചപ്പോഴാണ്. അതിനെതിരായ പ്രക്ഷോഭമാണ് പാകിസ്ഥാനിൽ ജനാധിപത്യത്തിന് പുതിയ ഉണർവുണ്ടാക്കിയത്. ആ പ്രക്ഷോഭത്തിന്റെ മൂർധന്യത്തിലാണ് ബേനസീർ ഭൂട്ടോ വധിക്കപ്പെട്ടതും അവസാനത്തെ പട്ടാള ഭരണാധികാരിയായിരുന്ന മുഷറഫിന്റെ പതനമുണ്ടായതും. എങ്കിലും തുടർന്നും പ്രധാനമന്ത്രിമാരെ നീക്കുന്നതിൽ സൈന്യം പങ്കുവഹിച്ചു. സൈന്യത്തിന്റെ കളികളിലൂടെ ഭരണത്തിലെത്തിയ ആളെന്ന് ആക്ഷേപിക്കപ്പെട്ട ഇമ്രാനും പുറത്തായത് സേനാമേധാവിയുമായി തെറ്റിയപ്പോഴാണ്.
കഴിഞ്ഞ ഏപ്രിലിൽ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിക്ക് ഒടുവിലാണ് ഇമ്രാൻഖാൻ രാജിവച്ചതും പാകിസ്ഥാൻ മുസ്ലിംലീഗ് നേതാവ് ഷഹബാസ് ഷെറീഫ് പ്രധാനമന്ത്രിയായതും. പതിറ്റാണ്ടുകളായി പിഎംഎലിന്റെ മുഖ്യ പ്രതിയോഗിയായിരുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർടിയുമായി ചേർന്നാണ് ഇമ്രാൻഖാനെ പാർലമെന്റിൽ അവിശ്വാസം പാസാക്കി പുറത്താക്കിയത്. പാകിസ്ഥാനിൽ അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായിരുന്നു ഇമ്രാൻ. അന്നുമുതൽ പുതിയ തെരഞ്ഞെടുപ്പെന്ന മുദ്രാവാക്യം ഉയർത്തി ജനപിന്തുണ വളർത്തുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം. വധശ്രമത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന റാലി പിടിഐ ചൊവ്വാഴ്ച പുനരാരംഭിക്കാനിരുന്നതാണെങ്കിലും പൊലീസിന്റെ എഫ്ഐആറും വിവാദമായിരിക്കെ വ്യാഴാഴ്ചത്തേക്ക് മാറ്റി. മൂന്നു ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇമ്രാൻ റാലി റാവൽപിണ്ടിയിൽ എത്തുമ്പോൾ അതിനൊപ്പം ചേരാനിരിക്കുകയാണ്. കഴിഞ്ഞമാസം നടന്ന എട്ട് ഉപതെരഞ്ഞെടുപ്പുകളിൽ എട്ടിലും പിടിഐ ജയിച്ചത് അധികാരത്തിൽ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ ഇമ്രാന് നൽകുന്നുണ്ട്.
സേനാ തലവൻ ഖമർ ജാവേദ് ബജ്വയുടെ ഉദ്യോഗ കാലാവധി ഈമാസം അവസാനിക്കാനിരിക്കെയാണ് പുതിയ കുഴപ്പമെന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാൻ പാർലമെന്റിന് അടുത്ത ഒക്ടോബർവരെ കാലാവധിയുണ്ടെങ്കിലും കഴിയുന്നത്ര നേരത്തേ തെരഞ്ഞെടുപ്പ് നടത്തുന്നതുതന്നെയാണ് ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം. എങ്കിലും പാകിസ്ഥാനിൽ ജനാധിപത്യം ശക്തിപ്പെടണമെങ്കിൽ സൈന്യത്തിന്റെയും മതത്തിന്റെയും ഇടപെടൽ കുറയ്ക്കാനാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..