25 October Sunday

ദ. കൊറിയന്‍ പാര്‍ലമെന്റിലെ ഇംപീച്ച്മെന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 10, 2016


ദക്ഷിണ കൊറിയയിലെ പ്രഥമ വനിതാ പ്രസിഡന്റ് പക് ഗ്യുന്‍ ഹെയ്യെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനത്തില്‍ത്തന്നെയാണ് അഴിമതി ആരോപണം നേരിടുന്ന പക് ഗ്യുന്‍ ഹെയിയെ ഇംപീച്ച് ചെയ്തത്. പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം വെള്ളിയാഴ്ച ദേശീയ അസംബ്ളിയില്‍ നടന്ന രഹസ്യ വോട്ടെടുപ്പില്‍ 234 വോട്ട് നേടി പാസായി. 300 അംഗ സഭയില്‍ 200 അംഗങ്ങളുടെ പിന്തുണ മതിയായിരുന്നു ഇംപീച്ച്മെന്റ് പ്രമേയം പാസാകാന്‍. ഭരണകക്ഷിയായ സായിനുരി പാര്‍ടിയിലെ എംപിമാര്‍ തന്നെ അവരുടെ പ്രസിഡന്റിനെതിരെ വോട്ട് ചെയ്തെന്ന് പ്രമേയം പാസായതില്‍നിന്ന് മനസ്സിലാക്കാം. ദക്ഷിണകൊറിയന്‍ ഭരണഘടനയനുസരിച്ച് ഭരണഘടനാ കോടതി ഇംപീച്ച്മെന്റ് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുന്നതുവരെ പ്രധാനമന്ത്രി ഹ്വാങ് ക്യോ അന്‍ ആയിരിക്കും ആക്ടിങ് പ്രസിഡന്റ്. 180 ദിവസത്തിനകം ഭരണഘടനാ കോടതിയുടെ തീരുമാനം പുറത്തുവരും. ഇംപീച്ച്മെന്റ് നടപടിയെ ഭരണഘടനാ കോടതി അംഗീകരിക്കുന്നപക്ഷം പ്രസിഡന്റ് പക് ഗ്യുന്‍ ഹെയ്ക്ക് അധികാരം നഷ്ടപ്പെടും. രണ്ട് മാസത്തിനകം പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.  ഭരണഘടനാകോടതിയുടെ വിധി മറിച്ചാണെങ്കില്‍ പക് ഗ്യുന്‍ ഹെയ്ക്ക് പ്രസിഡന്റ് സ്ഥാനം തിരിച്ചുലഭിക്കുകയും ചെയ്യും.  2004ല്‍ പ്രസിഡന്റ് റോ മൂ ഹിന്നിനെയും പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍, ഭരണഘടനാ കോടതി ഇംപീച്ച്മെന്റിനെ അംഗീകരിക്കാത്തതിനാല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരികയുണ്ടായി.

ദക്ഷിണകൊറിയന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ് പക് ഗ്യുന്‍ ഹെയിയുടേത്. 1961ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും 18 വര്‍ഷം ഭരണം നടത്തുകയുംചെയ്ത മുന്‍ പ്രസിഡന്റ് പക് ചുങ് ഹീയുടെ മകളാണ് പക് ഗ്യുന്‍ ഹെയ്. പക് ചുങ് ഹീയെ ലക്ഷ്യമിട്ട് നടത്തിയ വധശ്രമത്തില്‍ 1974ല്‍ കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ഭാര്യ യുക്ക് യങ് സോയായിരുന്നു. അന്ന് 22 വയസ്സുമാത്രമുണ്ടായിരുന്ന പക് ഗ്യുന്‍ ഹെയാണ് പിന്നീട് പ്രഥമവനിത എന്ന നിലയില്‍ പിതാവിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത്. (1979ല്‍ പക് ചുങ് ഹിയെ രഹസ്യാന്വേഷണമേധാവി വെടിവച്ചുകൊന്നു.) അന്ന് പക് ചുങ് ഹീയുടെ അടുത്ത സുഹൃത്തായിരുന്ന ചോയ് തായ് മിന്‍ എന്ന മതവിശ്വാസി. ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പക് ഗ്യുന്‍ ഹെയ് അയാളുടെ മകളായ ചൊയ് സൂണ്‍ സിലുമായി അടുത്തു. പക് ഗ്യുന്‍ ഹെയ് 2013 ഫെബ്രുവരിയില്‍ പ്രസിഡന്റായപ്പോള്‍ ഈ തോഴി ഭരണകാര്യങ്ങളിലും ഇടപെടാന്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ രഹസ്യമായ ഫയലുകള്‍വരെ തോഴി പരിശോധിക്കാനാരംഭിച്ചു. എട്ടോളം ബാങ്കുകളുമായി ഇവര്‍ നടത്തിയ ധന ഇടപാടുകളും വാര്‍ത്തയായി. പാര്‍ലമെന്റംഗമോ സര്‍ക്കാര്‍ സര്‍വീസിലോ ഇല്ലാത്ത തോഴി, ഭരണകാര്യങ്ങളില്‍ മാത്രമല്ല നയപരമായ പ്രശ്നങ്ങളിലും ഇടപെട്ടതോടെ പ്രതിപക്ഷം സര്‍ക്കാരിനതിെരെ തിരിഞ്ഞു.  പ്രധാന പ്രതിപക്ഷകക്ഷിയായ മിന്‍ജു പക് ഓഫ് കൊറിയ(എംപികെ) പാര്‍ടി അംഗം നോ ഉങ് ഒരു ശബ്ദരേഖ പുറത്തുവിട്ടു.  നയകാര്യ ഏകോപനസമിതിയിലെ പ്രസിഡന്റിന്റെ സെക്രട്ടറി അന്‍ ജോങ് ബിയോം ഫെഡറേഷന്‍ ഓഫ് കൊറിയന്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തോട് രണ്ട്്് കടലാസ് കമ്പനികള്‍ക്ക് പണംനല്‍കാന്‍ ആവശ്യപ്പെട്ടു. പക് ഗ്യുന്‍ ഹെയിയുടെ തോഴി ഒരുവര്‍ഷത്തിനകം രൂപീകരിച്ച മിര്‍, കെ സ്പോര്‍ട്സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് 80 ബില്യണ്‍ വോണ്‍(കൊറിയന്‍ നാണയം) നിക്ഷേപിച്ചത്.  ഈ രണ്ട് കമ്പനികള്‍ക്കും നടപടിക്രമങ്ങളൊന്നും പാലിക്കാതെ വളരെ പെട്ടെന്ന് അംഗീകാരം നല്‍കിയതും വിവാദമായി.

ദക്ഷിണകൊറിയയിലെങ്ങും പക് ഗ്യുന്‍ ഹെയ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രകടനങ്ങള്‍ നടന്നു. പ്രധാന പ്രതിപക്ഷ കക്ഷിയായ എംപികെയും പീപ്പിള്‍സ് പാര്‍ടിയും ഇടതുപക്ഷ ജസ്റ്റിസ് പാര്‍ടിയും പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു.  സോളിലും ബുസനിലും ഗ്വാങ്സുവിലും ഉള്‍പ്പെടെ നൂറോളം നഗരങ്ങളില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു. സാമ്പത്തിക പ്രതിസന്ധിയും കടുത്ത തൊഴിലില്ലായ്മയും അലട്ടുമ്പോള്‍ ത്തന്നെ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നുകൊണ്ട് കോര്‍പറേറ്റുകള്‍ക്കായി  പക് ഗ്യുന്‍ ഹെയ് നടപ്പാക്കാന്‍ ശ്രമിച്ച തൊഴില്‍പരിഷ്കാരങ്ങളും ജനങ്ങളുടെ രോഷത്തിന് ആക്കംകൂട്ടി. കൊറിയന്‍ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയനും ഈ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. ഇതോടെ അന്‍ ജോങ് ബിയോമിനെയും മറ്റ് ഉന്നത ഉദ്യേഗസ്ഥരെയും പ്രസിഡന്റ് തല്‍സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി.  ചൊയ് സൂണ്‍ സിലുവിനെ അറസ്റ്റ് ചെയ്തു. തോഴിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്ന് സമ്മതിച്ച പക് ഗ്യുന്‍ ഹെയ് മൂന്നുതവണ ജനങ്ങളോട് മാപ്പ് പറഞ്ഞു. എന്നാല്‍, അഴിമതിയില്‍ പ്രസിഡന്റിനും 'കാര്യമായ' പങ്കുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വിധിച്ചതോടെ ജനകീയപ്രതിഷേധം ആര്‍ത്തിരമ്പി. ദക്ഷിണ കൊറിയയുടെ 'സംരക്ഷക' വേഷമണിഞ്ഞ അമേരിക്കയും അവസാനഘട്ടത്തില്‍ പക് ഗ്യുന്‍ ഹെയിയെ കൈയൊഴിഞ്ഞു. ചൈനയുമായി അടുത്തതാണ് അവര്‍ക്ക് വിനയായത്.  ബീജിങ് സന്ദര്‍ശിച്ച പക് ഗ്യുന്‍ ഹെയ് അവിടത്തെ സൈനികപരേഡ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമൊത്ത് വീക്ഷിച്ചതും ചൈനയുടെ നേതൃത്വത്തിലുള്ള ഏഷ്യ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കുമായി സഹകരിക്കാന്‍ തീരുമാനിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു. ഈ ഘട്ടത്തിലാണ് പ്രതിപക്ഷം പക് ഗ്യുന്‍ ഹെയിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നതും അത് പാര്‍ലമെന്റില്‍ പാസായതും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top