ആഗോള പ്രശസ്ത അമേരിക്കൻ കാർനിർമാണ കമ്പനി ‘ഫോഡ്' ഇന്ത്യ വിടാൻ തീരുമാനിച്ചതോടെ മോദി സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരവും വെളിപ്പെടുന്നുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ' (ഇന്ത്യയിൽ മുതൽമുടക്കുക) മുറവിളിയും ഇന്ത്യ മാനുഫാക്ചറിങ് ഹബ്ബാകുന്നു എന്ന പ്രചാരണവുമാണ് പൊളിഞ്ഞുവീഴുന്നത്. നേരിട്ടും പരോക്ഷവുമായി ആയിരക്കണക്കിനാളുകൾക്ക് ജോലി നൽകുന്ന സ്ഥാപനം പൂട്ടിപ്പോകാതിരിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ലെന്നും ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിൽ ഫോഡ് നിർമിച്ച ആദ്യ കാർ ഇറങ്ങി 25 വർഷം പിന്നിടുമ്പോഴാണ് ഇവിടെ തങ്ങൾ ഉൽപ്പാദനം നിർത്തുന്നതായി ഫോഡ് മോട്ടോർ കമ്പനി മാനേജ്മെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നവ ഉദാരവൽക്കരണ സാമ്പത്തികനയത്തെതുടർന്ന് ഇന്ത്യയിലെത്തിയ ആദ്യ വിദേശ കാർ കമ്പനിയാണ് ഫോഡ്. 1996ൽ ചെന്നൈ മരൈ മലൈ നഗറിൽ നിർമാണപ്ലാന്റോടെ തുടക്കം. പിന്നീട് 2011ൽ ഗുജറാത്തിലെ സാനന്ദിലും പ്ലാന്റ് തുടങ്ങി. ഈ വർഷവും അടുത്ത വർഷവുമായി രണ്ടും പൂട്ടും. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ച് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ നിർമിക്കാനുള്ള പദ്ധതി ജനുവരിയിൽ ഉപേക്ഷിച്ചതിനു പിന്നാലെയാണ് പൂർണമായ പിന്മാറ്റം. ഇന്ത്യയിലെ വേറെ ഏതെങ്കിലും കമ്പനിയുമായി സഹകരിപ്പിച്ച് ഫോഡിനെ ഇവിടെ നിലനിർത്താൻ ശ്രമമൊന്നുമുണ്ടായില്ല. 2017ൽ അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്സും ഇന്ത്യയിൽനിന്ന് പിൻവാങ്ങിയിരുന്നു. ടൊയോട്ടാ മോട്ടോർ കമ്പനി ഇന്ത്യയിൽ ഇനി കാര്യമായ വികസനമില്ലെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതും ഇതോടൊപ്പം കാണണം. ഐ ടി കമ്പനിയായ ഇൻഫോസിസ് ദേശവിരുദ്ധ സ്ഥാപനമാണെന്ന് ആർഎസ്‌എസ് അടുത്തയിടെ ആരോപിച്ചതും കാണാതിരുന്നുകൂടാ. ചില സ്ഥാപനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനം ഇതിൽ തെളിയുന്നുണ്ട്.
നേരത്തേ ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം കാർവരെ വിറ്റഴിച്ച ഫോഡ് കനത്ത നഷ്ടത്തിന്റെ പേരിലാണ് പൂട്ടാൻ തീരുമാനിച്ചത്. 10 വർഷത്തിലേറെയായി 200 കോടി ഡോളറിന്റെ നഷ്ടത്തിലാണെന്ന് കമ്പനി പറയുന്നു. മരൈ മലൈ നഗറിലെ പ്ലാന്റ് മുഖേനമാത്രം 4000 പേർക്ക് നേരിട്ടും 20,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചിരുന്നു. വർഷങ്ങളോളം ഉറപ്പായിരുന്ന ജോലിയാണ് മഹാമാരിക്കു നടുവിൽ അപ്രതീക്ഷിതമായി നഷ്ടമാകുന്നത്. ജോലി നഷ്ടപ്പെടുന്നവർക്ക് പകരം ജോലി നൽകുന്നതിനോ നഷ്ടപരിഹാരം നൽകുന്നതിനോ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിലൊന്നും കേന്ദ്രത്തിന്റെ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയുംപേർകൂടി തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതെന്നത് കേന്ദ്രത്തിനെ അലട്ടുന്നേയില്ല. നിലവിൽ ഫോഡ് കാറുകൾ ഉപയോഗിക്കുന്നവരും പ്രതിസന്ധിയിലാകാം. അവയുടെ സർവീസ്, സ്പെയർ പാർട്ടുകൾ എന്നിവയെല്ലാം തുടർന്നും ലഭിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാകാം.
പ്രധാനമന്ത്രി മോദിയും ധനമന്ത്രി നിർമല സീതാരാമനും വീമ്പ് പറയുന്നതുപോലെയല്ല സമ്പദ് വ്യവസ്ഥയിലെ സ്ഥിതിയെന്നും ഫോഡിന്റെ പിന്മാറ്റം വെളിപ്പെടുത്തുന്നു. അടുത്തൊന്നും ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കമ്പനി പറയുന്നതിന്റെ അർഥമതാണ്. കമ്പനിയുടെ നഷ്ടത്തിന് കാറിന്റെ വിൽപ്പനയിലെ ഇടിവടക്കം ഒട്ടേറെ കാര്യം കണ്ടേക്കാം. 2020–-21 ധനവർഷത്തിൽ കമ്പനി 48,041 കാർമാത്രമാണ് ഉൽപ്പാദിപ്പിച്ചത്. കമ്പനിയുടെ കമ്പോള പങ്കാളിത്തം 1.84 ശതമാനമായി കുറയുകയും ചെയ്തിരുന്നു. നഷ്ടത്തിന്റെ കഥ എന്തായാലും, ഇന്ത്യയെ ഏറ്റവും വലിയ വിപണിയായി കണ്ടിരുന്ന ഒരു ആഗോള കാർ കമ്പനി ഇവിടം വിടുന്നത് രാജ്യത്തിന് ഗുണകരമല്ല. ഒരുപാടുപേരുടെ ജീവിതം താറുമാറാകുന്നതിനൊപ്പം, മറ്റേതെങ്കിലും കമ്പനികൾ ഇവിടെ മുതൽമുടക്കുന്നതിനെയും ദോഷകരമായി ബാധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..