28 September Thursday

കീഴടങ്ങില്ല കേരളം

വെബ് ഡെസ്‌ക്‌Updated: Friday Feb 10, 2023

കേരളം നശിച്ച്‌ കുത്തുപാളയെടുത്താലും വേണ്ടില്ല, ഇടതുപക്ഷ സർക്കാരിന്റെ പതനം കണ്ടാൽമതിയെന്ന ചിന്തയിലാണ്‌ കേരളത്തിലെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും. അതിനായി അക്രമസമരവും വ്യാജവാർത്തകളും നിരന്തരം സൃഷ്ടിക്കപ്പെടുകയാണ്‌. സംസ്ഥാന ബജറ്റിനെതിരെ വലതുപക്ഷ മാധ്യങ്ങളാകെയും യുഡിഎഫ്‌–- ബിജെപി ഒന്നിച്ചും വലിയ അക്രമം അഴിച്ചുവിട്ട്‌ കേരളത്തിന്റെ വികസനത്തെയും ക്ഷേമപ്രവർത്തനങ്ങളെയും തകർക്കാമെന്ന കുബുദ്ധിക്ക്‌ വലിയ തിരിച്ചടിയാണ്‌ ബുധനാഴ്‌ച ബജറ്റ്‌ ചർച്ചയ്‌ക്ക്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടിയോടെ സംഭവിച്ചത്‌. ഇന്ധന സെസ്‌ കുറയ്‌ക്കാൻ പോകുന്നുവെന്ന വ്യാജവാർത്ത കണ്ട്‌ സമരത്തിന്‌ ഇറങ്ങിയ പ്രതിപക്ഷത്തിന്‌ കൊടിയ നിരാശയാണ്‌ ഉണ്ടായത്‌. ഈ നിരാശയുടെ വിളംബരമാണ്‌ ‘സർക്കാർ ജയിച്ചു; ജനം പാടേ തോറ്റു’എന്ന യുഡിഎഫ്‌ അനുകൂലപത്രത്തിന്റെ പരിദേവനം. ഏതെങ്കിലും നികുതി വർധിപ്പിച്ചാൽ അത്‌ ജനങ്ങളെ ബാധിക്കുമെന്ന തിരിച്ചറിവുള്ളവർതന്നെയാണ്‌ ഇടതുപക്ഷം. എന്നാൽ, കേരളത്തിൽ അധിക വിഭവം കണ്ടെത്താൻ ചില മേഖലയിൽ നികുതി വർധിപ്പിക്കാൻ സർക്കാർ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്ന്‌ അരിയാഹാരം കഴിക്കുന്ന ഏവർക്കും മനസ്സിലാകും. ഇന്ത്യക്കുതന്നെ മാതൃകയായ കേരള വികസനത്തെ ഏതു വിധേനയും തടയണമെന്ന്‌ ചിന്തിക്കുന്നത്‌ എന്തായാലും കേരളത്തോട്‌ മമതയുള്ളവരല്ല. ഭൂരിപക്ഷം വൃദ്ധജനങ്ങൾക്കും ക്ഷേമപെൻഷൻ നൽകുന്നത്‌ കേരളത്തിൽമാത്രമാണെന്ന്‌ റിസർവ്‌ ബാങ്ക്‌ അതിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയത്‌ കഴിഞ്ഞദിവസമാണ്‌. കേരളത്തിൽ 85 ലക്ഷം കുടുംബങ്ങളാണ്‌. ഇതിൽ 62 ലക്ഷം പേർക്ക്‌ പെൻഷൻ നൽകുന്നു. 1600 രൂപ വീതം പ്രതിമാസം കൃത്യമായി നൽകുന്ന ഏക സംസ്ഥാനവും കേരളമാണ്‌.

സാധാരണക്കാരന്‌ ലഭിക്കുന്ന ഈ അവകാശത്തെ ഇല്ലാതാക്കാൻ കേന്ദ്ര ഭരണക്കാരും പ്രതിപക്ഷവും ആവത്‌ ശ്രമിക്കുന്ന സാഹചര്യത്തിലാണ്‌ ഇത്‌ മുടങ്ങാതിരിക്കാൻ ബജറ്റിൽ ചില നിർദേശങ്ങൾവച്ചത്‌. പെട്രോൾ, ഡീസൽ ലിറ്ററിന്‌ രണ്ടു രൂപ സെസ്‌ ഏർപ്പെടുത്തും. മദ്യത്തിന്‌ 1000 രൂപയിൽ താഴെയുള്ളതിന്‌ 20 രൂപയും അതിനുമുകളിലുള്ളതിന്‌ 40 രൂപയും വർധിപ്പിക്കും. ഇതിലൂടെ കിട്ടുന്ന വരുമാനം പൂർണമായും സോഷ്യൽ സെക്യൂരിറ്റി സീഡ്‌ ഫണ്ടിലേക്ക്‌ പോകും. ദിവസം ഒരു ലിറ്റർ പെട്രോൾ അടിക്കുന്ന ബൈക്ക്‌ യാത്രക്കാരൻ രണ്ടു രൂപ അധികമായി നൽകേണ്ടിവരും. ദിവസം അഞ്ചുലിറ്റർ അടിച്ച്‌ ഓടുന്ന ഓട്ടോറിക്ഷക്കാർക്ക്‌ 10 രൂപ കൂടും. ഈ തുക നൽകുന്നത്‌ തങ്ങളുടെ കുടുംബത്തിലുൾപ്പെടെയുള്ള വയോജനങ്ങൾക്ക്‌ ആശ്വാസമാകുന്ന പെൻഷൻ നൽകാനാണെന്ന്‌ ജനങ്ങൾക്ക്‌ നല്ല ബോധ്യമുണ്ട്‌. വിലക്കയറ്റം തടയാൻ ബജറ്റിൽ 2000കോടി രൂപ നീക്കി വച്ചത്‌ പ്രത്യേകം കാണണം.  കേരളത്തെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളെ പ്രതിപക്ഷവും മാധ്യമങ്ങളും കാണുന്നില്ലെന്ന്‌ മാത്രമല്ല, അതിനെയൊക്കെ വെള്ളപൂശാനുള്ള മത്സരത്തിലുമാണ്‌. പെട്രോൾ–- ഡീസലിന്‌ 20 രൂപ സെസ് ഏർപ്പെടുത്തി, സംസ്ഥാനത്തിന്‌ ചില്ലിക്കാശ്‌ നൽകാതെ 7500 കോടി വർഷവും അടിച്ചുകൊണ്ടുപോകുന്ന കേന്ദ്രനടപടി പവിത്രമാണെന്നാണ്‌ മാധ്യമപക്ഷം.

കേരളത്തിനു കിട്ടേണ്ട 2.59 ശതമാനം വിഹിതം 1.92 ആയി വെട്ടിക്കുറച്ചു. കഴിഞ്ഞവർഷം കിട്ടിയതിനേക്കാൾ പതിനായിരക്കണക്കിന്‌ കോടിയുടെ കുറവാണ്‌ ഉണ്ടായത്‌.  സംസ്ഥാനത്തിന്റെ കടമെടുപ്പിനുള്ള പരിധി ഗണ്യമായി വെട്ടിക്കുറച്ചു. ബജറ്റ്‌ അവതരിപ്പിക്കുന്നതിന്റെ തലേദിവസമാണ്‌ ഈ കുറവ്‌ വരുത്തിയതെന്നതും നിസ്സാരമല്ല. ഇതൊന്നും പ്രതിഷേധിക്കുന്നവർക്ക്‌ വിഷയമല്ല.  സാധാരണക്കാർക്ക്‌ വലിയ ആശ്വാസമാകുന്ന തൊഴിലുറപ്പുപദ്ധതിയുടെ വകയിരുത്തൽ കേന്ദ്രം പകുതിയോളം കുറച്ചത്‌ ആരെ സഹായിക്കാനാണ്‌. 2014 ൽ 71 രൂപയുണ്ടായിരുന്ന പെട്രോളിന്റെ വില 106 രൂപയും 55 രൂപ വിലയുണ്ടായിരുന്ന ഡീസലിന്റെ വില 97 രൂപയുമായി. വില വർധിപ്പിച്ചപ്പോഴൊന്നും ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന്‌ പറയാൻ ഇപ്പോഴത്തെ പ്രതിഷേധക്കാരെ കണ്ടില്ല. 2014ൽ പാചകവാതകത്തിന്‌ 410 രൂപയായിരുന്നത്‌ ഇപ്പോൾ 1060 രൂപയായപ്പോൾ പോക്കറ്റടിയാണെന്ന്‌ യുഡിഎഫിനും ബിജെപിക്കും തോന്നുന്നേയില്ല. സബ്‌സിഡി നിർത്തിയിട്ട്‌ നാലു വർഷമായി. സാമൂഹ്യനീതിയും സമഗ്രവികസനവുമെന്ന കാഴ്‌ചപ്പാടിൽ നവകേരളം സൃഷ്ടിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌. കേരളത്തിന്റെ എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കാൻ കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോൾ ക്ഷേമ പെൻഷൻ നിർത്തണോ, വികസനം മുടക്കണോ എന്ന്‌ ധനമന്ത്രി നിയമസഭയിൽ ചോദിച്ച ചോദ്യം ഓരോ മലയാളിയും ചോദിക്കുന്ന ചോദ്യമാണ്‌. കേരളത്തെ തകർക്കാൻ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്നുതന്നെയാണ്‌ അതിനുള്ള ഉത്തരം. നവകേരളം സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top