29 September Friday

ഇഡിയുടെ രാഷ്ട്രീയനീക്കം 
പൊളിയും

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


തെരഞ്ഞെടുപ്പിലേക്ക് ഇനി ഒരുമാസം മാത്രം. കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച എന്നത് ആവർത്തിച്ചു പ്രവചിക്കപ്പെടുന്നു. ഈ സർക്കാരിനും അതിനെ നയിക്കുന്ന മുന്നണിക്കുമെതിരെ പ്രതിപക്ഷം മൂർച്ചകൂട്ടിവന്ന ആയുധങ്ങൾ എല്ലാം കൈവിട്ടു. ബിജെപിയുടെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ അഴിച്ചുവിട്ടും യുഡിഎഫ് വ്യാജ ആരോപണങ്ങൾ വഴിയും കെട്ടിപ്പൊക്കിയ മണൽക്കൊട്ടാരങ്ങളൊക്കെ ചിതറി. യുഎഇ എംബസിയിലൂടെ നടന്ന സ്വർണക്കടത്തിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊണ്ടുകെട്ടാൻ നടത്തിയ നീക്കം പാടേ പാളി. എല്ലാ കോലാഹലവും കഴിഞ്ഞ് എൻഐഎ കുറ്റപത്രം വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരും സാക്ഷിപ്പട്ടികയിൽപ്പോലും ഇല്ല.

ഇനി എന്ത് എന്ന ചോദ്യം യുഡിഎഫ് -ബിജെപി കൂട്ടായ്മയെയും യുഡിഎഫ് മാധ്യമങ്ങളെയും അലട്ടുന്നു. അഞ്ചുകൊല്ലത്തെ കേരളത്തിന്റെ മാറ്റം ജനങ്ങളുടെ കൺമുന്നിലുണ്ട്. എന്തൊക്കെ പ്രചാരണം നടത്തുമ്പോഴും ആശുപത്രിയും സ്കൂളും റോഡും പാലവുമായി നിറയുന്ന വികസനത്തെ മൂടാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ആ വികസനതന്ത്രത്തെ പുകമറയിലാക്കാൻ കഴിയുമോ എന്നായി നോട്ടം. എല്ലാ ഫെഡറൽ മര്യാദകളും ധന മാനേജ്മെന്റ് വ്യവസ്ഥകളും ഭരണഘടനാ തത്വങ്ങളും മറികടന്ന്‌ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ(സിഎജി)തയ്യാറാക്കിയ ഒരു റിപ്പോർട്ട്‌ അവർക്ക് ആയുധമായി കിട്ടി. ഏത് ഭരണഘടനാ സ്ഥാപനത്തെയും രാഷ്ട്രീയ താൽപ്പര്യത്തിനായി എങ്ങനെയും ദുരുപയോഗിക്കുന്ന കേന്ദ്രസർക്കാർ ഒരുക്കിക്കൊടുത്ത ഈ രാഷ്ട്രീയ ആയുധം അടിയന്തര പ്രമേയമായി കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നു. പക്ഷെ ചർച്ചയ്ക്ക് തയ്യാറായ സർക്കാർ കിഫ്ബിയെപ്പറ്റി പ്രതിപക്ഷം ഉയർത്തിയ പുകപടലം നീക്കാൻ ആ അവസരം പ്രയോജനപ്പെടുത്തി. സംസ്ഥാനത്തിന്റെ മികവാർന്ന വികസന പരീക്ഷണങ്ങളെ തകർക്കാൻ ബിജെപിക്കൊപ്പം ചേർന്ന് യുഡിഎഫ് നടത്തുന്ന ശ്രമങ്ങൾ സഭയിൽ തുറന്നുകാട്ടപ്പെട്ടു.

കേന്ദ്ര ഏജൻസികൾ വേണ്ടപോലെ കേരളത്തെ ഞെരുക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. ഈ "ആഹ്വാനം" ബിജെപി ഉൾക്കൊണ്ട മട്ടുണ്ട്.

ഇതോടെ കേരളത്തിന്റെ വികസന നേട്ടങ്ങൾ ഇടിച്ചുതാഴ്‌ത്തി മാത്രമേ ഇനി മുന്നോട്ടു നീങ്ങാനാകൂ എന്നവർക്ക് ബോധ്യമായി. ‘കിഫ്ബി വഴി വികസനം വന്നു; പക്ഷെ അത് അഴിമതിയാണ് കടക്കെണിയാണ്, ക്രമവിരുദ്ധമാണ്' എന്നായി ആരോപണങ്ങളുടെ ഊന്നൽ. എന്നിട്ടും ഏൽക്കുന്നില്ലെന്ന് വന്നപ്പോൾ നടത്തിയ വഴിവിട്ട നീക്കം ഇപ്പോൾ കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ എത്തി നിൽക്കുന്നു. കേന്ദ്ര ഏജൻസികൾ വേണ്ടപോലെ കേരളത്തെ ഞെരുക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. ഈ "ആഹ്വാനം" ബിജെപി ഉൾക്കൊണ്ട മട്ടുണ്ട്. ഇഡി നടപടികൾക്ക് വേഗം കൂടിയത് അതാണ്‌ കാണിക്കുന്നത്. അന്വേഷണ നടപടികൾ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. ഉദ്യോഗസ്ഥരെ രണ്ടുവട്ടം വിളിപ്പിച്ചതുമാണ്.

എന്നാൽ അത് വാർത്തയാക്കാനുള്ള പ്രാധാന്യം ഇഡി പോലും കണ്ടില്ല. അപ്പോഴാണു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബിജെപി വേദിയിൽ വന്ന്‌ കിഫ്ബിക്കെതിരെ പ്രസംഗിച്ചത്. ധനവകുപ്പിന്റെ കീഴിലെ അന്വേഷണ ഏജൻസിയാണ് ഇഡി. സ്വന്തം മന്ത്രിയുടെ പ്രസംഗത്തോടെയാണ് ഇപ്പോൾ തിരക്കിട്ട് ഉദ്യോഗസ്ഥരെ വിളിപ്പിക്കാനും എന്തോ വരാൻ പോകുന്നു എന്ന് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും ഇഡി മുതിരുന്നത്. നേരത്തേ പൊളിഞ്ഞ സിഎജി റിപ്പോർട്ടിലെ വാദങ്ങൾ ആവർത്തിച്ചാണ് അന്വേഷണം. മന്ത്രിയെ വരെ വിളിപ്പിക്കും എന്നാണ് പ്രചാരണം. സ്വർണക്കടത്ത് കേസിന്റെ രീതി പിന്തുടർന്ന്‌ ഇനി വിവരങ്ങൾ ചോർത്തലും യുഡിഎഫ് മാധ്യമങ്ങളിൽ അപവാദ വാർത്തകളും ആവർത്തിക്കും.

കിഫ്ബിയുടെ മസാല ബോണ്ടിനും ഈ അനുമതി റിസർവ് ബാങ്ക് നൽകി. അതിന്റെ തുടർ നടപടികളും ചട്ടപ്രകാരം നീങ്ങുന്നു. ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ല.

പക്ഷെ ധനമന്ത്രി തോമസ്‌ ഐസക്‌ ബുധനാഴ്ച ചൂണ്ടിക്കാട്ടിയതുപോലെ ഇക്കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ ഇഡിക്കാകില്ല. തീർത്തും സുതാര്യമായും എല്ലാ ചട്ടങ്ങളും പാലിച്ചുമാണ് കിഫ്ബി പ്രവർത്തിക്കുന്നത്. ആഗോളവൽക്കരണ നയങ്ങൾ കോർപറേറ്റുകൾക്ക് തുറന്നിട്ട സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സംസ്ഥാനത്ത് വികസനം സാധ്യമാക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. അത് തടയാനാകില്ല. മസാല ബോണ്ട്‌ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടി (ഫെമ) ന്റെ ലംഘനമാണ് എന്നാണ്‌ പ്രചാരണം. ഏത് ബോഡി കോർപറേറ്റിനും മസാല ബോണ്ട് ഇറക്കാം. അതിനു റിസർവ് ബാങ്ക് അനുമതി വേണം. കിഫ്ബിയുടെ മസാല ബോണ്ടിനും ഈ അനുമതി റിസർവ് ബാങ്ക് നൽകി. അതിന്റെ തുടർ നടപടികളും ചട്ടപ്രകാരം നീങ്ങുന്നു. ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. എന്നാൽ ഇഡിയുടെ അന്വേഷണച്ചുമതല രാജസ്ഥാനിലെ ബിജെപി എംപി യുടെ മകനായ ഉദ്യോഗസ്ഥനാണ്. പലയിടത്തും കോൺഗ്രസ് നേതാക്കൾക്കെതിരെ പയറ്റിയ തന്ത്രം ഇവിടെയും പയറ്റുകയാണ്. പലതും മറയ്ക്കാനും ഒളിയ്ക്കാനുമുള്ളതിനാൽ കോൺഗ്രസ് ഇത്തരം നടപടികൾ ഭയന്ന് നിന്നു. ഇവിടെ പക്ഷെ ആ വിരട്ടൽ നടക്കില്ലെന്ന്‌ ഐസക് വ്യക്തമാക്കിയിട്ടുണ്ട്.

ഇത് രാഷ്ട്രീയ നീക്കമാണ്. കേരളത്തിന്റെ വികസനത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ്. തെരഞ്ഞെടുപ്പ് അരികിൽ നിൽക്കെ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള അവസാന നീക്കമാണ്. ജനങ്ങളെ അണിനിരത്തിത്തന്നെ ഇതിനെ ചെറുക്കേണ്ടിവരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്ര ഏജൻസികളും യുഡിഎഫും സംയുക്തമായി ഇതേവഴി നീങ്ങിയപ്പോൾ ജനങ്ങൾ ചുട്ട മറുപടി നൽകിയതാണ്‌. വീണ്ടും നോക്കുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടിയതുപോലെ നാടിനെ ശത്രുവായി കാണുന്ന ഇക്കൂട്ടരെ ജനങ്ങൾ കൂടുതൽ ഒറ്റപ്പെടുത്തും. ഇതിനൊക്കെ ചേർത്ത് ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും. ഇപ്പോൾ കിട്ടുമെന്ന്‌ കരുതുന്ന ചുരുക്കം സീറ്റുകൾ കൂടി നഷ്ടപ്പെട്ട്‌ യുഡിഎഫും ഒരു സീറ്റുമില്ലാതെ ബിജെപിയും അവസാനിക്കുന്ന ദയനീയ പതനത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന്‌ ഉറപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top