31 March Friday

ഒടുവില്‍ ഭിന്നശേഷിക്കാര്‍ക്കായി നിയമം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 21, 2016


ഭിന്നശേഷിക്കാര്‍ക്കായി ഒരു പുതിയ നിയമം യാഥാര്‍ഥ്യമായി. ദീര്‍ഘകാലപോരാട്ടത്തിനും മുറവിളികള്‍ക്കും അന്ത്യത്തിലാണ് ഡിസംബര്‍ 15ന് ലോക്സഭയില്‍ നിയമത്തിന് അന്തിമാംഗീകാരം ആയത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ കണ്‍വന്‍ഷന്‍ ഇന്ത്യ അംഗീകരിച്ചിട്ട് ഒമ്പതുവര്‍ഷം പിന്നിട്ടശേഷമാണ് നിയമം നടപ്പാകുന്നത്. തിരുത്താവുന്ന പിഴവുകളും വരുത്തേണ്ട മാറ്റങ്ങളും ചിലത് ബാക്കിയായെങ്കിലും ബില്‍ ഭിന്നശേഷിസമൂഹത്തിന് ഒട്ടേറെ കാര്യങ്ങളില്‍ ആശ്വാസമാകും.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ ദീര്‍ഘനാളായി അവഗണിച്ചിരിക്കുകയായിരുന്നു. ബില്‍ പാസാക്കണമെന്ന ആവശ്യവുമായി ഭിന്നശേഷി സംഘടനകള്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനിടെയാണ് ബില്‍ ഇപ്പോള്‍ നിയമമായത്.

2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 2.68 കോടിയാണ് (ജനസംഖ്യയുടെ 2.21 ശതമാനം) ഭിന്നശേഷിക്കാരുടെ കണക്ക്. 1995ലെ നിയമപ്രകാരം ഏഴ് വിഭാഗങ്ങളെമാത്രമേ ഭിന്നശേഷിക്കാരായി കണക്കാക്കിയിരുന്നുള്ളൂ. ഇതനുസരിച്ചുണ്ടാക്കിയ കണക്കാണിത്. പുതിയ നിയമത്തിലൂടെ ഭിന്നശേഷിക്കാരായി  21 വിഭാഗങ്ങളെ കൊണ്ടുവന്നു. ഇതനുസരിച്ച് കണക്കാക്കുമ്പോള്‍ ഭിന്നശേഷിക്കാരുടെ എണ്ണം എത്രയോ അധികമാകും. ആസിഡ് ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നവര്‍, സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, ഓട്ടിസം, തലസീമിയ, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ അവശതകള്‍ അനുഭവിക്കുന്നവരും ഇനിമുതല്‍ ഭിന്നശേഷി വിഭാഗത്തില്‍ വരും. മറ്റേതെങ്കിലും രോഗാവസ്ഥയിലുള്ളവരെ ഭിന്നശേഷിഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മതിയാകുമെന്ന വ്യവസ്ഥയുമുണ്ട്.

നാല്‍പ്പത് ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ തസ്തികകളിലും സര്‍ക്കാര്‍ എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാല് ശതമാനംവരെ സംവരണം ഉറപ്പാക്കുന്നതാണ് നിയമത്തിലെ മുഖ്യവ്യവസ്ഥ. നിലവില്‍ മൂന്ന് ശതമാനമാണ് സംവരണം. മൂന്നുവര്‍ഷംമുമ്പ് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ അഞ്ച് ശതമാനം സംവരണം നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കാര്‍തന്നെ ഭേദഗതി കൊണ്ടുവന്ന് നാല് ശതമാനമായി ചുരുക്കുകയായിരുന്നു. ഭിന്നശേഷി അവകാശങ്ങള്‍ക്കായുള്ള ദേശീയവേദി ഇതില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

പൊതു സ്വകാര്യ കെട്ടിടങ്ങള്‍ ഭിന്നശേഷിസൌഹൃദമാക്കണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു. ഭിന്നശേഷിക്കാരോട് വിവേചനം ഉള്‍പ്പെടെ ബില്ലിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവും 10,000 രൂപ പിഴയുമാണ് ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, ഭേദഗതിയിലൂടെ അത് പിഴമാത്രമാക്കി ചുരുക്കി.  തെറ്റ് ആവര്‍ത്തിക്കുന്നവര്‍ക്കും തടവില്ല; അഞ്ചുലക്ഷം രൂപവരെ പിഴമാത്രമാണ് വ്യവസ്ഥ. എങ്കിലും കൃത്യമായ ശിക്ഷാവ്യവസ്ഥകളേ ഇല്ലെന്ന 1995ലെ നിയമത്തിന്റെ പരിമിതി ഇവിടെ പരിഹരിച്ചിട്ടുണ്ട്.

ആദ്യബില്ലില്‍ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ- സംസ്ഥാന കമീഷനുകള്‍ എന്ന നിര്‍ദേശമുണ്ടായിരുന്നു. അതും പിന്നീട് ഇല്ലാതായി.

ന്യായമായ ഒരു ലക്ഷ്യത്തോടെയാണെങ്കില്‍ ഭിന്നശേഷിക്കാര്‍ക്കെതിരെ വിവേചനമാകാമെന്ന അപകടമായ ഒരു വ്യവസ്ഥ നിയമത്തില്‍ കടന്നുകൂടിയിട്ടുണ്ട്. ബില്‍ രാജ്യസഭയില്‍ പരിഗണിക്കുമ്പോള്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതിനെതിരെ ഭേദഗതി കൊണ്ടുവന്നിരുന്നു. എന്നാല്‍,ചട്ടങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു വകുപ്പുമന്ത്രിയുടെ ഉറപ്പ്.
ഒഴിവുകളുടെ കണക്കെടുക്കുന്നതില്‍ 1995ലെ നിയമത്തില്‍ ദുര്‍വ്യാഖ്യാന സാധ്യതയുണ്ടായിരുന്നു. സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിലേ ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം നല്‍കാനാകൂ എന്ന വ്യാഖ്യാനത്തിന് പഴയ നിയമം വഴിയൊരുക്കി. ഇത് നിയമയുദ്ധത്തിനിടയാക്കിയിരുന്നു. ഒരു പ്രത്യേക വിഭാഗത്തിലെ മൊത്തം ഒഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം സംവരണം കണക്കാക്കേണ്ടതെന്ന് 2013ല്‍ സുപ്രീംകോടതി വിധിയും വന്നു. ഇക്കാര്യംകൂടി പരിഗണിച്ച് നിയമത്തില്‍ വേണ്ടമാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഇതേപ്പറ്റിയും പ്രതിപക്ഷം സഭയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ചട്ടങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇത് പരിഹരിക്കാമെന്നാണ് ഇക്കാര്യത്തിലും മന്ത്രി നല്‍കിയ ഉറപ്പ്.

നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകുന്ന സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ സ്വകാര്യസ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് നേട്ടമാണ്. ഭിന്നശേഷിക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയും നിയമത്തിലുണ്ട് എന്നതും സ്വാഗതാര്‍ഹമാണ്.
നിയമം ഭിന്നശേഷിക്കാര്‍ക്കായുള്ള സാമൂഹ്യമുന്നേറ്റത്തില്‍ വലിയ കാല്‍വയ്പുതന്നെയാണ്. എന്നാല്‍, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്കുള്ള അന്തിമപരിഹാരമോ അവസാന വാക്കോ അല്ല ഈ നിയമം. തുല്യനീതിക്കായും ഭിന്നശേഷിക്കാരോടുള്ള സാമൂഹ്യ സാംസ്കാരിക മുന്‍വിധികള്‍ക്കെതിരെയും നിരന്തരപോരാട്ടം വേണ്ടിവരും. ഭിന്നശേഷിക്കാരെ രണ്ടാംകിട പൌരന്മാരായി കണക്കാക്കുന്ന സ്ഥിതി മാറണം. സ്വന്തം അവകാശങ്ങളോടുകൂടിയ പൂര്‍ണവ്യക്തികളായി അവരെ പരിഗണിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top