30 March Thursday

ബിജെപിയുടെ പണമെറിയൽ രാഷ്‌ട്രീയം

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തിരശ്ശീല വീണിരിക്കുന്നു. സംസ്ഥാനത്ത്‌ പൊതുവെ സമാധാനപൂർണമായ തെരഞ്ഞെടുപ്പ്‌ പ്രചാരണമാണ്‌ നടന്നത്‌. എന്നാൽ ഇക്കുറി കണ്ട ഒരു പ്രത്യേകത സംസ്ഥാനത്ത്‌ വലിയ രാഷ്ട്രീയ കക്ഷിയൊന്നുമല്ലെങ്കിലും ബിജെപി പണംവാരിയെറിഞ്ഞ്‌ നടത്തിയ പ്രചാരണമാണ്‌. കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രി, കർണാടക ഉപമുഖ്യമന്ത്രി, എംപിമാർ എന്നിവരെല്ലാം ഒരുമാസത്തോളം ഇവിടെ തമ്പടിച്ച്‌ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതോടൊപ്പം രാഷ്ട്രീയ പ്രചാരണത്തിന്‌ ഹെലികോപ്‌ടർ ഉപയോഗിക്കുന്ന രീതി വ്യാപകമാക്കുകയും ചെയ്‌തു. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹെലികോപ്‌റ്റർ ഉപയോഗിച്ച്‌ പണത്തിന്റെ ധാരാളിത്തം പ്രദർശിപ്പിച്ചു.

എവിടെനിന്നാണ്‌ ബിജെപിക്ക്‌ ഇത്രയും പണം ലഭിക്കുന്നത്‌ എന്ന സംശയം സ്വാഭാവികമായും ഉയരുന്നു. അതിനുള്ള ഉത്തരമാണ്‌ 2018 ഫെബ്രുവരി മുതൽ തുടക്കം കുറിച്ച ഇലക്‌ട്രൽ ബോണ്ട്‌ സംവിധാനം. മോഡി അധികാരത്തിൽ വന്നതിന്‌ ശേഷമാണ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലെ ‘കള്ളപ്പണ സാന്നിധ്യം ഇല്ലാതാക്കുക ലക്ഷ്യമിട്ട്‌’‌ ഇലക്‌ട്രൽ ബോണ്ട്‌ സംവിധാനത്തിന്‌ തുടക്കമിട്ടത്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിൽ വർഷത്തിൽ നാല്‌ തവണ (ജനുവരി, ഏപ്രിൽ, ജൂലൈ‌, ഒക്ടോബർ) ബോണ്ടുകൾ ഇഷ്യു ചെയ്യും. 1000, 10000, ലക്ഷം, പത്ത്‌ ലക്ഷം, കോടി രൂപയുടേതായിരിക്കും ബോണ്ടുകൾ. ഈ ബോണ്ടുകൾ വാങ്ങി ഇഷ്ടമുള്ള രാഷ്ട്രീയപാർടിക്ക്‌ നൽകാം. ബോണ്ട്‌ വാങ്ങിയ ആളെക്കുറിച്ചോ, അത്‌ നൽകിയ രാഷ്ട്രീയ പാർടിയെക്കുറിച്ചോ ഉള്ള വിവരം വെളിപ്പെടുത്തില്ല. അതായത്‌ വൻകിട കോർപറേറ്റുകൾക്ക്‌ രാഷ്ട്രീയ പാർടിക്ക്‌ പ്രത്യേകിച്ചും കേന്ദ്ര ഭരണകക്ഷിക്ക്‌ വൻതോതിൽ പണം നൽകാൻ കഴിയും. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശകമ്പനികൾക്കും ബോണ്ട്‌ വഴി ഫണ്ട്‌ നൽകാം. മൂന്ന്‌ വർഷത്തെ ലാഭത്തിന്റെ ഏഴര ശതമാനമേ രാഷ്ട്രീയ പാർടികൾക്ക്‌ സംഭാവന നൽകാവൂ എന്ന കമ്പനി നിയമത്തിലെ വ്യവസ്ഥയും ഭേദഗതി ചെയ്യുകയുണ്ടായി. അതായത്‌ സ്വദേശ വിദേശ കോർപറേറ്റുകളുടെ പണം നേടാൻ ബിജെപി എല്ലാ നിയമങ്ങളിലും വെള്ളം ചേർത്തു.

പണം നൽകുന്നയാളെക്കുറിച്ച്‌ അറിയാൻ കഴിയുന്നത്‌‌ കേന്ദ്രസർക്കാരിന്‌ മാത്രമാണ്‌. കാരണം അവർക്ക്‌ കീഴിലുള്ള എസ്‌ബിഐ ആണ്‌ ബോണ്ടുകൾ വിൽക്കുന്നത്‌. അതുകൊണ്ടു തന്നെ പ്രതിപക്ഷ കക്ഷികൾക്ക്‌ പണം നൽകി സർക്കാരിന്റെ രോഷം ഏറ്റുവാങ്ങാൻ ഒരു കോർപറേറ്റ്‌ കമ്പനിയും തയ്യാറാകില്ലെന്നതിനാൽ ഇലക്‌ട്രൽ ബോണ്ടു വഴിയുള്ള ഫണ്ട്‌ ഭൂരിപക്ഷവും പോകുന്നത്‌ ബിജെപിയുടെ അക്കൗണ്ടിലേക്കാണ്‌. 2018 ൽ തുടങ്ങിയ ഈ പദ്ധതിയുടെ 14 ഘട്ടം ഇപ്പോൾ പൂർത്തിയായി. കഴിഞ്ഞ വർഷം അവസാനം വരെ 12733 ബോണ്ടുകളാണ്‌ ഇറക്കിയത്‌. ഇതിൽ 90 ശതമാനവും ബിജെപിക്കാണ്‌ ലഭിച്ചത്‌. 2018 ഫെബ്രുവരിയിൽ ആദ്യ ഘട്ടത്തിൽ 222 കോടിരൂപയുടെ ബോണ്ടുകളാണ്‌ ഇറക്കിയത്‌. ഇതിൽ 94.5 ശതമാനവും ബിജെപിക്കാണ്‌ ലഭിച്ചത്‌. ബോണ്ടുകളുടെ 92.12 ശതമാനം ഒരുകോടിയുടേതാണ്‌. ഇതിൽനിന്നും വ്യക്തമാകുന്നത്‌ വൻകിട കോർപറേറ്റുകളാണ്‌ ഇവ വാങ്ങി ബിജെപിക്ക്‌ നൽകുന്നത്‌ എന്നതാണ്‌.

ഈ പശ്‌ചാത്തലത്തിലാണ്‌ അഞ്ച്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന വേളയിൽ ബോണ്ടുകളുടെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ട്‌ അസോസിയേഷൻ ഓഫ്‌ ഡെമോക്രാറ്റിക്ക്‌ റിഫോംസ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. വൻകിട കോർപറേറ്റുകൾക്ക്‌ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള അവസരമൊരുക്കുന്നത്‌ ജനാധിപത്യത്തിന്‌ ഒട്ടും ഭൂഷണമല്ല. എന്നാൽ കഴിഞ്ഞ മൂന്ന്‌ വർഷമായി തടസ്സമില്ലാതെ തുടരുന്ന പദ്ധതി നിർത്തിവയ്‌ക്കാനാവില്ലെന്ന ലളിതയുക്തിയാണ്‌ സുപ്രീംകോടതി മുന്നോട്ടുവച്ചത്‌. ഇലക്‌ട്രൽ ബോണ്ടുകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്‌തുകൊണ്ട്‌ സിപിഐ എം ഉൾപ്പെടെ നൽകിയ ഹർജി ഇതുവര പരിഗണിക്കാൻ പോലും സുപ്രീംകോടതി തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ്‌ കമീഷനും റിസർവ്‌ ബാങ്കും ആശങ്ക രേഖപ്പെടുത്തിയിട്ടും സുപ്രീംകോടതി പ്രശ്‌നം ഗൗരവത്തിലെടുത്തിട്ടില്ല. ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കിയതിനെ ചോദ്യം ചെയ്‌ത്‌ നൽകിയ ഹർജിയും സുപ്രീംകോടതി ഇനിയും പരിഗണിച്ചിട്ടില്ല. ഭരണകക്ഷിക്ക്‌ അനുകൂലമായുള്ള ജുഡീഷ്യറിയുടെ ഈ ഒഴിഞ്ഞുമാറ്റം ആശങ്ക ഉളവാക്കുന്നു.

കോർപറേറ്റുകൾ രാഷ്ട്രീയ പാർടികളെ വിലയ്‌ക്കുവാങ്ങുമ്പോൾ നശിക്കുന്നത്‌ ജനാധിപത്യം തന്നെയാണ്‌. രാഷ്ട്രീയത്തിലെ പണാധിപത്യത്തെ ചെറുക്കാൻ കഴിഞ്ഞാലേ ജനാധിപത്യം ശക്തമാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top