28 May Sunday

ദേശാഭിമാനിയുടെ 75 വര്‍ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2017


എഴുപത്തഞ്ചുവര്‍ഷംമുമ്പ് ഇതേദിവസം 'ദേശാഭിമാനി' എന്ന പേരില്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണം തുടങ്ങിയ വാരിക ഇന്ന് കേരളത്തിലെ ഏറ്റവും വളര്‍ച്ചയും സ്വീകാര്യതയുമുള്ള വര്‍ത്തമാനപത്രമായിരിക്കുന്നു. പ്ളാറ്റിനം ജൂബിലിയില്‍ എത്തിനില്‍ക്കുന്ന ഈ വേളയില്‍ ഉറപ്പിച്ചുപറയാനാകും- ദേശാഭിമാനിയേക്കാള്‍ വലിയ പത്രങ്ങളുണ്ട്; ദേശാഭിമാനിയോളം വളര്‍ന്ന ഒരു പത്രവുമില്ല. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ കാവലാളായി, ബദല്‍ മാധ്യമസങ്കല്‍പ്പത്തിന്റെ ആവേശകരമായ ദൃഷ്ടാന്തമായി, തൊഴിലാളിവര്‍ഗത്തിന്റെ ശബ്ദമായി മലയാളിയുടെ ജീവിതത്തില്‍ നിര്‍ണായകസ്വാധീനം നേടി എന്ന അഭിമാനത്തോടെയാണ് ദേശാഭിമാനി 76-ാംവയസ്സിലേക്ക് പ്രവേശിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഉപകരണമായും ഊര്‍ജമായും നിലകൊള്ളാനും കഴിഞ്ഞതാണ് ഈ പത്രത്തിന്റെ സ്വീകാര്യതയുടെ അടിത്തറ. ഒരു രാഷ്ട്രീയപാര്‍ടിക്ക് എവ്വിധം മാധ്യമരംഗത്ത് ഇടപെടാനാകും എന്നതുമാത്രമല്ല, രാഷ്ട്രീയപാര്‍ടിയുടെ മുഖപത്രത്തിന് എങ്ങനെ സമ്പൂര്‍ണ വാര്‍ത്താമാധ്യമമായി മാറാന്‍ കഴിയും എന്നുകൂടിയാണ് ദേശാഭിമാനി തെളിയിച്ചത്. 1942ല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച് തുടങ്ങിയ വാരിക ഇന്ന് സംസ്ഥാനത്തെ ഒമ്പത് കേന്ദ്രങ്ങളില്‍നിന്ന് അച്ചടിച്ച് വിതരണംചെയ്യുന്ന ദിനപത്രമാണ്. 

താരതമ്യങ്ങളില്ലാത്ത ചരിത്രമാണ് ദേശാഭിമാനിയുടേത്. ഏഴരപ്പതിറ്റാണ്ടിനിടയില്‍ സഹിക്കേണ്ടിവന്നത് എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളും അടിച്ചമര്‍ത്തലും എതിര്‍പ്പുമാണ്. സ്വാതന്ത്യ്രത്തിനായി പോരാടിയപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ദേശാഭിമാനിയെ ശത്രുപക്ഷത്ത് നിര്‍ത്തി കടന്നാക്രമിച്ചത്.  മര്‍ദിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയും സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരെയും പൊരുതിയതിന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വേട്ടയ്ക്ക് ഈ പത്രം ഇരയായി. വര്‍ഗീയശക്തികള്‍ നിരന്തരം കടന്നാക്രമണം നടത്തി. അടിച്ചമര്‍ത്തലുകളെയും വിലക്കുകളെയും അതിജീവിച്ച് മലയാളിയുടെ മനസ്സില്‍ സുശക്ത സ്വാധീനമുള്ള പത്രശൃംഖല തീര്‍ക്കാനും സമരമുഖങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടി നെഞ്ചുറപ്പോടെ നിലകൊള്ളാനും കഴിയുന്നത്, ഈ പത്രത്തിന്റെ യഥാര്‍ഥ ഉടമകള്‍ ജനങ്ങളാണ് എന്നതുകൊണ്ടാണ്.  ജനങ്ങളാണ് എക്കാലത്തും ദേശാഭിമാനിക്ക് സംരക്ഷണകവചം തീര്‍ത്തത്. തൊഴിലാളികളും കൃഷിക്കാരും ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും മറ്റു പുരോഗമനവാദികളും ദേശാഭിമാനിയെ ഹൃദയംകൊണ്ട്ഏറ്റുവാങ്ങി. മറ്റെല്ലാ പത്രങ്ങളും എതിര്‍പക്ഷത്ത് നില്‍ക്കുമ്പോഴും ദേശാഭിമാനി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനുംനിലപാടുകള്‍ക്കും ഭൂരിപക്ഷം കേരളീയരുടെയും അംഗീകാരം ലഭിക്കുന്നു.

മോചനം കൊതിച്ച കേരളീയന്റെ പ്രത്യാശയും അത്താണിയുമായാണ് ദേശാഭിമാനി പിറവികൊണ്ടതുതന്നെ. ദേശാഭിമാനി ഒരു ദിനപത്രമായിത്തീരുന്ന സുദിനം കാത്തിരുന്ന അനേകായിരം പേരില്‍ ഒരുത്തനോ ഒന്നാമനോ ആണ് ഞാന്‍ എന്ന മഹാകവി വള്ളത്തോളിന്റെ വാക്കുകള്‍ കേരളീയന്റെ മനസ്സിന്റെ കണ്ണാടിയാണ്. ഇ എം എസിന്റെ കുടുംബസ്വത്ത് വിറ്റ പണവും പി കൃഷ്ണപിള്ളയുടെ അതുല്യ സംഘാടനശേഷിയും മലയാളികള്‍ ഉള്ളിടത്തുചെന്ന് ദേശാഭിമാനിക്കുവേണ്ടി ഫണ്ട് ശേഖരിച്ച എ കെ ജിയുടെ ത്യാഗസമ്പന്നമായ ഇടപെടലും മരിച്ചുകിടക്കുമ്പോഴും ദേശാഭിമാനി നെഞ്ചോടുചേര്‍ത്തുണ്ടാകണം എന്ന ഇ കെ നായനാരുടെ ഹൃദയവായ്പും പാലോറമാതയുടെ പശുക്കിടാവും ഈ ജനകീയ പത്രത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളിലെ കെടാവിളക്കുകളാണ്. 

മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ചേരിതിരിച്ചും കലഹം വിതച്ചും രാഷ്ട്രീയനേട്ടം കൊയ്യാന്‍ കൊതിക്കുന്ന ശക്തികള്‍ക്കെതിരെ സുധീരം നിലകൊള്ളുന്നു എന്നതാണ് ദേശാഭിമാനിയെ മറ്റു പത്രങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. പുനരുത്ഥാനവഴിയിലൂടെ പിന്നോട്ടുനടത്തം ശീലമാക്കുന്നവര്‍ക്കും പ്രതിലോമരാഷ്ട്രീയത്തിന്റെ പ്രചാരകര്‍ക്കും മാധ്യമബദല്‍ ഉയര്‍ത്തിയാണ് ഈ പത്രം മുന്നേറുന്നത്. വാര്‍ത്താ ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും വിന്യാസത്തിന്റെയും മാതൃകയായി ഉയരാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വിനിയോഗിച്ച്, പത്രം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ക്രിയാത്മക ഇടപെടലിനുള്ള സാധ്യത ഞങ്ങള്‍ കണ്ടെത്തുന്നു. അതിന്റെ ഭാഗമായാണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ അനൌപചാരിക അറിവുത്സവമായ 'അക്ഷരമുറ്റ'ത്തിന് ദേശാഭിമാനി നേതൃത്വം നല്‍കുന്നത്. ആബാലവൃദ്ധത്തിനും പ്രതിഭ തെളിയിക്കാന്‍ അവസരമൊരുക്കുന്ന അറിവരങ്ങ് ദേശാഭിമാനി പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ബഹുജന സാംസ്കാരിക- വൈജ്ഞാനിക പരിപാടിയാണ്. മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം ടി വാസുദേവന്‍നായര്‍ക്കാണ് പ്രഥമ ദേശാഭിമാനി പുരസ്കാരം പ്ളാറ്റിനം ജൂബിലി വര്‍ഷത്തില്‍ നല്‍കിയത്. അതിനുപുറമെ നാല് വ്യത്യസ്ത സാഹിത്യ ശാഖകളിലെ പ്രതിഭകള്‍ക്ക് വാര്‍ഷിക പുരസ്കാരം നല്‍കുന്നതിനും തുടക്കമായിരിക്കുന്നു.

കലര്‍പ്പില്ലാത്ത വാര്‍ത്ത, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയം, സാമൂഹികവിഷയങ്ങളിലെ ആര്‍ജവത്തോടെയുള്ള ഇടപെടല്‍- ഇതാണ് ദേശാഭിമാനിയുടെ മുഖമുദ്ര. സിപിഐ എം മുഖപത്രമായിരിക്കുമ്പോള്‍ത്തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയിക്കാവുന്ന വര്‍ത്തമാനപത്രമായി ദേശാഭിമാനിക്ക് തല ഉയര്‍ത്തി നില്‍ക്കാനാകുന്നത് അതുകൊണ്ടാണ്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ പത്രമെന്ന നിലയില്‍നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശാഭിമാനി. ഇന്ന്, 75 വയസ്സ് തികയുന്ന ഈ വേളയില്‍, ഞങ്ങള്‍ക്ക് ഈടുവയ്ക്കാനുള്ളത് ആത്മസമര്‍പ്പണത്തിന്റെയും സമരോത്സുകതയുടെയും സത്യസന്ധതയുടെയും ആര്‍ജവത്തിന്റെയും ചരിത്രം മാത്രമല്ല, അതിന്റെ ദീപ്തവും സമുജ്ജ്വലവുമായ തുടര്‍ച്ച സൃഷ്ടിക്കാനുള്ള സന്നദ്ധതതന്നെയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top