02 June Tuesday

നിലച്ചത്‌ പുരോഗമനശബ്‌ദം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


സാഹിത്യത്തിലെ പുരോഗമനശബ്‌ദമായിരുന്നു ഗിരീഷ് കർണാടിന്റേത്. നാടകകൃത്ത്, നടൻ, സംവിധായകൻ, എഴുത്തുകാരൻ, ടെലിവിഷൻ  പ്രോഗ്രാം നിർമാതാവ്  എന്നീ നിലകളിലെല്ലാം പേരെടുത്ത ഗിരീഷ‌് കർണാട് ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമായി മാറിയത് അദ്ദേഹം കാത്തുസൂക്ഷിച്ച പുരോഗമന പക്ഷപാതിത്വം കൊണ്ടായിരുന്നു. സാഹിത്യത്തിലെ ഒരു തലമുറയുടെ ശബ്‌ദമായി അത് മാറുകയും ചെയ‌്തു. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി ധീരമായി   ശബ്‌ദമുയർത്താനും അദ്ദേഹം തയ്യാറായി. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളോട് വിട്ടുവീഴ‌്ചയില്ലാതെ പോരാടിയ കർണാട് ശാരീരികമായി ബലക്ഷയമുണ്ടായ അവസാനകാലത്തുപോലും അത് തുടർന്നു. എൺപതാം വയസ്സിൽ ഓക‌്സിജൻ സിലിണ്ടറും ട്യൂബുമായി ബംഗളൂരുവിലെ ഫാസിസ്റ്റ‌് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർണാട് തയ്യാറായി എന്നതിൽനിന്ന‌് ഫാസിസ്റ്റ‌് വർഗീയ ശക്തികൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ രോഷവും വെറുപ്പും വായിച്ചെടുക്കാം. അതോടൊപ്പം അവയെ പരാജയപ്പെടുത്തണമെന്ന നിശ‌്ചയദാർഢ്യവും.  അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ഒരു സാഹിത്യകാരനും എഴുത്തുകാരനും എന്തായിരിക്കണമെന്നതിന്റെ ഓർമപ്പെടുത്തൽകൂടിയാണ് കർണാട്. പൊതുജനങ്ങളുടെ അന്ത്യദർശനവും സർക്കാരിന്റെ ആദരവ് പോലും വേണ്ടെന്നുവച്ചായിരുന്നു ഗിരീഷ് കർണാടിന്റെ അന്ത്യയാത്ര.

കർണാടകസാഹിത്യത്തിൽ യു ആർ അനന്തമൂർത്തിക്കും കംബർക്കും ബി വി കാറന്തിനും പി ലങ്കേഷിനും  സമശീർഷനായിരുന്നു ധാർവാഡുകാരനായ ഗിരീഷ് കർണാടും. ആദ്യനാടകമായ യയാതി മുതൽ ആറ് ദശാബ്‌ദ ത്തോളം നീണ്ട സാഹിത്യജീവിതമായിരുന്നു കർണാടിന്റേത്.  തുഗ്ലക്ക്, നാഗമണ്ടല തുടങ്ങിയ വിഖ്യാതനാടകങ്ങൾ ഇതിനകം അദ്ദേഹം രചിച്ചു. യു ആർ അനന്തമൂർത്തിയുടെ സംസ‌്കാര എന്ന നോവലിന് ചലച്ചിത്രഭാഷ്യം നൽകിയ കർണാട് അതിൽ വേഷമിടുകയും ചെയ‌്തു. രാഷ്ട്രപതിയുടെ സ്വർണമെഡൽ ഈ ചിത്രം കരസ്ഥമാക്കി.  ജ്ഞാനപീഠം അവാർഡും കർണാടിനെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷൺ പുരസ‌്കാരങ്ങളും അദ്ദേഹം നേടി. ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിഖ്യാത ഡയറക്ടറായും ലണ്ടനിലെ നെഹ്റു സെന്ററിന്റെ തലവനായും ഓക‌്സ‌്ഫോർഡ് പ്രസിലും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പല കൃതികളും ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ ഇന്നും വായിക്കപ്പെടുന്നുണ്ട്.  

തിരക്കുപിടിച്ച സാഹിത്യ–-അഭിനയജീവിതത്തിനിടയിലും തന്റെ ചുറ്റുപാടും നടക്കുന്ന സാമൂഹ്യ–-രാഷ്ട്രീയസംഭവങ്ങൾ സൂക്ഷ‌്മമായി നിരീക്ഷിക്കാനും അദ്ദേഹം സമയം കണ്ടെത്തി.  അസമത്വവും ദാരിദ്ര്യവും കർണാടിന്റെ മനസ്സിനെ എന്നും അലട്ടിയിരുന്നു. അതോടൊപ്പം മതനിരപേക്ഷതയിലും ബഹുസ്വരതയിലും അദ്ദേഹം എന്നും ഉറച്ചുവിശ്വസിക്കുകയും അവ ജീവിതത്തിലുടനീളം ഉയർത്തിപ്പിടിക്കുകയും ചെയ‌്തു. അതുകൊണ്ടുതന്നെ സമൂഹത്തിലെ പിന്തിരിപ്പൻ ഹിന്ദുത്വശക്തികൾക്ക് അദ്ദേഹത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

ഹിന്ദുത്വശക്തികളുടെ ഹിറ്റ‌്‌ലിസ്റ്റിൽ അതുകൊണ്ടുതന്നെ ഗിരീഷ് കർണാടും ഇടം നേടി. ഇരുട്ടിന്റെ ശക്തികൾ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷ‌് വധക്കേസിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ‌്ത അമോൽ കലേയിൽനിന്ന‌് കണ്ടെടുത്ത കൊല്ലപ്പെടേണ്ടവരുടെ പട്ടികയിൽ ഗിരീഷ‌് കർണാടുമുണ്ടായിരുന്നു. നരേന്ദ്ര ധാബോൽക്കറുടെയും  ഗോവിന്ദ് പൻസാരെയുടെയും എം എം കലബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും ജീവൻ അപഹരിക്കപ്പെട്ടപ്പോഴും നിർഭയം ഹിന്ദുത്വശക്തികൾക്കെതിരെ നിലകൊള്ളാൻ ഗിരീഷ് കർണാട് തയ്യാറായി.  ടിപ്പു സുൽത്താൻ ഹിന്ദുവായിരുന്നെങ്കിൽ ശിവജിയേക്കാൾ വലിയ ആളാകുമായിരുന്നുവെന്ന പ്രസ‌്താവന കുറച്ചൊന്നുമല്ല ഹിന്ദുത്വ ശക്തികളെ ചൊടിപ്പിച്ചത്. അതോടൊപ്പം ബംഗളൂരു വിമാനത്താവളത്തിന് വിജയനഗരസാമ്രാജ്യകാലത്തെ ഒരു ഫ്യൂഡൽ ഭരണാധികാരിയുടെ പേര് (കെംപഗൗഡ) നൽകിയപ്പോൾ ടിപ്പുസൽത്താന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടതും ഗിരീഷ് കർണാടായിരുന്നു.  ടിപ്പുവിനെക്കുറിച്ചും അദ്ദേഹം നാടകമെഴുതി അവതരിപ്പിക്കുകയുണ്ടായി.

ഏറ്റവും അവസാനമായി ബിജെപിയെയും സഖ്യത്തെയും ഈ തെരഞ്ഞെടുപ്പിൽ പുറത്താക്കണമെന്ന് ആഹ്വാനംചെയത് 600 എഴുത്തുകാർ പുറത്തിറക്കിയ പ്രസ‌്താവനയിലും ഗിരീഷ് കർണാട് ഒപ്പുവയ‌്ക്കുകയുണ്ടായി. ഇന്ത്യ എന്ന ആശയം നിലനിൽക്കണമെങ്കിൽ, ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ മോഡി സർക്കാർ വീണ്ടും വരരുതെന്ന് വിളിച്ചുപറയാൻ കർണാടിന് ഭയമേതുമുണ്ടായിരുന്നില്ല. രാജ്യം ഒരു ദശാസന്ധിയിലൂടെ കടന്നുപോകുന്ന ഈ വേളയിൽ കർണാടിന്റെ വേർപാട് തീരാനഷ്ടമാണ്. ഈ ദുഃഖത്തിൽ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളും പങ്കുചേരുന്നു. ഗിരീഷ് കർണാടിന്റെ സ്വപ‌്നം സാക്ഷാൽക്കരിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.


പ്രധാന വാർത്തകൾ
 Top