09 June Friday

അണക്കെട്ട്‌ തുറന്നത് കരുതൽ, അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021സംസ്ഥാനം നേരിടുന്ന ഏതു പ്രശ്നവും പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിൽ പിണറായി സർക്കാർ പുലർത്തുന്ന ജാഗ്രതയും കരുതലും ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. നടപ്പാക്കുന്ന കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം, അതിവേഗം നടപ്പാക്കൽ, മേൽനോട്ടത്തിലെ ജാഗ്രത, സൂക്ഷ്മമായ ഏകോപനം എന്നിവ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നു. ബുധനാഴ്ചമുതൽ കേരളത്തിൽ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ചൊവ്വാഴ്‌ച ഇടുക്കി അണക്കെട്ട്‌ അടക്കം ഏതാനും അണക്കെട്ട്‌ തുറന്നതിൽ സർക്കാരിന്റെ ഈ കരുതലും സൂക്ഷ്‌മതയുമെല്ലാം കേരളത്തിന് ഒരിക്കൽക്കൂടി ബോധ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയെ തുടർന്ന്‌  അണക്കെട്ടുകളിലെ  ജലനിരപ്പ്‌ കൂടിയിരുന്നു. 2403 അടി പരമാവധി സംഭരണശേഷിയുള്ള ഇടുക്കിയിൽ  2398.08 അടി കവിഞ്ഞതോടെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിക്കുകയായിരുന്നു.   കമീഷൻ ചെയ്തശേഷം ഇടുക്കി തുറക്കുന്നത് ഇത് നാലാംതവണ.

ജനങ്ങളെയാകെ പലവട്ടം ജാഗ്രതപ്പെടുത്തി, പെരിയാർതീരത്തടക്കം മാറ്റിപ്പാർപ്പിക്കേണ്ടവരെയെല്ലാം മാറ്റിപ്പാർപ്പിച്ച് തികഞ്ഞ സുരക്ഷിതത്വത്തോടെ, ഇടുക്കിയുടെ ചെറുതോണിയിലെ മൂന്നു ഷട്ടറാണ്‌ തുറന്നത്‌. കാര്യമായ മഴയില്ലാതിരുന്ന സമയത്ത് തുറന്നതിനാൽ  വലിയ ആശങ്കയൊന്നുമുണ്ടായില്ല. ഓരോ നിമിഷവും വെള്ളത്തിന്റെ ഒഴുക്കിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നത്  ജനങ്ങൾക്ക് സഹായമായി. ഇടുക്കി തുറക്കുന്നതിനുമുന്നേതന്നെ ഇടമലയാർ, പമ്പ അണക്കെട്ടുകളുടെ ഷട്ടറുകളും ഉയർത്തിയിരുന്നു. കക്കി, ഷോളയാർ അണക്കെട്ടുകൾ കഴിഞ്ഞ ദിവസം തുറന്നു. മറ്റു ചില അണക്കെട്ടും തുറന്നിട്ടുണ്ട്. പമ്പയിലെ വെള്ളം കുട്ടനാട്ടിലേക്ക്‌ എത്തുന്നത്‌ കണക്കിലെടുത്ത്‌ തോട്ടപ്പിള്ളി സ്‌പിൽവേകളും തുറന്നു. വരുംദിവസങ്ങളിൽ മഴയുടെ തോത് നോക്കിയാകും തുടർനടപടിയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്‌ ഇടുക്കി  തുറന്നത്‌.   സർക്കാരിന്റെ സമർഥവും കാര്യക്ഷമവുമായ അണക്കെട്ട്‌ മാനേജ്മെന്റാണ് വീണ്ടും വെളിപ്പെട്ടതെന്ന് വിദഗ്ധർ വ്യക്തമാക്കിക്കഴിഞ്ഞു. 2018ൽ മഹാപ്രളയമുണ്ടായത് അണക്കെട്ട്‌ തുറന്നതുകൊണ്ടല്ലെന്ന് ആധികാരികമായിത്തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ടെങ്കിലും അന്നത്തെ അനുഭവങ്ങളും സർക്കാർ പരിഗണിച്ചു.

പ്രകൃതിദുരന്തം ഉണ്ടാകാതിരിക്കാൻ ഫലപ്രദമായ നടപടി സ്വീകരിക്കുക, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, അതിനാവശ്യമായ മുൻകൂർ നിർദേശങ്ങൾ നൽകുക, എവിടെയെങ്കിലും അപ്രതീക്ഷിത ദുരന്തമുണ്ടായാൽ മിന്നൽവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുക, പരമാവധി ജീവൻ രക്ഷിക്കുക, അടിയന്തരമായി ദുരിതാശ്വാസക്യാമ്പുകൾ തുറക്കുക, ഭക്ഷണവും വെള്ളവും ഉറപ്പാക്കുക, എല്ലാറ്റിനും സജ്ജമായ സർവ സന്നാഹങ്ങളുമൊരുക്കുക എന്നിവയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. കോട്ടയത്തും ഇടുക്കിയിലും ഈ രക്ഷാപ്രവർത്തന മാതൃകയാണ് കണ്ടത്. ജനങ്ങളുടെയും നാടിന്റെയും സുരക്ഷയാണ് പരമപ്രധാനം. ഇപ്പോൾ, അണക്കെട്ട്‌ തുറന്നതിലെ കരുതലും ഇതുതന്നെ.

ഇതോടൊപ്പം, കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ ദീർഘകാല പരിപാടികളും സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥായിയായ പരിഹാരങ്ങളാണ് ആവശ്യം. നമ്മുടെ ഭാവിയെയും അടുത്ത തലമുറയെയും ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ ഗൗരവത്തോടെ ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടതുണ്ട്. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾക്കു നടുവിലും  ഒട്ടേറെ നടപടിക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. നദികളുടെ പുനരുജ്ജീവനം, പ്രാദേശിക ദുരന്തനിവാരണസേനകളുടെ രൂപീകരണം, കേരളത്തിന്റെ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തൽ, തീരദേശ സംരക്ഷണം, കനത്ത പ്രളയങ്ങളും ഉരുൾപൊട്ടലുമുണ്ടാകുന്ന മലയോരങ്ങൾക്ക് സവിശേഷ പരിഗണന നൽകിയുള്ള പദ്ധതികൾ, രണ്ടാം കുട്ടനാട് പാക്കേജ് എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. ഇതെല്ലാം നടപ്പാക്കലിന്റെ പല തലങ്ങളിലാണ്. ഹരിത കേരളം മിഷന്റെ അഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് കുറെ പുഴകളെങ്കിലും ഒഴുക്കുള്ളതാക്കി. കേരളത്തിന്റെ മണ്ണും വെള്ളവും പ്രകൃതിയും മനുഷ്യജീവനും സംരക്ഷിക്കുന്നതിന് എല്ലാവരെയും ഒരേ മനസ്സോടെ അണിനിരത്തി മുന്നേറുകയാണ് സർക്കാരിന്റെ  ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top