04 October Wednesday

സുവ്യക്തമായ രാഷ്ട്രീയ നിലപാട്

വെബ് ഡെസ്‌ക്‌Updated: Saturday Apr 9, 2022


എട്ടു വർഷമായി ഭരണം തുടരുന്ന ബിജെപിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്തെന്ന് ആവർത്തിച്ചുപ്രഖ്യാപിച്ച് സിപിഐ എം. ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയുമാണ് ഏറ്റവും പ്രധാന ദൗത്യമെന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയപ്രമേയം 23–--ാം പാർടി കോൺഗ്രസ് അംഗീകരിച്ചു. തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പരമാവധി വോട്ട്‌ സമാഹരിക്കാനുള്ള അടവുപരമായ നിലപാടുകൾ പാർടി സ്വീകരിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിലെ സുവ്യക്തവും ദൃഢവുമായ ഈ നിലപാട് രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്കാകെ ആവേശം പകരുന്നതാണ്.

പാർടി കോൺഗ്രസിലെ ഏറ്റവും പ്രധാന അജൻഡയാണ് രാഷ്ട്രീയപ്രമേയം. അടുത്ത പാർടി കോൺഗ്രസുവരെ ഇതിന്റെ അടിസ്ഥാനത്തിലാകും പാർടിയുടെ നിലപാടുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ദേശീയതലത്തിൽ രാഷ്ട്രീയസഖ്യം രൂപപ്പെടുത്തില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതും ഇതോടൊപ്പം ചേർത്തുവായിക്കാം. രാജ്യത്തിന്റെ വൈവിധ്യവും സാഹചര്യവും കണക്കിലെടുത്ത് പ്രാദേശികതലത്തിലുള്ള സഖ്യമാണ് അനുയോജ്യം. 2018ൽ ഹൈദരാബാദിൽ ചേർന്ന 22–--ാം പാർടി കോൺഗ്രസിനുശേഷമുള്ള രാജ്യത്തെ സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിക്കൊണ്ടുള്ളതാണ് രാഷ്ട്രീയപ്രമേയം. കഴിഞ്ഞ കോൺഗ്രസ്‌ സ്വീകരിച്ച നയത്തിന്റെ തുടർച്ചയുമാണ്‌ ഇത്.

2019ൽ കൂടുതൽ സീറ്റോടെ രണ്ടാമതും അധികാരത്തിൽ വന്ന നരേന്ദ്ര മോദി ആർഎസ്എസിന്റെ ഫാസിസ്റ്റ് അജൻഡകൾ ഒന്നൊന്നായി നടപ്പാക്കുകയാണ്. വർഗീയ കോർപറേറ്റ് സഖ്യം ശക്തമാക്കി നവഉദാര സാമ്പത്തികനയവും തീവ്രമായി നടപ്പാക്കുന്നു. ദേശീയ ആസ്തികൾ മുഴുവൻ വിറ്റഴിക്കുന്നു. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് രാജ്യത്തിന്റെ മതനിരപേക്ഷ- ജനാധിപത്യ ഭരണഘടന അട്ടിമറിക്കുന്നു. ജനങ്ങളെ മതപരമായി ചേരിതിരിച്ച് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനാണ് നീക്കം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതും അയോധ്യയിൽ ബാബ്‌റി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതുമെല്ലാം ഈ ലക്ഷ്യത്തോടെയാണ്. ഇതോടൊപ്പം ജനങ്ങളുടെ ജനാധിപത്യ മൗലികാവകാശങ്ങളും നിഷേധിക്കുന്നു.

ഈയൊരു സാഹചര്യത്തിൽ ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് ഏറ്റവും പ്രധാന ദൗത്യമെന്ന് രാഷ്ട്രീയപ്രമേയം അടിവരയിട്ട് പ്രഖ്യാപിക്കുന്നു. ഇതിനായി സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും കരുത്തുവർധിപ്പിക്കണം. വർഗ, -ബഹുജന സംഘടനകളുടെ പോരാട്ടങ്ങൾ ശക്തിപ്പെടുത്തണം. ഹിന്ദുത്വ വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷ, ജനാധിപത്യ ശക്തികളെ അണിനിരത്താൻ പാർടി മുന്നിൽനിൽക്കണം. വർഗീയ ഫാസിസത്തിനും നവലിബറൽ സാമ്പത്തിക നയത്തിനുമെതിരെ ഒരേസമയം ശക്തമായ പോരാട്ടം വേണം. യോജിപ്പുള്ള വിഷയങ്ങളിൽ, പാർലമെന്റിൽ പ്രതിപക്ഷ മതനിരപേക്ഷ പാർടികളുമായി ഒരുമിച്ചുനീങ്ങണം. വർഗീയ അജൻഡകൾക്കെതിരെ പാർലമെന്റിനു പുറത്ത് വിശാലവേദി രൂപപ്പെടണം. ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമെതിരായ അമിതാധികാര വാഴ്ചയുടെ ആക്രമണങ്ങളെ ഇടതുപക്ഷ പാർടികൾ കൂട്ടായും മറ്റു ജനാധിപത്യ ശക്തികൾക്കൊപ്പം ചേർന്നും നേരിടണം.

കേന്ദ്ര കമ്മിറ്റി നേരത്തേ അംഗീകരിച്ച്, പിന്നീട് എല്ലാ ഘടകത്തിലും ചർച്ച ചെയ്ത രാഷ്ട്രീയപ്രമേയത്തിന് അന്തിമമായി അംഗീകാരം നൽകുന്നത് പാർടി കോൺഗ്രസാണ്. ആ പ്രക്രിയയാണ് ഇപ്പോൾ പൂർത്തിയായത്. ആരോഗ്യകരമായ സംവാദത്തിന്റെയും ഉൾപ്പാർടി ജനാധിപത്യത്തിന്റെയും ഏറ്റവും ഉന്നതമായ, മഹത്തായ മാതൃകയിലൂടെയാണ് സിപിഐ എമ്മിൽ രാഷ്ട്രീയപ്രമേയം പാർടി കോൺഗ്രസിലെത്തുന്നതും അംഗീകരിക്കുന്നതും. എല്ലാ തലത്തിലും നടന്ന ചർച്ചകളിലൂടെ ഒമ്പതിനായിരത്തിലേറെ ഭേദഗതിയും ഒട്ടേറെ നാമനിർദേശവുമുണ്ടായി എന്നറിയുമ്പോൾ സിപിഐ എം രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിലെ ജനാധിപത്യപരമായ ഉള്ളടക്കം ഏവർക്കും ബോധ്യമാകും. ഈ ഭേദഗതികൾ കൂടി ചർച്ച ചെയ്ത് ഉൾപ്പെടുത്തേണ്ടവ ഉൾപ്പെടുത്തിയാണ് പ്രമേയം കോൺഗ്രസ് അന്തിമമായി അംഗീകരിച്ചത്. സിപിഐ എം സ്വീകരിക്കുന്ന ഈ ശരിയായ ജനാധിപത്യ മാതൃകയെ കണ്ടില്ലെന്നു നടിക്കാനോ തെറ്റായി വ്യാഖ്യാനിക്കാനോ ആണ് ബ്യൂർഷ്വാ മാധ്യമങ്ങൾ ശ്രമിക്കുന്നത്. ആരോഗ്യകരമായ അർഥപൂർണമായ ഈ ജനാധിപത്യ പ്രക്രിയയെയും ബലപരീക്ഷണമായും ഭിന്നതയായും ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നു.

രാഷ്ട്രീയപ്രമേയത്തിൽ ശക്തിയായി പറയുന്ന ഒരു കാര്യം സിപിഐ എമ്മിനെ ശക്തിപ്പെടുത്തി സ്വതന്ത്രശേഷിയും സ്വാധീനവും വ്യാപിപ്പിക്കുക എന്നതാണ്. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ പ്രക്ഷോഭവീഥികളിൽ കൂടുതൽ പേരെ അണിനിരത്തേണ്ടതിന്റെ അടിയന്തര പ്രധാന്യവും പ്രമേയം അടിവരയിടുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ സിപിഐ എം ശക്തിപ്പെട്ടാൽ മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാകെ കരുത്താർജിക്കാൻ കഴിയൂ. 23–--ാം പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്തവരും ആശംസ അർപ്പിച്ചവരുമായ കമ്യൂണിസ്റ്റ് -ഇടതുപക്ഷ പാർടികളെല്ലാം ഇക്കാര്യം ഊന്നിപ്പറഞ്ഞു. ഫാസിസ്റ്റ് ശക്തികളുടെ അടിവേര് പിഴുതെറിയണമെങ്കിൽ ശക്തമായ ഇടതുപക്ഷം ഉയർന്നുവരികതന്നെ വേണം. ഇത് സാധ്യമാകണമെങ്കിൽ ഇടതുപക്ഷ പാർടികൾ സ്വയം കരുത്തുനേടുകയും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുകയും വേണം. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രാജ്യവ്യാപകമായി സിപിഐ എമ്മിന്റെ ശക്തിയും സ്വാധീനവും വർധിക്കണം. അതുകൊണ്ടുതന്നെ, 23–--ാം പാർടി കോൺഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തിലെ ഈ ഊന്നലിന് വലിയ പ്രാധാന്യമുണ്ട്. ചരിത്രത്തിന്റെ ചാലകശക്തിയായ ബഹുജന സമരങ്ങളിലൂടെയും ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിലൂടെയും അത് സാധിക്കുകയാണ് പാർടിയുടെ ലക്ഷ്യം. അതിനുള്ള പരിപാടികൾ പാർടി കോൺഗ്രസ് ആവിഷ്കരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top