രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ കനത്ത പിടിയിലമർന്ന് പിടയുമ്പോൾ കണ്ണുംപൂട്ടി ജനകോടികളുടെ പോക്കറ്റടിക്കുകയാണ് മോഡി ഗവൺമെന്റ്. കൂട്ടമരണങ്ങൾ ഭയപ്പെടുത്തുമ്പോഴും കുത്തിവയ്‌പിന്റെ വിലനിർണയാധികാരം കുത്തകകൾക്ക് അടിയറവച്ചത് ജനദ്രോഹമാണ്. സ്വതന്ത്ര ഇന്ത്യ ഏഴരപ്പതിറ്റാണ്ടായി തുടർന്നുവരുന്ന സൗജന്യവും സാർവത്രികവുമായ വാക്സിൻനയം ബിജെപി ഗവൺമെന്റ് സ്വന്തം അടുപ്പക്കാരായ കുത്തകകൾക്കായി അട്ടിമറിച്ചു. 18-‐45 വയസ്സ് വിഭാഗത്തിൽപ്പെട്ടവരുടെയെല്ലാം കുത്തിവയ്‌പിന്റെ ഭാരം സംസ്ഥാനങ്ങൾ നിർബന്ധമായും വഹിക്കണമെന്നാണ് തീട്ടൂരം. ഉൽപ്പാദിപ്പിക്കുന്ന പകുതി വാക്‌സിൻ നിർമാതാക്കൾ കേന്ദ്രത്തിന് കൈമാറണം. ബാക്കി സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലുമായി വിൽക്കാൻ അനുവാദം നൽകിയിരിക്കുകയുമാണ്. കമ്പനികളിൽനിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോടുള്ള നിർദേശം. ഇതിനു പിന്നാലെയാണ് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് വാക്സിൻ വില കുത്തനെ ഉയർത്തിയത്. മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈഅധികബാധ്യത വലിയ പ്രതിസന്ധിയുണ്ടാക്കും.
മറ്റു പല പ്രതിസന്ധി ഘട്ടങ്ങളിലുമെന്നപോലെ കൊറോണ വ്യാപനത്തിന്റെ കെടുതികൾ അഭിമുഖീകരിക്കുന്നതിലും കേരളം വഴികാട്ടുകയാണ്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും പരിപൂർണ സൗജന്യമാണിവിടെ. വാക്സിനും അതിലുൾപ്പെടും. ആ മുന്നേറ്റത്തിൽ വികസിത രാജ്യങ്ങൾപോലും അത്ഭുതപ്പെടുകയാണ്. സൗജന്യ വാക്സിൻ സംബന്ധിച്ചു നൽകിയ പഴയ ഉറപ്പ് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും പ്രധാനം. സംസ്ഥാനങ്ങൾക്കാവശ്യമായ -വാക്സിൻ സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്രം വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, പൊതുവിപണിയിലേക്ക് പ്രത്യേക ക്വോട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് അനിവാര്യമെന്നും വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് മതിയായ വാക്സിൻ ഉറപ്പാക്കേണ്ടത് പൊതുതാൽപ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേതൃത്വത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും കരുതലും ജാഗ്രതയും കേരളത്തിന് പല നേട്ടങ്ങളും സംഭാവനചെയ്‌തു. തീവ്ര കോവിഡ് ബാധിത സംസ്ഥാനങ്ങളിൽ മരണനിരക്ക് ഏറ്റവും കുറവ് (0.39 ശതമാനം) ഇവിടെയാണെന്നത് ആശ്വാസകരമാണ്. രണ്ടാം തരംഗത്തിൽ ആദ്യ തരംഗത്തേക്കാൾ മരണനിരക്ക് കുറവാണെന്നതാണ് വസ്‌തുത. രോഗികളുടെ എണ്ണം ഇരുപത്തയ്യായിരം കടന്നപ്പോഴും മരണനിരക്ക് പിടിച്ചുനിർത്താനായി.
ബഹുരാഷ്ട്ര ഭീമന്മാരും കോർപറേറ്റുകളും അടച്ചുതീർക്കാനുള്ള ലക്ഷക്കണക്കിന് കോടി രൂപ, കിട്ടാക്കടമായി എഴുതിത്തള്ളുന്ന രാജ്യത്ത് കോടിക്കണക്കായ അതിദരിദ്രർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രം ഒരുക്കമല്ല. എന്നാൽ, കേരളത്തിൽ സൗജന്യ വാക്സിൻ ഉറപ്പാക്കുമെന്ന തീരുമാനത്തിൽനിന്ന് ഒരുകാരണവശാലും പിന്നോട്ടുപോകില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത് വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് നയം തമ്മിലുള്ള വ്യത്യാസമാണ്. കോർപറേറ്റുകളുടെ പണച്ചാക്കിന്റെ ബലത്തിൽ അധികാരം പിടിച്ച മോഡി നവലിബറൽ നയങ്ങൾ നടപ്പാക്കി യജമാനന്മാരോടുള്ള ബാധ്യത മറയില്ലാതെ നിറവേറ്റുന്നു. അതേസമയം, പിണറായിയാകട്ടെ ജനപക്ഷ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നത്. അതിനുമുന്നിൽ ഒറ്റ മുൻഗണനയേയുള്ളൂ‐ മനുഷ്യർ. അവരുടെ ജീവനും ജീവിതവുമാണ് പ്രധാനം. അതിനാലാണ് സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമാകുന്നത്. ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാതെ സൗജന്യവാക്‌സിൻ എന്ന ആദ്യ പ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുന്നു.
കേരളത്തെ പ്രതീക്ഷാനിർഭരമായ തുരുത്തായി അവശേഷിപ്പിക്കുന്ന പല വ്യത്യസ്‌തതയും കാണാനാകും. അതിലൊന്നാണ് മൂന്നു ദിവസത്തിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി(സിഎംഡിആർഎഫ്)യിലേക്ക് ഒരാഹ്വാനവുമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും മലയാളികൾ അയക്കുന്ന ലക്ഷക്കണക്കിന് രൂപ. പൗരന്മാരുടെ ജീവന് വിലപേശുന്ന കേന്ദ്രത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന ഒരു ജനതയുടെ പ്രഖ്യാപനമാകുകയാണ് ഈ പിന്തുണ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം പൊതുസമൂഹത്തിൽ ഏറെ ആഴത്തിലുള്ള വിശ്വസ്‌തതയാണ് നേടിയെടുത്തത്. സംസ്ഥാനം പ്രളയക്കെടുതിയിൽ മുങ്ങിത്താഴ്‌ന്ന ഘട്ടത്തിൽ സഹായം അഭ്യർഥിച്ചപ്പോൾ സമൂഹം കൈവിട്ടില്ല. വില ഈടാക്കാതെ വാക്സിൻ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരിന് ബാഹ്യപ്രേരണയില്ലാതെ ജനങ്ങൾ പണം നൽകുന്നു. അങ്ങനെ ചെറിയ സംഭാവനകൾ കോർത്ത് വലിയ രക്ഷാമൂലധനത്തിന്റെ കൈത്താങ്ങ് രൂപപ്പെടുത്തുകയാണ്. വാക്‌സിന് അമിതവില ചുമത്തി സംസ്ഥാനങ്ങളെ ഭീതിയിലാക്കിയ കേന്ദ്രനയത്തിനെതിരായ പ്രതിഷേധം കൂടിയാണ് ഈ ഐക്യദാർഢ്യം. ഇത് വെറും ജീവകാരുണ്യ പ്രവർത്തനമല്ല. മറിച്ച്, സഹജീവികളോടുള്ള രാഷ്ട്രീയ ഉള്ളടക്കമുള്ള കരുതലാണ്. എല്ലാ വ്യത്യാസത്തിനും വിഭജനത്തിനുമുപരി നാടിന്റെ നന്മയും ക്ഷേമവുംമാത്രം ലക്ഷ്യമാക്കി കൈകോർക്കുന്ന കൂട്ടായ്മയാണ് കേരളത്തിന്റെ സവിശേഷത. മാതൃകാപരമായ ആ ശക്തി മുമ്പും പലവട്ടം വ്യക്തമായതാണ്.
എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും മോഡിയുടെ പി എം കെയേഴ്‌സും തമ്മിലുള്ള വ്യത്യാസം. ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവന അർഹരുടെ കൈകളിൽ ദുരിതകാലത്ത് ഭക്ഷ്യധാന്യ കിറ്റായും അവശ്യമരുന്നായും ചികിത്സാ സഹായമായും മറ്റും എത്തും. മറ്റേതിനെക്കുറിച്ച് കൊടുത്തവർക്കും സ്വീകരിച്ചവർക്കും കണക്കുണ്ടാകില്ല. മാധ്യമങ്ങളടക്കം ഏറെ കൊട്ടിഘോഷിച്ച ആ ‘നിധി’യിൽനിന്ന് ചില്ലിക്കാശ് ഒരാൾക്കും സഹായമായി കിട്ടിയിട്ടുമില്ലെന്നതാണ് വാസ്‌തവം. ശവപ്പെട്ടിയുടെ മറവിൽപ്പോലും വൻ കോഴ അടിച്ചെടുത്തവരിൽനിന്ന് അങ്ങനെ പ്രതീക്ഷിക്കാനുമാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..