22 September Friday

കോവിഡ്‌: കേരളത്തിന്‌ വീണ്ടും പ്രശംസ

വെബ് ഡെസ്‌ക്‌Updated: Saturday Mar 13, 2021കോവിഡ്‌–-19 രോഗവ്യാപനം പ്രതീക്ഷാനിർഭരമായി പിടിച്ചുനിർത്തുന്നതിൽ വിജയിച്ച കേരള ഗവൺമെന്റിന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ. രോഗബാധിതരിൽ സംസ്ഥാനത്ത്‌ കാര്യമായ കുറവുവന്നതായി കേന്ദ്രം വിലയിരുത്തി. ഫെബ്രുവരി പതിനൊന്നിനുണ്ടായ 64,607 സജീവകേസ്‌ ഒരുമാസത്തിനിടെ 35,715 ആയി കുറഞ്ഞു. കേരളത്തിനു പുറമേ ഉത്തർപ്രദേശിലും പശ്‌ചിമബംഗാളിലും സ്ഥിതി ആശാവഹമാണ്‌. എന്നാൽ മഹാരാഷ്ട്ര, പഞ്ചാബ്‌, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ കേസുകൾ ഏറി.

ഫെബ്രുവരി മധ്യത്തിൽ 36,917 രോഗികൾ ഉണ്ടായത്‌ മാർച്ചിൽ ഗണ്യമായി ഉയർന്ന മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണെന്ന കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷന്റെയും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയുടെയും പ്രതികരണം ഗൗരവതരമാണ്‌. ഏറ്റവും അവസാനത്തെ കണക്കുപ്രകാരം ആ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞിരിക്കുന്നു. മരണസംഖ്യയാകട്ടെ അമ്പത്തി മൂവായിരത്തിനടുത്തുമെത്തി. നാഗ്‌പുരിൽ മാർച്ച്‌ 21 വരെ വീണ്ടും ലോക്‌ഡൗൺ ഏർപ്പെടുത്തുകയുമുണ്ടായി. രാജ്യത്ത്‌ കൊറോണവ്യാപനം അവസാന ഘട്ടത്തിലാണെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധന്റെ അവകാശവാദത്തെ ശരിവയ്‌ക്കുന്നതല്ല മന്ത്രാലയത്തിന്റെ നിഗമനം. ജാഗ്രത തുടരണമെന്നാണ്‌ അവരുടെ മുന്നറിയിപ്പ്‌. മരണനിരക്ക്‌ ഉയരുന്നില്ലെന്നതു മാത്രമാണ്‌ ആശ്വാസം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിരോധ കുത്തിവയ്‌പ്‌ നടത്തിയ നാൽപ്പതിലേറെ പേർ മരിച്ചത്‌ സംബന്ധിച്ചും വ്യക്തത കൈവന്നിട്ടുമില്ല.

കോവിഡ്‌ കാലത്ത് അരികുവൽക്കരിക്കപ്പെട്ടവരുടെയും അതിദരിദ്രരുടെയും ശബ്ദം കേൾക്കാൻ കേരളം കാട്ടിയ പരിശ്രമത്തെ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയും ശ്ലാഘിക്കുകയുണ്ടായി. 46–-ാം ഗ്ലോബൽ അപ്‌ഡേറ്റ് പ്രഭാഷണത്തിൽ അധ്യക്ഷയായ മനുഷ്യാവകാശ സമിതി ചീഫ് മിഷേൽ ബാച്ചലെറ്റിന്റേതാണ്‌ പ്രശംസ. ലോകത്തിലെ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ വിഷയങ്ങൾ അവലോകനം ചെയ്ത് നയം വ്യക്തമാക്കുന്നതാണ് ഓരോ വർഷവും നടക്കുന്ന ഗ്ലോബൽ അപ്‌ഡേറ്റ് പ്രഭാഷണം. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാർഥം നടത്തിയ ഇടപെടലുകൾ ശ്രേഷ്ഠമാണ്‌. കേരളം കൊച്ചുസംസ്ഥാനമാണെന്ന്‌ സമ്മതിക്കുന്നു. എന്നാൽ, ജനകീയ മുഖ്യമന്ത്രി പിണറായി വിജയൻ ലോകം ഉറ്റുനോക്കുന്ന മികച്ച ഭരണാധികാരിയാണെന്ന് തെളിയിക്കുന്നതാണ് ബാച്ചലെറ്റിന്റേതടക്കമുള്ളവരുടെ പ്രശംസ. കോവിഡ്‌ ബാധിതരുടെ ജീവൻ രക്ഷിക്കുന്നതിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത്‌‌ കേരളമാണെന്ന്‌ പാർലമെന്റിൽ സമർപ്പിച്ച 2020–-21ലെ സാമ്പത്തികസർവേ റിപ്പോർട്ടും സാക്ഷ്യപ്പെടുത്തി. ആ മഹാമാരി തീർത്ത പ്രവചനാതീതമായ പ്രതിസന്ധിയിലും മുന്നോട്ടുകുതിക്കാനുള്ള കേരളത്തിന്റെ പരിശ്രമങ്ങളെ മുക്തകണ്‌ഠം പ്രശംസിച്ച്‌ ഐടി ലോകവും രംഗത്തെത്തി. ‘ഭാവി വീക്ഷണത്തോടെ കേരളം’ രാജ്യാന്തര സമ്മേളനത്തിലെ ഐടി ചർച്ചയിലാണ്‌ പ്രമുഖ ഐടി വിദഗ്‌ധർ സംസ്ഥാനത്തെ പ്രശംസിച്ചത്‌.


 

1. 9 ലക്ഷം കോടി ഡോളറിന്റെ കോവിഡ്‌ രക്ഷാപദ്ധതിക്ക്‌ അമേരിക്കപോലും മുന്നിട്ടിറങ്ങിയപ്പോൾ നരേന്ദ്ര മോഡി ദിനംപ്രതിയുള്ള ഇന്ധന‐ പാചകവാതക വിലവർധനയുൾപ്പെടെ ജനങ്ങൾക്കുമേൽ പലതരം ഭാരങ്ങൾ അടിച്ചേൽപ്പിക്കുകയാണ്‌. പ്രസിഡന്റ്‌ ജോ ബൈഡൻ അവതരിപ്പിച്ച പദ്ധതിക്ക്‌ യുഎസ്‌ കോൺഗ്രസ്‌ അംഗീകാരം നൽകുകയും ചെയ്‌തു. പാട്ടകൊട്ടൽ, ശരീരത്തിൽ ചാണകം പുരട്ടൽ, ഗോമൂത്രം കുടിക്കൽ, വാക്‌സിൻ ഹോമം, ആശുപത്രി പൂജ തുടങ്ങിയ അന്ധവിശ്വാസങ്ങളിലും പൊള്ളയായ ശുഷ്‌ക്ക പാക്കേജ്‌ പ്രഖ്യാപനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ വിലകുറഞ്ഞ പ്രചാരണ തന്ത്രങ്ങളിലുമാണ്‌ മോഡിയുടെ ശ്രദ്ധ. സംസ്ഥാനങ്ങളിൽ വിതരണംചെയ്യുന്ന കോവിഡ്‌ വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ തന്റെ ഫോട്ടോ പതിപ്പിക്കാനും അദ്ദേഹം മറന്നില്ല. രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവർക്ക്‌ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റിൽ മോഡിയുടെ ചിത്രം ഉൾപ്പെടുത്തിയത്‌ പെരുമാറ്റച്ചട്ടലംഘനമാണെന്ന്‌ വിവിധ പാർടികൾ പരാതിപ്പെട്ടിരുന്നു. ആരോഗ്യമന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റിൽ മോഡിയുടെ ഫോട്ടോ പതിച്ച്‌ രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ വിശ്രമരഹിതമായ സമർപ്പണത്തിന്റെ ഖ്യാതി സ്വന്തമാക്കാനാണ്‌ ശ്രമമെന്നും വിമർശമുണ്ടായി. ഒടുവിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ആരോഗ്യമന്ത്രാലയത്തിന്‌ നിർദേശം നൽകുകയായിരുന്നു. രാജ്യത്ത്‌ വാക്‌സിൻ ക്ഷാമമില്ലെന്നും ചില സംസ്ഥാനങ്ങളിൽ ലഭ്യത കുറഞ്ഞെന്ന റിപ്പോർട്ടുകൾ ഒറ്റപ്പെട്ടതാണെന്നുമുള്ള കേന്ദ്ര ആരോഗ്യസെക്രട്ടറിയുടെ അവകാശവാദവും ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.

കേരളത്തിൽ മുന്നണികൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോവിഡ്‌ ഭീതി ചെറുതായി അടങ്ങിയിരിക്കുകയാണെന്ന വസ്‌തുത അലംഭാവത്തിലേക്ക്‌ തിരിച്ചുപോകാനുള്ള ന്യായീകരണമായിക്കൂടാ. പ്രചാരണത്തിനിടയിലും ഏവരും മാസ്‌ക്‌ ധരിച്ചും സാമൂഹ്യ അകലം പാലിച്ചും സാനിറ്റൈസറടക്കം ഉപയോഗിച്ചും ജാഗ്രത തുടരേണ്ടതുണ്ട്‌. ശക്തിപ്രകടനത്തിന്റെ ആവേശത്തിൽ ആൾക്കൂട്ടം ഏറുന്നതും ഒഴിവാക്കണം. തെരഞ്ഞെടുപ്പിൽ കോവിഡ്‌ പ്രാേട്ടാേകോൾ കണിശമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഏകോപന സമിതികൾക്ക്‌ സർക്കാർ രൂപംനൽകിക്കഴിഞ്ഞു. ചീഫ്‌സെക്രട്ടറി നിയോഗിക്കുന്ന നോഡൽ ഓഫീസർക്കാണ്‌ സംസ്ഥാനതല ചുമതല. പ്രതിരോധ പരിപാടിയുടെ അടുത്തഘട്ടം ഉടൻ തുടങ്ങുമെന്നും 50 വയസ്സിന്‌ മുകളിലുള്ളവർക്ക്‌ അതിൽ മുൻഗണന നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചുകഴിഞ്ഞു. കോവിഡിനെ പൊരുതിപ്പിടിക്കാൻ ഇതുവരെയെടുത്ത ശക്തമായ കരുതലുകൾക്കും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നടപടികൾക്കും തുടർച്ചയുണ്ടാക്കി സംസ്ഥാനത്തിന്റെ മികവ്‌ കാത്തുസൂക്ഷിക്കേണ്ടത്‌ എല്ലാ കേരളീയരുടെയും കടമയും ബാധ്യതയുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top