23 March Thursday

വിദ്വേഷം വെടിയണം; നന്മകൾ പൂക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020


വികസിത രാഷ്‌ട്രങ്ങൾപോലും വിറങ്ങലിച്ചുനിൽക്കുമ്പോൾ, മഹാവ്യാധിയെ കരളുറപ്പോടെ നേരിടുകയാണ്‌ കേരളം. വംശ–-ദേശ–-രാഷ്‌ട്രീയ ഭിന്നതകൾ വഴിമാറി. “മനുഷ്യൻ എത്ര മനോഹരം!’ –എന്ന കവിവാക്യം അന്വർഥമാക്കിയാണ്‌ ഒാരോദിനവും കടന്നുപോകുന്നത്‌.  ആരാധനാലയങ്ങൾപോലും ഐസൊലേഷൻ വാർഡുകളാക്കാൻ വിട്ടുനൽകുന്ന നിലയിലേക്ക്‌ എല്ലാ മതനേതൃത്വങ്ങളും ഉയർന്നുചിന്തിക്കുന്നു. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും പട്ടിണി കിടക്കരുതെന്ന്‌ നിർബന്ധമുള്ള ജനതയാണ്‌ മലയാളികൾ. രോഗബാധിതർക്ക്‌ മികച്ച ചികിൽസ, രോഗം പടരാതിരിക്കാൻ കർശനമായ നിരീക്ഷണം, വൈറസിന്റെ സമൂഹവ്യാപനം തടയാൻ സഞ്ചാരവിലക്ക്‌, എല്ലാവർക്കും ഭക്ഷണവും മറ്റ്‌ അടിയന്തര ആവശ്യങ്ങളും  ഉറപ്പാക്കാൻ സാമൂഹ്യ സംവിധാനം. ഇതാണ്‌ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ്‌ സർക്കാർ ഉറപ്പുനൽകുന്നത്‌.

കൊറോണ ആദ്യം എത്തിയ കേരളത്തിൽ  തയ്യാറെടുപ്പുകൾ  നേരത്തേ നടത്താൻ കഴിഞ്ഞു. രാഷ്‌ട്രം സമ്പൂർണ സഞ്ചാരവിലക്കിലേക്ക്‌ നീങ്ങുന്നതിനുമുമ്പുതന്നെ ഇവിടെ നിയന്ത്രണങ്ങൾ നടപ്പാക്കി. തുടർന്ന്‌, കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നിർദേശാനുസരണം സമൂഹവ്യാപനം തടയാൻ നടപടി പൂർത്തിയാക്കി.  ഒപ്പം, ഒരാൾക്കുപോലും അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടില്ലെന്ന്‌ ഉറപ്പാക്കി. ആവശ്യാനുസരണം  സമൂഹ അടുക്കളകൾ ആരംഭിക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങി. മരുന്നും അവശ്യസാധനങ്ങളും വീടുകളിലെത്തിക്കാനും നിരവധി സംവിധാനങ്ങൾ. അതിഥിത്തൊഴിലാളികൾക്ക്‌ ക്യാമ്പുകൾ ഏർപ്പെടുത്തി. നിലവിൽ താമസിക്കുന്നിടത്ത്‌ തുടരുന്നവർക്ക്‌ ഭക്ഷണമോ ഭക്ഷ്യസാധനങ്ങളോ എത്തിക്കുന്നു. അതിഥിത്തൊഴിലാളികളെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികളിൽ ഏറെ സംതൃപ്‌തി രേഖപ്പെടുത്തിയ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സൊറൻ, തൃണമൂൽ എംപി മെഹുവ മൊയ്‌ത്ര എന്നിവരുടെ വാക്കുകൾ കേരളത്തിനുള്ള അംഗീകാരമാണ്‌.

ഇത്തരത്തിൽ മറ്റൊരു സംസ്ഥാനത്തും സ്വപ്‌നം കാണാൻ കഴിയാത്ത സാമൂഹ്യ സുരക്ഷിതത്വമാണ്‌ കേരളത്തിൽ കഴിയുന്നവർ അനുഭവിക്കുന്നത്‌. ഈ ഒത്തൊരുമയെ തകിടം മറിക്കുന്ന വിദ്വേഷപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർ ആരായാലും അവർ  നാടിന്റെ ശത്രുക്കളാണ്‌. കർണാടകം കേരളത്തിലേക്കുള്ള എല്ലാറോഡുകളും മണ്ണിട്ടുതടഞ്ഞു. ഭക്ഷ്യവസ്‌തുക്കൾക്ക്‌ അയൽനാടുകളെ ആശ്രയിക്കുന്ന കേരളത്തിന്റെ വഴി തടഞ്ഞ കർണാടകം,  ഇന്ത്യ എന്ന വികാരത്തിന്‌ മേലെയാണ്‌ മണ്ണിടുന്നത്‌. മംഗളൂരുവിലേക്കുള്ള ആംബുലൻസുകൾ തടഞ്ഞതിനാൽ ചികിൽസ ലഭിക്കാതെ നാല്‌ വിലപ്പെട്ട ജീവൻ നഷ്‌ടപ്പെട്ടു. വഴിയടച്ച കാര്യം രണ്ടുദിവസമായി കർണാടക മുഖ്യമന്ത്രി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മറ്റ്‌ നേതാക്കൾ എന്നിവരുമായി മുഖ്യമന്ത്രി പിണറായി ചർച്ച ചെയ്‌തു.  ഉടനെ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പ്‌ അവരെല്ലാം നൽകിയെങ്കിലും  സ്ഥിതി കൂടുതൽ വഷളാകുകയാണ്‌. കേരളത്തിലേക്കുള്ള പച്ചക്കറി വണ്ടി ആക്രമിക്കപ്പെട്ടതും മലയാളി മാധ്യമപ്രവർത്തകർക്ക്‌ മംഗളൂരുവിൽ വിലക്ക്‌ ഏർപ്പെടുത്തിയതും ആശങ്ക ഉളവാക്കുന്നു. മലയാളികൾക്കെതിരെ ആക്രമണത്തിന്‌ വഴിയൊരുക്കാൻ ഈ മേഖലയിൽ വിദ്വേഷ പ്രചാരണം  നടക്കുന്നതായും അറിയുന്നു.  കേന്ദ്രവും കർണാടകവും ഭരിക്കുന്ന ബിജെപിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ തന്നെയാണ്‌ ഇത്തരം നീക്കങ്ങൾക്കുപിന്നിൽ. ലോക്ക്‌ഡൗണിൽ ഒരാഴ്‌ച സമാധാനത്തോടെ കഴിഞ്ഞ  ഇതര സംസ്ഥാന തൊഴിലാളികളെ പായിപ്പാട്ട്‌ ഇളക്കിവിട്ടതാണ്‌ വിദ്വേഷചിന്തയുടെ മറ്റൊരു ഉദാഹരണം. 


 

ഡൽഹിയിലും മുംബൈയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആഹാരവും വെള്ളവും കിട്ടാതെ തെരുവിലിറങ്ങിയവരുടെ ദൃശ്യങ്ങൾ കാണിച്ചാണ്‌ കേരളത്തിലും അതിഥിത്തൊഴിലാളികളിൽ അരക്ഷിതചിന്ത വളർത്തിയത്‌. നവമാധ്യമങ്ങൾ വഴിയും ചിലർ നേരിട്ടും നടത്തിയ ഗൂഢനീക്കങ്ങളുടെ വിവരങ്ങൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. അറസ്‌റ്റിലായ ചിലരാകട്ടെ  ഉത്തരവാദപ്പെട്ട സംഘടനകളുടെ ഭാരവാഹികളുമാണ്‌. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളും ഇതിന്റെ പിന്നിലുണ്ടെന്ന്‌ പായിപ്പാട്ട്‌ അതിഥിത്തൊഴിലാളികൾക്ക്‌ ഭക്ഷണമെത്തിച്ചിരുന്ന സന്നദ്ധ പ്രവർത്തകർ വ്യക്തമാക്കി. മലപ്പുറത്തും സമാനനീക്കം നടന്നു. ഭക്ഷണവിതരണം രണ്ടുദിവസംകൊണ്ട്‌ നിലയ്‌ക്കുമെന്നും ബഹളംവച്ചാൽ നാട്ടിലേക്ക്‌ ട്രെയിൽ ഏർപ്പെടുത്തുമെന്നുമാണ്‌ തൊഴിലാളികളെ ധരിപ്പിച്ചത്‌. സാമൂഹ്യഅകലം പാലിക്കാനായി ഒരാഴ്‌ച കേരളത്തിൽ നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയാണ്‌ നാലായിരത്തോളം പേർ  തടിച്ചുകൂടിയത്‌. ഇതര സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും  അതിഥിത്തൊഴിലാളികൾ നിരാലംബരാണെന്ന്‌ വരുത്തിത്തീർക്കാനുള്ള ഉന്നത ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്ന്‌ സംശയിക്കണം. 

ഇത്‌ കൈകാര്യം ചെയ്‌ത ദൃശ്യമാധ്യമങ്ങളിലും വ്യത്യസ്‌ത മുഖം കാണാൻ കഴിഞ്ഞു. രാവിലെമുതൽ ക്യാമറയുമായി നിലയുറപ്പിച്ച്‌ തൽസമയ സംപ്രേഷണം നടത്തിയവർ ഭക്ഷണവും വെള്ളവും കിട്ടാതെയാണ്‌ തൊഴിലാളികൾ ഇറങ്ങിയതെന്ന പച്ചനുണയും തട്ടിവിട്ടു. കലക്ടറും ജനപ്രതിനിധികളുമെത്തി കാര്യം വിശദീകരിച്ചപ്പോഴാണ്‌ കള്ളിവെളിച്ചത്തായത്‌. എന്നിട്ടും പഴയ ദൃശ്യങ്ങൾ ആവർത്തിച്ചു കാണിക്കാനാണ്‌ ചില പ്രമുഖ ചാനലുകൾ തയ്യാറായത്‌. എന്നാൽ, 24 ന്യൂസ്‌ ചാനൽ വേറിട്ട നിലപാട്‌ സ്വീകരിച്ചുകൊണ്ട്‌ ഈ വാർത്തയുടെ വിശദമായ സംപ്രേഷണം നിർത്തി. നാട്‌ നേരിടുന്ന ആപൽസന്ധിയിൽ ഈ പക്വത എല്ലാ മാധ്യമങ്ങളും കാണിക്കേണ്ടതാണ്‌. അയ്യായിരം ക്യാമ്പിലും മറ്റ്‌ താമസസ്ഥലങ്ങളിലുമായി കഴിയുന്ന രണ്ട്‌ ലക്ഷത്തോളം അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക്‌ പോകണമെന്ന്‌ വാശിപിടിച്ചാൽ, കേരളം നേരിടുന്ന വലിയ പ്രശ്‌നമായി അത്‌ മാറുമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാകും നാടിന്റെ ശത്രുക്കൾ കുത്തിത്തിരിപ്പിന് മുതിർന്നത്‌. ഇവരെ നിയമത്തിന്റെ വഴിയിൽ നേരിടുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. ഒറ്റ മനസ്സായി പോരാടേണ്ട ഈ ഘട്ടത്തിൽ വിദ്വേഷപ്രവർത്തനങ്ങൾ നടത്തിയവരെ കണ്ടെത്തി കടുത്ത നടപടിക്ക്‌ വിധേയരാക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top