കോവിഡ് രണ്ടാംതരംഗം ഏൽപ്പിച്ച പ്രതിസന്ധി തുടരുന്നതിനിടയിൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്തേജനം നൽകാനും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരാനുമായി എൽഡിഎഫ് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കർഷകർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമേകുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ വെള്ളിയാഴ്‌ച നിയമസഭയിൽ പ്രഖ്യാപിച്ച 5650 കോടി രൂപയുടെ പാക്കേജ്. കോവിഡ് പൂർണമായും നിയന്ത്രിച്ച് ജീവിതവും സാമ്പത്തികപ്രവർത്തനങ്ങളും സാധാരണ നിലയിലാകാൻ ഇനിയും കുറച്ചുകാലം വേണ്ടിവരും. 55 ലക്ഷത്തോളം പേർക്ക് രണ്ടു മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ ഓണത്തിനുമുമ്പ് ഒരുമിച്ച് നൽകും. പെൻഷൻകാർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതുവഴി 1700 കോടി രൂപ ജനങ്ങളുടെ കൈയിൽ നേരിട്ട് എത്തും. ഇത് വിപണി ഉത്തേജനത്തിന് സഹായകമാകും. വിതരണം ആരംഭിച്ച ഓണത്തിന്റെ സ്പെഷ്യൽ ഭക്ഷ്യക്കിറ്റിന് 526 കോടി രൂപയാണ് ചെലവഴിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ചിൽ രാജ്യത്ത് ആദ്യമായി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് എൽഡിഎഫ് സർക്കാരാണ്. തുടർന്നും വിവിധ ജനവിഭാഗങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകി. രണ്ടാം പിണറായി സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ ആരോഗ്യമേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഉൾപ്പെടെ 20,000 കോടിയുടെ പാക്കേജ്‌കൂടി പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ കൈയിൽ പണം എത്തിച്ച് വിപണി സജീവമാക്കുക, ജനങ്ങൾക്ക് ഭക്ഷണം ഉറപ്പുവരുത്തുക, കോവിഡ് രോഗികൾക്ക് സൗജന്യചികിത്സ എന്ന നയമാണ് സർക്കാർ തുടക്കംമുതൽ സ്വീകരിച്ചത്. ഇതിന്റെ തുടർച്ചയാണ് ഇ പ്പോൾ പ്രഖ്യാപിച്ച സഹായപദ്ധതി.
ചെറുകിട വ്യാപാര, വ്യവസായ മേഖലയെ സഹായിക്കുന്നതിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. കേന്ദ്ര–- സംസ്ഥാന, സംസ്ഥാന ധനസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽനിന്ന് ആഗസ്‌ത് ഒന്നുമുതൽ എടുക്കുന്ന രണ്ട് ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം സർക്കാർ ആറു മാസത്തേക്ക് വഹിക്കും. ഒരു ലക്ഷം ചെറുകിട സ്ഥാപനത്തിന് ഇതിന്റെ ഗുണം ലഭിക്കും. സർക്കാർ വാടകയ്ക്ക് നൽകിയ കടമുറികളുടെ ജൂലൈമുതൽ ഡിസംബർ 31 വരെയുള്ള വാടകയും കെട്ടിടനികുതിയും ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജും ഒഴിവാക്കും.
വ്യവസായ പുനരുജ്ജീവനത്തിനായി കെഎഫ്സി വഴി മൂന്നു പദ്ധതികൂടി പ്രഖ്യാപിച്ചു. സ്‌റ്റാർട്ടപ്പുകൾക്ക് ഈടില്ലാതെ ഒരു കോടി രൂപവരെ വായ്പ അനുവദിക്കുന്ന "സ്റ്റാർട്ടപ് കേരള' വായ്പാപദ്ധതിക്ക് 50 കോടിയും വ്യവസായ എസ്റ്റേറ്റിലെ സംരംഭങ്ങൾക്കുള്ള പ്രത്യേക വായ്പാപദ്ധതിക്ക് 500 കോടി രൂപയും നീക്കിവയ്‌ക്കും. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി പുനരാവിഷ്കരിച്ച് ഓരോ വർഷവും 500 സംരംഭം തുടങ്ങും. രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിനിടയിലും സംസ്ഥാനത്തിന്റെ സാമ്പത്തികപ്രവർത്തനവും ജനജീവിതവും സാധാരണ നിലയിലെത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് എല്ലാ സഹായവും സർക്കാർ ഉറപ്പാക്കുന്നുണ്ട്.
സമ്പദ്‌വ്യവസ്ഥയെ ഉണർത്താനെന്നപേരിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജൂൺ 28ന് പ്രഖ്യാപിച്ച പാക്കേജുമായി താരതമ്യം ചെയ്യുമ്പോഴാണ് എൽഡിഎഫ് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജിന്റെ പ്രാധാന്യം മനസ്സിലാകുക. കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ആശ്വാസമാകുന്ന പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറയാക്കി കോർപറേറ്റുകൾക്ക് വൻ ഇളവുകൾ നൽകി സ്വകാര്യവൽക്കരണ അജൻഡ നടപ്പാക്കുന്നു. ജീവിതത്തിന്റെ സർവമേഖലയെയും പ്രതിസന്ധിയിലാക്കി ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് മോഡി സർക്കാർ. കേന്ദ്രസർക്കാർ ഒരു മാസംമുമ്പ് പ്രഖ്യാപിച്ച 6.28 ലക്ഷം കോടിയുടെ പാക്കേജിൽ ജനങ്ങളുടെ കൈയിൽ പണം എത്തിച്ച് വാങ്ങൽശേഷി വർധിപ്പിച്ച് വിപണിയെ ഉത്തേജിപ്പിക്കാനുള്ള നടപടികളൊന്നുമുണ്ടായിരുന്നില്ല. വായ്പയെടുക്കാൻ ഒരു അവസരം ഉണ്ടാക്കിക്കൊടുത്ത പാക്കേജിന് സമ്പദ്‌വ്യവസ്ഥയിൽ ഒരു ചലനവുമുണ്ടാക്കാൻ സാധിച്ചില്ല. രാജ്യത്തെ ജനകോടികളുടെ ഗാർഹിക വരുമാനവും സമ്പാദ്യവുമെല്ലാം കുത്തനെ ഇടിഞ്ഞിരിക്കുകയാണെന്നും വിലക്കയറ്റം രൂക്ഷമാണെന്നും ഒന്നര മാസംമുമ്പ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
തൊഴിലില്ലായ്മയും വരുമാനത്തകർച്ചയും കണക്കിലെടുത്ത് ആദായനികുതി അടയ്‌ക്കാത്ത മുഴുവനാളുകൾക്കും പ്രതിമാസം 7500 രൂപയെങ്കിലും സർക്കാർ നേരിട്ട് നൽകണമെന്ന് ഇടതുപക്ഷ പാർടികൾ നിരന്തരമായി ആവശ്യപ്പെടുകയാണ്. ഈ ആവശ്യം പരിഗണിക്കാൻ മോഡി സർക്കാർ തയ്യാറാകുന്നില്ല. ഇന്ധന നികുതിയിലൂടെ ഖജനാവിലെത്തുന്ന തുകയുടെ ഒരു വിഹിതം മാറ്റിവച്ചാൽ ഈ തുക നൽകാനാകും. ജനങ്ങളുടെ കൈകളിലെത്തുന്ന പണം വിവിധ തരത്തിൽ ചെലവഴിക്കുന്നതിലൂടെ വാണിജ്യ വ്യവസായ മേഖലയ്‌ക്ക് കരുത്തുപകരുമെന്ന സാമ്പത്തിക ശാസ്‌ത്രത്തിന്റെ അടിസ്ഥാനതത്വം ഉൾക്കൊള്ളാൻപോലും സർക്കാർ തയ്യാറാകുന്നില്ല. എല്ലാവർക്കും ഭക്ഷണവും സൗജന്യചികിത്സയും എത്തിക്കേണ്ട കാലഘട്ടത്തിൽ മനുഷ്യസ്നേഹപരമായ നിലപാടെടുക്കാൻ കേന്ദ്രസർക്കാർ വിമുഖത കാട്ടുകയാണ്. ഇവിടെയാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..