07 October Friday

ലോകം ശതകോടീശ്വരന്മാർ വിഴുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

ഒരു നേരത്തെ വിശപ്പടക്കാൻ വഴിയില്ലാതെ, ഒന്ന്‌ കേറിക്കിടക്കാൻ ഇടമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനകോടികൾ പരക്കംപായുമ്പോൾ ലോകത്തിന്റെ സമ്പത്തുമുഴുവൻ ഒരുപിടി ശതകോടീശ്വരന്മാർ കൈയടക്കുന്നു. ലോകമുതലാളിത്ത രാജ്യങ്ങളിലും ഇന്ത്യയിലും ഇത് തുടർച്ചയായ പ്രതിഭാസം. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ മുതലാളിത്തരാജ്യങ്ങളുടെ സാമ്പത്തികവേദി സമ്മേളനം ചേരുന്നതിനിടെ ഓക്‌സ്‌ഫാം തിങ്കളാഴ്ച പുറത്തുവിട്ട ‘ടൈം ടു കെയർ' റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. കോർപറേറ്റ് കോടീശ്വരന്മാരുടെ ആസ്‌തി പലമടങ്ങ് വർധിച്ച് അസമത്വം അതിഭീകരമായി വളർന്നതായി റിപ്പോർട്ടിലെ കണക്കുകൾ വെളിപ്പെടുത്തുന്നു. ദാരിദ്ര്യനിർമാർജനത്തിനായി പ്രവർത്തിക്കുന്ന പത്തൊമ്പതോളം സംഘടനയുടെ കോൺഫെഡറേഷനാണ് ഓക്‌സ്‌ഫാം.

ലോക ജനസംഖ്യയുടെ 60 ശതമാനംവരുന്ന 460 കോടി ജനങ്ങളുടെ ആകെ സമ്പത്തിനേക്കാൾ ആസ്‌തി 2153 ശതകോടീശ്വരന്മാരുടെ പക്കലുണ്ട്. ഒരു പതിറ്റാണ്ടിനിടെ ലോകത്ത് ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. ഇന്ത്യയിലെ 63 ശതകോടീശ്വന്മാരുടെ ആകെ സമ്പത്ത് കേന്ദ്ര ബജറ്റ് തുകയേക്കാൾ കൂടുതൽ. രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നരുടെ ആസ്‌തി ഇന്ത്യയിലെ ജനസംഖ്യയുടെ 70 ശതമാനംവരുന്ന 95.3 കോടി പാവപ്പെട്ടവരുടെ മൊത്തം ആസ്‌തിയുടെ നാലിരട്ടി വരും. ഇന്ത്യ ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തികത്തകർച്ച നേരിടുന്നതിനിടെയാണ് അതിസമ്പന്നരുടെ ആസ്‌തി അടിക്കടി വർധിക്കുന്നതെന്ന് പ്രത്യേകം കാണണം.
കമ്പോളത്തിന്റെ "സ്വയം നിയന്ത്രണ ശക്തിയിൽ’ അമിതമായ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൺപതുകളുടെ തുടക്കംമുതൽ ശക്തിപ്പെട്ട നവലിബറൽ സാമ്പത്തികനയങ്ങളുടെ കനത്ത പരാജയമാണ് ഇപ്പോൾ ലോകം കാണുന്നത്. നവ ലിബറൽ സാമ്പത്തികനയങ്ങൾ ധനിക- ദരിദ്ര രാജ്യങ്ങളിൽ അതിവേഗ സാമ്പത്തികവളർച്ച ഉണ്ടാക്കുമെന്നായിരുന്നു അവകാശവാദം. ആ വളർച്ചയുടെ നേട്ടം പാവപ്പെട്ടവരടക്കം എല്ലാവരിലേക്കും ഇറ്റിറ്റ് വീഴും, അങ്ങനെ എല്ലാവരുടെയും ജീവിതം മെച്ചപ്പെടും, സമ്പദ് വ്യവസ്ഥയാകെ മുന്നേറും എന്നൊക്കെ തുടർച്ചയായ വാദങ്ങളുണ്ടായി. സംഭവിച്ചത് ധനമൂലധനത്തിന്റെ ചൂതാട്ടം. ലാഭാർത്തിയുമായി കോർപറേറ്റ് ധനമൂലധനത്തിന്റെ പരക്കംപാച്ചിൽ. സമ്പദ് വ്യവസ്ഥയുടെ ഉൽപ്പാദനമേഖലകളാകെ തകർന്നു. ജനങ്ങളുടെ വരുമാനവും തൊഴിലും പോയി. വിലക്കയറ്റവും തൊഴിലില്ലായ്‌മയും വർധിച്ചു. ജനങ്ങളുടെ വാങ്ങൽക്കഴിവ് ചോർന്നു. വാങ്ങാൻ പൈസ ഇല്ലെങ്കിൽ കമ്പോളത്തിൽ എന്തുണ്ടായിട്ടും കാര്യമൊന്നുമില്ല. സാമ്പത്തികമാന്ദ്യം തുടർക്കഥയായി. ഇന്ത്യയിൽ മൂന്നു പതിറ്റാണ്ടോളമായി തുടരുന്ന നവലിബറൽ നയത്തിന്റെ കടുത്ത പരാജയമാണ് രാജ്യം അനുഭവിക്കുന്നത്. സാമ്പത്തികവളർച്ച വെറും നാലരശതമാനമായി ഇടിഞ്ഞു. തകർച്ചയുടെ അടിസ്ഥാന കാരണം ഈ നയംതന്നെ. നോട്ടു നിരോധവും ചരക്കു സേവന നികുതിയും ആക്കംകൂട്ടിയെന്നുമാത്രം.

ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയടക്കം ആഗോള സമ്പദ് വ്യവസ്ഥയെയാകെ കോർപറേറ്റ് വമ്പന്മാർ നിയന്ത്രിക്കുന്ന സ്ഥിതിയായി. ലോകത്തിന്റെ മൂലധനമപ്പാടെ ഒഴുകുന്ന പണമായി ഈ വമ്പന്മാരിൽ കേന്ദ്രീകരിച്ചു. ജനകോടികൾ ഒന്നുമില്ലാത്തവരായി ചേരികളിലേക്ക് തള്ളപ്പെട്ടു. ആഗോളവൽക്കരണം ചേരികളുടെ ഒരു ഗ്രഹംതന്നെ സൃഷ്ടിച്ചെന്ന അമേരിക്കൻ സോഷ്യോളജിസ്റ്റ് പ്രൊഫ. വില്യം റോബിൻസണിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.

ലോകത്തെയും ഇന്ത്യയിലെയും ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരും തുടക്കംമുതൽ നവലിബറൽ നയങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളുകയും പോരാട്ടങ്ങൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. അത് തുടരുന്നു. ഇതോടൊപ്പം, ഈ നയത്തിന്റെ നടത്തിപ്പുകാരിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്ന ലോകബാങ്കിന്റെ വൈസ് പ്രസിഡന്റും അമേരിക്കയുടെ മുൻ പ്രസിഡന്റ്‌ ബിൽ ക്ലിന്റന്റെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ജോസഫ് സ്റ്റിഗ്ലിസിനെപ്പോലുള്ളവരും നയത്തിനെതിരെ രംഗത്ത്‌ വന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ന് ആഗോളവൽക്കരണത്തിന്റെ ഏറ്റവും ശക്തനായ വിമർശകരിൽ ഒരാളാണ് അദ്ദേഹം. ആഗോളവൽക്കരണം ലോകത്തിലെ ദരിദ്രർക്കോ നമ്മുടെ പരിസ്ഥിതിക്കോ ലോക സമ്പദ് വ്യവസ്ഥയ്‌ക്കുതന്നെയോ ഒരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം തുടർച്ചയായി പറയുന്നു. നവ ലിബറൽ നയങ്ങളുടെ അന്ത്യമായെന്നും അടുത്തിടെ സ്റ്റിഗ്ലിസ് ചൂണ്ടിക്കാട്ടി. 
സോവിയറ്റ് യൂണിയൻ തകർന്നതോടെ ‘ചരിത്രം അവസാനിച്ചു' എന്നെഴുതിയ അമേരിക്കയിലെ സാമൂഹ്യ ശാസ്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഫ്രാൻസിസ് ഫുക്കുയാമയും നിലപാട് മാറ്റി. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ഇനി മുതലാളിത്തപാത മാത്രമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അടുത്തിടെ ഒരു അഭിമുഖത്തിൽ സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമാകെ ഇപ്പോൾ, ആ തിരിച്ചറിവിലാണ്. സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും  സമത്വത്തിനുംവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തൽമാത്രമാണ് ജനവിരുദ്ധനയങ്ങൾ തിരുത്തിക്കാനുള്ള വഴിയെന്ന് ലോകജനത അറിയുന്നു. കുറെ രാജ്യങ്ങളിൽ ഈ നിലപാടുള്ള സർക്കാരുകൾ അധികാരത്തിലുണ്ട്. നാളെ മറ്റിടങ്ങളിലും അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. നയപരമായ മാറ്റത്തിലൂടെമാത്രമേ അസമത്വം അവസാനിപ്പിക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top