03 October Tuesday

രക്ഷാപ്രവർത്തകർക്ക്‌ ബിഗ്‌ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


പ്രകൃതിക്കുമുന്നിൽ മനുഷ്യൻ നിസ്സഹായനായി നിന്നുപോകുന്ന സന്ദർഭങ്ങളേറെയാണ്‌‌. അപ്പോഴും സഹജീവിയെ രക്ഷിക്കാൻ സ്വയംമറന്ന്‌ മുന്നോട്ടുകുതിക്കുന്ന മനുഷ്യരുണ്ട്‌. അങ്ങനെ സ്വജീവൻപോലും വെടിഞ്ഞ‌ അനേകംപേരുടെ നാടാണ്‌ കേരളം. ദുരന്തങ്ങളിൽപ്പെടുന്നവരെ മരണത്തിന്‌ എറിഞ്ഞുകൊടുക്കാതെ തന്നാലായത്‌ ചെയ്യാനുള്ള മനസ്സാണ്‌ മലയാളിയെ വ്യത്യസ്‌തനാക്കുന്നത്‌. അതുകൊണ്ടാണ്,‌ മുമ്പൊരിക്കൽ പ്രളയജലത്തിൽ മുങ്ങിയ ജീവിതങ്ങളെ ചേർത്തുപിടിച്ച്‌ കരയ്‌ക്കെത്തിച്ച മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന്‌ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്‌. കോവിഡിനൊപ്പം രണ്ട്‌ മഹാദുരന്തം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും മാനവികതയുടെ പുതിയ പാഠങ്ങൾ പകരാൻ കേരളത്തിനായി. മൂന്നാർ രാജമല പെട്ടിമുടിയിൽ മലപിളർന്നെത്തിയ മണ്ണിൽപ്പുതഞ്ഞ മനുഷ്യരെ തെരഞ്ഞ്‌ പ്രകൃതിയോട്‌ മല്ലടിച്ചവർ കുറച്ചുപേരെയെങ്കിലും ജീവനോടെ പുറത്തെടുത്തു. കൊണ്ടോട്ടിയിലെ നാട്ടുകാർ ആകാശദുരന്തത്തിനു മുന്നിൽ ഒന്നു പതറിപ്പോയിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. ദുരന്തങ്ങൾ ലോകത്തെല്ലായിടത്തുമുണ്ടെങ്കിലും അതിനെ ചങ്കുറപ്പോടെ  നേരിടുന്നതിൽ കേരളജനത കാണിക്കുന്ന മാതൃക ഒരുപക്ഷേ മറ്റൊരിടത്തും കാണാനൊക്കില്ല. 


 

അത്യന്തം പ്രയാസകരമായ ചുറ്റുപാടിലാണ്‌ ജനങ്ങളാകെ കഴിഞ്ഞുപോകുന്നത്‌. കോവിഡ്‌ എന്ന പകർച്ചവ്യാധി  സൃഷ്ടിക്കുന്ന തീരാദുരിതങ്ങളുടെ നടുവിലാണ്‌ ലോകം. മനുഷ്യരുടെ എല്ലാ ജീവിതവ്യാപാരങ്ങളെയും അത്‌ താളംതെറ്റിച്ചു. പടർന്നുപിടിക്കുന്ന രോഗം മരണത്തിലേക്ക്‌ നയിക്കുന്നവരുടെ എണ്ണം ചെറുതല്ല. പകർച്ച തടയാനും രോഗബാധിതരെ സുഖപ്പെടുത്താനുമുള്ള യത്നമാണ്‌ ലോകമെങ്ങും നടക്കുന്നത്‌. ഇതിൽ കേരളം സവിശേഷമായ ഒരു സാമൂഹ്യമാതൃക തീർത്തു. രോഗപ്പകർച്ചയുടെ തോത്‌ പെട്ടെന്ന്‌ ഉയരാതിരിക്കുന്നതിൽ വിജയിച്ചു. ചികിത്സാസംവിധാനം നല്ലതോതിൽ വർധിപ്പിച്ചു. ഒപ്പം വികേന്ദ്രീകരിച്ചു. ഇതുവഴി ഉയർന്ന രോഗമുക്തിയും കുറഞ്ഞ മരണനിരക്കും സാധ്യമാക്കി. ഇത്തരത്തിൽ കോവിഡിനെ നിയന്ത്രണത്തിൽ നിർത്തി പ്രതിരോധിച്ചുകൊണ്ടിരിക്കെയാണ്‌ മഴക്കെടുതി എത്തിയത്‌.

സാധ്യമായ മുൻകരുതലുകളെല്ലാം എടുത്തിട്ടും മൂന്നാറിൽ കുറെ പാവങ്ങൾ മണ്ണിനടിയിലായി. മഴ കനക്കുമെന്നും എവിടെയെങ്കിലും അത്യാഹിതങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചതുതന്നെ. രക്ഷാപ്രവർത്തനത്തിന്‌ ദുരന്തനിവാരണ സേനയും പൊലീസും ഫയർ റെസ്‌ക്യൂ  സർവീസും എല്ലാം ഒരുങ്ങിത്തന്നെയാണ്‌ നിന്നത്‌. സാധാരണനിലയിൽ മണ്ണിടിച്ചിൽ സാധ്യത പ്രതീക്ഷിക്കാവുന്ന സ്ഥലമല്ല രാജമല. വ്യാഴാഴ്‌ച രാത്രി  മലവെള്ളപ്പാച്ചിലിൽ കുന്നിടിഞ്ഞ്‌ ഒഴുകിയെത്തിയപ്പോൾ നാല്‌ ലയങ്ങളിലെ എൺപതിലേറെ പേരാണ്‌ മണ്ണിനടിയിൽപ്പെട്ടത്‌. സമീപലയങ്ങളിൽനിന്ന്‌ ഓടിയെത്തിയവർ കണ്ടത്‌ ഉറ്റവരുടെ വീടുകൾ നിന്ന സ്ഥലത്ത്‌ മൺപുഴ ഒഴുകുന്നതാണ്‌. വൈദ്യുതിയും ഫോണും തടസ്സപ്പെട്ട മലമുകളിൽ, പുറത്തുനിന്ന്‌ ഒരു സഹായവും പ്രതീക്ഷിക്കാനില്ലാത്ത കാളരാത്രിയിൽ മണ്ണിനടിയിൽനിന്ന്‌ 12 പേരെ ജീവനോടെ പുറത്തെടുക്കാൻ നാട്ടുകാർക്ക്‌ സാധിച്ചത്‌ സമാനതകളില്ലാത്ത രക്ഷാദൗത്യമാണ്‌‌.


 

വഴിതടസ്സംമൂലം രക്ഷാപ്രവർത്തകരും യന്ത്രങ്ങളും എത്താൻ വൈകുമ്പോഴും മലനാടിന്റെ മക്കൾ പ്രിയപ്പെട്ടവരെ മണ്ണിൽ തെരഞ്ഞുകൊണ്ടിരുന്നു. രക്ഷാസേനകളും ഔദ്യോഗിക സംവിധാനങ്ങളും എത്തിച്ചേർന്നതോടെ രക്ഷാപ്രവർത്തനത്തിന്‌ വേഗമേറി. മന്ത്രിമാരായ എം എം മണിയും ഇ ചന്ദ്രശേഖരനും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജീവൻരക്ഷ സാധ്യമാകില്ലെങ്കിലും ഒപ്പം ജീവിച്ചവരുടെ മൃതദേഹം കണ്ടെത്തുക എന്ന ആഗ്രഹത്തോടെ രക്ഷാപ്രവർത്തകർക്കൊപ്പം നാട്ടുകാരും ഇപ്പോഴും പ്രവർത്തനനിരതരാണ്‌. ഇരുപതിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്‌. എല്ലാവരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ. ദുരന്തത്തിന്‌ ഇരയായ കുടുംബങ്ങൾക്ക്‌ സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും മറ്റ്‌ സഹായങ്ങളും താമസംവിനാ അർഹതപ്പെട്ടവരുടെ കൈകളിലെത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.

കരിപ്പൂരിൽ ലാൻഡിങ്ങിനിടയിൽ എയർ ഇന്ത്യാ വിമാനം നിയന്ത്രണംവിട്ട്‌ കുന്നിന്‌ താഴേക്ക്‌ പതിച്ചപ്പോൾ, അതുവരെ കേട്ടറിഞ്ഞ വിമാനദുരന്തം കേരളീയർക്കു മുന്നിൽ യാഥാർഥ്യമാകുകയായിരുന്നു. ഇടിച്ചിറങ്ങി രണ്ടായി പിളർന്ന വിമാനത്തിൽ 18 പേർക്കേ ജീവഹാനി സംഭവിച്ചുള്ളൂ എന്നത്‌ ലോകചരിത്രത്തിൽ അത്ഭുതമായി അവശേഷിക്കും. കൊണ്ടോട്ടിയെന്ന ചെറുപട്ടണത്തിലെ സാധാരണ ജനങ്ങൾക്ക്‌ അവകാശപ്പെട്ടതാണ്‌ ഈ അസാമാന്യ രക്ഷാപ്രവർത്തനത്തിന്റെ എല്ലാ ക്രെഡിറ്റും. കോവിഡ്‌ കണ്ടെയ്‌ൻമെന്റ്‌ ഏരിയയായിരുന്നു ആ പ്രദേശം. കൺമുമ്പിൽ കണ്ട മഹാദുരന്തത്തിനു മുന്നിൽ അവർക്ക്‌ മറ്റൊന്നും ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല. ഗൾഫ്‌ വിമാനത്തിൽ വരുന്നവരുടെ കോവിഡ്‌ സാധ്യതയൊന്നും ആരും ഓർത്തിട്ടില്ല. കാരണം, രണ്ടായി പിളർന്ന വിമാനം തീപിടിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ പോലും ഓർക്കാത്തവർക്കെന്തു കോവിഡ്‌ഭീതി. കുറെപേർ വിമാനത്തിൽ കടന്നുകയറി ഓരോരുത്തരെ പുറത്തെത്തിച്ചു. മറ്റുള്ളവർ വാഹനങ്ങളുമായെത്തി പരിക്കേറ്റവരെ കയറ്റി ആശുപത്രികളിലേക്ക്‌ പാഞ്ഞു.


 

റോഡപകടങ്ങളിൽപ്പോലും ചികിത്സ വൈകി മരണം സംഭവിക്കുന്നത്‌ അപൂർവമല്ല. എന്നാൽ, ഈ ആകാശദുരന്തത്തിൽ ആന്തരിക പരിക്കുകൾ പറ്റിയവർക്ക്‌ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ചികിത്സ ലഭിച്ചത്‌ ജനങ്ങളുടെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്‌. ചെറിയ സമയംകൊണ്ടുതന്നെ രക്ഷാസേനകളും ആംബുലൻസുകളും സ്ഥലത്തെത്തിക്കാനായതും നിർണായകമായി. രണ്ടുമണിക്കൂർകൊണ്ട്‌  ഇത്രയും വലിയൊരു അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതും റെക്കോഡ്‌‌. ഉദ്യോഗസ്ഥ സംവിധാനങ്ങളും ജനപ്രതിനിധികളും ഒത്തൊരുമിച്ച്‌ പ്രവർത്തിച്ചു. രാത്രിതന്നെ മന്ത്രി എ സി മൊയ്‌തീനും പുലർച്ചയോടെ കെ ടി ജലീലും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പിറ്റേന്ന്‌ രാവിലെ എത്തിയ ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര വ്യോമയാനമന്ത്രി, സംസ്ഥാന മന്ത്രിമാർ എന്നിവരെല്ലാം എടുത്തുപറഞ്ഞ കാര്യം ജനങ്ങളുടെ ആത്മസമർപ്പണമാണ്‌. രക്ഷാപ്രവർത്തകരും രക്തം നൽകാൻ പാഞ്ഞെത്തിയവരുമെല്ലാം കോവിഡ്‌ നിരീക്ഷണത്തിലാണ് ഇപ്പോൾ. സ്വയവും സമൂഹത്തിനുവേണ്ടിയും അവർ നടത്തുന്ന മറ്റൊരു സമർപ്പണം. പ്രകൃതിദുരന്തങ്ങൾ മനുഷ്യനിയന്ത്രണത്തിനപ്പുറമുള്ള കാര്യമാണ്‌. അത്തരം സന്ദർഭങ്ങളിൽ സ്‌നേഹത്തിന്റെയും കരുതലിന്റെയും മഹാഗാഥകൾ രചിക്കുന്ന മനുഷ്യരാണ്‌ നാടിന്‌ പ്രതീക്ഷ പകരുന്നത്‌. ബിഗ്‌ സല്യൂട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top