19 January Wednesday

വ്യക്തമായ കാഴ‌്ചപ്പാടില്ലാതെ കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019


നരേന്ദ്ര മോഡിക്കെതിരെ ഉയരുന്ന മതേതരശക്തികളെ ദുർബലമാക്കുക ലക്ഷ്യമാക്കി വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിന് തൊട്ടുപുറകെ ഇടതുപക്ഷത്തിന് വോട്ട്ചെയ്യരുതെന്ന് അഭ്യർഥിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ കെ ആന്റണിയും രംഗത്ത്.  ഇടതുപക്ഷത്തിന് വോട്ട് ചെയ‌്താൽ മോഡി ഭരണം തിരിച്ചെത്തുമെന്നാണ് ആന്റണിയുടെ കണ്ടെത്തൽ. സ്വന്തം പാർടിയുടെ അനുഭവത്തിൽനിന്നായിരിക്കും ആന്റണി ഇത്തരമൊരു വാദം ഉയർത്തുന്നത്. ആന്റണിയെപോലെ മുഖ്യമന്ത്രിക്കസേരയിലിരുന്ന അര ഡസൻ കോൺഗ്രസ് മുഖ്യമന്ത്രിമാരാണ് പിന്നീട് ബിജെപിയുടെ നേതാക്കളായി മാറിയത്. എസ് എം കൃഷ‌്ണയും ജഗദംബികാപാലും എൻ ഡി തിവാരിയും വിജയ് ബഹുഗുണയും ഗിരിധർ ഗമാങ്ങും പേമ കണ്ഡുവും അവരിൽ ചിലർമാത്രം. ആന്റണിയുടെകൂടെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഇരുന്ന എത്രപേരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളതെന്ന് നന്നായി പറയാനാവുക ആന്റണിക്കുതന്നെയാകും. അരഡസനോളം പേർ ആ പട്ടികയിലുമുണ്ട്.  പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പോടെ ഏകദേശം നൂറിലധികം എംഎൽഎമാരും എംപിമാരും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നു. മുങ്ങുന്ന കപ്പലാണ് എന്ന ധാരണയുള്ളതുകൊണ്ടുതന്നെയാണ് കോൺഗ്രസിൽനിന്നുള്ള ഈ ഒഴുക്ക്. 

ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് കോൺഗ്രസും ബിജെപിയും.  ഇന്ത്യയിലെ ബൂർഷ്വാ ഭൂപ്രഭുവർഗത്തിന്റെയും  അവരുമായി അടിക്കടി ബന്ധപ്പെടുന്ന സാമ്രാജ്യത്വത്തിന്റെയും താൽപ്പര്യങ്ങളാണ് ഇരു കക്ഷികളും പ്രതിനിധാനംചെയ്യുന്നത‌്.  ഇതിനാലാണ് ഒരു ജാള്യവുമില്ലാതെ കോൺഗ്രസിൽനിന്ന‌് ബിജെപിയിലേക്കും മറിച്ചും കൂറുമാറ്റം യഥേഷ്ടം നടക്കുന്നത്. ഒരേ നിയോലിബറൽ സാമ്പത്തിക നയങ്ങളാണ് ഇരുവരും നടപ്പാക്കുന്നത്.

വർഗീയതയിൽമാത്രമായിരുന്നു അൽപ്പം വ്യത്യാസം. ഇപ്പോൾ അതിലും ബിജെപിക്കും ആർഎസ്എസിനും ഒപ്പമെത്താൻ മത്സരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിനെ ഈ മത്സരത്തിന് സജ്ജരാക്കിയത് മിസ്റ്റർ ആന്റണി തന്നെയാണ്. 1999 മുതലുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ച് ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മൂന്നോളം റിപ്പോർട്ടുകളാണ് ന്യൂനപക്ഷാഭിമുഖ്യം കളഞ്ഞ് കോൺഗ്രസ് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ പാർടിയാകണമെന്ന് ശഠിച്ചത്. രാഹുൽ ഗാന്ധി പൂണൂലിട്ട ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും എഐസിസി നേതൃത്വം വ്യക്തമാക്കിയതും പുതിയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ക്ഷേത്രങ്ങൾ കയറിയിറങ്ങുന്നതും ഇതിന്റെ ഭാഗമാണ്.

ബിജെപിയോട് രാജ്യമെമ്പാടും ഏറ്റുമുട്ടുന്നത് കോൺഗ്രസാണെന്ന ആന്റണിയുടെ പ്രസ‌്താവം തനി ഭോഷ‌്കാണെന്ന‌് പറയാതിരിക്കാനാകില്ല. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ബിജെപിയോടാണോ? ദക്ഷിണേന്ത്യയിൽ ബിജെപിയെ എതിരിടണമെങ്കിൽ മത്സരിക്കേണ്ടത് കർണാടകത്തിൽനിന്നല്ലേ? ബിജെപി ഉയർത്തുന്ന കടുത്ത വെല്ലുവിളിയെ ഭയന്ന് അമേഠിയിൽനിന്ന് വയനാട്ടിലേക്ക് ഒളിച്ചോടിയ രാഹുലും കോൺഗ്രസുമാണ് ബിജെപിയെ നേരിടുന്നത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.  ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ആർഎസ്എസ്–-ബിജെപിക്കെതിരെ വ്യക്തമായ ഒരു പ്രത്യയശാസ്ത്രപദ്ധതിയോ കാഴ്ചപ്പാടോ കോൺഗ്രസ് ഇതുവരെയായും മുന്നോട്ടുവച്ചിട്ടില്ല. മുഹമ്മദ് അഖ‌്ലാക്കുമാരും പെഹ‌്ലൂ ഖാൻമാരും തെരുവിൽ കൊലചെയ്യപ്പെട്ടപ്പോൾ ആൾക്കൂട്ടക്കൊലയ‌്ക്കെതിരെ എന്ത് പ്രതിഷേധവും പ്രതിരോധവുമാണ് കോൺഗ്രസ് തീർത്തത് എന്ന് വിശദീകരിക്കാൻ ആന്റണിക്ക് കഴിയുമോ? അറവുശാലകൾ അടച്ചുപൂട്ടാനും കന്നുകാലിവ്യാപാരം തടയാനും സംഘപരിവാർ ആൾക്കൂട്ടം മുന്നോട്ടുവന്നപ്പോൾ രാഹുൽ ഗാന്ധിയും ആന്റണിയും എവിടെയായിരുന്നു? രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാരുകൾ അധികാരത്തിൽ വരികയും അവർ ഗോസംരക്ഷണ വിഷയത്തിൽ സംഘപരിവാറിന്റെ പാതയിലുടെ ചരിക്കുകയും ചെയ‌്തപ്പോൾ ആന്റണി എവിടെയായിരുന്നു? കന്നുകാലികളെ കൊന്നുവെന്നാരോപിച്ച് മുസ്ലിങ്ങൾക്കെതിരെ മധ്യപ്രദേശിൽ ദേശീയ സുരക്ഷാനിയമം ചുമത്തിയപ്പോൾ അത് തെറ്റാണെന്ന് പറഞ്ഞവരുടെ കൂട്ടത്തിൽ ആന്റണിയോ രാഹുലോ ഉണ്ടായിരുന്നില്ല. 

പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഒന്നാംകക്ഷിയാകാൻ കോൺഗ്രസിനെ സഹായിക്കണമെന്ന അഭ്യർഥനയും ആന്റണിയിൽ നിന്നുണ്ടായി. ഏതായാലും തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന മണ്ടത്തരം എഴുന്നള്ളിക്കാൻ ആന്റണി തയ്യാറായില്ലെന്ന് ആശ്വസിക്കാം. വെറും 19 ശതമാനം വോട്ടും 44 സീറ്റും മാത്രം ലഭിച്ച കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിയുമെന്ന് പറയുന്നതുപോലും മലർപ്പൊടിക്കാരന്റെ ദിവാസ്വപ‌്നം മാത്രമായിരിക്കും.  14 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരൊറ്റ എംപിമാർപോലും ഇപ്പോഴില്ല. 2009 വരെ കോൺഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയിൽ ഒരു എംപിയും ഇല്ലെന്നുമാത്രമല്ല, എംഎൽഎയും ഇല്ല. 2009 വരെ കോൺഗ്രസിന്റെ കോട്ടയായിരുന്ന സംസ്ഥാനത്തിന്റെ അവസ്ഥയാണിത്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഇക്കുറി ഫലപ്രദമായി വെല്ലുവിളിക്കുന്നത് ഇടതുപക്ഷവും പ്രാദേശിക കക്ഷികളുമായിരിക്കും. അതിൽ ഒരു ജൂനിയർ പാർട്ണർ മാത്രമായിരിക്കും കോൺഗ്രസ്.  കോൺഗ്രസിന് നേതൃത്വമില്ലാത്ത മതനിരപേക്ഷ സർക്കാർ എന്ന യാഥാർഥ്യത്തിലേക്കാണ് ഇന്ത്യൻ രാഷ്ട്രീയം നീങ്ങുന്നത്.  ആന്റണിക്ക് ഇത് മനസ്സിലാക്കാൻ സമയമെടുക്കുമെന്ന‌് മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top